2008, ജൂലൈ 27, ഞായറാഴ്‌ച

ജല താണ്ഡവം - അഥവാ മുംബായ് നഗരത്തിലെ ഒരു മഴക്കാലം

26 ജൂലൈ 2005.

അന്നായിരുന്നു കുട്ടികളേയും കൊണ്ട് ബോംബെ ദര്‍ശനം എന്ന മഹത് കര്‍മ്മം നടത്തുവാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ബോംബെയിലാണ് ജനിച്ചതെങ്കിലും കുട്ടികള്‍ ഇതു വരെ ബോംബെ കണ്ടിട്ടില്ല. അടുത്തൊരു സുഹൃത്ത് അത്യാവശ്യമായി നാട്ടില്‍ പോയതിനാല്‍ അവന്റെ കാറുണ്ട്. തലേ ദിവസം പറഞ്ഞു വച്ചതനുസരിച്ച് കാലത്തു തന്നെ ജാധവ് എന്ന ഡ്രൈവറുമായി കാറും വന്നു. ബീച്ചുകളില്‍ പോകാം, വെള്ളത്തിലിറങ്ങാം, കുളിക്കാം ... ഒരു വലിയ ഷോള്‍ഡര്‍ ബാഗിള്‍ എല്ലാവര്‍ക്കുമുള്ള വസ്ത്രങ്ങളും, ജട്ടികളും, തോര്‍ത്തുകളുമായി വലിയൊരു സന്നാഹത്തോടെ ഞാനും ഭാര്യയും രണ്ടു കുട്ടികളും (മകന്‍ - 9 വയസ്സ്, മകള്‍ - 3 വയസ്സ്) ട്യൂഷന്‍ ക്ലാസ്സിലായിരുന്ന ചേച്ചിയുടെ മകനേയും (15 വയസ്സ്) കൂടെ കൂട്ടി രാവിലേ തന്നെ ഞങ്ങളുടെ സവാരി പുറപ്പെട്ടു. മാനം പകുതി വെളുത്തിട്ടും പകുതി കറുത്തിട്ടും. മഹാരാഷ്‌ട്രയുടെ പല ഭാഗങ്ങളിലും തലേന്നു പെയ്ത പേമാരിയുടെയും, ആറു നിറഞ്ഞു കവിഞ്ഞതിന്റേയും വാര്‍ത്തകള്‍ രാവിലത്തെ പത്രത്തില്‍ വായിച്ച ഞാന്‍ “മഴ വരാം, ഒരു കുടയെടുത്താലോ “എന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരമായി ‘ബീച്ചിലോട്ടു പോകുമ്പോള്‍ ആരെങ്കിലും കുടയെടുക്കുമോ‘ എന്ന മറുചോദ്യം നിന്നു വാ പൊത്തിച്ചിരിച്ചു.വര്‍ളി സീഫേയ്സും, നെഹ്രു സയന്‍സ് സെന്ററും കഴിഞ്ഞപ്പോഴേക്കും ഉച്ച കഴിഞ്ഞു. പിന്നെ നെഹ്രു
പ്ലാനെറ്റേറിയത്തിലേക്ക്. ഡിസ്കവറി ഓഫ് ഇന്ത്യ ബില്‍ഡിഗ് തലയെടുപ്പോടെ ആകാശത്തെ താങ്ങി നിര്‍ത്തി. പ്ലാനെറ്റേറിയത്തില്‍ ആകാശത്തെയും കോണ്‍സ്റ്റല്ലേഷനുകളെയും പരിചയപ്പെടുത്തുന്ന പ്രോഗ്രം കണ്ട് ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല. പുറത്തു വരുമ്പോഴേക്കും വളരെ ശക്തിയായി മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. ഡിസ്കവറി ഓഫ് ഇന്ത്യ ബില്‍ഡിംഗിന്റെ നെറുകയിലേക്ക് ഇരുണ്ട മഴമേഘങ്ങള്‍ ഇറങ്ങി വന്നിരുന്നു. ജേഡ് ഗാര്‍ഡന്‍ റെസ്റ്റോറന്റിനു മുകളിലൂടെ മേലോട്ടു കയറിപ്പോകുന്ന സ്റ്റെപ്പുകളിലൂടെ മഴവെള്ളം ഇരച്ചൊഴുകിയിറങ്ങുന്നത് കാണാന്‍ രസമുണ്ടായിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ സ്കൂള്‍ കുട്ടികള്‍ നിരനിരയായി നിര്‍ത്തിയിട്ടിരുന്ന ബസ്സുകളിലേക്കോടിക്കയറുന്നുണ്ടായിരുന്നു. മഴ ഒന്നൊതുങ്ങുന്നതു വരെ നിന്നാലോ ? ‘ഓ ഇതിപ്പൊ തീരും. നമ്മള്‍ക്കിറങ്ങാം’ - ജാധവിന്റെ വാക്കുകള്‍ ഞങ്ങളില്‍ ധൈര്യം പകര്‍ന്നു. ഇതു പോലെ എത്ര മഴകള്‍ കണ്ടിരിക്കുന്നു. ബോംബെ നഗരത്തിലങ്ങിനെയാണ്. പെട്ടെന്ന് മഴ കനക്കും. റോഡുകളും റെയില്‍‌പ്പാതകളും നിമിഷം കൊണ്ട് വെള്ളത്തിനടിയിലാകും. കുറച്ചു കഴിയുമ്പോഴേക്കും വെള്ളമിറങ്ങും, പിന്നെയെല്ലാം പഴയ പടി.


ബസ്സുകളുടെ പുറകിലൂടെ പുറത്തേക്കു കാർ നീങ്ങുമ്പോൾ പുഴപോലെയൊഴുകുന്ന റോഡ്. കടലിനോടടുത്ത പ്രദേശം. വേലിയേറ്റത്തിന്റെ സമയം. റോഡും കടലും കുളിരകറ്റാൻ എത്തിവലിഞ്ഞ് ഒന്നു പുണർന്നെന്നു വച്ച് എന്താണു കുഴപ്പം? സ്ഥലങ്ങൾ ഇനിയും കാണാനുണ്ടെങ്കിലും ഈ അവസ്ഥയിൽ വീട്ടിലോട്ടു തിരിക്കാൻ തന്നെ തീരുമാനിച്ചു. കുഴപ്പം ശരിക്കും പിടി കിട്ടിയത് വർളി നാക്കയോടടുക്കാറായപ്പോഴാണ്. റോഡുകളെല്ലാം പുഴയായിക്കൊണ്ടിരിക്കുകയാണ്. പല റോഡുകളിലൂടെയും പുളഞ്ഞു വരുന്ന ഒഴുക്കുകൾ ട്രാഫിക് ജംഗ്‌ഷനുകളിൽ ഒത്തുകൂടി വട്ടത്തിൽ കറങ്ങി കൈകൊട്ടിക്കളികൾ തുടങ്ങിയിട്ടുണ്ട്. റോഡുകളിലൂടെ ജലം കുതിച്ചോടുകയും വാഹനങ്ങൾ അനങ്ങാൻ വയ്യാതെ കെട്ടിക്കിടക്കുകയുമാണ്. ഞങ്ങൾ കുറച്ചു തിരക്കു കുറഞ്ഞെന്നു തോന്നിയ സീഫെയ്‌സ് റോഡിലേക്കു കയറി.


