പുസ്തകവിവാദ സംബന്ധിയായി അനുകൂലിച്ചു എതിര്‍ത്തും വന്ന പോസ്റ്റുകളുടെ ഒരു ലിസ്റ്റും ലിങ്കുകളും റാഫീക് കീഴാറ്റൂര്‍ എന്ന ബ്ലോഗര്‍ തന്റെ ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്നത് വളരെ പ്രയോജനപ്രദമായെന്നു പറയാതെ വയ്യ. ഈ വിഷയത്തില്‍ ബൂലോകത്തു വന്ന ഗൌരവപ്രദമായ ഒട്ടനവധി അഭിപ്രായങ്ങളും പ്രതികരണങ്ങളും ഇതില്‍ നിന്നുമറിയാം. അതിലുള്ള ലിങ്കിലൂടെ തെന്നി നടക്കുമ്പോള്‍ ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ സജിയുടെ “പാഠപുസ്തകം എവിടെയാണി ശരി“ എന്ന കുറിപ്പിനു രാജു ഇരിങ്ങലെഴുതി ചേര്‍ത്ത മറുപടിയും വായിച്ച് ബൂലോകത്തിലെത്തിയപ്പോള്‍ ദാ കിടക്കുന്നു സജിയുടെ പോസ്റ്റ്. വീണ്ടും അതിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍ തോന്നിയ കാര്യങ്ങള്‍ സാമാന്യം ദീര്‍ഘമായതിനാല്‍ ഒരു പോസ്റ്റായി ഇവിടെ ഇടുന്നു.
ഒരു സാധാരണക്കാരന്റെ അഭിപ്രായമെന്ന നിലയിലാണ് ഈ ബ്ലോഗര്‍ വളരെ കൌശലപൂര്‍വ്വം കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പ്രത്യേക പാടവമൊന്നും വേണ്ട. സജിയുടെ വാക്കുകള്‍ ഇതാ -
“ഒരു സാധാരണകാരനായ ഞാനും ആരാണ് ഈ വിവാദങ്ങളുടെ ഇരു പക്ഷത്തും എന്നു നോക്കുകയും,അതിനനുസരിച്ച് ഒരു മുന്‍വിധിയോടു കൂടെയുമാണ് ഈ പ്രക്ഷോപണങ്ങളെ കാണുകയും അഭിപ്രായം പറയുകയും
ചെയ്തിരുന്നത്. ക്രിസ്ത്യാനിത്വത്തിന്റെ അധഃപതിച്ച മുഖമായ (കത്തോലിക്ക) പുരോഹിതന്മാര്‍ ഏറ്റു പിടിച്ചപ്പോള്‍, പുരോഗമന വാദി ആകണമെങ്കില്‍ മറുപക്ഷം കൂടിയെ തീരൂ എന്ന ഗതി വന്നു. അതിനിടയില്‍, ഏഴാം ക്ലാസ്
പാഠപുസ്തകം ഉയര്‍ത്തുന്ന അപകടകരമായ ആശയം വിസ്മരിക്കപ്പെട്ടു പോവുകയും ചെയ്തൂ.“
ആരാണ് ഇരു പക്ഷത്തും എന്നു നോക്കിയും അതിനനുസരിച്ച് മുന്‍വിധിയോടു കൂടിയുമാണ് സാധാരണക്കാര്‍ ഈ പ്രക്ഷോഭണങ്ങളെ കാണുന്നതെന്ന് സജി സമ്മതിക്കുന്നു. കത്തോലിക്ക പുരോഹിതന്മാര്‍ ഏറ്റുപിടിച്ചതു കൊണ്ടു
മാത്രം (ഇതൊരു മുന്‍വിധിയല്ലെന്നു പറയാമോ) പുരോഗമനവാദിയാകണമെങ്കില്‍ മറുപക്ഷം കൂടിയേ തീരൂ എന്ന ഗതി വന്നതിനാലാണ് അദ്ദേഹവും ഇതുവരെ അഭിപ്രായം പറഞ്ഞിരുന്നത് എന്നും അതദ്ദേഹം ഇപ്പോള്‍ തിരുത്തിയെന്നും വേണം മനസ്സിലാക്കുവാന്‍. പക്ഷെ എന്തു മുന്‍വിധിയോടു കൂടിയാണ് അദ്ദേഹം ഈ പാഠപുസ്തകം ഉയര്‍ത്തുന്ന ആശയം അപകടകാരിയാണെന്ന് കണ്ടു പിടിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത വരികളിലെത്തുമ്പോഴേക്കും മനസ്സിലാകും.
