2007, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ജാരന്‍


പതിവു പോലൊരു രാത്രിയിൽ ബസ്സ്‌ സ്റ്റോപ്പിലെ ഹലോജെൻ ലാമ്പിനടുത്ത്‌ ബസ്സു കാത്തു നിൽക്കുമ്പോളായിരുന്നു അവളെ പരിചയപ്പെട്ടത്‌.അവൾ ബസ്സിറങ്ങി വരുമ്പോൾ അയാൾ തനിക്കിഷ്ടപ്പെട്ട പുസ്തകത്തിന്റെ താളുകൾക്കുള്ളിലായിരുന്നു. അവളുടെ മനം മയക്കുന്ന ചിരിയും, ഉള്ളു തുറന്നുള്ള സംസാര രീതിയും അയാൾക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അവളെത്തേടിത്തന്നെയായിരുന്നു ഇത്ര നാളും ഒരു കാര്യവുമില്ലാതെ ഈ ബസ്സ്‌ സ്റ്റോപ്പിൽ വരാറുണ്ടായിരുന്നതെന്നും, ഓരോ ദിവസവും ഓരോ സ്ഥലത്തേക്കുള്ള ബസ്സിൽ കയറി യാത്ര ചെയ്യാറുണ്ടായിരുന്നതുമെന്നും അയാൾക്കു തോന്നി.

"എന്താണാവോ വായിക്കുന്നത്‌" എന്ന ചോദ്യവുമായി അവൾ ആദ്യമായി മുന്നിൽ വന്നപ്പോൾ അയാൾ സത്യത്തിൽ അമ്പരന്നു പോയിരുന്നു. ബസ്സിൽ നിന്നാണോ, അതോ പുസ്തകത്തിൽ നിന്നു തന്നെയാണോ അവൾ വന്നതെന്ന് തെല്ലു ശങ്കിച്ചു. അവളുടെ കഴുത്തിലെ താലിയും, സീമന്തത്തിലെ സിന്ദൂരവും അയാൾക്കു ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.

"എനിക്കിഷ്ടപ്പെട്ട നോവലാണ്‌ പാണ്ഡവപുരമെന്നു പേര്‌."

അവൾ മധുരമായി ഒന്നു പുഞ്ചിരിച്ചു. എവിടെനിന്നാണാവോ അവളുടെ കണ്ണുകൾക്കിത്ര ശക്തി. ആ കണ്ണുകളുടെ മാസ്മരികതയിലൂടെ എത്രയോ വട്ടം ഇതിനു മുമ്പു താൻ സഞ്ചരിച്ചിരുന്നുവെന്നയാൾക്കു തോന്നി.

"ഞാനുമൊരു ജാരനാണ്‌" - അയാൾ അവൾ കേൾക്കാൻ വേണ്ടി പറഞ്ഞു. അവളുടെ പുരികക്കൊടികൾ വളഞ്ഞു. വല്ലാത്തൊരു താൽപ്പര്യത്തോടെ അവളയാളെ നോക്കിയത്‌ അയാൾക്കാവേശം പകർന്നു.

"ഈ നോവൽ വായിച്ചിട്ടുണ്ടൊ?" അയാൾ ശക്തി സംഭരിച്ച്‌ അവളോടു ചോദിച്ചു.

"ഇല്ല"

"പിന്നെ ജാരന്മാരെപ്പറ്റി കേട്ടു കാണില്ല അല്ലേ?"

"ഉവ്വ്‌"

"ഉവ്വോ?" - അവളുടെ അർത്ഥശങ്കക്കിടമില്ലാതുള്ള ഉത്തരം കേട്ട്‌ അയാളൊന്നു വിരണ്ടു.

"ഉവ്വെന്നു തന്നെയാണു പറഞ്ഞത്‌" അവളുടെ ശബ്ദം പണ്ടത്തേക്കാൾ ദൃഡമായിരുന്നു.

"പുസ്തകത്തിലെ പാണ്ഡവപുരം ഒരു സങ്കൽപ്പമായിരുന്നു ... ജാരന്മാരും." അയാൾ എന്തോ നഷ്ടപ്പെട്ടവനെപ്പോലെ നിന്നു.

"ഞാൻ യാഥാർത്ഥ്യത്തിലെ ജാരന്മാരെക്കുറിച്ചാണു പറഞ്ഞത്‌, ഞാനിഷ്ടപ്പെടുന്ന, ഞാൻ മോഹിക്കുന്ന ജാരന്മാർ" - അവൾ അയാളുടെ മുഖത്തു ദൃഷ്ടിയുറപ്പിച്ചു തന്നെ പറഞ്ഞു.