ഇരച്ചു പെയ്യുന്ന മഴ. ശക്തിയായി വീശുന്ന കാറ്റിലൂടെ ചരിഞ്ഞു വീഴുന്ന സ്ഫടികക്കയറുകൾ. കൂട്ടുകാരന്റെ ഭാര്യയുടെ ഫോൺ വന്നു. “എന്തൊരു മഴയാ? നിങ്ങളിതെവിടെയാണ്?” “ഞങ്ങൾ വറളിസീഫേയ്‌സിലെത്തിയിട്ടേ ഉള്ളു.” “എന്നാൽ എന്റെ മോളെക്കൂടി കൂട്ടിക്കൊ. അവൾ വറളിയിലുണ്ട്?”. പുറത്ത് മഴ തിമർക്കുകയാണ്. റോഡിലേക്ക് ഭീദിതമാം വണ്ണം വെള്ളമൊഴുകി വരുന്നു. “വർളിയിലെവിടെയാ?” “മഴ കനത്തപ്പോൾ കോളേജ് നേരത്തെ വിട്ടു.
അവൾ അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി”. “എങ്കിൽ അവൾ അവിടെ കൂടുന്നതായിരിക്കും സുരക്ഷിതം. അവൾക്കു ഞങ്ങൾക്കടുത്തേക്കെത്താ‍നോ ഞങ്ങൾക്കവളുടെയടുത്തെക്കെത്താനോ കഴിയുമെന്നു തോന്നുന്നില്ല.” ഞാൻ പറഞ്ഞു. “എന്നാൽ ശരി. അവിടെത്തന്നെ കൂടാൻ ഞാൻ അവളോടു പറയാം”. സുഹൃത്തിന്റെ ഭാര്യ ഫോൺ വച്ചു.


ഞങ്ങളുടെ കാ‍ർ മഴയിലൂടെ ഇഴഞ്ഞു. മോട്ടോർ സൈക്കിളുകൾ മാത്രം വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ചു വെട്ടിച്ച് നീങ്ങിക്കൊണ്ടിരുന്നു. സ്‌കൂട്ടറുകൾ പലതും ആൾക്കാർ ഫുട്പാത്തിലൂടെ തള്ളുന്നു. പ്രഭാദേവിയിലെത്തിയപ്പോൾ, ബെർമുഡയും, ടീഷർട്ടുമിട്ട് വെള്ളത്തിൽ ഫുഡ്‌ബോൾ കളിക്കുന്ന തെരുവു സംഘങ്ങളെക്കണ്ടു. അതിനിടയിലൂടെ മോട്ടോർ ബൈക്കിലൊരു യുവാവും യുവതിയും നനഞ്ഞൊട്ടി മഴയിൽ കുളിച്ചങ്ങനെ രസിച്ചു നീങ്ങുന്നു. മഴ നനച്ച ചുരിദാറിനുള്ളിലൂടെ അനാവൃതമാകുന്ന അംഗസൌഭഗം. ഈ ലോകത്തേയല്ല എന്ന മട്ടിൽ യുവാവിന്റെ കഴുത്തിൽ
മുഖം ചേർത്ത്, അവനെ രണ്ടു കൈകൾ കൊണ്ടും വരിഞ്ഞു പിടിച്ച് യുവതിയിരുന്നു. അവരെക്കണ്ട് പന്തുകളിക്കാൾ കളി നിർത്തി വിസിലടിക്കാനും, കമന്റടിക്കാനും തുടങ്ങി. ഒരു നിമിഷം കൊണ്ട് അവരൊരു ‘റ’ വട്ടത്തിൽ മോട്ടോർ സൈക്കിളിനു നേരെ നീങ്ങി. ചുറ്റുമുള്ള വാഹനങ്ങളിൽ നിന്നും നിരവധി കണ്ണുകൾ അവരിലേക്കു നീണ്ടു. അവർക്കു നടുവിലൂടെ തെല്ലും കൂസലില്ലാതെ, ഒരു ഹീറോയെപ്പോലെ യുവാവ് വൈദഗ്ദ്ധ്യത്തോടെ ബൈക്കോടിച്ചു പോയി. ഒരു ജോൺ അബ്രഹാം (ഹിന്ദി നടൻ) സിനിമ കണ്ട പ്രതീതി. കുറച്ചു നേരത്തേക്ക് സ്ഥലകാലങ്ങള്‍ മറന്ന കാഴ്ചക്കാര്‍ മഴയിലേക്കു തിരിച്ചു വന്നു. യുവാക്കൾ പന്തുകളിയിലേക്കു മടങ്ങി. പലപ്പോഴും പന്ത് കാൽനടക്കാരാ‍യ സ്ത്രീകൾക്കടുത്തേക്ക് ഉന്നം തെറ്റിയിട്ടെന്ന പോലെ പായിച്ച് യുവാക്കൾ രസിച്ചു.


ഞങ്ങളുടെ കാർ മുക്കിയും മുരണ്ടും നീങ്ങി. തിരക്കു കുറഞ്ഞതെന്നു തോന്നിയ ഒരു റോഡിലേക്കു കയറിയത് കൂടുതൽ അപകടം വിളിച്ചു വരുത്തി. വെള്ളക്കെട്ടു നിറഞ്ഞ ഒരു ജംഗ്‌ഷൻ മുറിച്ചു കടക്കവേ ഞങ്ങളുടെ കാറിന്നടിയിൽ നിന്നും പുകയുയരുന്നതു കണ്ട് ആളുകൽ ബഹളം വച്ചു. ജാധവ് എഞ്ചിൻ ഓഫ് ചെയ്തു. ഡോർ തുറക്കാൻ വയ്യ. കാറിനകത്തേക്കു വെള്ളം കയറും. വണ്ടി സ്റ്റാർട്ടാക്കാൻ നോക്കിയെങ്കിലും അതനങ്ങാൻ കൂട്ടാക്കിയില്ല. അതിനിടയിൽ അടിയിൽ നിന്നും വെള്ളം കയറി, കാലിലൂടെ സീറ്റിന്റെ ലെവലിലെത്തി. കുട്ടികൾ കരയാൻ തുടങ്ങി. ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ജംഗ്‌ഷനിൽ ആളുകൾക്കു കുഴികളിൽ വീഴാതിരിക്കാൻ വഴി കാണിച്ചു കൊണ്ടു
നിന്നിരുന്ന ചെറുപ്പക്കാർ ഓടിയെത്തി. മൂന്നു നാൽ പേർ ചേർന്ന് വണ്ടി തള്ളി വെള്ളം കുറഞ്ഞിടത്തേക്കു എത്തിച്ചു തന്നു. പ്രത്യുപകാരമായി ഞാൻ നീട്ടിയ നോട്ട് വാങ്ങി അവർ പോക്കറ്റിലിട്ടു. ക്ഷീണം തീർക്കാൻ ഒരു ബിയറടിക്കാനുപകരിക്കും. ഭാഗ്യം പോലെ അടുത്ത ശ്രമത്തിൽ വണ്ടി സ്റ്റാ‍ർട്ട് ആവുകയും ചെയ്തു. പക്ഷെ ആ സന്തോഷം ഏറെ നേരം നീണ്ടു നിന്നില്ല. കുറച്ചോടിയ ശേഷം വണ്ടി റോഡിനു നടുവിൽ നിന്നു. പുറകിൽ നിന്നും വാഹനങ്ങളുടെ തുരുതുരായുള്ള ഹോൺ അടികൾ. ഞാനും ജാധവും ഇറങ്ങി വണ്ടി തള്ളി സൈഡിലോട്ടിട്ടു. വല്ല മെക്കാ‍നിക്കിനേയും കിട്ടുമോ എന്നന്ന്വേഷിച്ച് കുറേ കറങ്ങിയെങ്കിലും ഈ മഴയത്താരു വരാന്‍?


