2008 ഒക്‌ടോബർ 27, തിങ്കളാഴ്‌ച

പോയകന്നിട്ടും പോകാതെ

“പോകട്ടെ“ എന്നു വിതുമ്പി നിന്റെ മിഴികള്‍
“പോയ് വരൂ“ എന്ന് പൊട്ടുന്ന എന്റെ നെഞ്ചകം
പോയകന്നിട്ടും പോകാതെ മായാതെ നീ
മിഴിയാകെ നിറയെ, മനമാകെ നിറയെ

നീ പോയ വഴിയേ നീണ്ടു നീണ്ടു പോകുന്നു,
അദൃശ്യമായൊരു പാതയായ് എന്റെ കാലുകള്‍
അറിയുന്നു ഞാന്‍, ‍അതിന്റെ ഒരറ്റത്ത്
നിന്റെ പാദങ്ങള്‍‍ തൊടുന്നത്
നിന്റെ കാലിലൊരു മുള്ള്
ക്രൂരമായി അമര്‍ത്തി ചുംബിക്കുന്നത്
ഭീതിയോടെ, വെറുപ്പോടെ
നീയതിനെ അടര്‍ത്തിയെറിയാന്‍
വിഫലശ്രമങ്ങള്‍ നടത്തുന്നത്
പാതയിലേക്കു നിന്റെ ചോരത്തുള്ളികള്‍
ഇറ്റിറ്റിറങ്ങുന്നത്

തൊട്ടു തൊട്ടില്ലെന്ന മട്ടില്‍
നിന്നടുത്തുകൂടെ വെളിവില്ലാതെ
വാഹനങ്ങള്‍ പുലഭ്യം പറഞ്ഞ്
പാഞ്ഞുപോകുന്നത്
അവയുടെ കൈകള്‍ നിന്റെ ഉടുപ്പുകളെ
വലിച്ചഴിക്കാന്‍ ശ്രമിക്കുന്നത്
കാഴ്ചയിലേക്കു വിഷമുള്ള പുകയൂതി വിടുന്നത്

എതിരേയും പുറകേയും വശങ്ങളിലൂടെയും
പത്തി വിടര്‍ത്തുന്ന പരശ്ശതം കണ്ണുകള്‍
‍നിന്റെ ശരീരത്തെ ആര്‍ത്തിയോടെ ദംശിക്കുന്നത്
കാന്തിക ദാഹങ്ങളോടെ നിന്റെ ആത്മാവിനെ
വലിച്ചു കുടിക്കുവാന്‍ ശ്രമിക്കുന്നത്

ചെറുത്തു നില്‍ക്കാനാവാതെ
പാവമൊരശ്രുവായ്
നീ മണ്ണിലേക്കു പൊഴിയുമ്പോള്‍
‍നനയുന്നു ഞാനും ഈ വഴിയും.

നിനക്കു പുതപ്പായി നില്‍ക്കാന്‍
‍ഒരാകാശമായെങ്കിലെന്ന്
ആശിച്ചു പോകുന്നു, വെറുതേ

പൂഴ്ന്നു പോയ കാലുകളുമായി
വഴിയുടെ അറ്റത്ത് ഞാനിപ്പോഴും ഒരു മരം
മറ്റേ അറ്റത്ത് നീയും
പോയിക്കഴിഞ്ഞിട്ടും പോകാതെ
മിഴിയാകെ നിറയെ
മനമാകെ നിറയെ

2008 ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അമ്മ പ്രാര്‍ത്ഥിക്കുന്നു.

പാസ്പോര്‍ട്ടും വിസയുമായി
മകനെയും കൊണ്ട് വിമാനം ഉയരുമ്പോള്‍
‍കണ്ണുകളടച്ച്, ഉള്ളു കുളിര്‍ത്ത്
അമ്മ പ്രാര്‍ത്ഥിച്ചു
"ദൈവമേ നല്ലകാലം വരുത്തണേ
കൈ നിറയെ കാശുണ്ടാകണേ" എന്ന്

കാലങ്ങള്‍ കഴിഞ്ഞു
അമ്മ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
ദൈവമേ നല്ല കാലം തന്നില്ലെങ്കിലും വേണ്ട
നെഞ്ചിന്‍ അടുപ്പിലെ തീയൊന്നണക്കുവാന്‍‍
‍എന്റെ മകനെയൊന്നു
തിരിച്ചു തന്നാല്‍ മാത്രം മതിയെന്ന്

ദൈവമതു വേഗം നിവൃത്തിച്ചു കൊടുത്തു
തിരിച്ചു വന്ന പെട്ടിയില്‍
കാശുണ്ടായിരുന്നില്ലെങ്കിലും
ക്യാന്‍സല്‍ ചെയ്ത പാസ്പോര്‍ട്ടും
മകനുമുണ്ടായിരുന്നു

