2007, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

വെയിൽ


സമയം നാലു മണിയായിട്ടില്ലെങ്കിലും സൂര്യനെപ്പൊഴോ ഉദിച്ചു കഴിഞ്ഞിരുന്നു. ലേബർ ക്യാമ്പുകളിൽ അനക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പരന്നു കിടക്കുന്ന മരുഭൂമിക്കും അവിടവിടെയായി കൂണുപോലെ മുളച്ചു നിൽക്കുന്ന ലേബർ ക്യാമ്പുകൾക്കും മീതെ അകാശം ഒരു വലിയ കഴുകനെപ്പോലെ അടയിരുന്നു.


നിരനിരയായി കിടക്കുന്ന മഞ്ഞ ടാങ്കർലോറികൾക്കിടയിലേക്കു നടക്കുമ്പോഴാണ്‌ മോബയിൽ ഫോൺ ശബ്ദിച്ചത്‌. ഡിസ്‌പ്ലേയിൽ നമ്പറിനുപകരം ഇന്റർനാഷണൽ കോളിന്റെ ചിന്‌ഹങ്ങൾ തെളിഞ്ഞപ്പോൾ മനസ്സൊന്നു പുകഞ്ഞു. ഹലോ പറയുമ്പോൾ ശബ്ദം ചിലമ്പുന്നതയാൾ അറിഞ്ഞു.ദൂരങ്ങൾ താണ്ടി വന്നെത്തിയ ശബ്ദം ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു തീർത്തു. "നീ വരുന്നുണ്ടോ" എന്ന ചോദ്യത്തിന്‌ "ഇല്ല" എന്ന വ്യക്തമായ ഉത്തരവും കൊടുത്തു. അങ്ങേത്തലക്കൽ ഫോൺ ഡിസ്‌ക്കണക്‌റ്റാകുന്ന ശബ്ദവും അതിനോടനുബന്ധിച്ചു വന്ന ശൂന്യതയും കുറച്ചുനേരം അയാളിൽ നിറഞ്ഞു നിന്നു.


നാടു വിടുമ്പോൾ യാത്ര പറയാൻ നിന്ന നിരവധി കണ്ണുകൾക്കിടയിൽ നിന്നും തന്നോടൊപ്പം എന്നും കൂടെയുണ്ടായിരുന്ന ആ കണ്ണുകളിലെ സ്നേഹത്തിന്റെ കുളിർമ്മ അയാളുടെ ഞരമ്പുകളെ തളർത്തി. "പോയാലെന്നാ തിരിച്ചു വരാൻ പറ്റുക" ആ ചോദ്യത്തിനുത്തരം പറഞ്ഞില്ലായിരുന്നു. ഇന്നും അതുത്തരമില്ലാത്ത ചോദ്യമായിത്തന്നെ അവശേഷിക്കുന്നു.


ജോലിക്കു പോകണമോ വേണ്ടയോ എന്ന് ഒരു നിമിഷം ഓർത്തു. മുറിയിൽ പോയിക്കിടന്നൊന്നു പൊട്ടിക്കരയാനാണിപ്പോൾ മനസ്സു കൊതിക്കുന്നത്‌. ജോലിക്കു പോകാൻ തിരക്കു കൂട്ടുന്ന സഹജീവികളുടെ ബഹളത്തിനെക്കുറിച്ചോർത്തപ്പോൾ അതു വേണ്ടെന്നു തോന്നി. അയാൾ വെറും മണലിൽ ലോറിയുടെ ടയറിൽ ചാരിയിരുന്നു. ആകാശം കുറെക്കൂടി താഴ്ന്നുവെന്നു തോന്നി. മനസ്സിലേക്കു തിക്കിത്തിരക്കി വരുന്ന മുഖങ്ങളിൽ നിന്നും ഓർമ്മകളെ പിഴുതെറിയാൻ ശ്രമിച്ചു.


