2015, ജനുവരി 17, ശനിയാഴ്‌ച

വിമോചനം


ദന്‍ തോട്ടത്തില്‍ നിന്നും ദൈവം മനുഷ്യനെ നാടു കടത്തിയതിനെപ്പറ്റിയും അതിനു കാരണക്കാരനായ സര്‍പ്പത്തെപ്പറ്റിയുമൊക്കെ അയാള്‍ വാചാലനായപ്പോള്‍ അവള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. പെണ്ണു തന്നെയാണ് എല്ലാത്തിനും കാരണക്കാരിയെന്ന് വിശ്വാസങ്ങളുടെ കൂ‍ട്ടു പിടിച്ച് അയാള്‍ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നതെന്ന തോന്നല്‍ അവള്‍ക്കുണ്ടായി.

“നല്ല കാര്യമായിപ്പോയി. അതു കൊണ്ട് എന്താ നഷ്ടം വന്നത്? മറിച്ചായിരുന്നെങ്കില്‍ ദാ ഇതു പോലെ മനോഹരമായൊരു മുഴ ഉണ്ടാകുമായിരുന്നുവോ“ - അയാളുടെ കഴുത്തിലെ മുഴയെ പതുക്കെ തലോടിക്കൊണ്ട് സ്നേഹത്തോടെ അവള്‍ ചോദിച്ചു.

“ നഷ്ടപ്പെട്ടത് പറുദീസയായിരുന്നു. പുരുഷന് ഈ മുഴ എന്നും ഒരഭംഗി തന്നെ“ - അയാള്‍ വികാരാധീനനായി പറഞ്ഞു. അയാളുടെ വാക്കില്‍ ശരിക്കും ഒരു നഷ്ടബോധമുണ്ടോ എന്നവള്‍ക്ക് സംശയം തോന്നാതിരുന്നില്ല. “സ്വര്‍ഗ്ഗവും നരകവും ഇവിടെത്തന്നെ” എന്നു രാപ്പകള്‍ പറഞ്ഞു നടന്നിരുന്ന ആളായിരുന്നു അയാളെന്ന് അവള്‍ വിശ്വസിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.

“കഷ്ടം. ഈ കമ്പ്യൂട്ടര്‍ യുഗത്തിലും നിങ്ങളിതൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ?” അതു പറയുമ്പോള്‍ അവള്‍ക്കും എന്തോ ഒരു വിശ്വാസക്കുറവ് തന്റെ വാദഗതിയോടു തന്നെ തോന്നി. ശരിക്കും പറഞ്ഞാല്‍ ഒരു പാടു കാര്യങ്ങള്‍ ഇപ്പോള്‍ പുനര്‍ വ്യാഖ്യാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. അതിലൊക്കെയാണ് അയാള്‍ക്കിപ്പോള്‍ കമ്പം കയറിയിരിക്കുന്നത്. എന്നാലതിനെപ്പറ്റി കൂടുതല്‍ പറയേണ്ടെന്ന് അവള്‍ തീരുമാനിച്ചു. തര്‍ക്കിക്കുവാന്‍ തുടങ്ങിയാല്‍ ഒരിടത്തും എത്തുകയില്ല. ഒടുവില്‍ അതൊരു വഴക്കിലേക്കായിരിക്കും രണ്ടു പേരെയും കൊണ്ടെത്തിക്കുക. അതിന്ന് ഏതായാലും വേണ്ട.

“കമ്പ്യൂട്ടര്‍ യുഗം വന്നതിനാലാണ് വിശ്വാസങ്ങള്‍ക്ക് കൂടുതല്‍ യുക്തി ഭദ്രത കൈവന്നത്. ഇന്നു പല കാര്യങ്ങളും നമുക്ക് തെളിവോടു കൂടി സമര്‍ത്ഥിക്കുവാന്‍ കഴിയും. ഉദാഹരണത്തിന് ഹിഗ്ഗിന്‍സ് ബോസോണ്‍  എന്നു പറഞ്ഞത് ശരിയല്ലേ? ദൈവ കണം ഉണ്ടെന്നല്ലേ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്?“ അയാളുടെ ശബ്ദത്തില്‍ എന്തോ ഒരു വാശി ഒളിഞ്ഞിരിപ്പുണ്ടെന്നു തോന്നി. 

