2008, ഫെബ്രുവരി 20, ബുധനാഴ്‌ച

തൂ ണീ രം - പുതിയ ബ്ലോഗ്

പുതിയൊരു ബ്ലോഗു കൂടി ബൂലോകസമക്ഷം ആദരവോടെ സമര്‍പ്പിക്കുന്നു. “തൂണീരം“ എന്നു നാമധേയം. അമ്പുകളുടെ ശേഖരമൊന്നുമില്ല. കമന്റുകള്‍ കൂരമ്പുകളായി വന്നാലും സൂക്ഷിച്ചു വയ്ക്കാമല്ലൊ.

എല്ലാ ബൂലോകരുടേയും സ്നേഹവും, സഹകരണവും, പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.


URL http://thooneeram.blogspot.com/


ക്ലിക്കുവാന്‍ മറക്കരുതേ.സ്നേഹത്തോടെ
മോഹന്‍

2008, ഫെബ്രുവരി 11, തിങ്കളാഴ്‌ച

ടെലഫോണ്‍ ബൂത്ത്


നിനക്കു പിടിച്ചെടുക്കാം
എന്റെ സ്വകാര്യ സംഭാഷണങ്ങളെ
ഹൃദയമിടിപ്പിനെ
വേദനയെ
അപൂര്‍വ്വമായി മാത്രം വരുന്ന ചിരിയെ

മാസം തോറും
ഒരു ദിനാറിന്റെ പ്രീപെയ്‌ഡ് കാര്‍ഡിലൂടെ
ഞാന്‍ സ്വന്തമാക്കുന്ന
ശബ്ദ പ്രപഞ്ചങ്ങളിലേക്കുള്ള
പാലം മുറിയുമ്പോള്‍
‍പറയാന്‍ ബാക്കിയായതെല്ലാം
ഞാന്‍‍ നിന്നോടു പറയുന്നു

മൌത്ത് പീസിലേക്കു വീണ കണ്ണീര്‍
‍ഒഴുകിയിറങ്ങിയത് നിന്നിലേക്ക്
മുഖമമര്‍ത്തി വിതുമ്പാന്‍ ‍
നിന്റെ തോളല്ലാതെ
എനിക്കു മറ്റെന്താണിവിടെയുള്ളത് ?

എന്റെ മൂക്കു പിഴിഞ്ഞ കൈകള്‍
‍പലപ്പോഴും നീയാണു
തുവര്‍ത്തിത്തന്നിട്ടുള്ളത്
പിഞ്ഞിയ വസ്ത്രങ്ങള്‍ക്കിടയിലുടെ
ശൈത്യം അംഗങ്ങളെ കശക്കുമ്പോഴും
വെയില്‍ച്ചൂളകളില്‍
ശരീരമുരുകിയൊലിക്കുമ്പോഴും
നിന്നടുത്തേക്കാണല്ലോ ഞാന്‍ വരാറുള്ളത്

കാര്‍ഡില്ലാത്ത
ഇരുപത്തൊമ്പതു ദിനങ്ങളിലും
റസീവര്‍ കൈയിലെടുത്ത്
അങ്ങേരോടും പിള്ളാരോടും
പറയാന്‍ പറ്റാത്തതെല്ലാം
നിന്റെ ഡയല്‍ടോണിനോടു പറയുമ്പോള്‍
രാത്രികള്‍ തോറും പിച്ചിച്ചീന്തപ്പെടുന്നതും
തൊണ്ട നനയാതെ തലകറങ്ങി വീഴുന്നതും
സമാനതകളില്ലാത്ത അദ്ധ്വാനമായി
ശകാരമായി
തൊഴിയായി
ഉച്ഛിഷ്ടമായി
രോഗങ്ങളായി
എന്റെ അസ്തിത്വം മാറുന്നതും നീ മാത്രം
അതെ നീ മാത്രം അറിയുന്നു

അമ്പതു ദിനാര്‍ മാസവരുമാനമുള്ള
ഒരു തേങ്ങലായി
ഞാന്‍ നിലനില്‍ക്കുന്നതിന്റെ രഹസ്യം
നിനക്കല്ലാതെ മറ്റാര്‍ക്കാണ്
ഈ ഭൂമിയില്‍ മനസ്സിലാവുക?