2009, ഡിസംബർ 31, വ്യാഴാഴ്‌ച

പാഠം ഒന്ന് - പശു
പശു ഒരു വളര്‍ത്തു മൃഗമാണെന്ന്
ഞാന്‍ മനസ്സിലാക്കിയിരുന്നു
സ്കൂളില്‍ ചേരും മുമ്പെ തന്നെ


പശുക്കള്‍ക്കും അമ്മയ്ക്കും എനിക്കുമിടയില്‍
ഉണ്ടായിരുന്നിരിക്കണം
മുജ്ജന്മത്തിലേതെന്ന വിധം
ആത്മ ബന്ധത്തിന്റെ ഒരു കാണാച്ചരട്

അമ്മ കൊടുത്ത ഇളം പുല്ലുകളാണ്
പശുക്കളില്‍ സ്വപ്നങ്ങള്‍ മുളപ്പിച്ചത്
“ഗോക്കള്‍ക്കു കിനാവുകള്‍ നിഷിദ്ധം
കൃഷ്ണ കൃഷ്ണ എന്നു ധ്യാനിച്ച് പശുക്കള്‍
പശുക്കളായി ത്തന്നെ വാഴണം“
തത്വശാസ്ത്രങ്ങള്‍ വിസ്തരിച്ച്
സമര്‍ത്ഥിക്കാന്‍ അച്ഛന്‍വാവടുത്തപ്പോള്‍ കൊതിച്ചു പോയി
വിത്തു കാളകളുടെ കരുത്ത്
കുത്തിവയ്പ്പുകാരന്റെ സിറിഞ്ചില്‍
അതുമൊടുക്കീ അച്ഛന്‍

“നീ കറന്നാല്‍ പാതിയേ കിട്ടൂ“
അമ്മയില്‍ നിന്നും തന്ത്രപരമായിത്തന്നെ
കറവ പിടിച്ചെടുത്തതും അച്ഛന്‍
തൊഴിക്കാതിരിക്കാന്‍
പിന്‍‌കാലുകളില്‍ കയറു മുറുക്കിയതും
കിടാവിനായൊരു തുള്ളി ബാക്കി വയ്ക്കാതെ
പാല്‍ മുഴുവനൂറ്റിയതുമച്ഛന്‍

പുര നിറഞ്ഞപ്പോള്‍ പൈക്കളെ ഒന്നൊന്നായ്
വില പേശി വിറ്റതും അച്ഛന്‍
വെയിലിന്റെ കുട ചൂടി
കയറിന്റെ പുറകിലെ വേയ്ക്കുന്ന വിലാപമായ്
പടിയിറങ്ങിപ്പോയ് പശുക്കള്‍
പോകുമ്പോള്‍ പശുക്കള്‍
തങ്ങളുടെ അത്മാവെടുത്ത്
അമ്മയ്ക്കു കൊടുത്തത്
ആരുമറിഞ്ഞില്ല

പുര നിറഞ്ഞപ്പോള്‍ അറിഞ്ഞു
ഞാനും വെറുമൊരു പശു
എന്നെ കൈ മാറിയപ്പോള്‍
കയര്‍ സ്വര്‍ണ്ണം കൊണ്ടായിരുന്നെന്ന
വ്യത്യാസം മാത്രം

പടിയിറങ്ങുമ്പോള്‍ എന്റെ ആത്മാവിനെയും
അമ്മയെയാണേല്‍പ്പിച്ചത്
ഇനിയിപ്പോള്‍ എന്റേതു മാത്രമായ
ഒരാത്മാവിന്റെ ആവശ്യമില്ലല്ലോ

ഇപ്പോള്‍ വീട്ടില്‍ പശുക്കളില്ല
അവയുടെ ആത്മാക്കള്‍ മാത്രം
എല്ലാ ആത്മാക്കളെയും നെഞ്ചേറ്റി
തൊഴുത്തിന്റെ കോണില്‍
വൈക്കോല്‍ത്തുരുമ്പുകള്‍ തിന്നയവിറക്കി
വെറുതേയിരിപ്പാണമ്മ(ചിത്രം: രജീഷ് കണ്ണൂര്‍)

2009, നവംബർ 12, വ്യാഴാഴ്‌ച

നാലു പൊടിക്കവിതകള്‍പൊരുള്‍

അച്ഛനെത്തിരഞ്ഞു ഞാന്‍
‍അച്ഛനടുത്തെത്തുമ്പോള്‍
‍അച്ഛനും തിരയുന്നത-
ച്ഛനെയെന്നറിഞ്ഞു ഞാന്‍

ചക്രം


ചക്രവ്യൂഹത്തില്‍പ്പെട്ടു
ചക്രശ്വാസം വലിക്കവേ
ചക്രമൂരിപ്പോകാതെന്‍ തേര്‍
‍കാക്കാനാരുടെ ചെറു വിരല്‍?
ദ്വന്ദം

ദൈവവും പിശാചുമൊരേ
നാണയത്തിന്നിരുവശം
എന്നു ദൈവമോതുമ്പോള്‍
‍അല്ലെന്നോ പിശാചേ നീ?