മഴ നിലക്കുന്ന മട്ടില്ല. ഫോൺ ചെയ്യാൻ ശ്രമിച്ചിട്ട് ആരെയും കിട്ടുന്നില്ല. പബ്ലിക് ഫോണുകളെല്ലാം മഴയില്‍ കുതിര്‍ന്ന് ബോധമറ്റ് മരവിച്ചു കിടന്നു. ഞങ്ങൾക്ക് ആകെ ആധിയാ‍യി. മഴയിലൂടെ കുട്ടികളെയും കൊണ്ട് എങ്ങിനെ നടക്കും? ഇവിടെ നില്‍ക്കുന്നതും സുരക്ഷിതമല്ല. ഏതു നിമിഷവും കറന്റു പോയെന്നു വരാം. വണ്ടി ഒരു തയ്യല്‍ക്കടയ്ക്കു മുന്നിലെ ഉയര്‍ന്ന സ്ഥലത്തേക്കു നീക്കിയിട്ടു. ‘ഇവിടെ കിടന്നോട്ടേ. നാളെ വന്നെടുത്താൽ മതി’. കടക്കാരൻ പറഞ്ഞു. അപ്പോഴാ‍ണയാൾ കാറിനുള്ളില്‍ നിന്നും കുട്ടികള്‍ മഴയിലോട്ടിറങ്ങുന്നതു കണ്ടത്. ‘കുടയില്ലേ?’ - തയ്യൽക്കടക്കാരൻ ചോദിച്ചു. ‘ഇറങ്ങുമ്പോ‍ൾ മഴയില്ലായിരുന്നു. എടുത്തില്ല’. ഞാൻ പറഞ്ഞു. ‘എന്നാൽ
വണ്ടിയിലോട്ടിരുന്നോളു, ഞാനിപ്പോൾ വരാം.’ രണ്ടു മിനിറ്റിനുള്ളിൽ മഴയിലൂടെ ഊളിയിട്ടു പോയി എങ്ങു നിന്നോ രണ്ടു കുടകളുമായി അയാൾ വന്നു. ‘വണ്ടി എടുക്കാൻ വരുമ്പോൾ തന്നാൽ മതി’. ‘സന്തോഷം’ - അയാൾ നല്‍കിയ കുടകളുടെ കനിവു ചൂടി ഞങ്ങൾ നടന്നു.


“ഇനി ബസ്സുപിടിച്ച് ബാന്ദ്രായിലോട്ടു പോകാം“ - ജാധവ് പറഞ്ഞത് ഞങ്ങൾക്കു സ്വീകാര്യമായിരുന്നു.
ബാന്ദ്രായിലാണ് വണ്ടിയുടമയായ സുഹൃത്തിന്റെ വീട്. ഞങ്ങളുടെ വീടായ ഘാട്ട്കോപ്പറിലെത്തുന്ന കാര്യം നടക്കുമെന്നു തോന്നുന്നില്ല. ഇടയ്ക്കു വന്ന ബസ്സിൽ ചാടിക്കയറി ജാധവ് പറഞ്ഞു. ‘ഇത് ബാന്ദ്രാ ഈസ്റ്റിലേക്കുള്ളതാ. കയറിക്കോളു’. കുട മടക്കി ബസ്സിനുള്ളിലേക്ക്. ബസ്സിഴഞ്ഞു. മഴ ഇട മുറിയാതെ പെയ്തു കൊണ്ടിരുന്നു. ഈസ്റ്റിലേക്കു കടക്കാനുള്ള ഓവർ ബ്രിഡ്‌ജിനു മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച നെഞ്ചുരുക്കുന്നതായിരുന്നു. ഒന്നനങ്ങാൽ പോലും കഴിയാതെ റോഡു നിറയെ തലങ്ങും വിലങ്ങും വാഹനങ്ങൾ. ഹോണടികൾ. ശകാരങ്ങൾ. മഴ. കാറ്റ്. ‘ഇക്കണക്കിനു പോയാൽ പാതി രാത്രി കഴിഞ്ഞാലും നമ്മളെത്തില്ല. ഞാൻ ഇറങ്ങി നടക്കട്ടെ’. അനുവാദത്തിനു കാത്തു നിൽക്കാതെ ജാധവ് ഇറങ്ങി. ഇനി എന്താണു ചെയ്യുക. ബാന്ദ്രാ ഈസ്റ്റിൽ സുഹൃത്തിന്റെ വീടിനടുത്തും
വെള്ളമായിരിക്കാനാണു സാധ്യത. ഒരു സബ്‌വേ പോലുള്ള വഴിയിലൂടെയാണ് പോകേണ്ടത്. അതിപ്പോൾ മുങ്ങിക്കാണും. വെളിച്ചവും കുറവ്. മറ്റു വഴികൾ അറിയാവുന്നയാൾ ജാധവ് മാത്രമാണ്. അയാൾ കൂടി പോയാൽ ആകെ വലഞ്ഞതു തന്നെ. ‘നിൽക്കു ഞങ്ങൾ കൂടി നടക്കാം’ - എല്ലാവരും കൂടി ബസ്സിൽ നിന്നും ഇറങ്ങി ജാധവിന്റെ പുറകേ നടന്നു.


ബ്രിഡ്‌ജിറങ്ങി ചെന്നപ്പോൾ റോഡുകൾ കാണാനില്ല. ആകെ വെള്ളം മാത്രം. കുഴികളിൽ നിന്നും, ഓടകളിൽ നിന്നും ഒഴിഞ്ഞുമാറി വരിവരിയായി ആൺപെൺ വ്യത്യാസമില്ലാതെ ആളുകൾ നനഞ്ഞു നീങ്ങുന്നു. ഒരു കാൽ തെറ്റി വച്ചാൽ എല്ലാം കഴിഞ്ഞെന്നു വരാം. ചെറിയ കുട്ടിയെ ഞാൻ എടുത്തിട്ടുണ്ട്. ഭാര്യയുടെ കൈയിലാണെങ്കിൽ രാവിലെ കൈയിലെടുത്ത വലിയ ബാഗും (പിക്ക്നിക്കിനിറങ്ങിയതായിരുന്നുവല്ലോ) കുടയും വേറെന്തൊക്കെയോ സാധനങ്ങളും. നടക്കും തോറും വെള്ളം മുകളിലോട്ടു കയറി വരുന്നു. പിറകിലും ആൾക്കാരുടെ നിരയുണ്ട്. തിരിച്ചു പോക്ക് വിഷമകരമാകും. മുന്നോട്ടു നടക്കുക തന്നെ. വെള്ളത്തിന്റെ ആഴം കൂടുന്നത് ഞങ്ങളെ അങ്കലാ‍പ്പിലാക്കി. കാരണം വെള്ളം മകന്റെ കഴുത്തു വരെ എത്താറായി.