ആശുപത്രിക്കിടക്കയിലെ നീണ്ട നാളത്തെ അല്ലലിനു ശേഷം, അനക്കം നിന്നു വിറങ്ങലിച്ച വൃദ്ധ ശരീരം. അവസാനത്തെ അനക്കവും നിലക്കുന്നതിനു മുമ്പ്‌, തന്നെയൊന്നു കാണണമെന്നാ മനസ്സു പിടഞ്ഞിരിക്കാം. മകന്റെ സമ്പാദ്യത്തിൽ നിന്നും കെട്ടിപ്പടുത്ത വീട്ടിൽക്കിടന്നു മരിക്കണമെന്ന ആശ എന്നോ അദ്ദേഹത്തിനു നഷ്ടമായിരുന്നിരിക്കണം. കണ്ണുകൾ നിറയുന്നുണ്ടൊ? മുന്നിലെ കാഴ്ച്ചകൾക്കു ഫോക്കസ്‌ നഷ്ടപ്പെടുന്നത്‌ വെയിൽ കനക്കുന്നതു കൊണ്ടാകാം.


അയാളൊരു സിഗരറ്റിനു തീ കൊളുത്തി. സിഗരറ്റിന്റെ അറ്റത്തു കൂടി കത്തിപ്പടരുന്ന ചിത. എരിയുന്ന കനലുകൾ. വെയിൽപ്പാളികളെ മുറിച്ചു കടന്നു വന്ന കാറ്റിനു കുഴമ്പിന്റേയും, മരുന്നിന്റേയും പരിചിതമായൊരു ഗന്ധം. സ്നേഹത്തോടെ, മൃദുലമായൊരാശ്ലേഷത്തോടെ ഒന്നു തലോടി ആ സുഗന്ധം തിരിച്ചു പോയി. ഒന്നും ചെയ്യാനില്ലാത്തവനെപ്പോലെ അയാൾ ശൂന്യതയിലേക്കു തുറിച്ചു നോക്കിയിരുന്നു. മരുഭൂമിയുടെ ചിതയിൽ വെയിൽ കത്തിപ്പടർന്നു.
(ഗൾഫ്‌ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്‌)

2007, സെപ്റ്റംബർ 1, ശനിയാഴ്‌ച

ഒരു സ്വകാര്യ ദു:ഖം

തിരുവോണം. കുളിച്ചു വന്ന്‌ വിളക്കു കൊളുത്തുമ്പോൾ കണ്ണു നിറഞ്ഞു. അച്ഛനില്ലാത്ത ആദ്യത്തെ ഓണം. മനസ്സിൽ ഘനീഭവിച്ചു നിന്നു സങ്കടം. തൊഴു കൈകളോടെ, നിറകണ്ണുകളോടെ, ജ്വലിച്ചുനിൽക്കുന്ന ദീപനാളങ്ങളോടു പറഞ്ഞു -

"ആത്മാവുണ്ടെങ്കിൽ, അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി നൽകേണമേ"

പ്രാർത്ഥനകൾക്കു ചെന്നെത്താനാവുന്ന ഏതോ ഒരു ലോകത്തായിരിക്കാം അച്ഛൻ. ഭൂമിയിലുള്ള ഒരാത്മാവിനു ഭൂമിയിലില്ലാത്ത മറ്റൊരാത്മാവിനെ തൊട്ടു തലോടുവാൻ, സാന്ത്വനിപ്പിക്കുവാൻ സാധിക്കുമോ? കണ്ണുകളടച്ച്‌ പ്രാർത്ഥനാനിരതനായി നിൽക്കുമ്പോൾ, നിസ്സഹായതകളുടെ ഭാരം മനസ്സിനെ ഞെരുക്കി. തനിച്ചു വന്ന്‌ തനിച്ചെവിടേക്കോ മറഞ്ഞു പോകുന്ന ജീവനെന്ന പ്രഹേളികക്കെന്നെങ്കിലും ഒരുത്തരമുണ്ടാവുമോ?

