2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ശ്വാന പർവ്വം - 2


നീതി ബോധം

ഒരായിരമാളുകൾ
ഇരകളായ്ത്തീർന്നാലും
ഒരു തെരുവു നായ് പോലും
ശിക്ഷിക്കപ്പെടരുത്
എന്നതത്രെ
ഉന്നതമാം നമ്മുടെ
നീതി ബോധംപുരോഗതി

ശൌര്യത്തിലും
സംഘം ചേരലിലും
മനുഷ്യരേക്കാൾ
ബഹുദൂരം
മുന്നോട്ട് പോയിട്ടുണ്ട്
തെരുവുനായ്ക്കൾ.പകർച്ചവ്യാധി

മൂല്യച്യുതിയും
അക്രമ വാസനയും
മനുഷ്യരിൽ നിന്ന്
നായ്ക്കളിലേയ്ക്കും
പടർന്നിട്ടുണ്ടെന്ന്
സമീപ കാല
സാക്ഷ്യങ്ങൾ


ആസൂത്രണം

മുൻ കൂട്ടി
ആസൂത്രണം ചെയ്ത
ആക്രമണങ്ങൾ
നടപ്പാക്കാനെന്ന വിധമാണ്
ഓരോ തെരുവിലും
നായ്ക്കൂട്ടങ്ങൾ
നിലയുറപ്പിക്കുന്നത്നിവേദനം

പേടി കൂടാതെ വഴി നടക്കാൻ
അനുവാദം ഇരന്നു കൊണ്ടുള്ള
പൌരന്മാരുടെ നിവേദനം
സമർപ്പിക്കാനിനി ബാക്കിയുള്ളത്
നായ്ക്കൾക്കു മാത്രം.മാറ്റം

തല്ലെത്ര കിട്ടിയാലും
വാലാട്ടി പുറകേ വരുന്ന
യജമാന സ്നേഹം
ഇനി നടപ്പില്ല
എന്നായിരിക്കുമോ
കുരച്ചു ചാടി
കടിച്ചു കീറാൻ വെമ്പുന്ന
ഈ നായ്ക്കൂട്ടങ്ങൾ
നമ്മോടു പറയുന്നത്?


2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

ശ്വാനപർവ്വം


ഭക്ഷണം

ശീതീകരിച്ച കാറിലിരുന്ന്
ശുനക പ്രേമം കുരയ്ക്കുവോർ
നിരത്തിലൂടൊന്നു
നടന്നെന്നാൽ
കുറച്ചു നായ്ക്കൾക്കെങ്കിലും
കടിച്ചെടുക്കാമായിരുന്നു
രുചിയുള്ള പച്ചയിറച്ചി.


ഭാഗ്യം

ഒരു പട്ടികടിയേൽക്കാൻ പോലും
ഭാഗ്യമുണ്ടാകാതിരുന്ന
ബാല്യമെന്ന്
ഇന്നത്തെ
ചില കുട്ടികളെങ്കിലും
ഭാവിയിൽ
ഓർക്കാനിടയുണ്ട്


തെരുവ്

കേരളത്തിനു
പുറത്തെവിടെയോ നിന്നും
വഴി തെറ്റി
വന്നതായിരിക്കണം
പേടിയില്ലാതെ നടക്കാൻ
പട്ടിയില്ലാത്ത ഈ തെരുവ്


നായ്പ്രേമം

തെരുവു നായ്ക്കളെ
വന്ധ്യംകരിയ്ക്കാം
കൊന്നുമൂടി
ജയിലിലും പോകാം
പക്ഷേ
തെരുവിലിറങ്ങാത്ത
പേ പിടിച്ച
തെരുവു നായ് പ്രേമത്തെ
ആരു വന്ധ്യംകരിയ്ക്കും?

2016, മേയ് 1, ഞായറാഴ്‌ച

കണ്ണാടിക്കാഴ്ചകള്‍

ആറന്മുളയിലെ
പുകള്‍ പെറ്റവനായാലും
അറുമുഖന്റെ കടയിലെ
പേരില്ലാത്തവനായാലും
വെളുക്കെ ചിരിച്ചു കൊണ്ടിരിക്കുന്ന 
ഇവറ്റകള്‍
ചിലപ്പോഴെല്ലാം നമ്മളെ
വല്ലാതെ പേടിപ്പിച്ചു കളയും

വെളുത്തു പരുങ്ങുന്ന മുടിയും,
തരിശു പടരുന്ന തലയും
കണ്‍ പോളത്താഴത്തെ 
കറുത്ത ഗര്‍ത്തങ്ങളും കാണിച്ച്
മരിച്ചവരുടെ മുഖങ്ങളോട്
നമ്മളെ സാദൃശ്യപ്പെടുത്തും