ഇനി എന്താണു ചെയ്യുക? എനിക്കാധിയായി. വഴികാട്ടിയായ ജാധവ് എന്റെ മനോവിഷമം തിരിച്ചറിഞ്ഞതു പോലെ തിരിഞ്ഞു നിന്നു, മകനെ എടുത്ത് തോളിൽ കയറ്റി. എനിക്കു ശ്വാസം കുറച്ചു നേരെ വീണു. അയാളോടൊപ്പം ബസ്സില്‍ നിന്നും ഇറങ്ങാ‍ന്‍ തോന്നിപ്പിച്ച നിമിഷത്തെ സ്തുതിച്ചു. ഞങ്ങൾ അനുയായികളെപ്പോലെ മറ്റുള്ളവര്‍ക്കു പിറകിലൂടെ നടന്നു. മുന്നോട്ടു നീങ്ങും തോറും ധൈര്യം ചോര്‍ത്തുന്ന കാഴ്ചകളാണ് നാലുപാടും‍. വെള്ളം മുകളില്‍ വരെ കയറിയ കാറുകള്‍ വഴിയില്‍ ഉപേക്ഷിച്ച് ആളുകള്‍ പോയിരിക്കുന്നു. അല്ലെങ്കില്‍ വെള്ളം കുറവുള്ളിടത്തേക്ക് മാറി
നിന്നിരിക്കുന്നു.
ഹൈവേയിലെ ഓവര്‍ ബ്രിഡ്‌ജിനു മുകളില്‍ നിറയെ വാഹനങ്ങളും ആള്‍ക്കാരുമുണ്ട്. മഴ പെയ്തു കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്കു പോകേണ്ടത് താഴെക്കൂടിയാണ്. ഡ്രൈവറെ പിന്തുടര്‍ന്ന് ഞങ്ങള്‍ വെള്ളത്തിലൂടെ നടന്നു. കാലുകള്‍ക്കിടയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് ശരിക്കും അറിയാം. ചെറിയ കുട്ടിക്ക് വെള്ളം കണ്ടപ്പോള്‍ കളിയാണ് തോന്നിയത്. അവള്‍ എന്റെ കൈയിലിരുന്ന് വെള്ളത്തില്‍ കാലിട്ടടിച്ച് കളിച്ചു. ഞാനവളെ വഴക്കു പറഞ്ഞു. പേടി കൊണ്ട് ആര്‍ക്കും മിണ്ടാന്‍ കഴിയുന്നില്ല. എല്ലാ ശ്രദ്ധയും കാലുകളിലര്‍പ്പിച്ച് കുഴികളിലൊന്നും വീഴല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചായിരുന്നു യാത്ര. ഞങ്ങള്‍ മെയിന്‍ റോഡില്‍ നിന്നും സൈഡ് വഴികളിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ഇരു വശവും കോമ്പൌണ്ടുകളില്‍ വെള്ളം കയറിയ ബില്‍ഡിംഗുകളും അതിലെല്ലാം ഭീതിയോടെ പുറത്തേക്കു നോക്കി നില്‍ക്കുന്ന നിരവധി ആള്‍ക്കാരെയും കണ്ടു. പൊടുന്നനെ ഒരൊച്ച. എന്തോ
സംഭവിച്ചു. ഒന്നും കാണുന്നില്ല. ‘കറന്റു പോയതാണ്. പേടിക്കേണ്ട, നടന്നോളു’ - ജാധവിന്റെ വാക്കുകള്‍ ഞങ്ങള്‍ ദൈവ വചനങ്ങള്‍ പോലെ അനുസ്സരിച്ചു.


വെള്ളത്തിനടിയിലൂടെ എന്തൊക്കെയോ ഒലിച്ചു വരുന്നത് കാലുകളില്‍ തടയുന്നുണ്ട്. മുന്നില്‍ ജാധവ് ‍, അതിനു പിറകില്‍ എന്റെ ഭാര്യ പിന്നെ ഞാന്‍. ഭാര്യയുടെ തല മാത്രമേ വെള്ളത്തിനു മുകളിലുള്ളു. തോളില്‍ കിടക്കുന്ന സഞ്ചി വെള്ളത്തിലൂടെ കൂടെ ഇഴയുന്നുണ്ട്. എതിരേ വന്ന ഒരു പറ്റം തെരുവു ചെറുക്കന്മാര്‍ ‘പാമ്പ്, പാമ്പ്’ എന്നു പറഞ്ഞ് പേടിപ്പിക്കുവാന്‍ ശ്രമിച്ചു. അവര്‍ പറഞ്ഞത് ഞങ്ങള്‍ക്കു പ്രശ്നമായിരുന്നില്ല. പക്ഷെ പരന്നൊഴുകുന്ന വെള്ളത്തിലുടെ അവര്‍ മദിച്ചു നീങ്ങിയപ്പോള്‍ ഇളകിയ വെള്ളത്തെയായിരുന്നു ഞങ്ങള്‍ പേടിച്ചത്. ഇനി വെള്ളം പൊങ്ങാതിരിക്കണേ എന്നായിരുന്നു എല്ലാവരുടേയും പ്രാര്‍ത്ഥന.


ഇരുവശവും നില്‍ക്കുന്ന ബില്‍ഡിംഗുകള്‍ കറുത്തു ഭീമാകാരമായ നിഴലുകളെപ്പോലെ കാണപ്പെട്ടു. അവയില്‍ ദയനീയമായി എരിയുന്ന മെഴുകുതിരികളും, അങ്ങോട്ടുമിങ്ങോട്ടും നിങ്ങുന്ന മനുഷ്യരും, അവരുടെ ഒച്ചകളും ഞങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു. ‘എവിടെയെങ്കിലും കയറി നിന്നാലോ?’ എന്റ സ്വരം പതറിയിരുന്നു. ‘എവിടെ കയറും, പരിചയമില്ലാത്തിടത്ത്, ഈ ഇരുട്ടില്‍?’ നമുക്കു വേഗം നടന്ന് വീടെത്താന്‍ നോക്കാം’ ഭാര്യയുടെ ശബ്ദത്തിന് എന്തോ നിശ്ചയദാര്‍ഡ്യമൂണ്ട്. ‘കുറച്ചു കൂടി നടന്നാല്‍ മതി’ വഴികാട്ടി പറഞ്ഞു. എന്നും പോകാറുള്ള വഴികളില്‍ നിന്നും മാറി വെള്ളം കുറവുള്ളിടം നോക്കി പോകുന്നതിനാലാണ് ദൂരം കൂടുതല്‍ തോന്നുന്നത്. വേറെ ഒന്നും ചിന്തിക്കാനോ പറയാനോ ഇടമില്ല.ഒരു വിധം തപ്പിപ്പിടഞ്ഞ് സുഹൃത്തിന്റെ വീടിനടുത്തെത്തിയപ്പോള്‍ അവിടെയും വെള്ളം തന്നെ. കോമ്പൌണ്ടില്‍ വെള്ളം നിറഞ്ഞു കിടക്കുന്നു. വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്ന കാറുകളുടെ മുകള്‍ഭാഗവും, മോട്ടോര്‍ സൈക്കിളുകളുടെ കണ്ണാടികളും മാത്രം കാണാം. ഒന്നാം നില വരെ വെള്ളം കയറിയിട്ടുണ്ട്. കെട്ടിടത്തിലേക്കു കയറുന്നിടത്ത് പലകയും മറ്റുമിട്ട് ഒരു വിധം ഉള്ളിലേക്കു കയറാന്‍ പറ്റുന്ന വിധത്തിലാക്കിയിട്ടുണ്ട്. താമസക്കാര്‍ പലരും താഴെ തന്നെ സഹായത്തിനായുണ്ടായിരുന്നു. സുഹൃത്തിന്റെ മകനും മറ്റു ചെറുപ്പക്കാരും സഹായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.


