2013, നവംബർ 10, ഞായറാഴ്‌ച

ചെറുകവിതകള്‍
കവിത:
കരളില്‍ നിന്നും 
വിരലിലൂടൊരു 
വരിയായൊഴുകി 
പുഴയായൊടുവില്‍ 
സാഗരമായതു കവിത

ജീവിതം:
"ജനിച്ചു, ജീവിച്ചു, മരിച്ചു" 
ഒരു വരിയിലൊരു 
ജീവിതം

കടല്‍:
പെണ്ണായതിനാലാവാം, 
ഇളകിച്ചിരിക്കുമ്പോഴും 
കടലിലിത്ര കണ്ണുനീര്‍

നീളം:
തലവരയുടെ 
നീളമളക്കാന്‍ 
ടേപ്പുണ്ടാരുടെ 
കയ്യില്‍‍?

കള്ളം:
‘കള്ള’ മെന്ന 
രണ്ടക്ഷരത്തിന്നുള്ളില്‍ 
എത്രയെല്ലാ-
മൊളിപ്പിച്ചു വച്ചു നാം? 

വേനല്‍:
വരണ്ട തണ്ണീര്‍ത്തടങ്ങളെയോര്‍ത്ത് 
കണ്ണീര്‍ പൊഴിക്കാതെ, 
കണ്ണീര്‍ത്തടങ്ങളും വരളുന്ന 
കാലം വരും

ചാനല്‍:
പാടേ തുറക്കുന്നു 
ചാനല്‍പ്പെട്ടികള്‍‍, 
പീഡനത്തിന്റെ 
പീതവാതായനം  

പകല്‍:
പെരുവഴിയിലലസമായ് 
വീണു കിടക്കുന്നു, 
പകലിന്‍ 
ചേലാഞ്ചലം.


---
ഗള്‍ഫ് മാധ്യമം (ബഹറിന്‍ എഡിഷന്‍) സര്‍ഗ്ഗവേദിയില്‍
പ്രസിദ്ധീകരിച്ചത് (10/11/2013)

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

കപ്പിത്താന്‍


ന്ധ്യ കനത്തു. ഇരുട്ട് പരക്കാന്‍ തുടങ്ങിയിട്ടുണ്ട്. കരയിലെ വിളക്കുകളുടെ പ്രതിഫലനങ്ങള്‍ കടലില്‍ ‘ഹോളി’ കളിക്കുന്നുണ്ട്.

ബോട്ടിന്റെ അകത്ത് ശീതീകരിച്ച കിടപ്പു മുറിയില്‍ മുതലാളിയും ഈയിടെയായി അയാള്‍ക്കു കിട്ടിയ ഇംഗ്ലീഷുകാരിയായ കൂട്ടുകാരിയുമുണ്ട്. പുറത്തു വരാന്‍ ഇനി കുറേ സമയമെടുക്കുമായിരിക്കും. ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് ബോട്ടിന്റെ ഡെക്കില്‍ നിന്ന് അയാള്‍ ചൂണ്ടയില്‍ ഇര കൊരുത്ത് പതുക്കെ ചുഴറ്റി എറിഞ്ഞു. ചൂണ്ടയില്‍ മീന്‍ കൊത്തുന്നതും നോക്കി അയാള്‍ വെറുതെ ഇരുന്നു.

വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയാഴ്ചകള്‍ തിരക്കുള്ള ദിവസങ്ങളാണ്. ആഴചയില്‍ ആറു ദിവസവും അനങ്ങാതെ കിടക്കുന്ന മുതലാളിയുടെ ആഡംബര ബോട്ടിന് ജീവന്‍ വയ്ക്കുന്നത് അന്നാണ്.  മറീനയില്‍ നിന്നും മദ്യക്കുപ്പികളും ഭക്ഷണപ്പൊതികളും കയറ്റിയാണ് ബോട്ട് ഉല്ലാസത്തോടെ കടലിനെ വട്ടമിടാനിറങ്ങുന്നത്. ചുറ്റിത്തിരിഞ്ഞ് ആഘോഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും മുതലാളിയുടെ മൂഡ് നല്ലതാണെങ്കില്‍ കൈയില്‍ ചിലപ്പോള്‍ കുറച്ചു ദിനാറുകള്‍ വീണിരിക്കും.

ഇംഗ്ലീഷുകാരി മാഡം വളരെ ദയാലുവാണ്. പോകുമ്പോള്‍ ചുരുങ്ങിയതൊരു 10 ദിനാറെങ്കിലും കയ്യില്‍ വച്ചു തരാതിരിക്കില്ല. മുതലാളി സ്നേഹം തീരെയില്ലാത്ത മനുഷ്യന്‍. എപ്പോഴും സ്വന്തം കാര്യം മാത്രം നോക്കുന്ന മുതാളിത്തത്തിന്റെ പ്രതീകം അഹന്തയുടെ മൂര്‍ത്തീ‍രൂപം എന്നീ വിശേഷണങ്ങളെല്ലാം നന്നായി യോജിക്കും.  വല്ലപ്പോഴും ഒന്നു ചിരിച്ചു കാണുന്നത്  തന്നെ ബോട്ടില്‍ വരുന്ന സമയത്താണെന്നതാണ് ഒരാശ്വാസം.

