2012, ജൂൺ 29, വെള്ളിയാഴ്‌ച

ഓഞ്ചിയം കവിതകള്‍


ഒന്ന്: ടി.പി.
പണ്ടൊക്കെ ടീ.പ്പീന്നു പറയുമ്പോള്‍
തല്ലിപ്പൊളിയെന്നും
ടൈം പാസ്സെന്നും
ഇന്നിപ്പൊ ടീ.പ്പീന്നു പറഞ്ഞാല്‍
കൊച്ചു കുട്ടികള്‍ക്കു കൂടി അറിയാം
അമ്പത്തൊന്നായരിഞ്ഞിട്ട
രണ്ടക്ഷരങ്ങളുടെ സങ്കടംരണ്ട്: ചിരിക്കാത്തവര്‍
നേതാക്കള്‍ ചിരിക്കുമ്പോള്‍

അനുയായികള്‍ ചിരിക്കുന്നു
പിണിയാളുകള്‍ ചിരിക്കുന്നു
പിടിവാളുകള്‍ ചിരിക്കുന്നു


കുടിലതകള്‍ ചിരിക്കുന്നു
കുടിപ്പകകള്‍ ചിരിക്കുന്നു
കുശുമ്പുകള്‍ ചിരിക്കുന്നു, ചോണ-
നെറുമ്പുകള്‍ ചിരിക്കുന്നു


കൊടികള്‍ ചിരിക്കുന്നു
വടികള്‍ ചിരിക്കുന്നു
വഴി നീളെയറുകൊലകള്‍
അലറിച്ചിരിക്കുന്നു


നേതാക്കള്‍ ചിരിക്കുമ്പോള്‍
ചിരിക്കാത്ത മുഖമെല്ലാം
ചിതറിപ്പോം കവലകളില്‍
ചോരയും തുണ്ടുമായ്