"വല്ല അനുഭവവും ...?" അയാൾ വിക്കി വിക്കിയാണു ചോദിച്ചത്‌.

"ഉണ്ടല്ലോ, ധാരാളം" - ദൈവമേ അവൾക്കൊരു കൂസലുമില്ലല്ലോ.

"ഒരു ഭർത്താവു കൂടെയുണ്ടായിരുന്നിട്ടും, നിങ്ങളിൽ നിന്നും ഞാനിതു പ്രതീക്ഷിച്ചില്ല"

അയാൾ അവളെ നോക്കാതെയാണതു പറഞ്ഞത്‌. അവൾ പൊടുന്നനെ പൊട്ടിച്ചിരിച്ചു. ചിരിക്കുമ്പോൾ ഒരു പൂങ്കുല പോലെ അവൾ പൊട്ടിവിരിയുന്നതയാൾ മോഹത്തോടെ നോക്കി നിന്നു.

"നിങ്ങൾക്കെന്റെ ജാരനാവണമെന്നുണ്ടോ?" - അവളുടെ കണ്ണുകൾ തന്നെ ചൂഴ്ന്നെടുക്കുന്നെന്നയാൾക്കു തോന്നി. അയാളൊന്നു പുളഞ്ഞു, പിന്നെ ഇടം കണ്ണിട്ടവളെ നോക്കി. അവളുടെ ആകർഷണവലയത്തിൽ ഒരീയലു പോലെ താനകപ്പെടുകയാണെന്നയാൾക്കു തോന്നി.

"നിങ്ങൾക്കതാവില്ലെന്ന് ഇത്ര നേരം കൊണ്ടെനിക്കു മനസ്സിലായി. എന്റെ ജാരനെ ഞാൻ എവിടെ നിന്നെങ്കിലും കണ്ടു പിടിച്ചോളാം. ഗുഡ്‌ ബൈ."

അയാൾക്കു മുന്നിലൂടെ അന്തരീക്ഷത്തിലാകെ മോഹവലയങ്ങൾ വിതറി, ഒരു സർക്കസ്സുകാരിയുടെ തന്മയത്വത്തോടെ തലയുയർത്തി അവൾ പുളച്ചു നീങ്ങുന്നതൊരു സ്വപ്നം പോലെ അയാൾ കണ്ടു. അയാൾ ഹലോജെൻ ലാമ്പിന്നടുത്തേക്കൊന്നു കൂടി ചേർന്നു നിന്നു. പിന്നെ തുകൽ സഞ്ചിയിൽ നിന്നു വീണ്ടും നോവലെടുത്തു വായിക്കാൻ തുടങ്ങി.


(സേതുവിന്റെ 'പാണ്ഡവപുരം' എന്ന നോവലിനോടുള്ള കടപ്പാട്‌ നന്ദിപൂർവ്വം സ്മരിക്കുന്നു)

2007, ഒക്‌ടോബർ 16, ചൊവ്വാഴ്ച

ട്വിങ്കിള്‍ ട്വിങ്കിള്‍ ....


ടീവി സ്ക്രീനിൽ തെളിഞ്ഞു വരുന്ന പെൺകുട്ടിയുടെ ചലനങ്ങളിലേക്ക്‌ അവേശത്തോടെ നോക്കി നോക്കിയിരിക്കുമ്പോൾ മനസ്സിനുള്ളിൽ എന്തൊക്കെയോ അഭിലാഷങ്ങൾ നുരഞ്ഞുയരുന്നത്‌ അവൾ പോലുമറിഞ്ഞില്ല. ടോക്ക്‌ ഷോകളുടെ അവതാരകയായി, സീരിയലുകളിലെ നായികയായി, സിനിമകളിലെ താരമായി, വർണ്ണ വസ്ത്രങ്ങളിൽ പൊതിഞ്ഞ്‌ പ്രേമഗാനങ്ങൾ പാടി, വിദേശ ലൊക്കേഷനുകളിൽ പാറി നടക്കുന്ന പെൺകൊടിയായി അവളുടെ സ്വപ്നങ്ങൾ ഉയരത്തിൽ നിന്നുയരത്തിലേക്കു പറന്നു.