മാഡത്തിന്റേതാണെങ്കിലോ എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന പ്രസാദാത്മകമായ മുഖം. നല്ല ഐശ്വര്യമുള്ള സ്ത്രീ.  സ്നേഹത്തോടെ മാത്രമേ സംസാരിക്കൂ. വെറുതേയിരിക്കുമ്പോഴെല്ലാം അയാളെപ്പറ്റിയും, ഭാര്യയെപ്പറ്റിയും, കൊച്ചു മകളെപ്പറ്റിയുമെല്ലാം ഓരോന്നു ചോദിച്ചു കൊണ്ടിരിക്കും. അപ്പോഴെല്ലാം അയാളില്‍ സ്നേഹം കടലോളം നിറയും.  അയാളുടെ ഉത്തരങ്ങളില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുണ്ടാകും.

ഇന്ത്യയുമായി അവര്‍ക്കുണ്ടായിരുന്നെന്നു പറയപ്പെടുന്ന ബന്ധമാകാം ഒരു പക്ഷെ ഇന്ത്യക്കാരോട് അവര്‍ക്കൊരു അടുപ്പം തോന്നിപ്പിക്കുവാന്‍ കാരണം. മാഡത്തിന്റെ പൂര്‍വ്വികര്‍ക്ക് ഇന്ത്യയില്‍ ടീ എസ്റ്റേറ്റുകളും, ഓഫീസുകളും, ബംഗ്ലാവുകളും ഒക്കെ  ഉണ്ടായിരുന്നെന്ന് അവര്‍ പല വട്ടം പറഞ്ഞിട്ടുണ്ട്. സ്വന്തം കഥകള്‍ പറയുന്നതിനിടയില്‍ മുതലാളിയുടെ സ്നേഹമില്ലായ്മയെക്കുറിച്ചു പറയാനും അവര്‍ ഈയിടെയായി സമയം കാണാറുണ്ട്. പല പല വെപ്പാട്ടികളില്‍ ഒരാള്‍ എന്നതിലുപരി, ഒരു ജീവിത പങ്കാളി എന്ന സ്ഥാനം അയാളിതു വരെ നല്‍കിയിട്ടില്ല എന്ന കാര്യം അവര്‍ തെല്ലു പരിഭവത്തോടെ പറയുമ്പോള്‍ അയാള്‍ക്കതൊരു പുതുമയായി തോന്നിയില്ല.  അവര്‍ക്കിങ്ങനെ തുടരാനാവില്ലെന്നും, മറ്റൊരു പുരുഷനുമായി ഇഷ്ടത്തിലാണെന്നും, താമസിയാതെ ഇവിടെ നിന്നും തിരിച്ചു പോകുമെന്നും അവര്‍ പറഞ്ഞത് അയാളെ തെല്ലു ദു:ഖിപ്പിക്കാതിരുന്നില്ല. മുതലാളിയോടിക്കാര്യം അടുത്തു തന്നെ പറയുമെന്നും അപ്പോളൊരു സീന്‍ നിനക്കു കാണാമെന്നും അവര്‍ കളിയോടെ പറഞ്ഞത് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്. മാഡം നല്ലവളാണ്, നന്നായി വരട്ടെ എന്നയാള്‍ മനസ്സു കൊണ്ട് ആശിച്ചു.

ബെഡ് റൂമിന്റെ വാതില്‍ തുറക്കുന്ന ശബ്ദമാണ് അതു വരെയുണ്ടായിരുന്ന നിശ്ശബ്ദതയുടെ ചൂണ്ടയില്‍ കുരുങ്ങി അയാള്‍ക്കടുത്തേക്കെത്തിയത്.  അകത്തു നിന്നും പാതി കാലിയായ ബിയര്‍ ബോട്ടിലുമായി മുതലാളി പൊടുന്നനേ ഡെക്കിലേക്കെത്തിയപ്പോള്‍ അയാള്‍ വിനയാന്വിതനായി.  കയ്യിലിരുന്ന മാല്‍ബറോ സിഗരറ്റ് ആഞ്ഞാഞ്ഞു വലിച്ചു കൊണ്ടിരുന്ന മുതലാളിയുടെ മുഖഭാവത്തില്‍ എന്തോ ഒരു പന്തികേടിന്റെ പുകച്ചുരുളുകള്‍ അയാള്‍ ദര്‍ശിച്ചു. സംശയം അസ്ഥാനത്തല്ലെന്നു സ്ഥിരീകരിച്ചു കൊണ്ട് പെട്ടെന്നാണ് അഴിഞ്ഞുലഞ്ഞ മുടിയും അലസമായി വാരിയുടുത്ത ഗൌണുമായി മാഡം ഒരു കൊടുങ്കാറ്റു പോലെ പുറത്തേക്ക് വന്നത്. ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു മുഖമായിരുന്നു അപ്പോള്‍ മാഡത്തിന്. കടലിലെ വെള്ളത്തെ മുഴുവന്‍ തിളപ്പിക്കുവാനുള്ള കോപം അവരുടെ കണ്ണുകളില്‍ എരിയുന്നുണ്ടായിരുന്നെന്നു തോന്നി.

