2014, ഏപ്രിൽ 12, ശനിയാഴ്‌ച

പൊതി മടല്‍

തൊഴാനായി ഊഴവും കാത്തു നില്‍ക്കുന്നവരുടെ നിര കാളിയനെപ്പോലെ നീണ്ടു വളഞ്ഞു കിടക്കുന്നുണ്ടായിരുന്നു. വരിയില്‍ നില്‍ക്കുന്നവരെയെല്ലാം വിഴുങ്ങി അനുനിമിഷം അതു പുളയുകയും നീളം വയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. അമ്പലത്തില്‍ നിന്നും നാരായണീയത്തിന്റേയും, ചുറ്റുവട്ടത്തുള്ള കാസറ്റ് കടകളില്‍ നിന്നും പുതിയതായിറങ്ങിയ ഭക്തിഗാനങ്ങളുടേയും സമ്മിശ്ര സ്വര പടലങ്ങള്‍ വരിയില്‍ നില്‍ക്കുന്നവരുടെ മനസ്സിലേക്ക് മത്സരിച്ച് വ്യാപിച്ചുകൊണ്ടിരുന്നു.  

“എന്നു വന്നാലും ഇവിടെ തിരക്കോടു തിരക്കു തന്നെ. എത്ര നേരം നില്‍ക്കണമാവോ?“ മരുമകളുടേതാണ് ആത്മഗതം. ഉണ്ണിക്കുട്ടന്‍ മകന്റെ തോളില്‍ കിടന്നുറങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മകനേയും കൊണ്ട് ഭര്‍ത്താവിന്റെ കൂടെ ഇവിടെ വന്നിരുന്ന കാര്യം അവര്‍ ഓര്‍ത്തു പോയി. അന്നിത്ര തിരക്കൊന്നുമുണ്ടായിരുന്നില്ല.  അവനും അന്നിതേ പോലെ തന്നെ ഉറക്കത്തിലായിരുന്നു. ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അവന്‍ കരഞ്ഞു. അന്നവന്‍ തന്റെ തോളിലായിരുന്നെന്ന കാര്യം അവര്‍ സ്നേഹത്തോടെ ഓര്‍ത്തു. അവന്റെ കൊച്ചു ശരീരത്തിന്റെ ചൂട് ഇപ്പോഴും ദേഹത്ത് തങ്ങി നില്‍ക്കുന്നതു പോലെ.

വളരെ നേരത്തെ കാത്തിരുപ്പിനു ശേഷമായിരുന്നു നടയിലെത്താനായത്. അടി തെറ്റി വീണു പോകുമെന്നും, തിരക്കില്‍പ്പെട്ട് ശ്വാസം മുട്ടുമെന്നുമൊക്കെ ഇടയ്ക്കിടെ തോന്നിയിരുന്നു. ബലവാന്മാര്‍ പലരും തിക്കിത്തിരക്കി മുന്നോട്ടു പോയി. മണിയടികള്‍ക്കും, മന്ത്രങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും മീതേ “വേഗം വേഗം” എന്ന് ഒച്ചയിട്ട് നടയില്‍ നിന്നും ഭക്തരെ തള്ളിമാറ്റുന്ന ക്ഷേത്രജോലിക്കാരുടെ ശബ്ദമായിരുന്നു ഏറ്റവും ഉറക്കെ മുഴങ്ങിക്കൊണ്ടിരുന്നത്. ഉച്ചഭാഷിണിയിലൂടെ “കള്ളന്മാരെ സൂക്ഷിക്കുക” എന്ന നിരന്തരമായ അറിയിപ്പുകള്‍ വന്നു കൊണ്ടിരുന്നപ്പോള്‍ അവര്‍ കയ്യിലുണ്ടായിരുന്ന തൂവാലപ്പൊതി നെഞ്ചോടു ചേര്‍ത്തു പിടിച്ചു. 