“ദൈവമേ” എന്നൊരു വാക്ക് അവളുടെ ചുണ്ടുകളില്‍ വന്നെത്തിയെങ്കിലും “തര്‍ക്കിക്കേണ്ട” എന്ന ഒരു താക്കീത് അവളുടെ ഉള്ളില്‍ നിന്നും വന്നതിനെ അമര്‍ത്തി. ഒന്നും പറയുവാനാവാതെ അവള്‍ വീര്‍പ്പു മുട്ടി.

“സ്വാമിജിയുടെ കോഴ്സിനു ചേര്‍ന്നതിനു ശേഷം അല്ലെങ്കിലും നിന്നില്‍ വളരെ മാറ്റം വന്നിട്ടുണ്ട്” - അവള്‍ അയാളുടെ കവിളില്‍ നുള്ളിക്കൊണ്ടു പറഞ്ഞു.

“തീര്‍ച്ചയായും. നിനക്കത് മനസ്സിലാകുന്നുണ്ടല്ലേ?” എന്നയാള്‍. 

“മനസ്സിലാകുന്നുണ്ട്” എന്നത് അവള്‍ മനസ്സില്‍ പറഞ്ഞു. അയാള്‍ പറഞ്ഞത് ശരിയാണ്. അവിശ്വാസിയും പുരോഗമന ആശയക്കാരനുമായിരുന്ന അയാള്‍ പതുക്കെപ്പതുക്കെ പുറകോട്ടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന കാര്യം അവള്‍ മനസ്സിലാക്കി വരികയാണ്. അയാളുടെ വായനാ ശീലം തന്നെ മാറിയിരിക്കുന്നു. സ്വാമിജി രചിച്ച ഒരു പാട് പുസ്തകങ്ങള്‍ അയാള്‍ ഈയിടെയായി വായിച്ചു കൂട്ടുന്നുണ്ട്. വീക്കെന്റുകളില്‍ നടക്കുന്ന സത് സംഗുകളില്‍ അയാള്‍ അവളേയും കൂട്ടി പോകാന്‍ തുടങ്ങിയിരിക്കുന്നു. സത് സംഗില്‍ ഭജനകള്‍ ഉച്ചത്തിലാകുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം അയാളും സ്വയം മറന്നാടുന്നത് അവള്‍ തെല്ലു പരിഭ്രമത്തോടെയാണ് നോക്കിക്കണ്ടത്. 

എന്നാല്‍ എല്ലാ ഭക്തന്മാരും അയാളെപ്പോലെയല്ലെന്ന് അവള്‍ക്ക് മനസ്സിലായത് അടുത്ത് നിന്നാടിക്കൊണ്ടിരുന്ന ആള്‍ അവളുടെ ദേഹത്തേയ്ക്ക് ഇടയ്ക്കിടെ ചാരാന്‍ തുടങ്ങുകയും, കാലുകള്‍ കൊണ്ട് അബദ്ധത്തില്‍ സംഭവിച്ചതെന്ന പോലെ അവളെ രണ്ട മൂന്നുു വട്ടം ചവിട്ടുകയും ചെയ്തപ്പോളാണ്. അവളുടെ നോട്ടം രൂക്ഷമാകുന്നെന്നു കണ്ടപ്പോള്‍ അയാള്‍ പാട്ട് ഉറക്കെയാക്കി. ഒപ്പം ചുറ്റും കൂടി നിന്നവരുടെ ശബ്ദങ്ങളും ഉറക്കെയായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടന ജാഥയ്ക്കു നടുവില്‍ എത്തിപ്പെട്ട രാഷ്ട്രീയമില്ലാത്ത ഒരാളെപ്പോലെ ഒറ്റപ്പെട്ടതായി അവള്‍ക്കു തോന്നി. വിജയിയുടേതായ ഒരു നോട്ടം അവള്‍ക്കു സമ്മാനിച്ചിട്ട് ഒന്നും സംഭവിക്കാത്തതു പോലെ അയാള്‍ ഭജനക്കൂട്ടത്തിനുള്ളിലേയ്ക്ക് വലിഞ്ഞു.