പ്രതിഫലം

നാനാത്തത്തിലേകത്വം
തേടിപ്പോയൊരെന്നെയാര്‍
‍വെട്ടി നൂറു നുറുക്കാക്കി
കെട്ടിത്തൂക്കിയിറച്ചിയായ് ?

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ജെന്നിഫറിന്റെ പൂച്ച
പുതിയ കഥ "തുഷാരം" വെബ് മാഗസിനില്‍

പൂച്ചകളെ എനിക്കിഷ്ടമായിരുന്നു. ഒരു പക്ഷേ എന്റെ ഒരു ബലഹീനതയായിരുന്നിരിക്കാം പൂച്ചകള്‍. ഒരു പാടു പൂച്ചകളുള്ള ഒരു വീട്ടില്‍ കഴിയാനായിരുന്നു എനിക്കാഗ്രഹം. എന്നിട്ടും പൂച്ചകളോട് എന്തിനാണിപ്പോള്‍ ഇത്ര വെറുപ്പ് എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു .......

വായിച്ച് അഭിപ്രായങ്ങള്‍ എഴുതുമല്ലോ.
സസ്നേഹം
മോഹന്‍

2009, ജൂലൈ 24, വെള്ളിയാഴ്‌ച

ദാനംതാന്‍ സൃഷ്ടിച്ച ലോകത്തിലെ നെറികേടു കണ്ട്
മനം നൊന്ത് ദൈവം പറഞ്ഞു
ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുക
നല്ലതെല്ലാം മാറ്റിവച്ച്
തനിക്കാവശ്യമില്ലാത്തതൊക്കെയും
ഉള്ളവന്‍
ഇല്ലാത്തവനു കൊടുത്തു
കൂടെ അവനൊരിക്കലും
താങ്ങാന്‍ ത്രാണിയില്ലാത്തത്ര
വലിയൊരു ബില്ലും

അതടച്ചു തീര്‍ക്കാന്‍
ലോക ബാങ്കില്‍ നിന്നൊരു വായ്പയും
ഈടായി അവന്റെയും കുടുംബത്തിന്റേയും
കരുത്തും മാനവും
അതു വാങ്ങിയവനോ
ദൈവത്തിങ്കല്‍ നിന്നും മാറി
ഉള്ളവന്റെ അടിമയായി
പിന്നെ അവനെ രക്ഷിക്കാന്‍
‍ദൈവത്തിനു പോലും കഴിഞ്ഞില്ല

2009, ഏപ്രിൽ 29, ബുധനാഴ്‌ച

പുതിയ പോസ്റ്റ് തൂണീരത്തില്‍

പിലിഭിത്തിനെപ്പറ്റി പലതുമറിഞ്ഞ കൂട്ടത്തില്‍, ഉത്തര്‍പ്രദേശിന്റെ വടക്കേ അറ്റത്ത്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഈ ജില്ല ഒരു പുലി സംരക്ഷണ മേഖല കൂടിയാണ് എന്ന് അധികമാര്‍ക്കെങ്കിലും അറിയാമോ എന്ന് ചെറിയൊരു സന്ദേഹം ഇല്ലാതില്ല. പിലിഭിത്തിലെ നിബിഡ വനങ്ങളില്‍ വംശനാശം സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ പുലികള്‍ സ്വൈരവിഹാരം നടത്തുന്നു. പുലികളുടെ നില മെച്ചപ്പെട്ടുവെങ്കിലും ജനങ്ങളുടെ നില ഇപ്പോഴും പരിതാപകരമാണ്. ഇന്ത്യയിലെ പിന്നോക്ക ജില്ലകളിലൊന്നായി പിലിഭിത്ത് ഇന്നും തുടരുന്നു.......

