പ്രതികരിക്കുവാനും, പ്രതിഷേധിക്കുവാനും ഓരോ പൌരനും അവകാശമുണ്ട്. എന്നു
വച്ച് പ്രതികരണം പൊതുമുതലോ അന്യരുടെ വസ്തുവകകളോ നശിപ്പിച്ചുകൊണ്ടായിരിക്കരുത് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ്. പക്ഷെ ഇപ്പോള്‍ കുറെ കാലമായി രാഷ്ടീയ നേതൃത്വങ്ങള്‍ തുടങ്ങി പള്ളിവികാരികള്‍ വരെ വര്‍ദ്ധിച്ചു വരുന്ന ഈ പ്രവണതയ്ക്കു പിന്നിലെ പ്രചോദങ്ങളായി
വര്‍ത്തിക്കുകയും, ഇതില്‍ നിന്നും അനുയായികളെ പിന്തിരിപ്പിക്കാന് ആത്മാര്‍ത്ഥമായി യാതൊരു വിധ ശ്രമങ്ങളും നടത്താതിരിക്കുകയും ചെയ്യുന്നു എന്നുള്ളത് നീതിക്കു നിരക്കാത്തതും, ഒരു വിധത്തിലും പൊറുക്കാനാവാത്തതും അങ്ങേയറ്റം അപലപനീയമായതും, ഇക്കൂട്ടര്‍ അലങ്കരിക്കുന്ന പദവികള്‍ക്ക്
ഭൂഷണമല്ലാത്തതുമാകുന്നു.
ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയായി പാഠപുസ്തകങ്ങളെ തീയിലിട്ടു ചുട്ട സംഭവങ്ങളെ കാണേണ്ടതുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ആ ഒരൊറ്റ കാരണം മാത്രം മതി അതിനു പിറകില്‍ ഉത്തേജകങ്ങളായി പ്രവര്‍ത്തിച്ചവരോടുള്ള ആദരവു മുഴുവന്‍ നഷ്ടമാകുവാന്‍.
ഒന്നോ രണ്ടോ പാഠഭാഗങ്ങളില്‍ ആര്‍ക്കൊക്കെയോ വിയോജിപ്പുണ്ട് എന്ന നിസ്സാര കാരണത്താല്‍ പുസ്തകം മുഴുവനായി കത്തിച്ചു കളയുക എന്നത് നെറികേടും, ശിക്ഷയര്‍ഹിക്കേണ്ടതുമാണ്. വിയോജിപ്പുള്ള പാഠഭാഗങ്ങള്‍ പഠിപ്പിക്കാതിരിക്കാം. അതല്ലെങ്കില്‍ തങ്ങളുടെ കുട്ടികളോട് ‘‘മക്കളേ ഈ പാഠങ്ങള്‍ നിങ്ങള്‍ പഠിക്കരുത്” എന്ന് അച്ഛനമ്മമാര്‍ക്കുപദേശിക്കാം. ഈ പാഠങ്ങള്‍ പഠിച്ചില്ലെന്നു വച്ചാല്‍ തന്നെ ഏഴാം ക്ലാസ്സിലെ ഒരു കുട്ടിക്ക് എത്ര മാര്‍ക്കുകള്‍ നഷ്ടപ്പെടും? ഒരിക്കലും ജയിച്ച് എട്ടാം ക്ലാസ്സിലേക്കെത്താതിരിക്കില്ലെന്നില്ലല്ലോ? ഇനി ഒന്നോ രണ്ടോ മാര്‍ക്കുകള്‍
നഷ്ടപ്പെട്ടാല്‍ത്തന്നെ തങ്ങളുടെ വലിയൊരു വിശ്വാസം സംരക്ഷിക്കാന്‍ ചെയ്ത ചെറിയൊരു ത്യാഗം എന്നോര്‍ത്ത് ആശ്വസിക്കാവുന്നതല്ലേയുള്ളു. വിശ്വാസത്തിന്റെ പേരില്‍ പരീക്ഷകള്‍ വരെ ബഹിഷ്കരിക്കാന്‍ തയ്യാറുള്ള ആള്ക്കാര് നമ്മുടെ നാട്ടിലുള്ളപ്പോള്‍ ഇതു വലിയ കാര്യം മറ്റുമാണൊ?