വീട്ടിലെത്തിയ ശേഷം ഇങ്ങനെയൊരു സംഭവമുണ്ടായ കാര്യം പറഞ്ഞപ്പോള്‍ അയാള്‍ അത് നിനക്ക് തോന്നിയതായിരിക്കും എന്ന് വളരെ ലാഘവത്തോടെയാണു പറഞ്ഞത്. “സ്ത്രീവിമോചനം എന്നൊക്കെ പറഞ്ഞ് ക്യാമ്പസ്സിനു പുറത്ത് അലഞ്ഞു നടന്നതിന്റെ ഹാങ്ങ് ഓവറായിരിക്കും നിനക്ക്. സ്ത്രീ പുരുഷന്റെ സ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അതു വിമോചനമാവില്ല”.

അവള്‍ ഒന്നും പറഞ്ഞു പോവാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിട്ടു പിടിച്ചു കൊണ്ടിരുന്നു. അവളുടെ മനസ്സില്‍ അയാളെന്ന വിഗ്രഹത്തിന്റെ പതനം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ഒരിക്കല്‍ തന്റെ സിരകളെ ത്രസിപ്പിക്കുമായിരുന്ന അയാളുടെ വാക്കുകള്‍ ഇപ്പോള്‍ തന്നില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല എന്നവള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു.

“സ്വാമിജി പറഞ്ഞതാണു ശരി. സ്ത്രീ എപ്പോഴും സ്ത്രീ തന്നെയായിരിക്കണം. കൃഷ്ണന്റെ നിഴലായിരുന്ന രാധയെപ്പോലെ“.

“ശീലാവതിയെന്നു പറയാതിരുന്നതു നന്നായി” - എത്ര കടിഞ്ഞാണിട്ടിട്ടും അവളുടെ ശബ്ദം പുറത്തു വന്നു.

“മതി, ഇനി പറയേണ്ട. സ്വാമിജിയ്ക്കുള്ളതു പോലെയുള്ളത്രയും ഫോളോവേഴ്സ് ഇവിടെ വേറെ ആര്‍ക്കാണുള്ളത്. എല്ലാവരും വലിയ നിലകളിലുള്ളവര്‍. ഞാനതു മനസ്സിലാക്കുവാന്‍ കുറച്ചു സമയമെറ്റുത്തു. നമ്മള്‍ രണ്ടു പേരും ഒരുമിച്ചു ജീവിക്കുന്നുവെന്നല്ലേയുള്ളു ഒരു കല്യാണത്തിന്റെ ബന്ധനമൊന്നുമില്ലല്ലോ. വേണമെങ്കില്‍ നിനക്കു പോകാം“. അയാളുടെ വാക്കുകളിലെ ക്രൂരത അവളെ തളര്‍ത്തിയില്ല. ഇത്തരമൊരു വാചകം ഏതു നിമിഷവും പുറത്തു വരാന്‍ സാധ്യതയുണ്ട് എന്ന കാര്യം അവള്‍ നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നതാണ്. 

“ഇനഫ്“ എന്നു പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല. പുതപ്പും തലയണയുമെടുത്ത് “ഗുഡ് നൈറ്റ്” എന്നു മാത്രം പറഞ്ഞ് അവള്‍ തന്റെ മുറിയിലേയ്ക്കു കയറി കട്ടിലിലേയ്ക്കു വീണു. 

അയാള്‍ പുറകേ വരുന്നുണ്ടായിരുന്നില്ല. രണ്ടു മിനിറ്റ് കണ്ണടച്ചു കിടന്ന ശേഷം എന്തോ ഓര്‍ത്ത് അവള്‍ പൊടുന്നനെ ചാടിയെഴുന്നേറ്റു. വാതില്‍ ഉള്ളില്‍ നിന്നും ഭദ്രമായി പൂട്ടി.