നെഞ്ചു പൊട്ടി
പ്രാര്‍ത്ഥിക്കുവാന്‍ കൈ കൂപ്പുമ്പോള്‍
‍എന്താണിനി ചോദിക്കുക എന്ന്
അമ്മയ്ക്കു നിശ്ചയമുണ്ടായിരുന്നില്ല

2008 സെപ്റ്റംബർ 14, ഞായറാഴ്‌ച

അവസ്ഥ

ആലിംഗനങ്ങളിലൂടെ ഉന്മാദങ്ങളും
ചുംബനങ്ങളിലൂടെ രോഗങ്ങളും
നമ്മള്‍ പങ്കു വച്ചു

കുറേക്കഴിഞ്ഞപ്പോള്‍
‍ഉന്മാദങ്ങള്‍ ശമിച്ചു
രോഗങ്ങള്‍ വളര്‍ന്നു വളര്‍ന്ന്
എല്ലുകളേയും മാംസത്തേയും
തിന്നു തീര്‍ത്തു
ഒടുവിലവ നമ്മുടെ ആത്മാക്കളെ
നമ്മുടെ ശരീരങ്ങളില്‍ നിന്നും
ചവിട്ടിപ്പുറത്താക്കി.

2008 സെപ്റ്റംബർ 9, ചൊവ്വാഴ്ച

പ്രണയത്തിന്റെ കടല്‍

ഇരമ്പുന്ന ഒരു കടല്‍
എല്ലാ ഭിത്തികളും‍ തകര്‍ത്ത്
ഒരു വേലിയേറ്റം പോലെ
ആദ്യം കയറി വന്നത്
ആരുടെ ശരീരത്തിലേക്കായിരുന്നു?

അതു പതുക്കെ വളര്‍ന്നു വളര്‍ന്ന്
പ്രളയമായ് മാറിയപ്പോഴേക്കും
നമ്മള്‍ പരസ്പരം കുതിര്‍ന്നലിഞ്ഞ്
ജലമായിത്തീര്‍ന്നിരുന്നു.

തിരമാലകളായി, നുരകളും പതകളുമായി
പരസ്പരം അലിഞ്ഞുചേര്‍ന്നും
ഇഴുകിമാറിയും നമ്മള്‍....
ശ്വാസോച്ഛ്വാസങ്ങള്‍ യോജിച്ച്
കൊടുങ്കാറ്റുകളായി
കടലിനുമീതെ പറന്നു നടന്നു

ഹൃദയ മിടിപ്പുകള്‍ യോജിച്ച്
ഇടിമുഴക്കങ്ങളായിത്തീര്‍ന്നു
രക്ത ധമനികളിലൂടെ
പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു
അടിക്കടലിലെ ഒഴുക്കുകള്‍

പ്രളയം ശമിച്ചു
വേലിയിറക്കത്തിന്റെ തളര്‍ന്ന മാത്രകള്‍ താണ്ടി
കിടന്ന പായ ചുരുട്ടിവയ്ക്കേണ്ട ജോലി
നിന്നെയേല്പിച്ച്
വേഗമൊരു ചായയാകട്ടെ എന്നു പറഞ്ഞ്
ഒന്നു തിരിഞ്ഞു പോലും നോക്കാതെ
മൂത്രമൊഴിക്കാനായി
ഞാന്‍ ബാത്ത്റൂമിലേക്കു കടന്നു.

2008 സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

ആഘോഷങ്ങള്‍

ഒരു സ്ത്രീ പീഢനത്തിന്റെ
ഉത്ഘാടനത്തിനിടയിലൂടെ
ഊര്‍ന്നിറങ്ങിയ ചോരയില്‍
നനഞ്ഞു പോയ എന്റെ ലിംഗത്തിന്റെ
ചിത്രമെടുത്ത് ഞാന്‍ നെറ്റിലിട്ടത്
“ചുവക്കുന്ന പുരുഷത്വ“ മെന്ന അടിക്കുറിപ്പോടെ
“ലാല്‍ സലാം“ എന്നു കയ്യടിച്ചതും
ഒപ്പം ചേര്‍ത്ത അവളുടെ
ജനനേന്ദ്രിയത്തിന്റെ ഫോട്ടോയ്ക്കു താഴെ
‘ദാഹിക്കുന്ന പാനപാത്ര' മെന്നെഴുതിയപ്പോള്‍
‍ആവേശഭരിതരായ് ആര്‍ത്തു വിളിച്ചതും കൂട്ടുകാര്‍

എല്ലാം കഴിഞ്ഞ്, ഉത്ഘാടനത്തിനു മുമ്പെടുത്ത
അനേകം നഗ്നചിത്രങ്ങള്‍ക്കൊപ്പം
അതിനെ അപ്‌ലോഡ് ചെയ്തപ്പോള്‍
‍ഇത്തിരി മുമ്പേ തകര്‍ന്നുപോയ ആ ശരീരഭാഗമോ
അതിന്റെ നിര്‍ഭാഗ്യവതിയായ ഉടമയോ
ഈ ഭൂമുഖത്തിനി അവശേഷിക്കുന്നില്ല
എന്നറിയാതെയാവും ഈ പടങ്ങള്‍ നോക്കി
ആളുകള്‍‍ ‘വാണമടിക്കുക’
എന്നു പറഞ്ഞായിരുന്നു
ഞങ്ങള്‍ നിര്‍ത്താനാവാതെ ചിരിച്ചത്

