2016, മേയ് 1, ഞായറാഴ്‌ച

കണ്ണാടിക്കാഴ്ചകള്‍

ആറന്മുളയിലെ
പുകള്‍ പെറ്റവനായാലും
അറുമുഖന്റെ കടയിലെ
പേരില്ലാത്തവനായാലും
വെളുക്കെ ചിരിച്ചു കൊണ്ടിരിക്കുന്ന 
ഇവറ്റകള്‍
ചിലപ്പോഴെല്ലാം നമ്മളെ
വല്ലാതെ പേടിപ്പിച്ചു കളയും

വെളുത്തു പരുങ്ങുന്ന മുടിയും,
തരിശു പടരുന്ന തലയും
കണ്‍ പോളത്താഴത്തെ 
കറുത്ത ഗര്‍ത്തങ്ങളും കാണിച്ച്
മരിച്ചവരുടെ മുഖങ്ങളോട്
നമ്മളെ സാദൃശ്യപ്പെടുത്തും

കൃഷ്ണമണിയ്ക്കു പുറകിൽ മറഞ്ഞു നിന്ന്
പിടി കൊടുക്കാതിരിക്കാന്‍ 
പരമാവധി 
ശ്രമിച്ചു കൊണ്ടിരിക്കുന്നൊരാത്മാവിനെ
കണ്ടു പിടിച്ചെന്നൊരു
കൊലച്ചിരി ചിരിക്കും

അപ്പോള്‍
താണ്ടാന്‍ ഇനിയും പാതകള്‍ 
ബാക്കിയുണ്ടെന്നാശ്വസിച്ചിരുന്ന
കാലുകളില്‍ സംഭ്രമങ്ങള്‍
വിറയ്ക്കും

എന്നിരുന്നാലും
കോടി പുതയ്ക്കും മുമ്പ്
ഒരാൾ പോലും അറിയാതെ
ജീവിതത്തിന്റെ മറുപുറത്തേയ്ക്ക്
നമ്മൾ ഒളിച്ചു കടക്കുന്ന
കാഴ്ചകളൊന്നും കാണിക്കാൻ 
ഇവറ്റകൾക്കാവില്ലല്ലോ
എന്ന്  സ്വയം ആശ്വസിക്കും

ഒടുവില്‍ 
മുഖം നന്നാകാത്തതിനു
കണ്ണാടിയെന്തു പിഴച്ചു
എന്ന ആപ്തവാക്യത്തിനു നേരെയാകും
ഞാനിവറ്റകളെ
എറിഞ്ഞുടയ്ക്കാൻ പോകുന്നത്. 

---
ബഹറിനിൽ നിന്നുമുള്ള 
4പി.എം. ന്യൂസിന്റെ ‘എഴുത്തുപുര’ യിൽ 
30-4-2016-ന് പ്രസിദ്ധീകരിച്ചത്