2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഇനിയെത്ര കാലം


പാലത്തിന്റെ മോളില് നിന്ന്
പാലത്തിന്റെ കീഴോട്ടു നോക്കുമ്പോ
എന്തോരം സങ്കടങ്ങളാ
ഒഴുകിപ്പോണേ?

പറിച്ചെറിഞ്ഞ ഭ്രൂണങ്ങള്‍
പിച്ചിച്ചീന്തിയ കുഞ്ഞുടുപ്പുകള്‍
ആത്മഹത്യ ചെയ്ത ദാവണികള്‍
വെന്തു കരിഞ്ഞ സാരികള്‍
ഛേദിച്ചെടുത്ത ശിരസ്സുകള്‍
നിറം മങ്ങി പിഞ്ഞിപ്പോയ
വയസ്സന്‍ വസ്ത്രങ്ങള്‍


തുരന്നെടുത്ത മിഴി പോലെ
രക്തം വാര്‍ന്ന് തണുത്ത സൂര്യന്‍
പിന്നെ എല്ലാറ്റിനേയും
നെഞ്ചില്‍ച്ചേര്‍ത്ത്
തൊലിയില്‍ വ്രണങ്ങളുള്ള
ഒരാകാശവും

ഇവയ്ക്കെല്ലാം മുങ്ങിപ്പൊങ്ങി
ഒഴുകിപ്പോകാന്‍
ഇത്രയധികം കണ്ണീരുമായി
ഈ പാവം പുഴ
ഇനിയെത്ര കാലം?

(ബഹറിന്‍ കേരളീയ സമാജത്തിന്റെ ‘ജാലകം’  സെപ്റ്റംബര്‍ ലക്കത്തില്‍‍ പ്രസിദ്ധീകരിച്ചത്. ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജാലകം ഇവിടെ വായിക്കാം - page 30)

http://bahrainkeraleeyasamajam.com/e-jaalakam/Sept2011/index.html

6 അഭിപ്രായങ്ങൾ:

T S Jayan പറഞ്ഞു...

ഇനിയും എത്രകാലവും ഇത് തന്നെ സംഭവിക്കും...!!

ആശംസകള്‍...ഇനിയും പുതിയ എഴുത്തുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു...

Babu പറഞ്ഞു...

ഒഴുകി ഒഴുകി മതി വരാതെ വീഡും നദി കണ്ണീരെല്ലാം ഒഴുക്കി തുടരുന്നു, തുടരട്ടെ. ഇതും പോരാഞ്ഞു നമ്മള്‍ തട കെട്ടി നിര്‍ത്താനും, ഒഴുക്കാനും ശ്രമിക്കുന്നു. നനായിരിക്കുന്നു - വീഡും എഴുതുക - അഭിപ്രായം പറയാന്‍ എളുപ്പമാന്നെല്ലോ

നാട്ടുവഴി പറഞ്ഞു...

'തുരന്നെടുത്ത മിഴി പോലെ
രക്തം വാര്‍ന്ന് തണുത്ത സൂര്യന്‍'
നല്ല വരികള്‍...........
ആശംസകള്‍..........

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ജയന്‍,
ബാബു,
നാട്ടുവഴി - വായനയ്ക്കും കമന്റുകള്‍ക്കും വളരെ നന്ദി

വീ കെ പറഞ്ഞു...

നമ്മുടെ പുഴകൾ ഇത്രയും വൃത്തികേടാകാൻ കാരണം ഇതൊക്കെയാണല്ലെ..?
കവിത നന്നായിരിക്കുന്നു...
ആശംസകൾ...

Gopan Kumar പറഞ്ഞു...

നല്ല ബിംബകല്പ്പന
അഭിനന്ദനങ്ങള്‍