2008, ജൂലൈ 17, വ്യാഴാഴ്‌ച

കാളകള്‍

വണ്ടിക്കാളകള്‍ വണ്ടിക്കാളകളായിത്തന്നെ
ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കേണ്ടവരാകുന്നു
തെളിച്ച ‘വഴിയിലൂടെ‘ ചരിക്കുക മാത്രമാണവയുടെ
ചരിത്രപരമായ കര്‍മ്മവും ധര്‍മ്മവും

ഇണചേരല്‍ പോലും
യജമാനരറിയാതെ ഇല്ലായിവറ്റയ്ക്ക്
കാലില്‍ക്കുളമ്പുകളിടിയിച്ച്, വരിയുടപ്പിച്ച്
നുകത്തേല്‍ക്കുരുക്കി മെരുക്കിയെടുക്കാം.

അവയ്ക്കു "പുരോ-ഗമനം" എന്നത്
ഇരുവശവും നോക്കാതെ
വണ്ടിക്കാരന്റേതൊഴിച്ച് ഒരു ശബ്ദവും ശ്രവിക്കാതെ
ദൈവമേ ദൈവമേ എന്നു എന്നു കരയുന്ന
ചക്രങ്ങളെ മാത്രം ധ്യാനിച്ച്
ജനനം തൊട്ട് മരണം വരെ നേരെചൊവ്വേയുള്ള
ഒരൊറ്റപ്പോക്കാണ്

അതിനിടക്ക് ചിലപ്പോള്‍ യജമാനന്മാര്‍ക്കു വേണ്ടി
ജെല്ലിക്കെട്ടുകള്‍ തല്ലിക്കൂട്ടുമ്പോള്‍
‍രക്തം ചിന്തി പുഴയായെന്നോ കടലായെന്നോ വരാം
കാലോ കൈയോ വാലോ വൃഷണമോ
അറ്റു പോയെന്നു വരാം
ചിലപ്പോള്‍ ചത്തു മലര്‍ന്നെന്നും വരാം
അതു കാളകളുടെ വിധിയാണെന്നും
ഞങ്ങളതു സഹിച്ചോളാമെന്നും പ്രഖ്യാപിക്കും
കാളകള്‍ക്കു വേണ്ടി എന്നും കരഞ്ഞു പ്രാര്‍ത്ഥിക്കാറുള്ള
യജമാനപ്പുണ്ണ്യാളന്മാര്‍

വഴിവക്കിലൊരു നല്ല പുല്‍നാമ്പുകണ്ടിട്ടോ
വഴി നിറഞ്ഞു നില്‍ക്കുമൊരു പശുവിനെക്കണ്ടിട്ടോ
ഉള്ളില്‍ ഒരിത്തിരി ചഞ്ചലിപ്പുണ്ടായാല്‍
‍കഴുവേറി മക്കളുടെ പുറംതൊലിയുരിക്കുവാന്‍
വീഴും ചടപടാ ചാട്ടവാറടികള്‍

കിഴക്കോട്ടു നോക്കിയാം യജമാനന്‍ ചൊല്ലും
നേരെ കിഴക്കോട്ടു പോകെടാ കാളേ
പടിഞ്ഞാട്ടു നോക്കിയാം യജമാനന്‍ ചൊല്ലും
നേരെ പടിഞ്ഞാട്ടു പോകെടാ കാളേ
വടക്കോട്ടു നോക്കുമെജമാനന്‍ ചൊല്ലും
നേരെ വടക്കോട്ടു പോകെടാ കാളേ
തെക്കിന്നധിപനാമെജമാ‍നന്‍ ചൊല്ലും
നേരെ നീ തെക്കോട്ടു പോകെടാ കാളേ

