2014, ജനുവരി 7, ചൊവ്വാഴ്ച

ഒരു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍







രു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍
ഒരച്ഛന്‍ അച്ഛനല്ലാതാവുന്നുവോ?
ജനാലയിലൂടെ നീണ്ടു വന്ന
വെളിച്ചത്തിന്റെ വിരല്‍,
ആരുമറിയാതെ
വാതില്‍ തുറന്നെത്തിയ കാറ്റ്,
മുകളില്‍ നിന്നും
ഉമ്മറത്തേയ്ക്കു പാളി നോക്കുന്ന
ആകാശത്തിന്റെ മിഴികള്‍,
എല്ലാം ഒരച്ഛനെ
അച്ഛനല്ലാതാക്കുന്നുവോ?

ഡോക്റ്റര്‍
അദ്ധ്യാപകന്‍
അയല്‍ക്കാരന്‍
അകന്ന ബന്ധുക്കള്‍
എല്ലാവരും
എന്തിനാണവളെയിത്ര പുന്നാരിക്കുന്നത്?
സമ്മാനങ്ങളും, ആടയാഭരണങ്ങളും
എന്തിനാണവളെ തേടി വരുന്നത്?

നിരത്തിലൂടെ പോയൊരു സൈക്കിള്‍
പടിക്കല്‍ നിന്നു ബെല്ലടിച്ചുവോ?
പാഞ്ഞു വന്നൊരു മോട്ടോര്‍ ബൈക്ക്
വീടടുത്തപ്പോള്‍ വേഗം കുറച്ചുവോ?
തെക്കു വടക്കോടുന്ന ലൈന്‍ബസ്സുകള്‍
തെക്കിനിയിലേയ്ക്കു മിഴികളെറിഞ്ഞുവോ?
പതുങ്ങി വന്നൊരോട്ടോ
മതിലിനോടെന്തോ അടക്കം പറഞ്ഞുവോ?
കറുത്ത ചില്ലിട്ടൊരു കാര്‍ മെല്ലെ വന്ന്
പിന്‍ വാതില്‍ തുറന്നു കാത്തു നിന്നുവോ?


പഴുതുകളില്ലാത്ത മുറിയിലടച്ചിട്ടും
സൈബര്‍ക്കരങ്ങളവളെ തേടിപ്പിടിച്ചുവോ
രാവേറവേ,
മോബയില്‍ ഫോണിന്റെ വാതിലുകള്‍ തുറന്ന്
അവളെവിടേക്കൊക്കെയോ
ഇറങ്ങിപ്പോവുകയും
പുലരാ‍റാവുമ്പോള്‍ ഉറക്കച്ചടവോടെ
തിരിച്ചു കയറുകയും ചെയ്തുവോ?

എല്ലാ ബന്ധനങ്ങളും ഭേതിച്ച്
അവളുടെ ഉയിരും ഉടലും
പുറത്തേക്കൊഴുകുമ്പോള്‍
ഒരു തോക്ക്
രണ്ടു വെടിയുണ്ടകള്‍
ഒന്ന് വീടിനു പുറത്ത്
അവളെ പീഡിപ്പിച്ചവന്റെ
നെറ്റി പിളര്‍ന്ന്
മറ്റേത് വീടിനകത്ത്
അവള്‍ തലചായ്ച്ചു വളര്‍ന്ന
അച്ഛന്റെ വിരിമാറു പിളര്‍ന്ന്

ഒരു പെണ്‍ കുഞ്ഞു ജനിക്കുമ്പോള്‍
ഒരച്ഛന്‍ അച്ഛനല്ലാതാവുന്നുവോ?


(4PM ന്യൂസില്‍ - ജനുവരി 2-ന് പ്രസിദ്ധീകരിച്ചത്)

http://www.4pmnews.com/index.aspx?issue=02-jan-2014&page=33

5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഭയപ്പെടുത്തുന്ന ചില പദവികള്‍. ഭയക്കണം, അല്ലേ?

സൗഗന്ധികം പറഞ്ഞു...

ചിന്തിപ്പിക്കുന്ന വരികൾ.വളരെ പ്രസക്തമായ ചോദ്യങ്ങളുന്നയിക്കുന്നു.

നല്ല കവിത.

ശുഭാശംസകൾ....

Pradeep Kumar പറഞ്ഞു...

നമ്മുടെ കാലത്തെ പെൺകുഞ്ഞുങ്ങളുടെ അച്ഛന് ഒരുപാട് ഭയങ്ങളുണ്ട്....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത്ത്, സൌഗന്ധികം, പ്രദീപ് കുമാര്‍ - വളരെ നന്ദി വായനയ്ക്കും പ്രതികരണങ്ങള്‍ക്കും

വീകെ പറഞ്ഞു...

പുതുകാലത്തെ അഛന്മാർക്ക് ഭയമാണ്. കാവലിരിക്കാനും സ്വയം സൂക്ഷിക്കാനും.. നന്നായിരിക്കുന്നു കവിത.
ആശംസകൾ...