2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഇനിയെത്ര കാലം


പാലത്തിന്റെ മോളില് നിന്ന്
പാലത്തിന്റെ കീഴോട്ടു നോക്കുമ്പോ
എന്തോരം സങ്കടങ്ങളാ
ഒഴുകിപ്പോണേ?

പറിച്ചെറിഞ്ഞ ഭ്രൂണങ്ങള്‍
പിച്ചിച്ചീന്തിയ കുഞ്ഞുടുപ്പുകള്‍
ആത്മഹത്യ ചെയ്ത ദാവണികള്‍
വെന്തു കരിഞ്ഞ സാരികള്‍
ഛേദിച്ചെടുത്ത ശിരസ്സുകള്‍
നിറം മങ്ങി പിഞ്ഞിപ്പോയ
വയസ്സന്‍ വസ്ത്രങ്ങള്‍


തുരന്നെടുത്ത മിഴി പോലെ
രക്തം വാര്‍ന്ന് തണുത്ത സൂര്യന്‍
പിന്നെ എല്ലാറ്റിനേയും
നെഞ്ചില്‍ച്ചേര്‍ത്ത്
തൊലിയില്‍ വ്രണങ്ങളുള്ള
ഒരാകാശവും

ഇവയ്ക്കെല്ലാം മുങ്ങിപ്പൊങ്ങി
ഒഴുകിപ്പോകാന്‍
ഇത്രയധികം കണ്ണീരുമായി
ഈ പാവം പുഴ
ഇനിയെത്ര കാലം?

(ബഹറിന്‍ കേരളീയ സമാജത്തിന്റെ ‘ജാലകം’  സെപ്റ്റംബര്‍ ലക്കത്തില്‍‍ പ്രസിദ്ധീകരിച്ചത്. ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജാലകം ഇവിടെ വായിക്കാം - page 30)

http://bahrainkeraleeyasamajam.com/e-jaalakam/Sept2011/index.html

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

ഉത്തരം

ഉണ്ടോ?
ഉണ്ടെന്ന് വിശ്വാസം
തീര്‍ച്ചയുണ്ടോ?
ഇല്ല

ഇല്ലെ?
ഇല്ലെന്ന് വിശ്വാസം
തീര്‍ച്ചയുണ്ടോ?
ഇല്ല

ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം
ഉണ്ടെന്നതിനും
ഇല്ലെന്നതിനും
ഇടയിലെവിടെയോ