2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഉറക്കവും ഞാനും പിന്നെ അമ്മയും

“ഇവനെന്നും ഉറക്കം മാത്രമെയുള്ളോ“ എന്ന്
വിലപിച്ചത് നൊന്തു പെറ്റ അമ്മയായിരുന്നു
നിദ്രയുടെ കൊടുമുടികളിൽ നിന്നും
സമുദ്രത്തിന്റെ ആഴങ്ങളിലേക്ക്‌ മുക്കിത്താഴ്ത്തിയത്‌
പിതാവു തലയിലേക്കു കമഴ്‌ത്തിയ ജലകുംഭവും
എന്നിട്ടും ഉണരാതായപ്പോള്‍
‍സുല്ലിട്ടു മാറി താതന്‍, അമ്മ മാത്രം കേണു.


കൈകളിൽ മുഖം പൂഴ്‌ത്തിയുറങ്ങുമ്പോൾ
വെടിയുണ്ടകൾ പോലെ ക്ലാസ്സില്‍ വന്നുണർത്തിയത്‌
ഗുരുക്കളുടെ ചോക്കു കഷണങ്ങൾ
ഉറക്കം മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിച്ചപ്പോള്‍
‍ചോക്കുകള്‍ കൊണ്ടുള്ള ഏറവര്‍ നിര്‍ത്തിയത്
എന്തിനു വെറുതേ മിനക്കെടണം
കാശു കൊടുത്തു വാങ്ങിയ ജോലിക്ക്
ശമ്പളം കൃത്യമായി കിട്ടുന്നുണ്ടല്ലോ
എന്ന ചിന്തയാലാവാം


ആദ്യരാത്രിയില്‍ നീരസത്തോടെ നവവധു ചോദിച്ചത്
"കട്ടിലിനോടു മാത്രമേ സ്നേഹമുള്ളു അല്ലേ?" എന്നായിരുന്നു
ബന്ധനമഴിച്ച് മണവാട്ടി പോയപ്പോള്‍
‍നൊന്തു കരഞ്ഞു പെറ്റമ്മ.
കമ്പോളങ്ങള്‍ ഭവനങ്ങളിലേക്കു വളരുമ്പോള്‍
‍ജൈവപരമായ ആവശ്യങ്ങള്‍ക്കായി
ഒരാളിനെ മാത്രം ആശ്രയിക്കേണ്ട
ഗതികേടെന്തിന് എന്ന് അമ്മയുണ്ടോ അറിയുന്നു

മന്ത്രങ്ങള്‍ മുടങ്ങാതെ ഉരുവിട്ടു തളര്‍ന്നിട്ടും
മരുന്നുകള്‍ മുടങ്ങാതെ തിന്നു മടുത്തിട്ടും
ഇമയടയ്ക്കുവാന്‍ കൊതിക്കുന്നവരുള്ളപ്പോള്‍
ഉറക്കത്തെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടതില്ല
എന്നു ഞാന്‍ പറഞ്ഞത്
നയപരമായ ഒരു സമീപനമായിരുന്നു


ഏതായാലും ഈ ഉറക്കത്തില്‍ കൂട്ടുകാരായി
തലമുറകള്‍ മുഴുവനുമുണ്ടെന്ന അറിവ്
എന്നെപ്പോലെ നിങ്ങളേയും
അലോസരപ്പെടുത്തില്ലായിരിക്കും
(അമ്മയെ നമുക്കു മാറ്റി നിര്‍ത്താം)
ഇനി എന്നെങ്കിലും
ആരെങ്കിലും വന്ന് ഉണര്‍ത്താന്‍ ശ്രമിക്കുമോ
എന്നതു മാത്രമാണ് ആകെയുള്ള പേടി

7 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് പറഞ്ഞു...

"കമ്പോളങ്ങള്‍ ഭവനങ്ങളിലേക്കു വളരുമ്പോള്‍
‍ജൈവപരമായ ആവശ്യങ്ങള്‍ക്കായി
ഒരാളിനെ മാത്രം ആശ്രയിക്കേണ്ട
ഗതികേടെന്തിന് എന്ന് അമ്മയുണ്ടോ അറിയുന്നു"


കണ്‍ഫ്യൂഷനായല്ലൊ.

അതിനാലാവുമൊ ഉറക്കം കൂടുന്നതു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

അനില്‍, വായനയ്ക്കും, കമന്റിനും നന്ദി.
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ലേബലില്‍
നമുക്കാവശ്യമുള്ളതും ഇല്ലാത്തതും വൈവിദ്ധ്യത്തോടെ നമ്മുടെ
വീട്ടിലെത്തിക്കുക എന്നത് കമ്പോളം ഇന്ന്
പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന ഒരു കച്ചവട
തന്ത്രമാണല്ലൊ. അങ്ങിനെ വീടുകളിലേക്കു വളരുന്ന
മാര്‍ക്കറ്റില്‍ നിന്നും ഇഷ്ടമുള്ളത് (ഇതില്‍ സ്ത്രീയും പെടുമല്ലൊ)
ഇഷ്ടമുള്ളപ്പോള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍
‘ഭാര്യ’ എന്നത് അവഗണിക്കപ്പെടാവുന്ന ഒരു ‘വസ്തു’വിന്റെ
നിലവാരത്തിലേക്കു താഴുന്നില്ലേ? ഇത്ര മാത്രമേ ഉദ്ദേശിച്ചുള്ളു. ആകെ കണ്‍ഫ്യൂഷനാക്കിയെങ്കില്‍ ഖേദിക്കുന്നു.

“അതിനാലാവുമോ ഉറക്കം കൂടുന്നത് “എന്ന കമന്റിലെ നര്‍മ്മം വളരെ ഇഷ്ടപ്പെട്ടു.

Bindhu പറഞ്ഞു...

അധികമായാല്‍ ഉറക്കവും ...
:-)

Typist | എഴുത്തുകാരി പറഞ്ഞു...

മതിയാവേളം ഉറങ്ങൂന്നേ. എന്തിനാ വേണ്ടെന്നുവക്കുന്നതു്. ഞങ്ങളാരും വരുന്നില്ല ഉണര്‍ത്താന്‍. എന്താ പോരേ?/

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

ബിന്ദു - ശരിയാണ്. ഉറക്കം അധികമാവരുത്. പക്ഷേ അധികമാവുന്നു എന്നതാണിവിടെ പ്രശ്നം.

എഴുത്തുകാരി - മതിയാവോളം ഉറങ്ങട്ടേ അല്ലെ. പക്ഷെ ആരെങ്കിലും വരാതിരിക്കുമോ ഉണര്‍ത്താന്‍? അതിനുശേഷം ഉറങ്ങാന്‍ തന്നെ കഴിഞ്ഞില്ലെങ്കിലോ അല്ലേ?

രസികന്‍ പറഞ്ഞു...

ഉറങ്ങിക്കോളൂ , ഉറങ്ങിക്കോളൂ .... ഇവിടെ സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നവനത്രെ ഭാഗ്യവാൻ !!!!!!!!!!!!!

നന്നായിരുന്നു

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

രസികന്‍,
എല്ലാവരും ഉറക്കത്തിലാണ്. ഉറങ്ങട്ടെ, സുഖമായുറങ്ങട്ടെ.