2008, നവംബർ 10, തിങ്കളാഴ്‌ച

ജലപാതം


മധുവിധു നാളുകളിലൊരു ദിവസമായിരുന്നു അയാള്‍ അവളുമൊന്നിച്ച് വെള്ളച്ചാട്ടം കാണാന്‍ പോയത്. മുകളിലെ മിനുസമാര്‍ന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ മുഴക്കത്തോടെ കീഴോട്ടു പതിക്കുന്ന ജലപാതത്തെ അയാള്‍ ആദരവോടെ നോക്കി നിന്നു. പാറക്കെട്ടുകളിലൂടെ നടന്ന് ജലപാതത്തിനടുത്തേക്കു ഒരു കൂസലുമില്ലാതെ നീങ്ങുന്ന അവളെ നോക്കി അയാള്‍ പറഞ്ഞു -

“അധികം പോകേണ്ട. ഒന്നു കാല്‍ തെറ്റിയാല്‍ മതി ...”

അവള്‍ അതിനു മറുപടിയെന്നോണം ഉറക്കെ ചിരിച്ചു. “കാല്‍ തെറ്റിയാല്‍ എന്തു സുഖമായിരിക്കുമെന്നൊ. ഇങ്ങോട്ടു വാ, ദാ ഇവിടെ നിന്നാല്‍ കാണാന്‍ നല്ല രസമുണ്ട്” അവള്‍ ക്ഷണിച്ചു.

മടിച്ചു മടിച്ചാണെങ്കിലും അയാള്‍ അവളുടെ അരികിലെത്തി. ജലപാതത്തിന്റെ ആഴം ഇപ്പോള്‍ കുറേക്കൂടി വ്യക്തമായിക്കാണാം. വെള്ളത്തിന്റെ മുഴക്കത്തിന് ശക്തി കൂടിയിട്ടുണ്ട്. അദൃശ്യമായ എന്തോ ഒന്ന് തന്നെ പിടിച്ച് മുന്നോട്ടു വലിക്കുന്നതു പോലെ അയാള്‍ക്കു തോന്നി. താഴോട്ടു നിപതിക്കുന്ന ജലമാണോ, പാറക്കെട്ടുകളാണോ അതോ പുഴയുടെ മാസ്മരിക സൌന്ദര്യമാണോ അതെന്ന് അയാള്‍ക്കു മനസ്സിലായില്ല. അതോടൊപ്പം അത്മാവു വരെ തുളഞ്ഞു കയറുന്നൊരു കുളിരും. ശരീരമാകെ വിറച്ചു. അയാള്‍ അവളേയും പിടിച്ച് വേഗം അവിടെ നിന്നും തിരിച്ചു നടന്നു.

അവര്‍ പോയത് വെള്ളച്ചാട്ടമുള്ള മലയുടെ താഴേക്കാണ്. ആകാശത്തിന്റെ ഭിത്തികള്‍ പിളര്‍ന്ന് കുതിച്ചു ചാടുന്ന വെള്ളത്തിന്റെ ധാരാളിത്തത്തില്‍ അയാള്‍ സ്വയം മറന്നു. ഈര്‍പ്പവും സന്ധ്യയും കൂടി സൃഷ്ടിച്ച മൂടലില്‍, ജലപാതത്തിന്നടുത്തേക്ക് യാതൊരു ഭയാശങ്കകളുമില്ലാതെ നടന്നു കയറുന്ന അവള്‍ അയാളില്‍ വീണ്ടും അങ്കലാപ്പുണ്ടാക്കി. വെള്ളച്ചാട്ടത്തിന്നരികിലൊരു പാറക്കെട്ടില്‍, സൂര്യനഭിമുഖമായി അവള്‍ നിന്നു ജ്വലിച്ചു. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിഴകള്‍ കാറ്റില്‍ വന്യ നൃത്തമാടി. നഗ്നമായ കണങ്കാലില്‍ പാദസരം നനഞ്ഞു കിടന്നു. അകലെ മലഞ്ചെരുവില്‍ അപമൃത്യുവാര്‍ന്നവരുടെ പ്രേതങ്ങള്‍ പോലെ തല മുറിഞ്ഞ മരങ്ങള്‍. അനാഥരായ അത്മാക്കളെപ്പോലെ അലഞ്ഞു നീങ്ങുന്ന മേഘങ്ങള്‍. അയാള്‍ പ്രയാസപ്പെട്ട് അവള്‍ക്കൊപ്പം പാറമേല്‍ കയറിപ്പറ്റി. അവളുടെ ചുമലില്‍ പതുക്കെ കൈ വച്ചു. കൈകളിലേക്ക് പാറകളുടെ തണുപ്പ് കയറി വന്നു. അയാള്‍ താഴെയിറങ്ങി തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്ലാ മനസ്സോടെയാണ് അവള്‍ കൂടെ വന്നത്. അവര്‍ ഒന്നുമുരിയാടാതെ നടന്നു.