രക്തത്തില്‍ നനഞ്ഞ കിടക്കവിരികള്‍ക്കും
മല്‍പ്പിടുത്തത്തിനിടയില്‍
പറിച്ചെറിയപ്പെട്ട വസ്ത്രങ്ങള്‍ക്കുമൊപ്പം
ഉപയോഗശൂന്യമായ ഒരുത്തിയുടെ ശരീരവും കൂടി
അഗ്നിതര്‍പ്പണം ചെയ്താണ്
ലാപ് ടോപ്പും, ബ്ലൂ ടൂത്ത് മൊബൈലുകളും,
ഡിജിറ്റല്‍ ക്യാമറകളുമായി
ഞങ്ങള്‍ വാരാന്ത്യമാഘോഷിച്ചു മടങ്ങിയത്

2008 ഓഗസ്റ്റ് 31, ഞായറാഴ്‌ച

2008 ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഉറക്കവും ഞാനും പിന്നെ അമ്മയും

“ഇവനെന്നും ഉറക്കം മാത്രമെയുള്ളോ“ എന്ന്
വിലപിച്ചത് നൊന്തു പെറ്റ അമ്മയായിരുന്നു
നിദ്രയുടെ കൊടുമുടികളിൽ നിന്നും
സമുദ്രത്തിന്റെ ആഴങ്ങളിലേക്ക്‌ മുക്കിത്താഴ്ത്തിയത്‌
പിതാവു തലയിലേക്കു കമഴ്‌ത്തിയ ജലകുംഭവും
എന്നിട്ടും ഉണരാതായപ്പോള്‍
‍സുല്ലിട്ടു മാറി താതന്‍, അമ്മ മാത്രം കേണു.


കൈകളിൽ മുഖം പൂഴ്‌ത്തിയുറങ്ങുമ്പോൾ
വെടിയുണ്ടകൾ പോലെ ക്ലാസ്സില്‍ വന്നുണർത്തിയത്‌
ഗുരുക്കളുടെ ചോക്കു കഷണങ്ങൾ
ഉറക്കം മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിച്ചപ്പോള്‍
‍ചോക്കുകള്‍ കൊണ്ടുള്ള ഏറവര്‍ നിര്‍ത്തിയത്
എന്തിനു വെറുതേ മിനക്കെടണം
കാശു കൊടുത്തു വാങ്ങിയ ജോലിക്ക്
ശമ്പളം കൃത്യമായി കിട്ടുന്നുണ്ടല്ലോ
എന്ന ചിന്തയാലാവാം


ആദ്യരാത്രിയില്‍ നീരസത്തോടെ നവവധു ചോദിച്ചത്
"കട്ടിലിനോടു മാത്രമേ സ്നേഹമുള്ളു അല്ലേ?" എന്നായിരുന്നു
ബന്ധനമഴിച്ച് മണവാട്ടി പോയപ്പോള്‍
‍നൊന്തു കരഞ്ഞു പെറ്റമ്മ.
കമ്പോളങ്ങള്‍ ഭവനങ്ങളിലേക്കു വളരുമ്പോള്‍
‍ജൈവപരമായ ആവശ്യങ്ങള്‍ക്കായി
ഒരാളിനെ മാത്രം ആശ്രയിക്കേണ്ട
ഗതികേടെന്തിന് എന്ന് അമ്മയുണ്ടോ അറിയുന്നു

മന്ത്രങ്ങള്‍ മുടങ്ങാതെ ഉരുവിട്ടു തളര്‍ന്നിട്ടും
മരുന്നുകള്‍ മുടങ്ങാതെ തിന്നു മടുത്തിട്ടും
ഇമയടയ്ക്കുവാന്‍ കൊതിക്കുന്നവരുള്ളപ്പോള്‍
ഉറക്കത്തെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടതില്ല
എന്നു ഞാന്‍ പറഞ്ഞത്
നയപരമായ ഒരു സമീപനമായിരുന്നു


ഏതായാലും ഈ ഉറക്കത്തില്‍ കൂട്ടുകാരായി
തലമുറകള്‍ മുഴുവനുമുണ്ടെന്ന അറിവ്
എന്നെപ്പോലെ നിങ്ങളേയും
അലോസരപ്പെടുത്തില്ലായിരിക്കും
(അമ്മയെ നമുക്കു മാറ്റി നിര്‍ത്താം)
ഇനി എന്നെങ്കിലും
ആരെങ്കിലും വന്ന് ഉണര്‍ത്താന്‍ ശ്രമിക്കുമോ
എന്നതു മാത്രമാണ് ആകെയുള്ള പേടി