‘യൂ സണ്‍ ഓഫ്  എ ബിച്ച് - ’ പുറത്തേയ്ക്കു വന്ന ഉടനേ മുതലാളിയുടെ നേര്‍ക്കു നേര്‍ നിന്ന് മാഡം ആക്രോശിച്ചു. കലിയടങ്ങാതെ മാഡത്തിന്റെ കൈപ്പത്തി മുതലാളിയുടെ കവിളില്‍ പല വട്ടം വീണു. അപ്രതീക്ഷിതമായുണ്ടായ അടിയുടെ ആഘാതത്തില്‍ മുതലാളി ഒന്നുലഞ്ഞു. ബിയര്‍ കുപ്പി താഴെ വീണു തകര്‍ന്ന് അതില്‍ നിന്നും പുറത്തേക്കൊഴുകിയ ദ്രാവകം അശുഭകരമായി പതഞ്ഞു.  അടുത്ത നിമിഷത്തില്‍ ബാലന്‍സ് വീണ്ടെടുത്ത് മുതലാളി മാഡത്തിനെ എല്ലാ ശക്തിയുമുപയോഗിച്ച് ബോട്ടിന്റെ വശത്തെ കൈവരിയുടേ അടുത്തേക്ക് ആഞ്ഞു തള്ളിയതും മാഡം ബോട്ടിന്റെ അറ്റത്തെത്തിയതും ഒരുമിച്ചായിരുന്നു. ബോട്ടിന്റെ കൈവരിയില്‍ പിടിച്ചു നില്‍ക്കാനുള്ള  മാഡത്തിന്റെ ശ്രമത്തെ മുതലാളി നിഷ്പ്രഭമാക്കിയതും, അടുത്ത ഒരു തള്ളലില്‍ ബലമില്ലാത്ത അവരുടെ ശരീരം കടലിലേക്കു പതിച്ചതും ഒരു നിമിഷം കൊണ്ടു കഴിഞ്ഞു.

‘അയ്യോ‘ എന്നൊരു തിരമാല അയാളുടെ തൊണ്ടയില്‍ നിന്നും ഉച്ചത്തില്‍ പുറത്തു ചാടി.

“യൂ ഷട്ടപ്പ്” - എന്ന അലര്‍ച്ചയോടെ മുതലാളിയുടെ കൈപ്പത്തി അയാളുടെ കരണത്തെ ഉലച്ചു. കണ്ണുകളില്‍ അപ്രതീക്ഷിതമായ കടല്‍ക്ഷോഭങ്ങള്‍ ഇളകി. തലക്കുള്ളില്‍ ഉരുവം കൊണ്ട ചുഴികള്‍ അയാളുടെ ബോധത്തെ കറക്കി.

എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നില്‍ക്കുന്ന അയാളെ നോക്കി മുതലാളി അലറി. “വേശ്യയാണവള്‍. പുലയാടിച്ചി‍, പോയി ത്തുലയട്ടെ. നീ ബോട്ട് തിരിക്ക്”.

“മുതലാളീ, അവരു ചത്തു പോകും” - എവിടെ നിന്നാണ് തനിക്ക് വാക്കുകള്‍ കിട്ടിയതെന്ന് അയാളറിഞ്ഞില്ല.

വെള്ളത്തില്‍ കിടന്ന് കൈകാലുകളിട്ടടിക്കുന്ന മാഡത്തിനെ നോക്കി അയാള്‍ പരിഭ്രാന്തനായി. കൂള്‍ ബോക്സില്‍ നിന്നും തണുത്ത മറ്റൊരു ബിയര്‍ കൂടി എടുത്തു തുറന്ന് ഒരു കവിള്‍ അകത്താക്കി മുതലാളി ബോട്ടിന്റെ കൈവരിയിലേക്കു ചെന്നു. ബാക്കിയുണ്ടായിരുന്ന ബിയര്‍ മുഴുവന്‍ വെള്ളത്തിലേക്കൊഴിച്ചു.  മുങ്ങിക്കൊണ്ടിരിക്കുന്ന മാഡത്തിനു നേരെ കൈകള്‍ വീശിക്കൊണ്ട് പക നിറഞ്ഞ നിഗൂഢമായൊരാനന്ദത്തോടെ അയാള്‍ മുരണ്ടു  “ഗുഡ് ബൈ”.

അനങ്ങാ‍ന്‍ വയ്യാതെ അയാള്‍ തരിച്ചു നില്‍ക്കുമ്പോള്‍ മുതലാളി ബോട്ടു തിരിച്ചു. കനത്ത ഇരുട്ടില്‍ മാഡത്തിന്റെ ചലനങ്ങള്‍ക്കെന്തു സംഭവിച്ചു എന്ന് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. കടലിനെയും ആകാശത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുട്ടിനെ കീറി മുറിച്ച് ഈര്‍ഷ്യയോടെ ബോട്ട് നീങ്ങിക്കൊണ്ടിരുന്നു.

മുതലാളിയുടെ മുഖം തുടുത്തു ചുവന്നിരുന്നു. കഴുത്തില്‍ ഞരമ്പുകള്‍ വലിഞ്ഞു മുറുകി നിന്നു. ഏതു നിമിഷവും ആ ഞരമ്പുകള്‍ പൊട്ടാമെന്നും കുത്തിയൊലിക്കുന്നൊരു നദി പോലെ അതൊഴുകിച്ചേര്‍ന്ന് കടല്‍ ചുവന്നു പോയേക്കാമെന്നും അയാള്‍ ഭയപ്പെട്ടു.

“എല്ലാത്തിനേയും ഞാന്‍ കാണിച്ചു കൊടുക്കാം. എന്റെ കാശു മുഴുവന്‍ തിന്നു തീര്‍ത്തിട്ടിപ്പോള്‍ അവള്‍ കല്യാണം കഴിക്കാന്‍ പോകുന്നെന്ന്. എന്റെ കൂടെ കിടക്കാന്‍ അവള്‍ക്ക് മനസ്സില്ലെന്ന്. കാണിച്ചു കൊടുക്കാം. ഈ ഞാന്‍  ആരാണെന്ന് അവളേയും അവളുടെ മറ്റവനേയും കാണിച്ചു കൊടുക്കാം. “ധ്ഫൂ.......”