തിരക്കിനിടയിലൂടെ ഭഗവാന്റെ സ്വര്‍ണ്ണവിഗ്രഹം ഒരു മിന്നല്‍ പോലെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. “അമ്മൂമ്മേ ഒന്നു വേഗം... നടയടയ്ക്കാറായി” ജോലിക്കാരുടെ തീരെ മയമില്ലാത്ത സ്വരം അവരെ സങ്കടപ്പെടുത്തി. 

തൊഴുതു കഴിഞ്ഞവരുടെ നിര വഴിപാടിനു ശീട്ടെടുക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ അവര്‍ പറഞ്ഞു - “മോനെ അമ്മയ്കൊരു നേര്‍ച്ചയുണ്ട്. നിന്നെ പ്രസവിക്കുന്ന സമയത്ത് മനസ്സില്‍ നിരൂപിച്ചതാ. അച്ഛനുള്ള കാലത്ത് അത് നടത്താനായില്ല. ഈ കാലമത്രയും ഇവിടെ വരണമെന്നാഗ്രഹിച്ചതും ഇതിനു വേണ്ടീട്ടു തന്നെയാ”. മകന്റെ മുഖമാകെ കോടി ഒരു ചോദ്യചിന്ഹമാകുന്നത് അവര്‍ ശ്രദ്ധിച്ചില്ല. കയ്യില്‍ സൂക്ഷിച്ചു പിടിച്ചിരുന്ന തൂവാലപ്പൊതിയില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം മടക്കിവച്ചിരുന്ന നോട്ടുകളെടുത്ത് ഭക്തിപുരസ്സരം മകനു കൊടുത്ത് അവര്‍ പറഞ്ഞു. - “നിനക്കു ദീര്‍ഘായുസ്സിനായി കദളിപ്പഴം കൊണ്ടൊരു തുലാഭാരം നേര്‍ന്നിട്ടുണ്ടമ്മ, അതു കഴിഞ്ഞ് കാശു തികയുകയാണെങ്കില്‍ പൊതി മടല്‍ കൊണ്ട് ഒന്നെനിക്കും“. 

മകന്റെ മുഖം വിവര്‍ണ്ണമാകുന്നത് അവര്‍ ശ്രദ്ധിച്ചില്ല.  മകനും മരുമകളും ചേര്‍ന്നു നിന്ന് എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു. “എന്തിനാ അമ്മേ പൊതി മടല്‍ തുലാഭാരം‍?” മകന്റെ വിക്കിവിക്കിയുള്ള ചോദ്യം. “അതിനൊരു കാര്യം അമ്മേടെ മനസ്സിലുണ്ട്. പൊതിമടലിനു കാശു കുറവാ. എനിക്കതേ സാധിക്കൂ. ഭഗവാനിഷ്ടപ്പെട്ടെങ്കില്‍ നടത്തിത്തരട്ടെ” അമ്മയുടെ നിഷ്കളങ്കമായ ഉത്തരത്തിനു മുന്നില്‍ മകന്‍ ഒരു നിമിഷം അന്ധാളിച്ചു നിന്നു. 

തുലാഭാരം നടത്തുന്നിടത്തുമുണ്ടായിരുന്നു വന്‍ തിരക്ക്. പഴം കൊണ്ടുള്ള തുലാഭാരം വേഗം കഴിഞ്ഞു. അവരുടെ കണ്ണുകള്‍ നിറഞ്ഞു. മനസ്സു ലാഘവമാര്‍ന്നു. എന്റെ മക്കളെയും, കൊച്ചുമക്കളേയും, ബന്ധുക്കളേയുമെല്ലാം കാത്തു കൊള്ളണമേ ഭഗവാനേ - അവര്‍ പ്രാര്‍ത്ഥിച്ചു.  