കോളേജിലെ മറ്റു പെൺകുട്ടികളും തന്റേതു പോലെത്തന്നെയുള്ള സ്വപ്നങ്ങൾ കാണുന്നവരാണെന്ന അറിവ്‌ അവളുടെ ഉറക്കം കെടുത്താറുണ്ടായിരുന്നു എന്നത്‌ നേര്‌. അവരേക്കാൾ കൂടുതൽ കൂടുതൽ ഗ്ലാമറസ്സായി വസ്‌ത്രം ധരിക്കാനും, ക്ലോസ്സപ്പുകളിലെന്ന പോലെ വശ്യമധുരമായി ചിരിക്കാനും, അത്മാവിലേക്കു തുളഞ്ഞിറങ്ങുന്ന മാതിരി നോട്ടത്തെ മൂർച്ചപ്പെടുത്താനും അവൾ പ്രത്യേകം ശ്രദ്ധിച്ചു. ശരീര വടിവുകൾ എടുത്തു കാട്ടുന്ന അലങ്കാര വസ്‌ത്രങ്ങളണിയുന്നതിനും, ഒരു പ്രത്യേക താളത്തിൽ ശരീരഭാഗങ്ങൾ ചലിപ്പിച്ച്‌ നടക്കാൻ പഠിക്കുന്നതിനും അനുദിനം കാണാൻ കിട്ടുന്ന സൌന്‌ദര്യ മത്സരങ്ങൾ അവളുടെ മാർഗ്ഗദർശികളായി.

അങ്ങനെയിരിക്കെ അതു സംഭവിച്ചു. കോളേജിനും, ഹോസ്റ്റലിനും ചുറ്റുമായി നിത്യവും വലം വയ്ക്കാറുള്ള വില കൂടിയ കാറുകളിലൊന്നിൽ നിന്ന് അവളുടെ സ്വപ്നത്തിലെ ചെറുപ്പക്കാരന്റെ ചുറുചുറുക്കും പുരുഷത്വവുമുള്ളൊരാൾ 'സ്ലോ മോഷനിൽ' അവളുടെ യാഥാർത്ഥ്യങ്ങളിലേക്കിറങ്ങി വന്നു. വെള്ളിത്തിരയിലെ സുരേഷ്‌ ഗോപിയുടേതുപോലെ, ആകാശം നിറയെ വിരിഞ്ഞു നിന്ന അയാളുടെ മാറിൽ ഒരു നക്ഷത്രം പോലെ അവൾ ഒട്ടി നിന്നു. അയാളവൾക്കു ചുരിദാറുകളും, ഡിസൈനർ വസ്‌ത്രങ്ങളും, ഐസ്‌ ക്രീമുകളും, ചുണ്ടു നിറയെ സ്നേഹവും വാരിക്കോരി കൊടുത്തു. അയാൾക്കു സുഹൃത്തുക്കളായി ഒട്ടനവധി സിനിമാക്കാരും, മന്ത്രിമാരും, പോലീസ്സുകാരും, വക്കീലന്മാരും ഉണ്ടായിരുന്നു. അയാളേതു നേരവും തന്റെ മൊബൈൽ ഫോണിനോടടക്കം പറയുന്നതും, പ്രണയിക്കുന്നതും അവൾ അഭിമാനത്തോടെ കണ്ടു. അയാളുടെ കാറുകളും, ബൈക്കുകളും അവളുടെ ചൂടിന്റെ പുളകങ്ങൾ ഏറ്റു വാങ്ങി. അവളുടെ സ്വപ്നക്കുതിരകൾ ആകാശങ്ങളേയും, നക്ഷത്രങ്ങളേയും കീഴടക്കി പാഞ്ഞു കൊണ്ടിരുന്നു. വാരികകൾ അവളുടെ മുഖചിത്രങ്ങളും, സെൻട്രൽ സ്‌പ്രെഡുകളുമിറക്കി പണം കൊയ്തു.