“ഈശ്വരാ എത്തിയല്ലോ. ഇനി സമാധാനമായി. വേഗം പോയി കുളിച്ചൊ. കുളിമുറിയില്‍ വെള്ളമുണ്ട്.” സുഹൃത്തിന്റെ ഭാര്യ പറഞ്ഞു. ഉടുത്തിരുന്ന നനഞ്ഞ തുണികള്‍ ഡെറ്റോളിട്ടു കഴുകി, ഡെറ്റോളും സോപ്പുമിട്ട് കുളിച്ചു പുറത്തു വന്നിട്ടും ശരീരത്തിലാകെ മനം പിരട്ടുന്ന ഒരറപ്പ് ബാക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന സുഹൃത്തും എത്തി. പക്ഷെ പുള്ളിക്കാരന്റെ ഭാര്യ ഓഫീസില്‍ മറ്റു ജോലിക്കാരോടൊപ്പം തങ്ങി.


രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. മുറിയാതെ പെയ്യുന്ന മഴയുടെ താളവും, വെള്ളത്തിലൂടെ നീന്തി ബില്‍ഡിംഗിലേക്ക് രാത്രിയുടെ ഓരോരോ യാമങ്ങളില്‍ വന്നെത്തിക്കൊണ്ടിരുന്ന അന്തേവാസികളുടെ സംസാരവും ബഹളങ്ങളും രാത്രി മുഴുവന്‍ നിറഞ്ഞു നിന്നു. താഴത്തെ നിലയില്‍ നിന്ന് വയസ്സായ സ്ത്രീയേയും മകളേയും സുഹൃത്തിന്റെ ഭാര്യ കൂട്ടിക്കൊണ്ടു വന്നു ഭക്ഷണവും കിടക്കാനിടയും കൊടുത്തു. എത്രയോ നേരമായി അവര്‍ വെള്ളത്തില്‍ തന്നെ നില്‍ക്കുകയായിരുന്നത്രെ. അവരുടെ ഗൃഹനാഥന്‍ ഇനിയും എത്തിയിട്ടില്ല. മുറിയിലാകെ വെള്ളമാണ്. അവര്‍ക്ക് ബില്‍ഡിംഗിലെ മറ്റാരുമായും ചങ്ങാത്തമില്ല. ആരു വന്നു വിളിച്ചിട്ടും അവരൊട്ടു പോയതുമില്ല. ഇങ്ങനെയുമുണ്ടോ ആള്‍ക്കാര്‍ എന്നോര്‍ത്തു. പെറുക്കിയെടുക്കാന്‍ പറ്റിയ സാധനങ്ങളൊക്കെ സ്റ്റെയര്‍കേസില്‍ വാരിക്കൂട്ടിയിട്ടുണ്ട്.
സ്റ്റെയര്‍കേസില്‍ നിറയെ ആള്‍ക്കാരാണ്. കൂട്ടത്തില്‍ പുറത്തു നിന്നു വന്നവരും ഉണ്ട്. ഇരുട്ടായിരുന്നതിനാള്‍ അധികമാരെയും തിരിച്ചറിയാന്‍ കഴിയുന്നില്ല. ആരൊക്കെയൊ വലിക്കുന്ന സിഗരറ്റിന്റെയും, ബീഡിയുടെയും വെളിച്ചം മാത്രം മിന്നുന്നുണ്ട്.കുട്ടികള്‍ കൂടെയുണ്ടായിരുന്നതിനാല്‍ അടുത്ത രാത്രി കൂടി ഞങ്ങള്‍ അവിടെ തങ്ങി. പിറ്റേ ദിവസം രാവിലെ നിരത്തുകളില്‍ നിന്നും വെള്ളമിറങ്ങിക്കഴിഞ്ഞിരുന്നു. വാഹനങ്ങള്‍ കുറേശ്ശെയായി ഓടാന്‍ തുടങ്ങിയിരുന്നത് ആശ്വാസമായി. വാഹനങ്ങളില്‍ പലതും വരിവരിയായും, അവിടവിടെയായും റോഡിലാകമാനമുണ്ട്. പലതിലും വെള്ളം കയറിയതിനാല്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഞങ്ങളിറങ്ങുമ്പോള്‍ താമസിച്ചിരുന്ന ബില്‍ഡിംഗിന്റെ കുടിവെള്ളസംഭരണികള്‍ ശൂന്യമായിത്തീര്‍ന്നിരുന്നു. താഴെ സ്റ്റോറേജ് ടാങ്കുകളില്‍
വെള്ളമുണ്ടെങ്കിലും ഉപയോഗിക്കാനാവാത്ത വിധം അവയെല്ലാം അശുദ്ധമായിത്തീര്‍ന്നിരുന്നു. ടാങ്കുകള്‍ ശുദ്ധീകരിക്കുക എന്നതാണ് ഇനിയുള്ള ശ്രമകരമായ ജോലി.


ആദ്യം കിട്ടിയ ഓട്ടോറിക്ഷയില്‍ പുലര്‍കാലക്കുളിരേറ്റ് വെള്ളപ്പൊക്കം താണ്ഡവമാടിയ നഗരക്കാഴ്ച്ചകള്‍ കണ്ട് വീട്ടിലേക്ക് മടങ്ങവേ ഞങ്ങളെ ഒന്നും സംഭവിക്കാതെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച ജാധവിനോടുള്ള നന്ദി മനസ്സില്‍ നിറഞ്ഞു നിന്നു. വീട്ടില്‍ വന്ന് മറ്റുള്ളവരുടെ സാഹസികവും ദയനീയവുമായ കഥകള്‍ കേട്ടുകഴിഞ്ഞപ്പോഴാണ് ഞങ്ങളെത്ര ഭാഗ്യവാന്മാര്‍ എന്നു മനസ്സിലായത്. ഏതായാലും നല്ലൊരു മഴ കാണണമെന്ന വളരെക്കാലമായുണ്ടായിരുന്ന മോഹം അങ്ങിനെ ഗംഭീരമായിത്തന്നെ സാധിച്ചു.

2008, ജൂലൈ 17, വ്യാഴാഴ്‌ച

കാളകള്‍

വണ്ടിക്കാളകള്‍ വണ്ടിക്കാളകളായിത്തന്നെ
ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കേണ്ടവരാകുന്നു
തെളിച്ച ‘വഴിയിലൂടെ‘ ചരിക്കുക മാത്രമാണവയുടെ
ചരിത്രപരമായ കര്‍മ്മവും ധര്‍മ്മവും

ഇണചേരല്‍ പോലും
യജമാനരറിയാതെ ഇല്ലായിവറ്റയ്ക്ക്
കാലില്‍ക്കുളമ്പുകളിടിയിച്ച്, വരിയുടപ്പിച്ച്
നുകത്തേല്‍ക്കുരുക്കി മെരുക്കിയെടുക്കാം.