ഏറ്റവും സരളവും മാന്യവുമായ രീതി വിയോജിപ്പുള്ള കാര്യങ്ങളില്‍ എന്തു കൊണ്ട് വിയോജിക്കുന്നു എന്ന് കാര്യകാരണ സഹിതം തങ്ങളുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക എന്നുള്ളതാണ്. അവര്‍ക്കും അറിയണമല്ലൊ തങ്ങളുടെ പേരു പറഞ്ഞുള്ള ഈ പുകിലെന്തിനുള്ളതാണെന്ന് ? എന്തു പഠിക്കുന്നു എന്നുള്ളതിനേക്കാള്‍, പഠിച്ചതിനെ എങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നതാണല്ലോ
വിദ്യാഭ്യാസം കൊണ്ടുണ്ടാകേണ്ടിയിരിക്കുന്നത് ? ഇത്രയധികം ലളിതമായ പോം
വഴികള്‍ മുന്നിലുള്ളപ്പോള്‍, പാഠപുസ്തകമപ്പാടെ തീയിലെറിഞ്ഞ് കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു ചുടു ചോറു വാരിക്കുന്ന പ്രവൃത്തി നെറികെട്ട രാഷ്ട്രീയ നേതൃത്വങ്ങളും, മതനേതൃത്വങ്ങളും അക്ഷര കേരളത്തോട് ചെയ്തത് കടുത്ത അനീതിയായിപ്പോയി എന്നതില്‍ ലേശം സംശയമില്ല.
വിലക്കയറ്റത്തിനെതിരെ സമരം നയിക്കുന്നവര്‍ എന്തുകൊണ്ട് നോട്ടുകെട്ടുകള്‍ കത്തിച്ചു സമരം ചെയ്യുന്നില്ല? അതിനിത്തിരി പുളിക്കും അല്ലേ? കിട്ടുന്ന നോട്ടുകള്‍ കീശയില്‍ തിരുകാന്‍ മാത്രമറിയുന്നവര്‍ക്കതിനു കഴിയുമോ? പിന്നെ നോട്ടു കത്തിച്ചാല്‍ വിവരമറിയും. അതിനുള്ള നിയമമുണ്ട്. അതു പോലെ തങ്ങള്‍ നശിപ്പിക്കുന്ന ഒരോ വസ്തുവിന്റേയും വിലയായി നമ്മള് നോട്ടു കെട്ടുകളാണ് ചിലവാക്കുന്നതെന്ന ബോധം ജനതയില്‍ വളര്‍ത്താന്‍ ശ്രമിക്കേണ്ടവരാണ്
നേതൃത്വങ്ങള്‍.
ഇതു നടപ്പാക്കാന്‍ കര്‍ശനമായ നിയമം വരണം. സുപ്രീം കോടതി നേരിട്ടിടപെട്ട് ഇത്തരം നശിപ്പിക്കലിനെതിരെ ഏറ്റവും കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കണം. അനുയായികള്‍ നശിപ്പിച്ചാല്‍ നേതക്കളെയോ അതിനാഹ്വാനം ചെയ്തവരേയോ പ്രേരിപ്പിച്ചവരേയോ പിടിച്ച്
ജയിലിലടക്കണം. പ്രേരിപ്പിച്ചവര്‍ കൈയൊഴിഞ്ഞാല്‍ പിന്നെ ഒന്നും നോക്കാനില്ല, നശിപ്പിച്ചവനെ ശിക്ഷിക്കണം. ഇങ്ങനെയായാല്‍ കയ്യൊഴിയപ്പെട്ടവരെ ജയിലില്‍ നിന്നിറക്കാന്‍ പ്രേരിപ്പിച്ചവര്‍ വരില്ല. ആരും ഇറക്കാനില്ലാതായാല്‍ പിന്നെ മേലാലൊരു നശിപ്പിക്കലിനും ശിക്ഷ കിട്ടിയവര്‍ മുതിരുകയുമില്ല. അങ്ങിനെ സ്വന്തം ചെയ്തികളുടെ ഉത്തരവാദിത്വത്തില്‍ നിന്നുമൊഴിഞ്ഞു മാറാന്‍ നേതാക്കള്‍ക്കോ അനുയായികള്‍ക്കോ കഴിയാതെ വരുമ്പോള്‍ ഈ നശിപ്പിക്കല്‍ പ്രക്രിയ താനേ
നിന്നു കൊള്ളും.
2008, ജൂൺ 30, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയായി പാഠപുസ്തകങ്ങളെ തീയിലിട്ടു ചുട്ട സംഭവങ്ങളെ കാണേണ്ടതുണ്ട്.
അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ആ ഒരൊറ്റ കാരണം മാത്രം മതി അതിനു പിറകില്‍ ഉത്തേജകങ്ങളായി പ്രവര്‍ത്തിച്ചവരോടുള്ള ആദരവു മുഴുവന്‍ നഷ്ടമാകുവാന്‍.
സുഹൃത്തെ താങ്കള്‍ക്കെന്താണു പറയുവാനുള്ളത്?