അച്ഛനെക്കുറിച്ചോർക്കുമ്പൊഴെല്ലാം ചാലക്കുടി റെയിൽവേ സ്റ്റേഷനും, പഴയൊരു കാലവും പുനർജ്ജനിക്കുന്നു. എല്ലാവരോടും, വിട പറഞ്ഞ്‌ ബോംബെയിലേക്കുള്ള തീവണ്ടി നീങ്ങാൻ തുടങ്ങുമ്പോൾ, ജനാലക്കു സമീപമായി, ആർദ്രമായ ആ മിഴികളും, എന്തൊക്കെയോ പറയാൻ വിതുമ്പുന്ന ചുണ്ടുകളും, എല്ലാ ആശീർവാദങ്ങളും നേർന്നുകൊണ്ട്‌ ഉയർത്തി വീശിയ ആ വലതു കൈയും ...

സാവധാനത്തിൽ പുറകോട്ടു നീങ്ങി, പൊടുന്നനേ കൂടിയ വേഗത്തിന്റെ ചടുലതയിൽ ആ കാഴ്ച്ച നഷ്ടപ്പെട്ടു. കുറച്ചു നേരത്തേക്കു കൈവിട്ടു പോയ ശബ്ദങ്ങളും, ചലനങ്ങളും വണ്ടിയുടെ താളത്തിലേക്ക്‌ പതുക്കെപ്പതുക്കെ തിരിച്ചു വന്നു. എന്തെല്ലാം വികാരങ്ങളായിരുന്നു അന്നാ മിഴികളിൽ ഇരമ്പിനിന്നിരുന്നതെന്ന്‌ വായിച്ചെടുക്കുക അസാദ്ധ്യം. പക്ഷെ പറിച്ചെടുത്തു വച്ചതു പോലെ അച്ഛന്റെ ഓർമ്മകൾക്കൊപ്പം ആ ഒരു സീൻ മാത്രം എപ്പോഴും വന്നു കൊണ്ടിരുന്നു. അന്നു തുടക്കം കുറിച്ച പ്രവാസത്തിനിടക്ക്‌ ഓരോരോ തീവണ്ടി സ്റ്റേഷനുകൾ പോലെ ഓണവും, വിഷുവും, മറ്റുത്സവങ്ങളും പല കുറി കടന്നു പോയി.

ഓഫീസിലേക്കു പോകുവാൻ തയ്യാറെടുക്കുമ്പോഴും, പഴയ ഓർമ്മകളുടെ ഇരമ്പം അവസാനിച്ചിരുന്നില്ല. പലവട്ടം കണ്ണുകൾ നിറഞ്ഞു. കയ്യിലിരുന്ന റ്റിഷ്യു പേപ്പർ നോക്കി ഭാര്യ ചോദിച്ചു -

"എന്താ, എന്തു പറ്റി?"

"ഒന്നുമില്ല, കണ്ണടയിലെന്തോ പൊടി പറ്റിയിരിക്കുന്നു"

നേരു പറഞ്ഞാല്‍ ഒരു പക്ഷെ നിയന്ത്രണത്തിന്റെ ചരടുകള്‍ പൊട്ടിയെന്നു വരാം. ഒന്നും സംഭവിച്ചിട്ടിലാത്തതു പോലെ പതിവു ചര്യകളിലേക്ക്‌ വാസസ്ഥലത്തിന്റെ സ്റ്റെപ്പുകളിറങ്ങി.

അടുത്തില്ലെങ്കിലും മറുനാട്ടിലെ ആഘോഷങ്ങൾക്കിടക്ക്‌ അച്ഛന്റെ സ്വരം എന്നും കരുത്തു പകരാറുണ്ടായിരുന്നു. ഇന്നിപ്പോൾ ആ സ്വരമില്ല. അതിന്റെ അനുരണനങ്ങൾ മാത്രം കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.