കൃഷ്ണമണിയ്ക്കു പുറകിൽ മറഞ്ഞു നിന്ന്
പിടി കൊടുക്കാതിരിക്കാന്‍ 
പരമാവധി 
ശ്രമിച്ചു കൊണ്ടിരിക്കുന്നൊരാത്മാവിനെ
കണ്ടു പിടിച്ചെന്നൊരു
കൊലച്ചിരി ചിരിക്കും

അപ്പോള്‍
താണ്ടാന്‍ ഇനിയും പാതകള്‍ 
ബാക്കിയുണ്ടെന്നാശ്വസിച്ചിരുന്ന
കാലുകളില്‍ സംഭ്രമങ്ങള്‍
വിറയ്ക്കും

എന്നിരുന്നാലും
കോടി പുതയ്ക്കും മുമ്പ്
ഒരാൾ പോലും അറിയാതെ
ജീവിതത്തിന്റെ മറുപുറത്തേയ്ക്ക്
നമ്മൾ ഒളിച്ചു കടക്കുന്ന
കാഴ്ചകളൊന്നും കാണിക്കാൻ 
ഇവറ്റകൾക്കാവില്ലല്ലോ
എന്ന്  സ്വയം ആശ്വസിക്കും

ഒടുവില്‍ 
മുഖം നന്നാകാത്തതിനു
കണ്ണാടിയെന്തു പിഴച്ചു
എന്ന ആപ്തവാക്യത്തിനു നേരെയാകും
ഞാനിവറ്റകളെ
എറിഞ്ഞുടയ്ക്കാൻ പോകുന്നത്. 

---
ബഹറിനിൽ നിന്നുമുള്ള 
4പി.എം. ന്യൂസിന്റെ ‘എഴുത്തുപുര’ യിൽ 
30-4-2016-ന് പ്രസിദ്ധീകരിച്ചത്

2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

അനുയായികള്‍

അട്ടിയട്ടിയായ്  കൂട്ടിയിട്ടിട്ടു-
ണ്ടരിഞ്ഞെടുത്ത നാവുകള്‍

അറ നിറഞ്ഞ്  തുറിച്ചു നോക്കുന്നു
തുളച്ചെടുത്ത കണ്ണുകള്‍

മുളകുപുരയിലാണുണക്കി വച്ചത്
മുറിച്ചെടുത്ത ചുണ്ടുകള്‍

മുറ്റം മുഴുവനുണക്കാനിട്ടത്
അറ്റു വീണ കൈപ്പത്തികള്‍

തൊടി നിറയെ വെയിലു കായുന്നു
തലയില്ലാത്ത കബന്ധങ്ങള്‍

വാള്‍ത്തലപ്പത്തുണക്കാന്‍ വച്ചത്
വാദിച്ചോരുടെ ശിരസ്സുകള്‍

കൂട്ടിവയ്ക്കയാണുടയോനു വേണ്ടി-
യവന്റെ പൊന്നനുയായികള്‍

 (28/03/2015-ന്  4PM NEWS-ല്‍ പ്രസിദ്ധീകരിച്ചത്) 

2015, മാർച്ച് 21, ശനിയാഴ്‌ച

കഥ - തര്‍ജ്ജനി പുതിയ ലക്കത്തില്‍


ഏറെ മോഹങ്ങളോടെ പണി കഴിപ്പിച്ച ഈ വീടിനുള്ളില്‍ ഒരു കല്ലറയുടെ ഏകാന്തതയാണ് എന്ന സത്യം ആകാശം പോലെ എപ്പോഴും ഞങ്ങള്‍ക്കു മുകളിലുണ്ട്. ഇക്കാര്യം മറക്കുവാന്‍ ഞങ്ങള്‍ മച്ചിലിരിക്കുന്ന പല്ലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ടെങ്കിലും മച്ചിനു മീതെ ചിറകു വിരുത്തി നില്‍ക്കുന്ന ആകാശത്തിന്റെ സാന്നിധ്യത്തില്‍ നിന്നും രക്ഷയില്ല എന്ന ബോധം എല്ലാ ചിന്തകള്‍ക്കും മീതെ പടര്‍ന്നു കിടക്കുന്നു. വീടിന്റെ, പറമ്പിന്റെ, ചുറ്റുമതിലിന്റെ രൂപത്തില്‍ ചുറ്റിപ്പിടിക്കുന്ന ഏകാന്തത. സംസാരങ്ങളില്ലാത്തപ്പോള്‍ ചുമരുകള്‍ ശരീരത്തിനുള്ളിലേക്ക് കയറിപ്പോകുന്നതു പോലെ. ഗോവണികള്‍ സ്പ്രിംഗു രൂപത്തില്‍ മനസ്സിനുള്ളിലേക്ക് ചുരുണ്ടു കയറുന്നു. ബള്‍ബുകള്‍ കണ്ണുകളിലൂടെ ഉള്ളിലേക്കിറങ്ങി വിരല്‍ത്തുമ്പുകളില്‍ വന്നു കത്തുന്നു. വിരല്‍ ചൂണ്ടുന്നിടത്തൊക്കെ അപരിചിതമായ വെളിച്ചത്തിന്റെ വിരസതകള്‍ പടരുന്നു. ......