അയാള്‍ ശക്തിയായി ഡാഷ് ബോര്‍ഡിലേക്ക് കാറിത്തുപ്പി. ധ്ഫൂ...., ധ്ഫൂ, ധ്ഫൂ - ഇടത്തും വലത്തും വശങ്ങളിലേക്കും എല്ലാം അയാള്‍ ഒരു ഭ്രാന്തനെപ്പോലെ തുപ്പാന്‍ തുടങ്ങി. മുതലാളി അങ്ങിനെയാണ്. തന്റെ ദേഷ്യം മുഴുവന്‍ അറിയിക്കുന്നത് തുപ്പലു കൊണ്ടാണ്. ദേഷ്യം വരുമ്പോള്‍ മുന്നിലുള്ള ആളുടെ മുഖത്തേക്കു തന്നെ നീട്ടിയാണ് തുപ്പുക. മുതലാളിയുടെ തുപ്പലില്‍ നിന്നൊരു പങ്ക് അയാളുടെ മുഖത്തും വന്നു വീണു. അയാള്‍ക്കറച്ചു.  ശരീരം മുഴുവന്‍ ആ തുപ്പലിലേക്ക് ചുരുങ്ങിപ്പോകുന്നതു പോലെ. ഉള്ളില്‍ നിന്നും ഒരു ഛര്‍ദ്ദില്‍ പൊന്തി വന്നതിനെ അയാള്‍ അമര്‍ത്തി.

ബോട്ടിന്റെ വേഗം അടിക്കടി കൂടിക്കൊണ്ടിരുന്നു.ബിയര്‍ മാത്രമല്ല, മുതലാളി ഡ്രഗ്‌സും എടുത്തിട്ടുണ്ടെന്നയാള്‍ക്കു തോന്നി. ഡ്രഗ്‌സ് എടുക്കുമ്പോഴാണ് അയാളിത്ര വയലന്റായി കണ്ടിട്ടുള്ളത്.  മുറിവേറ്റ മൃഗത്തിന്റെ ഹിംസ വാസനകള്‍ മുഴുവന്‍ മുതലാളിയിലേക്ക് കുറുകി നിറഞ്ഞതു പോലെ. ഇതെന്തിനുള്ള ഭാവമാണ്. അയാളുടെ ഉള്ളു പരിഭ്രാന്തമായി. എന്നും തിരിച്ചു പോകാറുള്ള മറീനയിലേക്കല്ല, തിരകളുടെ കൂറ്റന്‍ ദംഷ്ട്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന കടലിന്റെ പെരുവായിലേക്കാണ് ബോട്ടു കുതിക്കുന്നത് എന്ന് ചങ്കിടിപ്പോടെ അയാള്‍ മനസ്സിലാക്കി..... എന്തിലോ ഇടിച്ച് ബോട്ടൊന്നുലഞ്ഞെങ്കിലും മുതലാളി ഒന്നും അറിഞ്ഞ മട്ടില്ല. മൂര്‍ച്ചയുള്ളൊരു കത്തി പോലെ തിരകളെ മുറിച്ച് ബോട്ട് മുന്നോട്ടു തന്നെ പോയിക്കൊണ്ടിരുന്നു.

പെട്ടെന്നുയര്‍ന്നു പൊന്തിയ ഒരു തിര പോലെയാണ്  സുബൈദയുടേയും, കുഞ്ഞാമിനയുടെയും മുഖങ്ങള്‍ ഓര്‍മ്മയിലേക്കലച്ചെത്തിയത്.

“ഉപ്പ ഇനി പോകണ്ട. ഉപ്പ പോയാല്‍ വരില്ല” - നാട്ടില്‍ നിന്നും തിരിക്കുന്നതിന്റെ തലേന്നുള്ള കുഞ്ഞാമിനയുടെ കരച്ചിലിപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്.

“ഉപ്പം വേഗം വരും കുഞ്ഞാമിനൂ” അവളെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ട് കുഞ്ഞാമിനയുടെ നനഞ്ഞ കണ്ണുകള്‍ അയാള്‍ കൈലേസു കൊണ്ട് ഒപ്പി. കൈലേസു നനഞ്ഞ് കുതിര്‍ന്നിട്ടും കണ്ണീരൊഴുകിക്കൊണ്ടിരുന്നു. അവളുടെ മിഴികളിലെ സങ്കടക്കയങ്ങളുടെ നോക്കെത്താത്ത ആഴം അയാളെ വല്ലാതെ നോവിപ്പിച്ചു.

‘നീ ഉപ്പായെ വിഷമിപ്പിക്കതെ കുഞ്ഞാമിനൂ. ഉപ്പ വരും. അന്നെ വലുതാക്കി കെട്ടിച്ചു കൊടുക്കാനല്ലെ ഉപ്പ പോണത്’“ - സുബൈദ മോളോടു പറയുന്നു.

“എന്നെ കെട്ടിക്കണ്ട. ഉപ്പ പോകണ്ടാ‍. ഇവിടെത്തന്നെ ണ്ടായിര്ന്നാ മതി” - കുഞ്ഞാമിന ശാഠ്യക്കാരിയാണ്. ശാഠ്യം തേങ്ങലുകളുടെ ഉഞ്ഞാലില്‍ ഉറക്കത്തിലേക്ക് മെല്ലെയാടി. കരഞ്ഞുറങ്ങുന്ന കുഞ്ഞാമിനയുടെ മുഖം ഇതു വരെ ഒരനക്കവും തട്ടാതെ മനസ്സിലുണ്ട്.