സസ്നേഹം
മോഹന്‍
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വളരെയധികം സംഭാവനകള്‍ നല്കിയെന്നെപ്പോഴും അവകാശപ്പെടുന്നവര്‍, ഈശ്വരവിശ്വാസത്തിനും മതവിശ്വാസത്തിനും സന്ധിയില്ലാതെ പോരാടുന്നവര്‍, പുസ്തകങ്ങള്‍ തീയിലിട്ടു കത്തിച്ച സംസ്കരശൂന്യതെക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നോര്‍ക്കണം!
പ്രിയ മോഹന്‍,
കേരലത്തിലെ പ്രതിഷേധങ്ങല് മൊത്തത്തില്‍ ഇന്നീ രീതിയിലായിട്ടില്ലെ?
കത്തിച്ചതാരാണു? വളരെ വ്യക്തമല്ലെ? അക്ഷര വൈരികള്‍.അവരുടെ ഗുരുക്കന്മാരുടെ ചെയ്തികള്‍ കേരളം കുറെക്കാലം കൊണ്ടാടിയതല്ലെ?
പുസ്തകം ഒരു സംസ്കാരത്തിന്റെ ഭാഗമാണു.അപ്പൊള്‍ അതു കത്തിക്കുന്നതു സംസ്കാരത്തെ തിരസ്കരിക്കുന്നവര്‍.
മോഹന്‍....ഒരു വലിയ സത്യം ആണ് താങ്കള്‍ ഇവിടെ പറഞ്ഞത്.പക്ഷെ വിവരവും വിദ്യാഭ്യാസവും ഉണ്ടെന്നു സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രി കണ്ടു കൊണ്ടിരിക്കുന്നു... പിന്നെയല്ലെ. ബുക്ക് കത്തിച്ചത് കുട്ടികളല്ല,റ്റീച്ചറൂം അല്ല... രാഷ്ടീയക്കാരാണ്,അവരുടെ പാര്‍ട്ടിക്കു വേണ്ടി, അവരുടെ ആവശ്യം സാധിക്കാന്‍ വേണ്ടി ഒരു പഠപുസ്തകത്തിലെ വാചകത്തെ കരുവാക്കി, അപ്പൊ,ആരെ കുറ്റം പറയും.കുറ്റം നമ്മുടെ ആരുടെയും അല്ലെ,പക്ഷെ ഇവരെയൊക്കെ ജയിപ്പിച്ചു വിട്ട പൊതുജനം!!!!!!.നാളെ എന്റെ മകന് പഠിക്കനിഷ്ടമല്ല എന്നു പറഞ്ഞു പഠപുസ്തകം കത്തിച്ചാല്‍ ഞാന്‍ ആരോടു പറയും...അവന് തിരിച്ച് എന്നോടു പറയും”നാടു നന്നാക്കുന്നവര്‍ക്ക് ചെയ്യാമങ്കില് എനിക്കെന്തു കൊണ്ടു പാടില്ല???. ഇതു കുട്ടികളെയോ അദ്ധ്യാപകരുടെയോ കുറ്റമല്ല???
ബൈജു പറഞ്ഞതു വളരെ ശരിയാണ്. ഒരു കോലം കത്തിക്കുന്ന ലാഘവം മാത്രമേ പുസ്തകങ്ങള്‍ കത്തിക്കുന്നതു കാണുമ്പോള്‍ പലര്‍ക്കും തോന്നിയുള്ളു എന്നു വേണം കരുതാന്‍. അക്ഷരങ്ങള്‍ എരിഞ്ഞു തീരുമ്പോള്‍ ആര്‍ക്കും പൊള്ളുന്നില്ല. മനുഷ്യര്‍ ജീവനോടെ എരിഞ്ഞുതീരുന്നത് കണ്ടു കണ്ടു ബാധിച്ച മരവിപ്പാകാം കാരണമെന്നു കരുതാം.
അനില്‍ - ഈ വിധത്തിലുള്ള പ്രതിഷേധങ്ങള്‍ അര്‍ത്ഥശൂന്യവും അപകടകാരികളുമാണ്. പാഠപുസ്തകങ്ങളില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ പതിന്മടങ്ങ് impact ഇത്തരം കാഴ്ചകള്‍ കുട്ടികളുടെ മസ്തിഷ്കങ്ങളിലേല്പ്പിക്കുന്നില്ലെ?
സ്വപ്ന - നമ്മള് ആരെ കുറ്റം പറയും? അര്‍ത്ഥവത്തായ ചോദ്യം. പാഠപുസ്തകസമരം അനാവശ്യമാണെന്ന് പൊതുജനങ്ങളില്‍ ഭൂരിപക്ഷത്തിനും തോന്നാന്‍ തുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
വായനയ്ക്കും പ്രതികരണങ്ങള്‍ക്കും നന്ദി.
സസ്നേഹം
മോഹന്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