“ക്രിസ്ത്യാനി ആയ എനിക്കും ക്രിസ്ത്യാനിയായ എന്റെ ഭാര്യയ്ക്കും ജനിച്ച മകനെ വളര്‍ത്തേണ്ട വഴിയെ പറ്റി ബൈബിളില്‍ കൃത്യമായ നിര്‍ദേശം ഉണ്ട്. അതു “അവന്‍ പ്രായമാകുമ്പോള്‍ തിരഞ്ഞെടുക്കട്ടെ” എന്ന ആശയത്തിനു ഘടക
വിരുദ്ധമാണത്.“
ഈ മുന്‍വിധി വച്ച് മേല്‍പ്പറഞ്ഞ പാഠപുസ്തകത്തെ സമീപിക്കുന്ന ഒരാള്‍ക്ക് എത്രതന്നെ ശ്രമിച്ചാലും നീതിപൂര്‍വ്വമുള്ള ഒരു സമീപനം പുലര്‍ത്താന്‍ സാധിക്കുമോ? ജനിച്ചു വീണപ്പോള്‍ ക്രിസ്ത്യാനിയെന്നു കാണിക്കുവാന്‍ എന്ത്
അടയാളമാണ് ഒരാളില്‍ ഉണ്ടാകുന്നത്? ഒരു ജീവന്‍ ഏതെങ്കിലും മതത്തിന്റെ മുദ്രയുമായാണൊ ഭൂമിയില്‍ ജനിക്കുന്നത്? ഏതു മതത്തില്‍ പെട്ടവന്റെ എന്നറിഞ്ഞിട്ടാണ് ഒരു ഗര്‍ഭപാത്രം ബീജം സ്വീകരിക്കുന്നത്? ഏതു
മതത്തില്‍ പെട്ടവന്റെ ജഢം എന്നറിഞ്ഞിട്ടാണ് മണ്ണും അഗ്നിയും മരിച്ചവനെ ഏറ്റെടുക്കുന്നത്?
“അദ്ധ്യായം പ്രതി ഈ പാഠ പുസ്തകം വായിച്ചാല്‍ മിക്ക ഭാഗങ്ങളും ശ്രേഷ്ഠ്കരമായ ആശയമായി തോന്നും. എന്നാല്‍ ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ വള്രെ, സമര്‍ത്ഥമായി, എന്നാല്‍ ഒട്ടൊക്കെ ഗൊപ്യമായി, ഒരൊറ്റ ആശയം
മാത്രം വിദ്യാര്‍ഥിയുടെ ചിന്തയിലേക്ക് കടത്തിവിടുവാന്‍ ശ്രമിക്കുന്നു. അതു മത വിശ്വാസത്തേക്കള്‍ , മതമില്ലായ്മയാണ് മേത്തരം എന്ന ആശയമാണ്.അതാണ് ഈ പുസ്തകത്തിന്റെ അപകടവും!“
ഇവിടെ സത്യത്തെ ക്രൂരമായി വളച്ചൊടിക്കുകയാണ് എഴുത്തുകാരന്‍ ചെയ്തിരിക്കുന്നത്. “വലുതാവുമ്പോള്‍ അവന് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ“ എന്നു പറയുന്നത് മതമില്ലായ്മയാണോ അതോ മതസ്വാതന്ത്ര്യമാണോ? വലുതായതിനു ശേഷം ക്രിസ്തുമതം തിരഞ്ഞെടുത്തവരല്ലേ ഇന്ത്യയിലെ ആദ്യകാല ക്രിസ്ത്യാനികളെല്ലാം (അതിന്റെ മറ്റുകാരണങ്ങളിലേക്കു കടക്കുന്നില്ല) ? എഴുത്തുകാരി മാധവിക്കുട്ടി ഇസ്ലാം മതവും, ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമതവും സ്വീകരിച്ചില്ലേ? അംബേദ്ക്കര്‍ ബുദ്ധമതാനുയായി ആയത് ‘ഇഷടമുള്ള മതം തിരഞ്ഞെടുക്കലായിരുന്നില്ലേ?’ അപ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുക എന്നത് എങ്ങിനെ ‘മതമില്ലായ്മ’ യാകും. അതേ സമയം ഒരു മതത്തിലും പെടാതെ ജീവിക്കുവാന്‍ ഒരു ഇന്ത്യന്‍ പൌരനു ഭരണഘടന കൊടുക്കുന്ന മൌലികസ്വാതന്ത്ര്യമല്ലേ “ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍ നിന്നും പിന്മാറുകയില്ല“ എന്ന നിഗൂഢ ലക്ഷ്യത്തോടെ ഇളം പ്രായത്തില്‍ ഒരാളെ മസ്തിഷ്കപ്രക്ഷാളനം വഴി മതാനുകൂലിയാക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം? “ഒരു കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെ, ഇടത്തോട്ടൊ വലത്തൊട്ടൊ തിരിയാന്‍ അനുവദിക്കാതെ കൃത്യമായി ഒരു ഉത്തരത്തില്‍ കൊണ്ടു പോയി എത്തിക്കുന്ന കോണ്‍വെക്സ് ലെന്‍സ് “പഠനരീതി മതങ്ങളുടേതല്ലേ? വിമര്‍ശിക്കാന്‍ മാത്രമല്ലാതെ മറ്റു മതങ്ങളെപ്പറ്റി അത്മാര്‍ത്ഥതയോടെ ഏതെങ്കിലും മതക്കാര്‍ പഠിപ്പിക്കുന്നുണ്ടോ?
