2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

പോയകന്നിട്ടും പോകാതെ

“പോകട്ടെ“ എന്നു വിതുമ്പി നിന്റെ മിഴികള്‍
“പോയ് വരൂ“ എന്ന് പൊട്ടുന്ന എന്റെ നെഞ്ചകം
പോയകന്നിട്ടും പോകാതെ മായാതെ നീ
മിഴിയാകെ നിറയെ, മനമാകെ നിറയെ

നീ പോയ വഴിയേ നീണ്ടു നീണ്ടു പോകുന്നു,
അദൃശ്യമായൊരു പാതയായ് എന്റെ കാലുകള്‍
അറിയുന്നു ഞാന്‍, ‍അതിന്റെ ഒരറ്റത്ത്
നിന്റെ പാദങ്ങള്‍‍ തൊടുന്നത്
നിന്റെ കാലിലൊരു മുള്ള്
ക്രൂരമായി അമര്‍ത്തി ചുംബിക്കുന്നത്
ഭീതിയോടെ, വെറുപ്പോടെ
നീയതിനെ അടര്‍ത്തിയെറിയാന്‍
വിഫലശ്രമങ്ങള്‍ നടത്തുന്നത്
പാതയിലേക്കു നിന്റെ ചോരത്തുള്ളികള്‍
ഇറ്റിറ്റിറങ്ങുന്നത്

തൊട്ടു തൊട്ടില്ലെന്ന മട്ടില്‍
നിന്നടുത്തുകൂടെ വെളിവില്ലാതെ
വാഹനങ്ങള്‍ പുലഭ്യം പറഞ്ഞ്
പാഞ്ഞുപോകുന്നത്
അവയുടെ കൈകള്‍ നിന്റെ ഉടുപ്പുകളെ
വലിച്ചഴിക്കാന്‍ ശ്രമിക്കുന്നത്
കാഴ്ചയിലേക്കു വിഷമുള്ള പുകയൂതി വിടുന്നത്

എതിരേയും പുറകേയും വശങ്ങളിലൂടെയും
പത്തി വിടര്‍ത്തുന്ന പരശ്ശതം കണ്ണുകള്‍
‍നിന്റെ ശരീരത്തെ ആര്‍ത്തിയോടെ ദംശിക്കുന്നത്
കാന്തിക ദാഹങ്ങളോടെ നിന്റെ ആത്മാവിനെ
വലിച്ചു കുടിക്കുവാന്‍ ശ്രമിക്കുന്നത്

ചെറുത്തു നില്‍ക്കാനാവാതെ
പാവമൊരശ്രുവായ്
നീ മണ്ണിലേക്കു പൊഴിയുമ്പോള്‍
‍നനയുന്നു ഞാനും ഈ വഴിയും.

നിനക്കു പുതപ്പായി നില്‍ക്കാന്‍
‍ഒരാകാശമായെങ്കിലെന്ന്
ആശിച്ചു പോകുന്നു, വെറുതേ

പൂഴ്ന്നു പോയ കാലുകളുമായി
വഴിയുടെ അറ്റത്ത് ഞാനിപ്പോഴും ഒരു മരം
മറ്റേ അറ്റത്ത് നീയും
പോയിക്കഴിഞ്ഞിട്ടും പോകാതെ
മിഴിയാകെ നിറയെ
മനമാകെ നിറയെ

2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അമ്മ പ്രാര്‍ത്ഥിക്കുന്നു.

പാസ്പോര്‍ട്ടും വിസയുമായി
മകനെയും കൊണ്ട് വിമാനം ഉയരുമ്പോള്‍
‍കണ്ണുകളടച്ച്, ഉള്ളു കുളിര്‍ത്ത്
അമ്മ പ്രാര്‍ത്ഥിച്ചു
"ദൈവമേ നല്ലകാലം വരുത്തണേ
കൈ നിറയെ കാശുണ്ടാകണേ" എന്ന്

കാലങ്ങള്‍ കഴിഞ്ഞു
അമ്മ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
ദൈവമേ നല്ല കാലം തന്നില്ലെങ്കിലും വേണ്ട
നെഞ്ചിന്‍ അടുപ്പിലെ തീയൊന്നണക്കുവാന്‍‍
‍എന്റെ മകനെയൊന്നു
തിരിച്ചു തന്നാല്‍ മാത്രം മതിയെന്ന്

ദൈവമതു വേഗം നിവൃത്തിച്ചു കൊടുത്തു
തിരിച്ചു വന്ന പെട്ടിയില്‍
കാശുണ്ടായിരുന്നില്ലെങ്കിലും
ക്യാന്‍സല്‍ ചെയ്ത പാസ്പോര്‍ട്ടും
മകനുമുണ്ടായിരുന്നു

നെഞ്ചു പൊട്ടി
പ്രാര്‍ത്ഥിക്കുവാന്‍ കൈ കൂപ്പുമ്പോള്‍
‍എന്താണിനി ചോദിക്കുക എന്ന്
അമ്മയ്ക്കു നിശ്ചയമുണ്ടായിരുന്നില്ല