പെട്ടെന്നാണ് മധുവിധു തീര്‍ന്നതും അയാള്‍ക്ക് വിദേശത്തുള്ള ജോലി സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നതും. അവളുടെ വിതുമ്പുന്ന മിഴികളിലൂടെ പറന്നകന്ന വിമാനത്തിലയാള്‍ അക്കരെയെത്തി. ഈന്തപ്പനകള്‍ കണ്ണിമയ്ക്കാതെ കാവല്‍ നില്‍ക്കുന്ന ഉഷ്ണപഥങ്ങളിലൂടെ അലയുമ്പോള്‍ അയാള്‍ അവളെക്കുറിച്ചും വെള്ളച്ചാട്ടാത്തെക്കുറിച്ചും ഓര്‍ത്തു. അയാളുടെ മനസ്സിലൊരു വിഷാദം ഉരുണ്ടു കൂടി പഴുത്തു. ചൂടുള്ള കാറ്റ് അവയെ തഴുകി മുഴുപ്പിച്ചു.

ദിവസങ്ങളും, മാസങ്ങളും കടന്നു പോകവേ, ജോലി കഴിഞ്ഞു തളര്‍ന്നെത്തിയ ഒരു രാത്രിയില്‍, ഷവറിന്റെ കീഴെ കുളിക്കാന്‍ നില്‍ക്കുമ്പോള്‍, അയാള്‍ വീണ്ടും വെള്ളച്ചാ‍ട്ടത്തിന്റെ മുഴക്കം കേട്ടു. ഷവറില്‍ നിന്നും ഇരു ചെവികളേയും മൂടി ഒഴുകിയിറങ്ങിയ വെള്ളച്ചാട്ടത്തില്‍ മുഴുകി അയാള്‍ വളരെ നേരം നിന്നു. പിറ്റേന്ന്, പതിവിലും കവിഞ്ഞ പ്രസരിപ്പോടെ നേരത്തേ ഉണര്‍ന്ന അയാള്‍, ഷവറിന്‍ കീഴിലെ വെള്ളച്ചാട്ടത്തിന്റെ സുഖസ്പര്‍ശനത്തില്‍ മുഴുകി നഗ്നനായി എത്ര നേരം നിന്നുവെന്ന് അറിഞ്ഞില്ല.

ആദ്യമായി അയാള്‍ ഓഫീസില്‍ വൈകിയെത്തി. ഒരു പണിയും ചെയ്യാതെ വൈകുന്നേരമാകാന്‍ വേണ്ടി അക്ഷമയോടെ കാത്തിരുന്നു. സമയം കഴിഞ്ഞാലും വളരെ നേരം ഓഫീസില്‍ത്തന്നെ ചിലവഴിക്കാറുള്ള അയാളുടെ ഈ മാറ്റം എല്ലാവര്‍ക്കും അപ്രതീക്ഷിതവും, മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമായിരുന്നു. അയാളാകട്ടെ, യാതൊന്നിനെക്കുറിച്ചും വേവലാതിപ്പെടാന്‍ പോയില്ല. അയാളുടെ കുളിമുറിയും, ഷവറിലെ ജലപാതവും അയാള്‍ക്കേറ്റവും പ്രിയപ്പെട്ടതായിത്തീര്‍ന്നിരുന്നു. അതിനാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള നോട്ടിസ് കിട്ടുമ്പോള്‍ പ്രത്യേകമായി അയാള്‍ക്കൊന്നും തോന്നിയില്ല.