“ഈ ആശയം സാധൂകരിക്കുന്നതിന്, രചയിതാക്കള്‍, നെഹ്രുവിന്റെ ഒസ്യത്ത് തപ്പി പിടിച്ചു എടുത്തു പാഠഭാഗമാക്കി.പ്രകൃതിക്ഷോഭം വിഷയമാക്കി.എല്ലാ മത ഗ്രന്ഥങ്ങളുടെ ഉദ്ധരിണികളേയും നിരത്തി വച്ചു. ഓരോ അധ്യായത്തിന്റെ
ഒടുവിലും, ചേര്‍ത്തിരുക്കുന്ന ചര്‍ച്ചയിലും, ചോദ്യങ്ങളിലും, പുസ്തക രചയിതാക്കള്‍ ആഗ്രഹിച്ച നിഗമനത്തില്‍ കുട്ടികള്‍ എത്തിച്ചേരത്തക്ക വിധം വിഷയങ്ങളെ കൃമീകരിച്ചിരിക്കുന്നു.“
ഇവിടെ വിമര്‍ശകന്‍ വീണ്ടും വഴുതുന്നു. മതനിരാസമല്ല സ്വതന്ത്ര ചിന്തയാണ് പുസ്തക രചയിതാക്കള്‍ ഉദ്ദേശിച്ചിരുന്നതെന്ന് തുടര്‍ന്നു വരുന്ന പാഠഭാഗങ്ങള്‍ വായിക്കുന്ന ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു. നെഹ്രുവിന്റെ വിശ്വാസവും, അഭിപ്രായങ്ങളും ആര്‍ക്കും വങ്ങി വായിക്കാവുന്ന വിധം എല്ലായിടത്തും ഉപലബ്ധമാണ്. അതു വായിച്ചവരെല്ലാം മതമില്ലാത്തവരാകുകയോ നിരീശ്വരവാദികളാവുകയോ ചെയ്യുമെന്നു കരുതുന്നതില്‍ കഴമ്പില്ല. നെഹ്രു എഴുതിയതില്‍ നിന്നും മൂന്നു നാലു വരികള്‍ (പാഠത്തിന്റെ ആശയത്തിനു പ്രസക്തമായത്) എടുത്തു പറഞ്ഞുവെന്നതിലെന്താണ് തെറ്റ്. പക്ഷെ വിദ്യാര്‍ത്ഥിയുടെ സ്വതന്ത്ര ചിന്തയെ ഉദ്ദീപിക്കുന്ന കാര്യങ്ങള്‍ പറയുന്നിടം താഴെക്കാണുക. ഇതു കൂടി ചേര്‍ന്നാലേ പ്രസ്തുത പാഠം പൂര്‍ണ്ണമാകുകയുള്ളു.
നന്മയിലേക്കുണരുക
ജാതിയുടെയും വിശ്വാസങ്ങളുടേയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന പല സന്നര്‍ഭങ്ങള്‍ ഇന്നും നാം പത്രങ്ങളില്‍ വായിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യസ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങനെ
പെരുമാറണമെന്നാണു വിവക്ഷിച്ചിരിക്കുന്നത്. ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക
എന്നിട്ടും
എല്ലാ മതങ്ങളും മനുഷ്യനന്മ ലക്ഷ്യമാക്കുന്നു; പരസ്പരം സ്നേഹവും ബഹുമാനവും പുലര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നു. എന്നിട്ടും മതത്തിന്റെ പേരില്‍ മനുഷ്യന്‍ പോരടിക്കുന്ന വാര്‍ത്തകള്‍ നമുക്കു കേള്‍ക്കേണ്ടി വരുന്നു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള കലഹങ്ങളും ഒരേ മതത്തില്‍പ്പെട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങളും ഇല്ലാതാക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
- അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഒഴിവാക്കുക.