എല്ലാ മുഖങ്ങളേയും കീറി മുറിച്ച്, എല്ലാ സ്വരങ്ങളേയും വിഴുങ്ങി ബോട്ട് നീങ്ങി. കലിയടങ്ങാതെ തുപ്പിക്കൊണ്ടിരിക്കുകയാണ് മുതലാളി. ബിയര്‍ ബോട്ടിലുകള്‍ പല്ലുകൊണ്ട് കടിച്ചു തുറന്ന് നുരയൊഴുകുന്ന ബിയര്‍ അയാളുടെ വായിലൂടെയും ദേഹത്തു കൂടെയും ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. നിര്‍ലോഭം വാരിപ്പൂശിയ വിലകൂടിയ പെര്‍ഫ്യൂമും ബിയറും കൂടിച്ചേര്‍ന്ന ഗന്ധം അയാളുടെ നാസികയെ ചുരണ്ടി.

“പടച്ചോനേ. ന്റെ കുഞ്ഞാമിനയ്ക്കു കൊടുത്ത വാക്കു പാലിക്കാന്‍ ന്റെ ഉടലെങ്കിലും തിരിച്ചു തരണേ.”

മുട്ടിന്മേല്‍ നിന്ന് കറുത്ത ആകാശത്തിന്റെ നിഗൂഢതയിലേക്ക് നോക്കി കൈകളുയര്‍ത്തി അയാള്‍ വേദനയോടെ പ്രാര്‍ത്ഥിച്ചു. ..

ബോട്ട് വീണ്ടുമെന്തിലോ ശക്തിയായിടിച്ചു. ആകാശം ഒരു ചില്ലു പോലെ ചിന്നിച്ചിതറിയെന്നയാള്‍ക്കു തോന്നി. ദിക്കുകളിലെല്ലാം കറുപ്പു നിറം പടര്‍ന്നു.

“കപ്പിത്താനേ“ -

സുബൈദ പതുക്കെ ചെവിയില്‍ മന്ത്രിച്ചുവോ. സുബൈദയല്ല, കടലാണ്. ആര്‍ത്തിരമ്പുന്ന, തിരകളുടെ കരുത്താല്‍ വരിഞ്ഞു പിടിക്കുന്ന, ചെവി കടിക്കുന്ന, കൊഞ്ചുന്ന കടല്‍.

“എന്തിനാ ഈ ജീവിതം കപ്പിത്താനേ. ങ്ങളൊറ്റയ്ക്കവിടേം, ഞാനും കുഞ്ഞാമിനേം ഒറ്റയ്ക്കിവിടേം. ഒരുമിപ്പിച്ച് താമസിപ്പിക്കാനിഷ്ടല്ല്യായിരിക്കും അല്ലേ പടച്ചോനിക്ക്”.

ശൈത്യത്തോടൊപ്പം വന്നു ചേരുന്ന കടല്‍ക്കാക്കകള്‍. അവറ്റകളെ കാണുമ്പോഴെല്ലാം എന്തു കൊണ്ടോ സുബൈദയെ ഓര്‍ക്കാറുള്ളത് അവളോടു പറയണോ.  

“ങ്ങള് കടലീക്കൂടെ ബോട്ടോടിപ്പിക്കുമ്പോ എന്നെ ഓര്‍ക്കാറുണ്ടാ കപ്പിത്താനേ”

“അന്നെ എന്തിനാ ഓര്‍ക്കണേ, നിക്ക് ബേറെ പണീല്ലെ? വെള്ളാരം കല്ല് പോലുള്ള എന്തോരം അറബിച്ചികളും, വെള്ളക്കാരികളുമാ ഇവിടെ”

അയാള്‍ അവളെ ചൊടിപ്പിക്കാനായി പറഞ്ഞു.

“ആയിക്കോ ആയിക്കോ അറബിച്ച്യേളേം കെട്ടി അവിടെ ഒട്ടകം മാതിരി കൂടിക്കോ. കൊന്നും കളയും ഞാന്‍, ചത്തു പോയാലും ന്റെ പ്രേതം വന്ന് ങ്ങടെ കൊരക്കിന് പിടിക്കും.”

അയാള്‍ അതു കേട്ട് പൊട്ടിച്ചിരിച്ചു. തിരകള്‍ അയാളെ പൊടുന്നനെ കെട്ടിപ്പിടിക്കാന്‍ തുടങ്ങിയത്  എങ്ങിനെയെന്ന് അയാളറിഞ്ഞില്ല. അയാള്‍ സുബൈദയുടെ മടിത്തട്ടിലായിരുന്നല്ലോ. സുബൈദയുടെ സ്നേഹം തിരകളുടെ വിരലുകളായി അയാളുടെ മേനിയില്‍ ഒഴുകി നടന്നു. അയാളുടെ ഉടല്‍ ഉരുകി ജലമായി. രണ്ടു കടലുകള്‍ ഒന്നാകുന്നതു പോലെ.

“കപ്പിത്താനേ“

സുബൈദയുടെ മൃദുവായ സ്വരം എവിടെ നിന്നാണ് വരുന്നത്. ഉടലിലാകെ വല്ലാത്ത നീറ്റല്‍. വായില്‍ ഉപ്പു വെള്ളത്തിന്റെയും ചോരയുടേയും സമ്മിശ്ര രസം.