ഒരു നീണ്ട കുളിക്കു ശേഷം ഷവറിനോടു വിട ചൊല്ലി, നാട്ടില്‍ അവളുടെ മിഴികളിലെ വിസ്മയത്തിലേക്ക് വിമാനമിറങ്ങി. കൊണ്ടു പോയ സൂട്ട്കേസല്ലാതെ അയാളുടെ പക്കല്‍ മറ്റു ലഗേജൊന്നുമില്ലാതിരുന്നതിനാല്‍ അവള്‍ക്കെന്തോ പന്തികേടു തോന്നിയിരുന്നു. ടാക്സിയില്‍ കയറവേ, ഡ്രൈവറോട് വെള്ളച്ചാട്ടമുള്ള സ്ഥലത്തിന്റെ പേരു പറഞ്ഞപ്പോള്‍ അവള്‍ കയര്‍ത്തു. ആദ്യം വീട്ടില്‍ പോയിട്ടു പിന്നെ വന്നാല്‍ മതിയെന്നായിരുന്നു അവള്‍ക്ക്. അയാള്‍ പറഞ്ഞു - “ഈ ഒരു രാത്രി മാത്രം മതിയെനിക്ക്”. തല കുലുക്കുമ്പോള്‍ തീരെ താല്പര്യമില്ലായ്മ അവളുടെ ശബ്ദത്തിലും ചലനങ്ങളിലും പ്രകടമായിരുന്നു.

രാത്രി വിനോദ സഞ്ചാര കേന്ദ്രത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് അവളെ വരിഞ്ഞു മുറുക്കി ചുംബിച്ച് അയാള്‍ പറഞ്ഞു - “നിനക്ക് വെള്ളച്ചാട്ടം ഇഷ്ടമല്ലെ, അതിനാലാണിങ്ങോട്ടു തന്നെ വരാമെന്നു വച്ചത്” ഇക്കുറി അവള്‍ക്കെന്തോ അതിലത്ര വലിയ ത്രില്ലുള്ളതായി തോന്നിയില്ല. “നിങ്ങളുടെ ശരീരത്തിനെന്തു തണുപ്പാ” - അവള്‍ പറഞ്ഞത് അയാള്‍ ശ്രദ്ധിച്ചില്ല.അന്നു രാത്രി അവളെ ചുറ്റിപ്പിടിച്ച് അയാളുറങ്ങി.
പുലരും മുമ്പേ വെള്ളച്ചാട്ടത്തിന്റെ ആരവമാണയാളെ ഉണര്‍ത്തിയത്. നേരം വെളുക്കാന്‍ തുടങ്ങുന്നതേയുള്ളു. അവള്‍ ഇപ്പോഴും ഉറങ്ങുകയാണ്. ശബ്ദമുണ്ടാക്കാതെ, അയാള്‍ മുറി തുറന്ന്, ഇരുട്ടിലൂടെ പുഴക്കരയിലേക്കു നടന്നു. ആത്മാവു വരെ കൂര്‍ത്തു കയറുന്ന ഒരു കുളിര് പുഴക്കരയില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കു തീരെ ഭയം തോന്നിയില്ല. പകരം എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി. വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ് അയാള്‍ പുഴയുടെ സൌമ്യതയിലേക്കിറങ്ങി മുങ്ങി നിവര്‍ന്നു. പിന്നെ മിനുസമുള്ള പാറക്കെട്ടുകള്‍ കയറി, യാതൊരു കൂസലുമില്ലാതെ വെള്ളച്ചാട്ടത്തിന്റെ ധവളിമയിലേക്കു നടന്നു.