2012, ഡിസംബർ 29, ശനിയാഴ്‌ച

ദില്ലിയിലെ പെണ്‍കുട്ടി


മൂടല്‍ മഞ്ഞാല്‍ ഉടല്‍ മറച്ച് 
ജനാലകളില്‍ 
കറുത്ത ഫിലിമൊട്ടിച്ച
ബസ്സുകള്‍ പോലെ
ദുരൂഹതളാല്‍ അകം മറച്ച്
ഡിസംബറിലെ ദില്ലി

ഇര നാവിലൊട്ടുമ്പോള്‍
ഉള്ളിലേക്കു വലിക്കുന്ന
ഓന്തിനെപ്പോലെ
സ്റ്റോപ്പുകളിലേയ്ക്കു വായ് തുറന്ന്
ദില്ലിയിലെ ബസ്സുകള്‍ 

ഒരു പെണ്‍കുട്ടിയെ 
നിരത്തില്‍ നിന്നും നക്കിയെടുത്ത്
വാതിലുകളടച്ച് 
വിറളി പിടിച്ചത് പായുമ്പോള്‍
ഇരുമ്പു ദണ്ഡുകള്‍ 
യാത്രക്കാരിയുടെ മാംസത്തിലൂടെ
മരണ യാത്രയുടെ ടിക്കറ്റു കീറുന്നു

കടിച്ചു ചവച്ച ഒരു  പെണ്ണുടലിനെ
ബസ്സു പുറത്തേക്കു തുപ്പുന്നു
ഉടലൊരു നിണച്ചാലായി
‘അമ്മേയെന്ന’ള്ളിപ്പിടിച്ച്
മണ്ണിലേക്ക് തളര്‍ന്നൊഴുകുന്നു

നിദ്രയില്‍ ചുരുണ്ട് നിയമ പാലകര്‍
മിഴി വിഴുങ്ങിയ വഴി വിളക്കുകള്‍
എല്ലാം മറയ്ക്കുന്നൊരു കംബളമായി
ദില്ലിയെ പൊതിഞ്ഞ് മൂടല്‍ മഞ്ഞ്
ഇന്ത്യയെപ്പൊതിഞ്ഞ് ദില്ലി

സീതയെപ്പോലെ
ഭൂമിയുടെ പിളര്‍പ്പിലേക്ക്
താനില്ലെന്ന് പൊരുതിയ
ദേഹത്തെ ഒടുവില്‍ മരണവും 
മൃഗീയമായ് കീഴടക്കിയപ്പോള്‍

അവളുടെ കരള്‍ തപിച്ച തീപ്പൊരി
അഗ്നി വര്‍ഷമായ്
ദില്ലിക്കു മീതെ, ഇന്ത്യയ്ക്കു മീതെ
പുരുഷ മേല്‍ക്കോയ്മയുടെ
മൂടല്‍ മഞ്ഞുരുകും വരെ
പതിച്ചു കൊണ്ടേയിരിക്കും

13 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഒടുവില്‍ മരണവും പെണ്‍കുട്ടിയെ തോല്‍പ്പിച്ചിരിക്കുന്നു.

പുരുഷാധമന്മാരാള്‍ എല്പിച്ച ഈ തീരാക്കളങ്കത്തിനു മുന്നില്‍ ഒരു പുരുഷനെന്ന നിലയില്‍ ലജ്ജിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വളരെ ആത്മാര്‍ഥമായി എഴുതി.വരികളിലൂടെ വിറങ്ങലിച്ചുപോയ ഇന്ത്യയുടെ വിതുമ്പല്‍ കേള്‍ക്കാം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ആറങ്ങോട്ടുകര മുഹമ്മദ് -

വളരെ നന്ദി. വെറുങ്ങല്‍ വിട്ട് ഇന്ത്യ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും, എല്ലാ സ്ത്രീകള്‍ക്കും ഭയമില്ലാതെ ഇവിടെ ജീവിക്കാനാകുമെന്നും പ്രത്യാശിക്കാം.

ajith പറഞ്ഞു...