അവയ്ക്കു "പുരോ-ഗമനം" എന്നത്
ഇരുവശവും നോക്കാതെ
വണ്ടിക്കാരന്റേതൊഴിച്ച് ഒരു ശബ്ദവും ശ്രവിക്കാതെ
ദൈവമേ ദൈവമേ എന്നു എന്നു കരയുന്ന
ചക്രങ്ങളെ മാത്രം ധ്യാനിച്ച്
ജനനം തൊട്ട് മരണം വരെ നേരെചൊവ്വേയുള്ള
ഒരൊറ്റപ്പോക്കാണ്

അതിനിടക്ക് ചിലപ്പോള്‍ യജമാനന്മാര്‍ക്കു വേണ്ടി
ജെല്ലിക്കെട്ടുകള്‍ തല്ലിക്കൂട്ടുമ്പോള്‍
‍രക്തം ചിന്തി പുഴയായെന്നോ കടലായെന്നോ വരാം
കാലോ കൈയോ വാലോ വൃഷണമോ
അറ്റു പോയെന്നു വരാം
ചിലപ്പോള്‍ ചത്തു മലര്‍ന്നെന്നും വരാം
അതു കാളകളുടെ വിധിയാണെന്നും
ഞങ്ങളതു സഹിച്ചോളാമെന്നും പ്രഖ്യാപിക്കും
കാളകള്‍ക്കു വേണ്ടി എന്നും കരഞ്ഞു പ്രാര്‍ത്ഥിക്കാറുള്ള
യജമാനപ്പുണ്ണ്യാളന്മാര്‍

വഴിവക്കിലൊരു നല്ല പുല്‍നാമ്പുകണ്ടിട്ടോ
വഴി നിറഞ്ഞു നില്‍ക്കുമൊരു പശുവിനെക്കണ്ടിട്ടോ
ഉള്ളില്‍ ഒരിത്തിരി ചഞ്ചലിപ്പുണ്ടായാല്‍
‍കഴുവേറി മക്കളുടെ പുറംതൊലിയുരിക്കുവാന്‍
വീഴും ചടപടാ ചാട്ടവാറടികള്‍

കിഴക്കോട്ടു നോക്കിയാം യജമാനന്‍ ചൊല്ലും
നേരെ കിഴക്കോട്ടു പോകെടാ കാളേ
പടിഞ്ഞാട്ടു നോക്കിയാം യജമാനന്‍ ചൊല്ലും
നേരെ പടിഞ്ഞാട്ടു പോകെടാ കാളേ
വടക്കോട്ടു നോക്കുമെജമാനന്‍ ചൊല്ലും
നേരെ വടക്കോട്ടു പോകെടാ കാളേ
തെക്കിന്നധിപനാമെജമാ‍നന്‍ ചൊല്ലും
നേരെ നീ തെക്കോട്ടു പോകെടാ കാളേ

കിഴക്കോ‍ട്ടു കിഴക്കോട്ടു കിഴക്കോട്ടു പോയാല്‍
‍പടിഞ്ഞാറെത്തുമെന്നും,
പടിഞ്ഞാറിറങ്ങിക്കിഴക്കുകേറാമെന്നും
വടക്കുന്നു തെക്കോട്ടും തെക്കുന്ന് വടക്കോട്ടും
വഴിയൊന്നേയെന്നും
കാളകളറിയരുത്.
എല്ലാദിക്കിലേക്കുമൊരേസമയമിറങ്ങിയാല്‍
‍ഒരു ബിന്ദുവിലൊടുവില്‍ നാം ഒന്നിക്കുമെന്നും
കാളകളറിയരുത്
അറിഞ്ഞാല്‍ പിന്നെ
ദിക്കുകളുടെ നിലനില്പ് ഇല്ലാതാവില്ലേ
ഭൂമി ഉരുണ്ടതാണെന്നു വരില്ലേ
ഇഷ്ടമുള്ള വഴികള്‍ തിരഞ്ഞെടുത്ത്
ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുത്ത്
ഇഷ്ടം പോലെ കിടാങ്ങളെയുണ്ടാക്കി
താന്തോന്നികളാവില്ലേ

കയറൂരി വിട്ടാല്‍, ഇളം പുല്ലുകിളിര്‍ക്കുന്ന
മേടുകളില്‍ മേയുന്ന സ്വാതന്ത്ര്യമറിഞ്ഞാല്‍
‍എന്താവും ചരിത്രം ?
യജമാനന്മാര്‍ക്കു കയറിന്‍ തുമ്പത്തു കാളകളുണ്ടാകുമോ
കാളകളില്ലാന്നു വന്നാല്‍ യജമാനന്മാരുണ്ടാകുമോ?
പിന്നെ വണ്ടിച്ചക്രങ്ങള്‍
‍ദൈവമേ ദൈവമേ എന്ന്
ആര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും?

2008, ജൂലൈ 9, ബുധനാഴ്‌ച

എലിയും മലയും - പാഠപുസ്തക വിവാദം

പാഠ പുസ്തകവിവാദങ്ങള്‍ അന്തമില്ലാതെ തുടരുന്നു. മലപോലെ വന്ന പല കാര്യങ്ങളും എലി പോലെ പോകുമ്പോള്‍ പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ വെരുമൊരു എലിയെ എടുത്ത് മല പോലെയാക്കുവാന്‍ പ്രയാസപ്പെടുന്നതു കാണുമ്പോള്‍ എത്ര മാത്രം സമയമാണ് നമ്മള്‍ അനാവശ്യമായി നഷ്ടപ്പെടുത്തുന്നത് എന്ന് ആരും ഓര്‍ക്കാതെ പോകുന്നു.

പുസ്തകവിവാദ സംബന്ധിയായി അനുകൂലിച്ചു എതിര്‍ത്തും വന്ന പോസ്റ്റുകളുടെ ഒരു ലിസ്റ്റും ലിങ്കുകളും റാഫീക് കീഴാറ്റൂര്‍ എന്ന ബ്ലോഗര്‍ തന്റെ ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്നത് വളരെ പ്രയോജനപ്രദമായെന്നു പറയാതെ വയ്യ. ഈ വിഷയത്തില്‍ ബൂലോകത്തു വന്ന ഗൌരവപ്രദമായ ഒട്ടനവധി അഭിപ്രായങ്ങളും പ്രതികരണങ്ങളും ഇതില്‍ നിന്നുമറിയാം. അതിലുള്ള ലിങ്കിലൂടെ തെന്നി നടക്കുമ്പോള്‍ ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ സജിയുടെ “പാഠപുസ്തകം എവിടെയാണി ശരി“ എന്ന കുറിപ്പിനു രാജു ഇരിങ്ങലെഴുതി ചേര്‍ത്ത മറുപടിയും വായിച്ച് ബൂലോകത്തിലെത്തിയപ്പോള്‍ ദാ കിടക്കുന്നു സജിയുടെ പോസ്റ്റ്. വീണ്ടും അതിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍ തോന്നിയ കാര്യങ്ങള്‍ സാമാന്യം ദീര്‍ഘമായതിനാല്‍ ഒരു പോസ്റ്റായി ഇവിടെ ഇടുന്നു.