“പൊതിമടലിനു കുറച്ചു സമയമെടുക്കും. ഇവിടെ മാറി നിന്നോളൂ”  ജോലിക്കാരിലൊരാള്‍ പറഞ്ഞു. മരുമകള്‍ മകന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. “അമ്മേ ഞങ്ങളിപ്പം വരാം“ അവരുടെ ചുമലില്‍ തൊട്ട് മകന്‍ പറഞ്ഞു. “ഉണ്ണിക്കുട്ടനു മൂത്രമൊഴിക്കണമെന്നു തോന്നുന്നു. അമ്മയ്കെന്തായാലും കുറച്ചു സമയമെടുക്കുമല്ലോ”. ശരിയെന്ന അര്‍ത്ഥത്തില്‍ അവര്‍ തലയാട്ടിയപ്പോള്‍ മകനും കുടുംബവും പുറത്തേയ്ക്കു കടന്നു. 

ത്രാസിന്റെ തട്ടില്‍ പൊതിമടലിന്റെ ഭാരം നിറയുമ്പോള്‍ അവര്‍ കണ്ണുകളടച്ച്, നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു - “ഭഗവാനേ, ആര്‍ക്കും ഒരു ബുദ്ധിമുട്ടാകാതെ, രോഗങ്ങളും ദുരിതങ്ങളും തന്നു നരകിപ്പിക്കാതെ, എന്നെ മൂപ്പരുടെ അടുത്തേക്ക് എത്രയും വേഗം കൂട്ടിക്കൊണ്ടു പോകണേ”. ത്രാസിന്റെ തട്ടുയര്‍ന്നപ്പോള്‍ ഒരു നിമിഷം ആകാശത്തിലെവിടെയോ ആണ് താന്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി. ഭാരമെല്ലാം ഇല്ലാതായിരിക്കുന്നു. 

തുലാഭാരം കഴിഞ്ഞു പുറത്തു വന്നപ്പോഴും തിരക്കു കുറഞ്ഞിരുന്നില്ല. മകനേയും മരുമകളേയും  അടുത്തെങ്ങും കണ്ടില്ല. ഉണ്ണിക്കുട്ടനു വല്ലതും വാങ്ങിക്കൊടുക്കുവാന്‍ പോയതായിരിക്കും. ശരീരത്തിനു വല്ലാത്ത തളര്‍ച്ച തോന്നി. രാവിലെ തൊട്ട് ഒന്നും കഴിക്കാത്തതല്ലേ? കണ്ണിനൊരു മങ്ങല്‍ പോലെ. എന്തെങ്കിലും കുടിക്കണമായിരുന്നു. ഒന്നു മൂത്രമൊഴിക്കണമായിരുന്നു. ഏതായാലും മകന്‍ വരട്ടെ. അവര്‍ അടുത്തു കണ്ട തൂണിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തിലിരുന്നു. ഇവിടെയായിരിക്കും സൌകര്യം. മകന്‍ അന്വേഷിച്ചു വരുമ്പോള്‍ കണ്ടില്ലെങ്കില്‍ അവനു വേവലാതിയാകും. 

ഇരുന്ന ഇരിപ്പില്‍ തളര്‍ന്നുറങ്ങിപ്പോയത് അവര്‍ അറിഞ്ഞില്ല. അമ്പലത്തിലെ കാവല്‍ക്കാരനെന്നു തോന്നിപ്പിക്കുന്ന ഒരാളുടെ ശബ്ദമാണ് ഉണര്‍ത്തിയത്. “അമ്മൂമ്മേ, കൊറേ നേരമായല്ലോ ഇവിടെ ഇരിക്കുന്നേ? കൂടെ ആരുമില്ലേ?” 

അവര്‍ ഞെട്ടിയെഴുന്നേറ്റു. “ഉണ്ടല്ലോ. മോനും മരുമോളും ഉണ്ണിക്കുട്ടനുമുണ്ട്” 

“എന്നിട്ടെവിടെ?” - കാവല്‍ക്കാരന്റെ ചോദ്യം. അവരുടെ തളര്‍ന്ന കണ്ണുകള്‍ നാലുപാടും തിരഞ്ഞു.  

