2013, മാർച്ച് 14, വ്യാഴാഴ്‌ച

വികസനം

ഏതോ വിപത്തിന്‍ 
വിനാശ 'സൈറന്‍’ പോലെ
വ്യോമയാനങ്ങളിറങ്ങും 
മുരള്‍ച്ചകള്‍

കവലകള്‍ തോറും 
കുരുത്ത ‘റണ്‍വേ‘കളില്‍
പുതു പണക്കാരുടെ 
പോക്കു വരത്തുകള്‍ 

ആര്‍ക്കൊക്കെയോ വേണ്ടി
അതിദ്രുതം വളരുന്നു
അതിവേഗ പാതകള്‍
ആകാശ  നഗരങ്ങള്‍

ശേഷിച്ച വനാന്തരേ
ശോഷിച്ച മൃഗരാജന്‍
പ്രജകള്‍ നശിച്ചന്‍ 
പ്രകൃതി കൈ വിട്ടവന്‍

രാജ്യം കവര്‍ന്ന് 
ഭോജ്യം കവര്‍ന്ന്
മടകളില്‍ നിന്നും 
പുറത്താക്കപ്പെട്ടവന്‍

കൂട്ടിനായൊപ്പം
കൂട്ടമില്ലാത്തവന്‍
വോട്ടു ബാങ്കല്ലാത്ത 
നാട്ടു നോവായവന്‍

മണ്ണും കവര്‍ന്ന്
വീടും കവര്‍ന്ന്
വികസനത്തിനായ്  
കുടിയിറക്കപ്പെട്ടവന്‍

യന്ത്രങ്ങള്‍ വന്നു വന്ന-
വസാന വൃക്ഷത്തിന്‍
വക്ഷസ്സു ഛേദിച്ചു 
കുരുതി മൊത്തും വരെ

വംശനാശത്തിന്റെ 
പാശം കുരല്‍ തേടി-
യെത്തും മുഹൂര്‍ത്തത്തെ 
കാക്കുന്ന രണ്ടു പേര്‍

പശിക്കും മൃഗത്തിനും
പനിക്കും ദരിദ്രനും
പങ്കു ചേര്‍ന്നാടാനൊ-
രവസാന ‘ഹംഗര്‍ ഗെയിം’*

രക്ഷപ്പെടുന്നവന്‍
മൃഗമോ മനുഷ്യനോ
വ്യത്യാസമെന്തുണ്ട്
കളിയെജമാനര്‍ക്ക്

വിജയിയായ് വേച്ചു 
വേച്ചെത്തുമുടലിനെ
വെടി വച്ചു വീഴ്ത്തിയോന്‍
വാഴ്ത്തപ്പെടുന്നവന്‍

അവസാന മൃഗത്തിനും 
മരത്തിനും ദരിദ്രനും
ആചാരവെടിയുമായ് 
അതിവേഗ വികസനം 

ഒടുവിലീ കോണ്‍ക്രീറ്റി-
ലുരുവം കൊള്ളുന്നതോ
മഴമിഴി വരണ്ട 
കിളികുലം മറന്ന
വികസനത്തിന്‍  
ബലിച്ചോര കുരുപ്പിച്ച
കബന്ധ നിബിഡമാം 
ഒരു വനാന്തരം


(* Hunger Game  - novel by Suzanne Collins)

- തര്‍ജ്ജനി - ഓണ്‍ലൈന്‍ മാസിക മാര്‍ച്ച് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.
http://www.chintha.com/node/141565

9 അഭിപ്രായങ്ങൾ:

സൗഗന്ധികം പറഞ്ഞു...

വികസനത്തിന്‍
ബലിച്ചോര കുരുപ്പിച്ച
കബന്ധ നിബിഡമാം
ഒരു വനാന്തരം

സത്യമീ വരികൾ..!!

ശുഭാശംസകൾ..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സൌഗന്ധികം - വളരെ നന്ദി, വായനയ്ക്കും, അഭിപ്രായത്തിനും.

ഡോ. പി. മാലങ്കോട് പറഞ്ഞു...

നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.

Anu Raj പറഞ്ഞു...

വികസനത്തിന്‍
ബലിച്ചോര കുരുപ്പിച്ച
കബന്ധ നിബിഡമാം
ഒരു വനാന്തരം
നല്ല കവിത...ആശംസകള്

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നന്ദി, അനുരാജ്

ഷൈജു.എ.എച്ച് പറഞ്ഞു...

നാശത്തിലേക്ക് കൂപ്പു കുത്തുന്ന വികസനം..

നന്നായിരിക്കുന്നു. അഭിനന്ദനങ്ങൽ...

ആശംസകൾ നേർന്ന് കൊണ്ട്
സസ്നേഹം


MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഷൈജു - വളരെ നന്ദി

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ആറന്മുളയില്‍ നിര്‍മ്മാണശ്രമം നാട്ടുകാര്‍ തടഞ്ഞു; ആയിരങ്ങള്‍ ഓഫീസ് ഉപരോധിച്ചു

lishana പറഞ്ഞു...

ഒടുവിലീ കോണ്‍ക്രീറ്റി-
ലുരുവം കൊള്ളുന്നതോ
മഴമിഴി വരണ്ട
കിളികുലം മറന്ന
വികസനത്തിന്‍
ബലിച്ചോര കുരുപ്പിച്ച
കബന്ധ നിബിഡമാം
ഒരു വനാന്തരം

sharikal.. nannayirikkunnu