ഒരു സാധാരണക്കാരന്റെ അഭിപ്രായമെന്ന നിലയിലാണ് ഈ ബ്ലോഗര്‍ വളരെ കൌശലപൂര്‍വ്വം കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പ്രത്യേക പാടവമൊന്നും വേണ്ട. സജിയുടെ വാക്കുകള്‍ ഇതാ -

ഒരു സാധാരണകാരനായ ഞാനും ആരാണ് ഈ വിവാദങ്ങളുടെ ഇരു പക്ഷത്തും എന്നു നോക്കുകയും,അതിനനുസരിച്ച് ഒരു മുന്‍‌വിധിയോടു കൂടെയുമാണ് ഈ പ്രക്ഷോപണങ്ങളെ കാണുകയും അഭിപ്രായം പറയുകയും
ചെയ്തിരുന്നത്. ക്രിസ്ത്യാനിത്വത്തിന്റെ അധഃപതിച്ച മുഖമായ (കത്തോലിക്ക) പുരോഹിതന്മാര്‍ ഏറ്റു പിടിച്ചപ്പോള്‍, പുരോഗമന വാദി ആകണമെങ്കില്‍ മറുപക്ഷം കൂടിയെ തീരൂ എന്ന ഗതി വന്നു. അതിനിടയില്‍, ഏഴാം ക്ലാസ്
പാഠപുസ്തകം ഉയര്‍ത്തുന്ന അപകടകരമായ ആശയം വിസ്മരിക്കപ്പെട്ടു പോവുകയും ചെയ്തൂ.“

ആരാണ് ഇരു പക്ഷത്തും എന്നു നോക്കിയും അതിനനുസരിച്ച് മുന്‍‌വിധിയോടു കൂടിയുമാണ് സാധാരണക്കാര്‍ ഈ പ്രക്ഷോഭണങ്ങളെ കാണുന്നതെന്ന് സജി സമ്മതിക്കുന്നു. കത്തോലിക്ക പുരോഹിതന്മാര്‍ ഏറ്റുപിടിച്ചതു കൊണ്ടു
മാത്രം (ഇതൊരു മുന്‍‌വിധിയല്ലെന്നു പറയാമോ) പുരോഗമനവാദിയാകണമെങ്കില്‍ മറുപക്ഷം കൂടിയേ തീരൂ എന്ന ഗതി വന്നതിനാലാണ് അദ്ദേഹവും ഇതുവരെ അഭിപ്രായം പറഞ്ഞിരുന്നത് എന്നും അതദ്ദേഹം ഇപ്പോള്‍ തിരുത്തിയെന്നും വേണം മനസ്സിലാക്കുവാന്‍. പക്ഷെ എന്തു മുന്‍‌വിധിയോടു കൂടിയാണ് അദ്ദേഹം ഈ പാഠപുസ്തകം ഉയര്‍ത്തുന്ന ആശയം അപകടകാരിയാണെന്ന് കണ്ടു പിടിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത വരികളിലെത്തുമ്പോഴേക്കും മനസ്സിലാകും.

“ക്രിസ്ത്യാനി ആയ എനിക്കും ക്രിസ്ത്യാനിയായ എന്റെ ഭാര്യയ്ക്കും ജനിച്ച മകനെ വളര്‍ത്തേണ്ട വഴിയെ പറ്റി ബൈബിളില്‍ കൃത്യമായ നിര്‍ദേശം ഉണ്ട്. അതു “അവന്‍ പ്രായമാകുമ്പോള്‍ തിരഞ്ഞെടുക്കട്ടെ” എന്ന ആശയത്തിനു ഘടക
വിരുദ്ധമാണത്.“


ഈ മുന്‍‌വിധി വച്ച് മേല്‍പ്പറഞ്ഞ പാഠപുസ്തകത്തെ സമീപിക്കുന്ന ഒരാള്‍ക്ക് എത്രതന്നെ ശ്രമിച്ചാലും നീതിപൂര്‍വ്വമുള്ള ഒരു സമീപനം പുലര്‍ത്താന്‍ സാധിക്കുമോ? ജനിച്ചു വീണപ്പോള്‍ ക്രിസ്ത്യാനിയെന്നു കാണിക്കുവാന്‍ എന്ത്
അടയാളമാണ് ഒരാളില്‍ ഉണ്ടാകുന്നത്? ഒരു ജീവന്‍ ഏതെങ്കിലും മതത്തിന്റെ മുദ്രയുമായാണൊ ഭൂമിയില്‍ ജനിക്കുന്നത്? ഏതു മതത്തില്‍ പെട്ടവന്റെ എന്നറിഞ്ഞിട്ടാണ് ഒരു ഗര്‍ഭപാത്രം ബീജം സ്വീകരിക്കുന്നത്? ഏതു
മതത്തില്‍ പെട്ടവന്റെ ജഢം എന്നറിഞ്ഞിട്ടാണ് മണ്ണും അഗ്നിയും മരിച്ചവനെ ഏറ്റെടുക്കുന്നത്?

“അദ്ധ്യായം പ്രതി ഈ പാഠ പുസ്തകം വായിച്ചാല്‍ മിക്ക ഭാഗങ്ങളും ശ്രേഷ്ഠ്കരമായ ആശയമായി തോന്നും. എന്നാല്‍ ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ വള്രെ, സമര്‍ത്ഥമായി, എന്നാല്‍ ഒട്ടൊക്കെ ഗൊപ്യമായി, ഒരൊറ്റ ആശയം
മാത്രം വിദ്യാര്‍ഥിയുടെ ചിന്തയിലേക്ക് കടത്തിവിടുവാന്‍ ശ്രമിക്കുന്നു. അതു മത വിശ്വാസത്തേക്കള്‍ , മതമില്ലായ്മയാണ് മേത്തരം എന്ന ആശയമാണ്.അതാണ് ഈ പുസ്തകത്തിന്റെ അപകടവും
!“

ഇവിടെ സത്യത്തെ ക്രൂരമായി വളച്ചൊടിക്കുകയാണ് എഴുത്തുകാരന്‍ ചെയ്തിരിക്കുന്നത്. “വലുതാവുമ്പോള്‍ അവന് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ“ എന്നു പറയുന്നത് മതമില്ലായ്മയാണോ അതോ മതസ്വാതന്ത്ര്യമാണോ? വലുതായതിനു ശേഷം ക്രിസ്തുമതം തിരഞ്ഞെടുത്തവരല്ലേ ഇന്ത്യയിലെ ആദ്യകാല ക്രിസ്ത്യാനികളെല്ലാം (അതിന്റെ മറ്റുകാരണങ്ങളിലേക്കു കടക്കുന്നില്ല) ? എഴുത്തുകാരി മാധവിക്കുട്ടി ഇസ്ലാം മതവും, ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമതവും സ്വീകരിച്ചില്ലേ? അംബേദ്ക്കര്‍ ബുദ്ധമതാനുയായി ആയത് ‘ഇഷടമുള്ള മതം തിരഞ്ഞെടുക്കലായിരുന്നില്ലേ?’ അപ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുക എന്നത് എങ്ങിനെ ‘മതമില്ലായ്മ’ യാകും. അതേ സമയം ഒരു മതത്തിലും പെടാതെ ജീവിക്കുവാന്‍ ഒരു ഇന്ത്യന്‍ പൌരനു ഭരണഘടന കൊടുക്കുന്ന മൌലികസ്വാതന്ത്ര്യമല്ലേ “ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍ നിന്നും പിന്മാറുകയില്ല“ എന്ന നിഗൂഢ ലക്ഷ്യത്തോടെ ഇളം പ്രായത്തില്‍ ഒരാളെ മസ്തിഷ്കപ്രക്ഷാളനം വഴി മതാനുകൂലിയാക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം? “ഒരു കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെ, ഇടത്തോട്ടൊ വലത്തൊട്ടൊ തിരിയാന്‍ അനുവദിക്കാതെ കൃത്യമായി ഒരു ഉത്തരത്തില്‍ കൊണ്ടു പോയി എത്തിക്കുന്ന കോണ്‍‌വെക്സ് ലെന്‍സ് “പഠനരീതി ‍മതങ്ങളുടേതല്ലേ? വിമര്‍ശിക്കാന്‍ മാത്രമല്ലാതെ മറ്റു മതങ്ങളെപ്പറ്റി അത്മാര്‍ത്ഥതയോടെ ഏതെങ്കിലും മതക്കാര്‍ പഠിപ്പിക്കുന്നുണ്ടോ?