ഓരോ ദുരന്തവും വിവേകികള്‍ക്ക് നല്ല പാഠങ്ങളാണ്.

വിവേകികള്‍ക്ക് മാത്രം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. വിവേകികള്‍ക്ക് പ്രത്യേകിച്ചൊരു പാഠത്തിന്റെ ആവശ്യമുണ്ടോ?

Euphoria പറഞ്ഞു...

well portrayed,Mohanji.

വീകെ പറഞ്ഞു...

ഭാരതത്തിന്റെ മനഃസ്സാക്ഷിക്കുമേൽ,
കഴുകന്മാർ കൊത്തിവലിച്ച രാത്രി,
വിറങ്ങലിച്ചു നിന്നുപോയ് രാജ്യം...!

ലജ്ജിക്കുന്നു ഞാൻ പുരുഷനായതിൽ
മോഹൻ ചേട്ടൻ പറഞ്ഞതുപോൽ,
തലയുയർത്താനാവാതെ, നിറകണ്ണുകളോടെ..!

പുതുവത്സരാശംസകൾ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അശോകന്‍ - നന്ദി, വായനയ്ക്കും, പ്രതികരണത്തിനും

ശ്രീ പറഞ്ഞു...

നന്നായി എഴുതി മാഷേ.

പക്ഷേ വായിയ്ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ശ്രീ, ശരിയാണ്. മനുഷ്യനു ചിന്തിക്കാന്‍ പോലും സാധ്യമല്ലാത്ത ക്രൂരതയാണ് പാവം പെണ്‍കുട്ടി അനുഭവിച്ചത്.

T S Jayan പറഞ്ഞു...

എവിടെ മോഹന്ജി...
ഈ അഗ്നിപാതങ്ങള്‍ എത്ര ദിവസത്തേക്കുണ്ടായിരുന്നു? അതിനു ശേഷവും അവിടെയും ഇവിടെയും ഉണ്ടായതൊക്കെയും അതുതന്നെയായിരുന്നു...
പഴയതൊക്കെ മറക്കാന്‍ നമുക്ക് പുതിയവ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു...
അവസ്സാനം നാം എല്ലാത്തിനോടും പൊരുത്തപ്പെടുന്നു. മറവിയെന്ന മഹാസ്നാനത്ത്തില്‍ നാം അഗ്നിശുദ്ധി വരുത്തുന്നു...!!! എങ്കിലും നമുക്കാശിക്കാം ഒരുനാള്‍ ആ തീമഴ എല്ലാം ഉരുക്കിക്കളയുമെന്ന്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ജയന്‍,

ദില്ലിയില്‍ പെയ്ത് തീമഴയുടെ ചൂടിലാണ് ഇപ്പോള്‍ സൂര്യനെല്ലി വേവുന്നത്.

ജസ്റ്റിസ് ബസന്ത് സൂര്യനെല്ലി പെണ്‍കുട്ടിയെപ്പറ്റി പറഞ്ഞത് കേട്ട് കാതുകള്‍ ബധിരമായി. നീതിപീഠത്തിന്റെ ഉന്നതങ്ങള്‍ അലങ്കരിക്കുന്നവര്‍ ഇത്തരം തരം താഴ്ന്ന സാമൂഹ്യബോധമാണ് പുലര്‍ത്തുന്നതെന്ന അറിവില്‍ നമുക്ക് ലജ്ജിക്കേണ്ടിയിരിക്കുന്നു. ഏതു തരം നീതിയാണ് പീഡനത്തിനിരയായവരെ കാത്തിരിക്കുന്നത് എന്നതിലേക്ക് ഒരു കൊള്ളിയാന്‍ മിന്നലുകളാണ് പ്രസ്തുത ജഡ്ജിയുടെ പ്രസ്താവന. ഒരു പാട് തീമഴകള്‍ പെയ്താലേ ഇത്തരം മനസ്സുകളിലേക്ക് വെളിച്ചം വീശുകയുള്ളൂ എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിന് ഒരു പാട് കാലമെടുക്കുമായിരിക്കാം.