പടച്ചോനേ,  ഇതെവിടെയാണ് ? ബോട്ടും മുതലാളിയും എവിടെ? തളര്‍ന്ന കാലുകള്‍ കൊണ്ട് തുഴഞ്ഞു നില്‍ക്കാന്‍ പാടു പെട്ടു. ഇരുട്ടില്‍ ഒന്നും കാണാന്‍ വയ്യ. കരയെവിടെയാണ്? ശരീരം തണുത്തിരിക്കുന്നു. ശക്തിയെല്ലാം ചോര്‍ന്നു പോയതു പോലെ. സുബൈദാ .....കുഞ്ഞാമിനാ ... അയാള്‍ എല്ലാ ശക്തിയും സംഭരിച്ച് വിളിച്ചു. എന്നാല്‍ തൊണ്ടയില്‍ നിന്നും പുറത്തു വരാനുള്ള ശക്തി അയാളുടെ സ്വരത്തിനുണ്ടായിരുന്നില്ല.

--
ഗള്‍ഫ് തേജസ് -  ബലിപ്പെരുന്നാള്‍ സപ്ലിമെന്റില്‍ (15 ഒക്ടോബര്‍ 2013 ചൊവ്വ) പ്രസിദ്ധീകരിച്ചത്.
ചിത്രീകരണത്തിന്  ഗള്‍ഫ് തേജസിനോട് കടപ്പാട്.

2013, മേയ് 18, ശനിയാഴ്‌ച

പ്രാര്‍ത്ഥനകള്‍
നേരം ഇരുട്ടി
സ്കൂളില്‍ നിന്നും കുട്ടികളെയും 
കൂട്ടി വരാറുള്ള അവരുടെ
അച്ഛന്റെ  സ്കൂട്ടര്‍
ഇനിയും 
മടങ്ങിയെത്തിയില്ലല്ലോ എന്ന് 
വഴിയിലേക്ക് മിഴി വീശി
ഒരു തിരിനാളം

കൊച്ചു സ്കൂട്ടറിനെ
തുറിച്ചു നോക്കിക്കൊണ്ടാണ്
ട്രിപ്പറുകളും, ട്രക്കുകളും
ബസ്സുകളുമെല്ലാം
നെട്ടോട്ടം പായുന്നത്
നേര്‍ക്കു നേര്‍ ചീറിപ്പാഞ്ഞു വന്ന്
മാറിപ്പോകുമ്പോഴെല്ലാം
“നിനക്കു ഞാന്‍ വച്ചിട്ടുണ്ട്”
എന്ന ഭാവമാണവറ്റകള്‍ക്ക്

പാവം സ്കൂട്ടര്‍,
എല്ലാ ചൂഴ്ന്നു നോട്ടങ്ങളേയും
ആക്രോശങ്ങളേയും
ഉരസലുകളേയും
സഹിച്ച്
അടക്കിപ്പിടിച്ച
ശ്വാസം പോലെയാണ്
നിരത്തിലൂടെയുള്ള
അതിന്റെ ബ്ലേഡു യാത്ര 

തന്നില്‍ ജീവനര്‍പ്പിച്ചിരിക്കുന്ന
ഒരച്ഛനേയും
രണ്ടു കൊച്ചു മക്കളേയും
അവരുടെ ചെറിയ ഭാവി 
നിറച്ചു വച്ചിരിക്കുന്ന
വലിയ പുസ്തക സഞ്ചികളേയും
സൂക്ഷ്മതയോടെ കൊണ്ടുവന്ന്
പ്രാര്‍ത്ഥനകളുമായി
വീട്ടിലിരിക്കുന്ന തിരിനാളത്തിന്റെ 
കൈകളില്‍ 
തിരിച്ചേല്‍പ്പിക്കേണ്ടതുണ്ടതിന്

അച്ഛന്റെ പുറകില്‍
അള്ളിപ്പിടിച്ചിരിക്കുന്ന 
കുട്ടികള്‍ക്കൊരു പക്ഷേ
അവരെന്നും കളിക്കുന്ന 
കമ്പ്യൂട്ടര്‍ ഗയിമുകള്‍ പോലെ  
ഇതൊക്കെ ഒരു
ഹരമായിരിക്കാം
ഇത്തരം ഒരു പാട്
റേയ്‌സുകളും ചേയ്‌സുകളുമാണല്ലോ
ജീവിതം മുഴുവന്‍ 
അവരെ കാത്തിരിക്കുന്നത്

ഓരോ കൂട്ടിയിടിയില്‍ നിന്നും
‘അയ്യോ’ യെന്നു തെന്നി മാറി
കഷ്ടിച്ചു
രക്ഷപ്പെട്ടു രക്ഷപ്പെട്ട്
സ്കൂട്ടറിന്റെ നെഞ്ചിടിപ്പ്
മുറ്റത്തു വന്നു നില്ക്കുന്നതു വരെ
കാറ്റില്‍ പെട്ടതു പോലെ
ആടിയുലഞ്ഞു കൊണ്ടിരിക്കും
തിരിനാളം.

പോലീസിന്റെ കണ്ണു വെട്ടിച്ച്
ഉള്‍വഴിയിലേക്കു പാഞ്ഞൊരു ട്രിപ്പര്‍
പാവം സ്കൂട്ടറിനെ 
ഇടിച്ചു വീഴ്ത്തിയെന്ന
വാര്‍ത്ത
വരാനിരിക്കുന്നൊരു ദിവസം
തിരിനാളത്തിനോട് 
പറയാനിടയാക്കരുതേ
എന്നാണ്
ഇതിനെല്ലാം ദൃക്‌‌സാക്ഷിയായ
മൊബൈല്‍ ഫോണെപ്പോഴും
തൊണ്ടയിടറി
പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്.