- സ്വന്തം വിശ്വാസത്തെപ്പോലെത്തന്നെ മറ്റുള്ളവരുടെ വിശ്വാസത്തെയും ആദരിക്കുക
ദൂരെ ദിക്കിലെവിടെയോ നടന്ന വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ഒരുപാടാളുകല്‍ സ്വന്തം വീടും നാടും വിട്ട് പലായനം ചെയ്യുന്നു. അതിലൊരു കുട്ടി നിങ്ങളുടെ വീട്ടില്‍ അഭയം തേടുന്നു. ഒപ്പം താമസിപ്പിച്ചു തുടങ്ങുമ്പോഴാണ് അവന്റെ
മതവിശ്വാസങ്ങളും ആചാരങ്ങളും തികച്ചും വ്യത്യസ്തമാണെന്നു മനസ്സിലാവുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഒരു കുറിപ്പ് തയാറാക്കാം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിത്യേനയെന്നോണം നാം കാണുന്നതല്ലെ? മന:സാക്ഷിയുള്ള ആര്‍ക്കെങ്കിലും ഗുജറാത്ത് കലാപത്തെ മറക്കുവാനാകുമോ? മാറാടിനെ മറക്കാനാകുമൊ? ഇതുപോലുള്ള അനേകം കലാപങ്ങള്‍
തുലച്ചുകളഞ്ഞ ജീവിതങ്ങളെ മറക്കാനാകുമൊ? ഗ്രഹാം സ്റ്റീന്‍ എന്ന മിഷണറിയെയും മക്കളെയും ജീവനോടെ ചുട്ടു കളഞ്ഞത് മറക്കാനാവുമോ? ഇസ്രയേലും പലസ്തീനും തമ്മില്‍ പൊരുതുന്നതും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മതഭീകരര്‍ താണ്ഡവമാടുന്നതും, ജീവിക്കാനനുവദിക്കാതെ നിഷ്കരുണം നിരപരാധികളുടെ ജീവനെടുക്കുന്നതും കണ്ടില്ലെന്നു നടിക്കാനാവുമോ?
സ്വന്തം വിശ്വാസത്തെപ്പോലെ മറ്റുള്ളവരുടെ വിശ്വാസത്തെയും
ആദരിക്കുക എന്ന മഹദ്കര്‍മ്മം ചൂണ്ടിക്കാട്ടുന്ന പാഠം പഠിപ്പിക്കേണ്ടതില്ല എന്നു
പറഞ്ഞു അക്ഷരങ്ങളെ കത്തിക്കുന്നവരോടും, അവരെ പിന്താങ്ങുന്നവരോടും ‘ഇവര്‍
ചെയ്യുന്നതെതെന്ന് ഇവര്‍ അറിയുന്നില്ല‘ എന്നു പറയാനാകില്ല. കാരണം അവരെല്ലാം
അറിയുന്നു എന്നതാണ് നേര്.
2 അഭിപ്രായങ്ങൾ:
"ഒരു ജീവന്‍ ഏതെങ്കിലും മതത്തിന്റെ മുദ്രയുമായാണൊ ഭൂമിയില്‍ ജനിക്കുന്നത്? ഏതു മതത്തില്‍ പെട്ടവന്റെ എന്നറിഞ്ഞിട്ടാണ് ഒരു ഗര്‍ഭപാത്രം ബീജം സ്വീകരിക്കുന്നത്? ഏതു
മതത്തില്‍ പെട്ടവന്റെ ജഢം എന്നറിഞ്ഞിട്ടാണ് മണ്ണും അഗ്നിയും മരിച്ചവനെ ഏറ്റെടുക്കുന്നത്? "
വളരെ പ്രസക്തമായ ചോദ്യങ്ങള്‍!
നാരായണ ഗുരുവിനോടൊരു സഹയാത്രികന്‍: "എന്താ ജാതി?"
ഗുരു: "കണ്ടിട് മനസിലാകുന്നില്ല എന്നുണ്ടോ?"
സഹയാത്രികന്‍: "കണ്ടാല്‍ എങ്ങിനെ അറിയും?"
ഗുരു: "കണ്ടാല്‍ അറിയാത്തത് പിന്നെ കേട്ടാല്‍ എങ്ങനെ അറിയും?!"
ബൈജു,
പ്രതികരണത്തിനു നന്ദി. സജിയുടെ ബ്ലോഗില്‍ പ്രതികരണങ്ങളുണ്ട്. ഒരു വിശ്വാസിയോട് തര്‍ക്കിക്കുന്നത് നിരര്‍ത്ഥകമാണ്. ഒരു വണ്ടിക്കാളെയെപ്പോലെ ഇരു വശവും നോക്കാന്‍ സാധിക്കാതെ തെളിക്കുന്ന വഴിയിലൂടെ പോവുന്നവരാണവര്‍. വാദങ്ങള്‍ ഒരിക്കലും വളരുകയില്ല, സമാന്തരങ്ങളായി നീങ്ങുകയേയുള്ളൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