2010, മേയ് 11, ചൊവ്വാഴ്ച

കവിതയും കണക്കുകളും



ഒരു കീശയില്‍ കൊള്ളാന്‍ മാത്രമുള്ള
സ്ക്രിബിള്‍ പാഡ് അവള്‍ തന്നത്
കീശയില്‍ ഒരിക്കലും നില്‍ക്കാത്ത
കാശെല്ലാം എവിടെപ്പോകുന്നു
എന്നെഴുതി വയ്ക്കാന്‍

മാസാവസ്സാനം നോക്കുമ്പോള്‍
അക്കങ്ങളില്ല
ഒരു പാടുണ്ട് സ്ക്രിബിള്‍ പാഡു നിറയെ
തലങ്ങും വിലങ്ങും
വെട്ടിയും തിരുത്തിയും
ചോര പുരണ്ട അക്ഷരങ്ങളുടെ
കൊച്ചു കൊച്ചു ശരീരങ്ങള്‍


സ്ക്രിബിള്‍ പാഡു തന്നത്
കവിതയെഴുതാനല്ല
എവിടെ കണക്കുകള്‍ ‍
എന്നവള്‍ ചോദിക്കുമ്പോള്‍
‍എനിക്കൊന്നും പറയാനില്ല

കുറേ വാക്കുകള്‍ വെട്ടിക്കുറച്ചത്
കുറച്ച് കൂട്ടിച്ചേര്‍ത്തത്
ഒരു വാക്കിനെ മറ്റൊന്നു കൊണ്ട് ഗുണിച്ച്
പുതിയൊരു വാക്കുണ്ടാക്കിയത്

എടുത്തു മാറ്റി വേറൊന്നു പകരം വച്ചത്
മൊത്തമായി ചുരുട്ടിക്കൂട്ടി
ചവറ്റു കൊട്ടയിലെറിഞ്ഞപ്പോള്‍
വട്ടപ്പൂജ്യമായത്

ഇതൊക്കെത്തന്നെയാവാം
കണക്കുകള്‍

സ്ക്രിബിള്‍ പാഡുകളില്‍ ഒതുങ്ങാത്ത
എഴുതാതെ പോയ കണക്കുകള്‍
‍നിറവേറ്റപ്പെടാതെ പോയ ആവശ്യങ്ങളുടെ
തടിച്ച ലെഡ്ജര്‍

‍അതില്‍ എന്റേയും, അവളുടേയും
കുഞ്ഞു മക്കളുടേയുംജീവിതമുണ്ട്
അതു തന്നെയാവാം കവിതകള്‍
അതു തന്നെയാവാം കവിതകള്‍