(‘മ ഴ വി ല്ല്  -ഇ-മാഗസിന്‍ മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് പേജ് 40-41)  


2013, മേയ് 8, ബുധനാഴ്‌ച

വിറക്
വിറക്  , മണ്ണെണ്ണ, 
പാചക വാതകം
ഈശ്വരാ
ഒന്നുമില്ലല്ലോ 
അടുപ്പില്‍ 
തീക്കൂട്ടാന്‍

ബാക്കിയുണ്ടായിരുന്ന 
ഒരു പിടി അരി
സങ്കടങ്ങള്‍ പോലെ
വേവാതെ 
കുതിര്‍ന്ന്
കലത്തില്‍

അതിവേഗ പാതകള്‍
മുറിച്ചു കടക്കാനാവാതെ 
അപ്പുറം നില്‍ക്കയാണ്
സ്കൂളില്‍ പോയ മക്കള്‍

സിലിണ്ടര്‍ വാങ്ങുവാന്‍
ഹൈവേ താണ്ടിയ 
അവരുടെയച്ഛന്‍
വെളുത്ത കോടിയില്‍
വിറകു കൊള്ളിയായ്
തിരിച്ചു വന്നത്
മനസ്സിലിപ്പോഴും
എരിഞ്ഞു തീര്‍ന്നില്ല

അരി കുതിര്‍ന്നിട്ടും
വിറകു വന്നില്ലെന്ന്
കെറുവിക്കുന്നുണ്ടടുപ്പത്ത്
വയറു ചീര്‍ത്ത
മണ്‍ കലം

അടുക്കളക്കോണിലിപ്പോഴും
വീര്‍പ്പടക്കിയിരിപ്പുണ്ട്
ഇന്ധനം വാങ്ങിയ
പഴയ പാട്ടകള്‍

ഒന്നിച്ചവയെല്ലാം
തൂത്താല്‍ കിട്ടണം
പച്ച കത്തിക്കുവാന്‍
ഇത്തിരി മണ്ണെണ്ണ

വിശന്നു വലഞ്ഞ്
മക്കളെത്തുമ്പോഴേക്കും
അരി വേവിക്കാനുള്ള
വിറകുണ്ടെന്‍ ശരീരത്തില്‍


4PM NEWS-ല്‍ 22 May 2013-ല്‍ പ്രസിദ്ധീകരിച്ചത്
http://www.4pmnews.com/index.aspx?issue=02-may-2013&page=27

2013, മേയ് 4, ശനിയാഴ്‌ച

ഒഞ്ചിയത്തേയ്ക്കുള്ള ദൂരം

 ഒഞ്ചിയത്തേയ്ക്കുള്ളദൂരം

ദൂരെയുള്ള നാടുകളില്‍ നിന്നും
ഒഞ്ചിയത്തേയ്ക്കും, 
ഓര്‍ക്കാട്ടേരിയിലേയ്ക്കുമൊക്കെ
ഒത്തിരി ദൂരമുണ്ടാകാം
ഭൂപടം നോക്കുമ്പോള്‍

പക്ഷേ ഇന്നിപ്പോള്‍ 
ഈ പ്രദേശങ്ങളൊക്കെ
ചിരപരിചിതമെന്ന പോലെ
തൊട്ടടുത്തായി
ഓരോരുത്തരുടേയും
ഹൃത്തടത്തിലുണ്ട്

ഒരു മനുഷ്യ മുഖത്തു നിന്നും
വെട്ടിയൊഴുക്കിയ
അമ്പത്തൊന്നു കൈവഴികളിലെ
രക്തപ്പശിമയാകാം
ദൂരെയുള്ള പ്രദേശങ്ങളെയെല്ലാം
ഇങ്ങനെ അടുപ്പിച്ചത്
2013, ഏപ്രിൽ 13, ശനിയാഴ്‌ച

കണി


വേനലിന്റെ വാള്‍ത്തലകള്‍ 
ഉയര്‍ന്നു താണതിനു ശേഷം
വിഷു ദിനമെത്തുമ്പോള്‍
കൊന്നപ്പൂക്കളൊക്കെ 
നിറം മാറ്റി വാകപ്പൂക്കളായി
വിഷുപ്പക്ഷികള്‍ 
കൂട്ടത്തോടെ മൊഴി മാറ്റി
ഇപ്പോഴും പിടയുന്നുണ്ട് 
കണിയില്‍
അമ്പത്തൊന്നു ചോരപ്പൂക്കള്‍

2013, മാർച്ച് 22, വെള്ളിയാഴ്‌ച

ജലദിനം


തണ്ണീര്‍ത്തടത്തിന്റെ
വരണ്ട ചുണ്ടിലേക്ക്
രണ്ടു തുള്ളി 
കണ്ണുനീരിറ്റിക്കവേ
തണ്ണീര്‍ത്തടം പറഞ്ഞു
വേണ്ട മക്കളേ
കാത്തു വച്ചോളൂ
കണ്ണീര്‍ത്തടങ്ങളും 
വരളുന്നൊരു 
കാലം വരും2013, മാർച്ച് 14, വ്യാഴാഴ്‌ച