“ഇവിടെത്തന്നെ കാണും. കുട്ടിയെ മൂത്രമൊഴിപ്പിക്കുവാന്‍ കൊണ്ടു പോയതാ” - അവര്‍ വാക്കുകള്‍ക്കായി തപ്പി. അപ്പോഴേയ്ക്കും കുറച്ചു പേര്‍ അവരുടെ ചുറ്റും കൂടിക്കഴിഞ്ഞിരുന്നു. 

“മണിക്കൂറുകളായി നിങ്ങളിവിടെയിരിക്കുന്നു. മൂത്രമൊഴിപ്പിക്കുവാന്‍ പോയ ആള്‍ക്കാര്‍ മുങ്ങിക്കാണും” - കൂട്ടത്തിലൊരാള്‍ ഇതെല്ലാം സാധാരണ സംഭവിക്കാറുള്ള ഒരു കാര്യമാണെന്ന പോലെ നിസ്സാരമായി പറഞ്ഞു.

“നിങ്ങളിനി പുറത്തേക്ക് പോകണം. ഇന്നിതു പത്താമത്തെ കേസാ” - കാവല്‍ക്കാ‍രന്റെ സ്വരം കനക്കുവാന്‍ തുടങ്ങി. 

അതു കേള്‍ക്കാതെ അവരുടെ മിഴികളപ്പോഴും ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നും ഏതു നിമിഷവും വന്നേക്കാവുന്ന മകന്റെ മുഖം തിരഞ്ഞു കൊണ്ടിരുന്നു. 


 4PM NEWS-ന്റെ ‘സസ്നേഹം ആഴ്ചപ്പതിപ്പില്‍ 10-04-2014-നു പ്രസിദ്ധീകരിച്ചത്. www.4pmnews.com6 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

നിങ്ങളിനി പുറത്തേക്ക് പോകണം. ഇന്നിതു പത്താമത്തെ കേസാ”

കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ എങ്ങോട്ട് പോകും, പാവങ്ങള്‍

jose scaria പറഞ്ഞു...

പൊതിമടല്‍ പ്രായത്തില്‍ എന്താ സംഭവിക്കുക ഈശ്വരാ..

ഉണ്ടാപ്രി പറഞ്ഞു...

അമ്മയെ നടയ്ക്കിരുത്തി അല്ലേ..
ചങ്കില്‍ കൊണ്ടൂട്ടോ മാഷേ എഴുത്ത്...

P V Ariel പറഞ്ഞു...

ചില മക്കൾ ഒരു പരുവം ആയാൽ
പിന്നെ അവർക്ക് പെറ്റ തള്ളയും പുശ്ചം
ഹോ !! കഷ്ടം !
ഇതിന്നു പത്താമത്തെ കേസാ !
എന്തൊരു ലോകം !
കലികാലം അല്ലാതെന്തിത്!!
നന്നായി അവതരിപ്പിച്ചു
എൻറെ പുതിയ പേജിൽ വന്നതിലും
അഭിപ്രായം കുറിച്ചതിലും നന്ദി
വീണ്ടും കാണാം
​ഫിലിപ്പ് ഏരിയൽ ​

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത്, ജോസ്, ഉണ്ടാപ്രി, ഏരിയല്‍ - വായനയ്ക്കും, അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

വീകെ പറഞ്ഞു...

പൊതിമടൽ ആയാൽ എന്തും സംഭവിക്കാവുന്ന ഒരു അവസ്ഥ ഇത്തരം കഥകൾ ഈയിടെയായി സ്ഥിരം പറഞ്ഞു തരുന്നു. മക്കൾക്കൊന്നും കൊടുക്കാതെ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നിട്ടും കാര്യമൊന്നുമില്ലെന്ന് ഇന്നത്തെ പത്രം പറഞ്ഞു തരുന്നുണ്ട്. സ്വത്തിനു വേണ്ടി അഛനെ കൊന്ന രണ്ട് മക്കളുടെ കഥ. പൊതിമടലാകുന്നതിനു മുൻപ് തന്നെ സ്വയം ഇല്ലാതാവുകയേ നിവർത്തിയുള്ളു...! കാലം വല്ലാത്ത കാലം തന്നെ മോഹനേട്ടാ...!