ഇവിടെ ക്ലിക്കുക

http://chintha.com/node/155879

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

എലിമിനേഷന്‍


എലിമിനേഷന്‍ ഷോ കഴിഞ്ഞു
കത്തിയേറായിരുന്നു അവസാനത്തെ ഇനം
കളിക്കളം വിട്ട് ചോരയൊലിപ്പിച്ച്
സ്വയമിറങ്ങിപ്പോയി മുറിവേറ്റയാള്‍

പുറത്തു പോകാതെ തിരിച്ചു വരണം
കളരിയില്‍ ഒരിരിപ്പിടം
കരുതി വയ്ക്കാനുള്ള മഹാമനസ്കത
ഞങ്ങള്‍ കാണിക്കുന്നുണ്ട്

കത്തിയേറിന്റെ ബാല പാഠങ്ങള്‍
ഇളമുറകളെ പരിശീലിപ്പിക്കുവാനുണ്ട്
മുരളാതെ മുറുമുറുക്കാതെ
വരുന്നതാണഭികാമ്യം
  
അകത്തേയ്ക്കോ പുറത്തേയ്ക്കോ എന്നു 
പുറന്തള്ളപ്പെട്ടവനു തീരുമാനിക്കാം 
ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ
ഉദാത്തമായ വിധിന്യായം

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

പെരുമാള്‍ മുരുകന്‍


പേനയടച്ച്, വായയടച്ച്
വാതായനങ്ങളും, വാതിലുകളുമടച്ച്
എഴുതിയതൊക്കെ ചിതയിലെറിഞ്ഞ്
മൌനത്തിലേയ്ക്കു മരിച്ചു വീണു
പച്ച മനുഷ്യന്‍
പെരുമാള്‍ മുരുകന്‍

കടലാസ്സു കരിയുന്ന മണം
കഥാപാത്രങ്ങള്‍
വെന്തെരിയുന്ന മണം
പുറത്ത്
ചരിത്രത്തെ വെറുക്കുന്ന
നിങ്ങളുടെ രസനകളില്‍
കൊതി നിറയ്ക്കുന്നുണ്ടാകാം

എത്ര വേഗം ഒരു തൂലികയെ
ഞെരിച്ചു കൊല്ലാമെന്ന്
നിങ്ങളുടെ ഗര്‍വ്വിന്‍ വാളുകള്‍
കോമരം തുള്ളുന്നുണ്ടാകാം

വെറുപ്പിന്റെ
വേതാള താണ്ഡവം
ഒരു നാവിനെക്കൂടി
ചുട്ടു തിന്നുവെന്ന്
ആനന്ദിക്കുന്നുണ്ടാവാം

കൊടിയ മൌനത്തിലും
അഗ്നേയ മഴയിലും
മുന്നൂര്‍ക്കുടം പൊട്ടി
പുറത്തു വന്ന കഥകള്‍
മുഷ്ഠി ചുരുട്ടി
കരഞ്ഞു വിളിക്കുന്നുണ്ടാകാം
എഴുത്തുകാരന്റെ മനസ്സു നിറയെ.

പോര്‍ച്ചട്ടയണിഞ്ഞ്
ഒരു നാളവരെല്ലാം
പുറത്തു വരിക തന്നെ ചെയ്യും

അടച്ചു വച്ച പേനയ്ക്കുള്ളില്‍
തടവിലായിപ്പോയ മഷി
തിളച്ചു കൊണ്ടേയിരിക്കുന്നുണ്ടാകും
ലാവ പോലെ അതൊരു നാള്‍
നിങ്ങളുടെ മന്ദബുദ്ധിയിലേയ്ക്കു
തെറിച്ചു വീഴും
കേസരി നിറമുള്ള
നിങ്ങളുടെ മെയ്യുകളെ
അതു കറുപ്പിക്കും - പിന്നെ
ഭസ്മമാക്കും
അതായിരിക്കും ഒരു നാള്‍
അവനും ദേഹത്തു പൂശുന്നത്
അവന്‍ ആണ്ടവന്‍
പെരുമാള്‍ മുരുകന്‍
------------

(31/1/20-ന്   4 പി.എം. ന്യൂസിലെ എഴുത്തുപുരയില്‍ പ്രസിദ്ധീകരിച്ചത് )

------------