വികസനം

ഏതോ വിപത്തിന്‍ 
വിനാശ 'സൈറന്‍’ പോലെ
വ്യോമയാനങ്ങളിറങ്ങും 
മുരള്‍ച്ചകള്‍

കവലകള്‍ തോറും 
കുരുത്ത ‘റണ്‍വേ‘കളില്‍
പുതു പണക്കാരുടെ 
പോക്കു വരത്തുകള്‍ 

ആര്‍ക്കൊക്കെയോ വേണ്ടി
അതിദ്രുതം വളരുന്നു
അതിവേഗ പാതകള്‍
ആകാശ  നഗരങ്ങള്‍

ശേഷിച്ച വനാന്തരേ
ശോഷിച്ച മൃഗരാജന്‍
പ്രജകള്‍ നശിച്ചന്‍ 
പ്രകൃതി കൈ വിട്ടവന്‍

രാജ്യം കവര്‍ന്ന് 
ഭോജ്യം കവര്‍ന്ന്
മടകളില്‍ നിന്നും 
പുറത്താക്കപ്പെട്ടവന്‍

കൂട്ടിനായൊപ്പം
കൂട്ടമില്ലാത്തവന്‍
വോട്ടു ബാങ്കല്ലാത്ത 
നാട്ടു നോവായവന്‍

മണ്ണും കവര്‍ന്ന്
വീടും കവര്‍ന്ന്
വികസനത്തിനായ്  
കുടിയിറക്കപ്പെട്ടവന്‍

യന്ത്രങ്ങള്‍ വന്നു വന്ന-
വസാന വൃക്ഷത്തിന്‍
വക്ഷസ്സു ഛേദിച്ചു 
കുരുതി മൊത്തും വരെ

വംശനാശത്തിന്റെ 
പാശം കുരല്‍ തേടി-
യെത്തും മുഹൂര്‍ത്തത്തെ 
കാക്കുന്ന രണ്ടു പേര്‍

പശിക്കും മൃഗത്തിനും
പനിക്കും ദരിദ്രനും
പങ്കു ചേര്‍ന്നാടാനൊ-
രവസാന ‘ഹംഗര്‍ ഗെയിം’*

രക്ഷപ്പെടുന്നവന്‍
മൃഗമോ മനുഷ്യനോ
വ്യത്യാസമെന്തുണ്ട്
കളിയെജമാനര്‍ക്ക്

വിജയിയായ് വേച്ചു 
വേച്ചെത്തുമുടലിനെ
വെടി വച്ചു വീഴ്ത്തിയോന്‍
വാഴ്ത്തപ്പെടുന്നവന്‍

അവസാന മൃഗത്തിനും 
മരത്തിനും ദരിദ്രനും
ആചാരവെടിയുമായ് 
അതിവേഗ വികസനം 

ഒടുവിലീ കോണ്‍ക്രീറ്റി-
ലുരുവം കൊള്ളുന്നതോ
മഴമിഴി വരണ്ട 
കിളികുലം മറന്ന
വികസനത്തിന്‍  
ബലിച്ചോര കുരുപ്പിച്ച
കബന്ധ നിബിഡമാം 
ഒരു വനാന്തരം


(* Hunger Game  - novel by Suzanne Collins)

- തര്‍ജ്ജനി - ഓണ്‍ലൈന്‍ മാസിക മാര്‍ച്ച് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.
http://www.chintha.com/node/141565

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

വില്ലന്മാര്‍
“അല്ല, ഇനി നീ എനിക്കെന്തു പേരിടും“ ?
തിരക്കഥയെഴുതാനിരിക്കുമ്പോള്‍
വില്ലന്റെ പരിഹാസം

ശങ്കയോടെ
ശ്വാസം പിടിച്ച്
ചോദ്യാസനത്തിലേയ്ക്കു
ചൂളുന്നു തൂലിക

അമ്പട വില്ലാ
ചിന്തയില്‍ നിന്നു വിരിയും മുമ്പേ
ചിറകടിക്കുന്നുവോ
നിന്റെ വിശ്വരൂപം
എന്നു ചോദ്യിക്കാനാഞ്ഞൂ 
എഴുത്തുകാരന്റെ മനം

അല്ലെങ്കില്‍ വേണ്ട
ഇനി മുതല്‍
എല്ലാ തിരക്കഥകളും
വില്ലന്മാര്‍ തന്നെ 
തല്ലിക്കൂട്ടുന്നതായിരിക്കും
എന്ന തിരിച്ചറിവില്‍
പതുക്കെ ശ്വാസമഴിച്ച്
ശവാസനത്തിലേക്ക്
തളരുന്നൂ തൂലിക

വാങ്ക്, മണിയടി, നാമജപങ്ങള്‍
വില്ലനു കോറസ്സായി
പശ്ചാത്തലത്തില്‍
ഉച്ചസ്ഥായിയിലേക്ക്


21/2/2013 4PM സ്യൂസിന്റെ ‘എഴുത്തു പുര’ കോളത്തില്‍ പ്രസിദ്ധീകരിച്ചത്
 4PM പ്രസ്സ് ഫോം
തലക്കെട്ട് ഡിസൈനിംഗിനു 4PM ന്യൂസിനോട് കടപ്പാട്

2013, ജനുവരി 23, ബുധനാഴ്‌ച

ഇഷ്ടം‘എങ്ങോട്ടേയ്ക്കാണ് യാത്ര ?’
എന്നവള്‍
‘ഇഷ്ടമുള്ളിടത്തേയ്ക്ക് ‘
എന്നയാള്‍

അയാള്‍ക്കിഷ്ടമുള്ള
ഇടങ്ങള്‍
തന്നില്‍ത്തന്നെയാണല്ലോ
എന്ന സമാധാനത്തോടെ
അവള്‍

അവള്‍ പാവം
സമാധാനിച്ചു കൊള്ളട്ടെ
എന്ന ഗൂഡ സ്മിതത്തോടെ
അയാള്‍