കിഴക്കോ‍ട്ടു കിഴക്കോട്ടു കിഴക്കോട്ടു പോയാല്‍
‍പടിഞ്ഞാറെത്തുമെന്നും,
പടിഞ്ഞാറിറങ്ങിക്കിഴക്കുകേറാമെന്നും
വടക്കുന്നു തെക്കോട്ടും തെക്കുന്ന് വടക്കോട്ടും
വഴിയൊന്നേയെന്നും
കാളകളറിയരുത്.
എല്ലാദിക്കിലേക്കുമൊരേസമയമിറങ്ങിയാല്‍
‍ഒരു ബിന്ദുവിലൊടുവില്‍ നാം ഒന്നിക്കുമെന്നും
കാളകളറിയരുത്
അറിഞ്ഞാല്‍ പിന്നെ
ദിക്കുകളുടെ നിലനില്പ് ഇല്ലാതാവില്ലേ
ഭൂമി ഉരുണ്ടതാണെന്നു വരില്ലേ
ഇഷ്ടമുള്ള വഴികള്‍ തിരഞ്ഞെടുത്ത്
ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുത്ത്
ഇഷ്ടം പോലെ കിടാങ്ങളെയുണ്ടാക്കി
താന്തോന്നികളാവില്ലേ

കയറൂരി വിട്ടാല്‍, ഇളം പുല്ലുകിളിര്‍ക്കുന്ന
മേടുകളില്‍ മേയുന്ന സ്വാതന്ത്ര്യമറിഞ്ഞാല്‍
‍എന്താവും ചരിത്രം ?
യജമാനന്മാര്‍ക്കു കയറിന്‍ തുമ്പത്തു കാളകളുണ്ടാകുമോ
കാളകളില്ലാന്നു വന്നാല്‍ യജമാനന്മാരുണ്ടാകുമോ?
പിന്നെ വണ്ടിച്ചക്രങ്ങള്‍
‍ദൈവമേ ദൈവമേ എന്ന്
ആര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും?

9 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

പ്രിയ സ്നേഹിതരെ,

പാഠപുസ്തക സംവാദത്തിന്റെ വിരസതയില്‍ നിന്നും ഒരു കവിതയിലേക്ക്. കാളകളെ നാം നിത്യവും കാണുന്നില്ലേ? പ്രതികരണങ്ങള്‍ അറിയിക്കുമല്ലോ.

സ്നേഹപൂര്‍വ്വം
മോഹന്‍

ശ്രീ പറഞ്ഞു...

“കാളകളില്ലാന്നു വന്നാല്‍ യജമാനന്മാരുണ്ടാകുമോ?
പിന്നെ വണ്ടിച്ചക്രങ്ങള്‍
‍ദൈവമേ ദൈവമേ എന്ന്
ആര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും?”

കവിത നന്നായി, മാഷേ.
:)

ബാജി ഓടംവേലി പറഞ്ഞു...

കാളകള്‍ നന്നായി, മാഷേ.
കവിതയും നന്നായി, മാഷേ.

സനാതനന്‍ പറഞ്ഞു...

ഈ ലക്കം തർജ്ജനിയിൽ സിമിയുടെ ഒരു കഥയുണ്ട്.അതും കൂട്ടിവായിക്കാം..

കുഞ്ഞന്‍ പറഞ്ഞു...

മോഹന്‍ മാഷെ..

ഞാനും ഒരു കാളയാണ്..!

ഇനിയിപ്പോ കയറു പൊട്ടിച്ചു പോയെന്നിരിക്കട്ടെ വല്യ സിംഹമൊ കടുവായൊ പിടിച്ചു തിന്നില്ലെ അപ്പോള്‍ ത ഈ നുകത്തില്‍ തന്നെ ഉഴുകുന്നതാണ് നല്ലത്. ഒന്നുമില്ലെങ്കിലും അമറാനെങ്കിലും പറ്റുമല്ലൊ.

മാറ്റുവിന്‍ ചട്ടങ്ങളെ.. പറയാന്‍ പറ്റും..ഹഹ അതൊക്കെ പണ്ട് ഇപ്പോള്‍ സ്വന്തം കാര്യം സിന്ദാബാദ്

കടുവയും പുലിയും ഇല്ലാത്ത ഒരു നാള്‍ വരും അന്ന് ഞാന്‍ കയറുപൊട്ടിക്കും സ്വാതന്ത്ര്യത്തിന്റെ പച്ചപ്പുല്ലുകള്‍ ആവോളം തിന്നും..അതുവരെ കീ ജയ് എന്നു പറയാനെ അടിയനു പറ്റൂ..