വായിക്കാത്തവര്‍ ഇവിടെ ക്ലിക്കുക
http://thooneeram.blogspot.com/2009/04/blog-post.html

2009, മാർച്ച് 2, തിങ്കളാഴ്‌ച

2009, ജനുവരി 26, തിങ്കളാഴ്‌ച

ബയോ ഡാറ്റയും ബ്ലോഗും

ഒരു ബയോ ഡാറ്റ എഴുതാനാണ്
കമ്പ്യൂട്ടര്‍ തുറന്നത്
പക്ഷേ ചെന്നെത്തിയത്
ബ്ലോഗുകളുടെ പൊന്തക്കാട്ടില്‍
കണ്ടു പിടിച്ചത് ഭാര്യയാണ്
“ആഹാ .. എന്തു നല്ല ശീലം
പറഞ്ഞിട്ടെന്തിനാ
ഈ നരകത്തില്‍ നിന്നൊന്നു
രക്ഷപ്പെടണമെന്ന് നിങ്ങള്‍ക്കുണ്ടോ മനുഷ്യാ”
അവള്‍ പറയുന്നത് ശരിയാണ്
എന്നും ബയോ ഡാറ്റ എഴുതാനാണ്
കമ്പ്യൂട്ടര്‍ തുറക്കുന്നത്
എന്നിട്ട് ഒരിക്കല്‍പ്പോലും എഴുതാതെ പോകുന്നതും
ബയോ ഡാറ്റ മാത്രം
അവള്‍ക്കു മടുത്തു എന്നു പറയുമ്പോള്‍
അതില്‍ നേരിന്റെ വിതുമ്പലുകളുണ്ട്
അവളാണ് എന്നും എന്റെ ആത്മക്ഷതങ്ങളില്‍
മുത്തി മുത്തി വേദനകള്‍ മായിച്ചു കളയുന്നത്
കണ്ണീരു തുടച്ച്,
കണ്‍കോണുകളിലെ പീളയെടുത്തു കളഞ്ഞ്
കാഴ്ചയെ വീണ്ടെടുത്തു തരുന്നത്
ജോലിസ്ഥലത്തു വച്ച്
ശുനകവാലുപോലെ ചുരുണ്ടു പോയ
സ്വാഭിമാനത്തെ ഇസ്തിരിയിട്ടു നിവര്‍ത്തുന്നത്
സാമ്പത്തിക മാന്ദ്യം
ഒരു റോഡ് റോളര്‍ പോലെ
മുതുകിലൂടെ കയറിയിറങ്ങിപ്പോകുന്നു
ബയോ ഡാറ്റകളില്‍ നിന്നും
കഴിവുകളുടെ വര്‍ണ്ണനകള്‍ ചതഞ്ഞു പോകുന്നു
കൂലി വേണ്ട ഒരു ജോലി തരുമോ
ഒക്കുമെങ്കില്‍ ഇത്തിരി വെള്ളം ...
കലഹിച്ച്, കണ്ണുകലമ്പി
ഒരുമ്പെട്ടവളെപ്പോലെ
അവളകന്നു പോകുമ്പോള്‍
‘എന്റെ ജീവിതമേ’ എന്നോര്‍ത്ത് ഞാന്‍
വാതിലടച്ച് വീണ്ടും കമ്പ്യൂട്ടറിനു മുന്നില്‍
ബയോ ഡാറ്റയെഴുതണമെന്ന്
ശപഥം ചെയ്ത്
ബ്ലോഗുകളുടെ പൊന്തക്കാട്ടിലേക്ക് ..

2009, ജനുവരി 22, വ്യാഴാഴ്‌ച

“മര്‍മ്മം“ - പുതിയ കഥ തുഷാരം വെബ് മാഗസിനില്‍

സത്യത്തില്‍ എന്താണുണ്ടായതെന്ന് ശരിക്കൊന്നു കാണാന്‍ പോലും കഴിഞ്ഞില്ല. എന്തൊക്കെയോ അപശബ്ദങ്ങളും, ആക്രോശങ്ങളും നിറഞ്ഞൊരു പൊടിപടലത്തില്‍ നഷ്ടപ്പെട്ടു പോയിരിക്കുകയായിരുന്നു മനസ്സ്. അല്ലെങ്കില്‍ത്തന്നെ കുറച്ചു നാളായി ഒരു സംഘര്‍ഷത്തിലൂടെയാണ് യാത്ര. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. കണ്ണുകള്‍ക്കു മുന്നില്‍ എല്ലാം ഒന്നു കലങ്ങിത്തെളിഞ്ഞു വന്നപ്പോഴേക്കും, നിരത്തു വക്കില്‍ അവന്റെ ജഡം കണ്ടു, ചോരയില്‍ കുളിച്ച് .......

പുതിയ കഥ തുഷാരം പുതിയ ലക്കത്തില്‍. വായിക്കുവാന്‍ തലക്കെട്ടില്‍ ക്ലിക്കു ചെയ്യുകസസ്നേഹം
മോഹന്‍