ഈ ആശയം സാധൂകരിക്കുന്നതിന്, രചയിതാക്കള്‍, നെഹ്രുവിന്റെ ഒസ്യത്ത് തപ്പി പിടിച്ചു എടുത്തു പാഠഭാഗമാക്കി.പ്രകൃതിക്ഷോഭം വിഷയമാക്കി.എല്ലാ മത ഗ്രന്ഥങ്ങളുടെ ഉദ്ധരിണികളേയും നിരത്തി വച്ചു. ഓരോ അധ്യായത്തിന്റെ
ഒടുവിലും, ചേര്‍ത്തിരുക്കുന്ന ചര്‍ച്ചയിലും, ചോദ്യങ്ങളിലും, പുസ്തക രചയിതാക്കള്‍ ആഗ്രഹിച്ച നിഗമനത്തില്‍ കുട്ടികള്‍ എത്തിച്ചേരത്തക്ക വിധം വിഷയങ്ങളെ കൃമീകരിച്ചിരിക്കുന്നു.“


ഇവിടെ വിമര്‍ശകന്‍ വീണ്ടും വഴുതുന്നു. മതനിരാസമല്ല സ്വതന്ത്ര ചിന്തയാണ് പുസ്തക രചയിതാക്കള്‍ ഉദ്ദേശിച്ചിരുന്നതെന്ന് തുടര്‍ന്നു വരുന്ന പാഠഭാഗങ്ങള്‍ വായിക്കുന്ന ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു. നെഹ്രുവിന്റെ വിശ്വാസവും, അഭിപ്രായങ്ങളും ആര്‍ക്കും വങ്ങി വായിക്കാവുന്ന വിധം എല്ലായിടത്തും ഉപലബ്ധമാണ്. അതു വായിച്ചവരെല്ലാം മതമില്ലാത്തവരാകുകയോ നിരീശ്വരവാദികളാവുകയോ ചെയ്യുമെന്നു കരുതുന്നതില്‍ കഴമ്പില്ല. നെഹ്രു എഴുതിയതില്‍ നിന്നും മൂന്നു നാലു വരികള്‍ (പാഠത്തിന്റെ ആശയത്തിനു പ്രസക്തമായത്) എടുത്തു പറഞ്ഞുവെന്നതിലെന്താണ് തെറ്റ്. പക്ഷെ വിദ്യാര്‍ത്ഥിയുടെ സ്വതന്ത്ര ചിന്തയെ ഉദ്ദീപിക്കുന്ന കാര്യങ്ങള്‍ പറയുന്നിടം താഴെക്കാണുക. ഇതു കൂടി ചേര്‍ന്നാലേ പ്രസ്തുത പാഠം പൂര്‍ണ്ണമാകുകയുള്ളു.

നന്മയിലേക്കുണരുക
ജാതിയുടെയും വിശ്വാസങ്ങളുടേയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന പല സന്നര്‍ഭങ്ങള്‍ ഇന്നും നാം പത്രങ്ങളില്‍ വായിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യസ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങനെ
പെരുമാറണമെന്നാണു വിവക്ഷിച്ചിരിക്കുന്നത്. ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക

എന്നിട്ടും
എല്ലാ മതങ്ങളും മനുഷ്യനന്മ ലക്ഷ്യമാക്കുന്നു; പരസ്പരം സ്നേഹവും ബഹുമാനവും പുലര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നു. എന്നിട്ടും മതത്തിന്റെ പേരില്‍ മനുഷ്യന്‍ പോരടിക്കുന്ന വാര്‍ത്തകള്‍ നമുക്കു കേള്‍ക്കേണ്ടി വരുന്നു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള കലഹങ്ങളും ഒരേ മതത്തില്‍പ്പെട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങളും ഇല്ലാതാക്കാ‍ന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?

  • അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഒഴിവാക്കുക.
  • സ്വന്തം വിശ്വാസത്തെപ്പോലെത്തന്നെ മറ്റുള്ളവരുടെ വിശ്വാസത്തെയും ആദരിക്കുക
നന്മയുടെ നാളെകള്‍
ദൂരെ ദിക്കിലെവിടെയോ നടന്ന വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ഒരുപാടാളുകല്‍ സ്വന്തം വീടും നാടും വിട്ട് പലായനം ചെയ്യുന്നു. അതിലൊരു കുട്ടി നിങ്ങളുടെ വീട്ടില്‍ അഭയം തേടുന്നു. ഒപ്പം താമസിപ്പിച്ചു തുടങ്ങുമ്പോഴാണ് അവന്റെ
മതവിശ്വാസങ്ങളും ആചാരങ്ങളും തികച്ചും വ്യത്യസ്തമാണെന്നു മനസ്സിലാവുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഒരു കുറിപ്പ് തയാറാക്കാം.


മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിത്യേനയെന്നോണം നാം കാണുന്നതല്ലെ? മന:സാക്ഷിയുള്ള ആര്‍ക്കെങ്കിലും ഗുജറാത്ത് കലാപത്തെ മറക്കുവാനാകുമോ? മാറാടിനെ മറക്കാനാകുമൊ? ഇതുപോലുള്ള അനേകം കലാപങ്ങള്‍
തുലച്ചുകളഞ്ഞ ജീവിതങ്ങളെ മറക്കാനാകുമൊ? ഗ്രഹാം സ്റ്റീന്‍ എന്ന മിഷണറിയെയും മക്കളെയും ജീവനോടെ ചുട്ടു കളഞ്ഞത് മറക്കാനാവുമോ? ഇസ്രയേലും പലസ്തീനും തമ്മില്‍ പൊരുതുന്നതും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മതഭീകരര്‍ താണ്ഡവമാടുന്നതും, ജീവിക്കാനനുവദിക്കാതെ നിഷ്കരുണം നിരപരാധികളുടെ ജീവനെടുക്കുന്നതും കണ്ടില്ലെന്നു നടിക്കാനാവുമോ?

സ്വന്തം വിശ്വാസത്തെപ്പോലെ മറ്റുള്ളവരുടെ വിശ്വാസത്തെയും
ആദരിക്കുക
എന്ന മഹദ്കര്‍മ്മം ചൂണ്ടിക്കാട്ടുന്ന പാഠം പഠിപ്പിക്കേണ്ടതില്ല എന്നു
പറഞ്ഞു അക്ഷരങ്ങളെ കത്തിക്കുന്നവരോടും, അവരെ പിന്താങ്ങുന്നവരോടും ‘ഇവര്‍
ചെയ്യുന്നതെതെന്ന് ഇവര്‍ അറിയുന്നില്ല‘ എന്നു പറയാനാകില്ല. കാരണം അവരെല്ലാം
അറിയുന്നു എന്നതാണ് നേര്.