കിനാവ് പറഞ്ഞു...

നന്നായിരിക്കുന്നു; ഇനിയും നന്നാക്കാമായിരുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

ശ്രീ, ബാജി - വായനക്കും കമന്റുകള്‍ക്കും നന്ദി.

സനാതനന്‍ - തര്‍ജ്ജനിയില്‍ വന്ന സിമിയുടെ കഥയെയും കൂട്ടി വായിക്കാന്‍ നിര്‍ദ്ദേശിച്ചതിനു നന്ദി. തര്‍ജ്ജനി ആദ്യം കണ്ടിരുന്നെങ്കില്‍ ചില മാറ്റങ്ങള്‍ വരുത്തിയേനെ. കഥയിലും കവിതയിലും രണ്ടു പേര്‍ ഒരേ ബിംബം തന്നെ ഉപയോഗിക്കുമ്പോള്‍ ബിംബത്തിന്റെ പൊതു സ്വഭാവങ്ങളോ, അനുഭവങ്ങളോ രണ്ടിടത്തും പ്രത്യക്ഷപ്പെടാവുന്നത് ഇവിടെ സംഭവിച്ചിട്ടുണ്ട്.

കുഞ്ഞാ - ഹ .. ഹ .. ഹാ. കടുവയും പുലിയുമില്ലാത്ത ലോകത്തെപ്പറ്റി പറയുകയാണെങ്കില്‍ ശ്രീനിവാസന്റെ ഒരു കഥാപാത്രം പറയുന്ന സംഭാഷണം കടമെടുക്കേണ്ടി വരില്ലേ “എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം“. എങ്കിലും നുകത്തിലായിരിക്കുമ്പോള്‍ അമറാനെങ്കിലുമുള്ള സ്വാതന്ത്ര്യം - അത് സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തരുന്നു.

കിനാവേ - നന്ദി. ഇനിയും നന്നാക്കാമായിരുന്നു. എഴുതിക്കഴിഞ്ഞ ഉടനെ തന്നെ പോസ്റ്റിയതു കൊണ്ടുള്ള ഒരു കുഴപ്പം കൂടി ഇതിലുണ്ട്. ബ്ലോഗു നല്‍കുന്ന സ്വാതന്ത്ര്യം മൂലം ധൃതി കൂടിപ്പോയി.

സസ്നേഹം
മോഹന്‍

രസികന്‍ പറഞ്ഞു...

നന്നായിരുന്നു മോഹൻ ജീ :
എന്തു ചെയ്യാനാ കുറേ ജന്മങ്ങൾ അങ്ങിനെ .....
കാളകളില്ലാതെ താനുമില്ലാ എന്ന സത്യം മനസ്സിലാക്കിയിട്ടും പല യജമാനന്മാരും അതു മറന്നുപോകുന്നു എന്നത് മറ്റൊരു പച്ചയായ സത്യം !!
തനിക്കു നാലുനേരം സുഭിക്ഷമായി ഭക്ഷണം തരുന്ന യജമാനൻ പുറം തിരിഞ്ഞിരിക്കുമ്പോൽ കുത്തി വീഴ്ത്തുന്ന കാളക്കുട്ടന്മാരുമുണ്ട് എന്നത് സത്യം തന്നെയല്ലെ?

സസ്നേഹം രസികന്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

രസികാ - കാളകളെപ്പറ്റിയുള്ള കമന്റിനു നന്ദി. കാളകളെ എന്നും കാളകളായിക്കാണാനാണ് യജമാനന്മാര്‍ക്കു താല്പര്യം. എന്നാലല്ലേ അവറ്റകളെ അക്രമസമരങ്ങള്‍ക്കും, പുസ്തകം കത്തിക്കലുകള്‍ക്കും, അന്ധവിശ്വാസപ്രചരണങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ പറ്റൂ.