ഒരു ദിവസം അയാളവളേയും കൂട്ടി അവളുടെ അഭിലാഷമനുസരിച്ചു പണിതുയർത്തിയ ബംഗ്ലാവിലേക്ക്‌ വലതുകാൽ വച്ചു കയറി. വലിയ ബംഗ്ലാവിന്റെ പ്രൌഡിയിലേക്ക്‌, വിശാലതയിലേക്ക്‌, ആലസ്യത്തിലേക്ക്‌ അവളലിയാൻ തുടങ്ങുമ്പോഴേക്കും അവൾക്കൊരായിരം മുത്തങ്ങൾ സമ്മാനിച്ച്‌, നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്ന മൊബൈലിനോടടക്കം പറഞ്ഞ്‌, വാതിലടച്ച്‌, പുറത്തു നിന്നും പൂട്ടി, താക്കോലുമായി അയാൾ കടന്നു കളഞ്ഞത്‌ അവൾ അറിഞ്ഞില്ല. അയാൾ ഏതിരുളിൽ പോയൊളിച്ചെന്ന് അവൾ പിന്നീടൊരിക്കലും അറിഞ്ഞില്ല. എന്നിട്ടും താക്കോലുകളുമായി വാതിൽ തുറന്നകത്തു വരികയൂം, പോവുകയും ചെയ്തു കൊണ്ടിരുന്ന അനേകമനേകം മുഖങ്ങളിലൂടെ, അവരുടെ ശ്വാസോച്ഛ്വാസങ്ങളിലൂടെ, മേനികളുടെ വിയർപ്പുകളിലൂടെ, അയാളുടെ സാമീപ്യത്തിന്റെ വെറുപ്പ്‌ അവൾ അനുഭവിച്ചു കൊണ്ടിരുന്നു.

('താരകം' എന്ന പേരിൽ ഗൾഫ്‌ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചത്‌)

2007, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ആത്മഹത്യ


ആദ്യ രാത്രിയിൽ ബെഡ്‌ റൂമിന്റെ അരണ്ട വെളിച്ചത്തിൽ അയാൾക്കഭിമുഖമായിരുന്ന്‌ അവൾ ചോദിച്ചു -
"മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന്‌ കേട്ടിട്ടുണ്ട്‌"
അയാളവളെ മെല്ലെ നോക്കി. കണ്ണുകൾ അയാളിൽ നിന്നുമെടുക്കാതെ അവൾ വീണ്ടും ചോദിച്ചു - "എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്‌?"
"വെറുതെ"
"വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ ?" - അയാളൊന്നും മിണ്ടിയില്ല.
"പ്രേമ നൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നൊ ?"
"പ്രേമം. ആരു പ്രേമിക്കാൻ ... ആർക്കും എന്നെ വേണ്ടായിരുന്നു.
അയാളറിയാതെ തന്നെയാണയാളിൽ നിന്നും വാക്കുകൾ പുറത്തു ചാടിയതെന്ന്‌ അവൾക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകൾ ജനാലക്കു പുറത്ത്‌ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു.
"ആത്മഹത്യ ചെയ്താലെന്തെന്ന്‌ ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവർക്കല്ലേ അതിനൊക്കെ കഴിയൂ. ഞാനൊരു ഭീരുവായിരുന്നു. അതിനാൽ ശ്രമിച്ചില്ല" - അറിയാതെയുയർന്ന ഒരു നെടുവീർപ്പിനെ വേഗം മറച്ചു പിടിച്ച്‌ അവൾ നിഷ്കളങ്കയെപ്പോലെ ചിരിച്ചു.
അതയാൾക്കൊരു പുതിയ അറിവായിരുന്നു. അയാളവളെ ചുഴിഞ്ഞു നോക്കി. അവളുടെ കണ്ണുകളുടെ ആഴങ്ങളിലെവിടെയെങ്കിലും ആത്മഹത്യയോടുള്ള ഭ്രാന്തമായൊരഭിനിവേശം പതിയിരിപ്പുണ്ടോ.
"ഇനിയിപ്പോൾ ധൈര്യമുള്ള ഒരാൾ കൂടെയുണ്ടല്ലോ, തരം കിട്ടിയാൽ ഒന്നു പരീക്ഷിച്ചു നോക്കാം അല്ലേ?" - അതു പറഞ്ഞ്‌ അവൾ വീണ്ടും ചിരിച്ചു. ആ ചിരിയിൽ എന്തൊക്കെയോ നിഗൂഢതകൾ പതിയിരിക്കുന്നുവോ എന്നയാൾ സംശയിച്ചു. ഒരുൾക്കിടിലത്തോടെ അയാളവളെ വരിഞ്ഞു മുറുക്കി.
"ഇനിയൊരിക്കലും ഞാൻ ആത്മഹത്യ ചെയാൻ ശ്രമിക്കില്ല. എനിക്കിപ്പോൾ നീ കൂട്ടിനുണ്ടല്ലോ" - അയാളവളുടെ ചെവിയിൽ മന്ത്രിച്ചു.
അവളൊന്നും മിണ്ടിയില്ല, ഒന്നും കേട്ടുമില്ല. അവളുടെ കണ്ണുകൾ ജനാലക്കപ്പുറത്തെ ഇരുട്ടിന്റെ മാസ്മരികതയിലെവിടെയോ ആയിരുന്നു.