2007, ഡിസംബർ 1, ശനിയാഴ്‌ച

സിംഹം


സിംഹമേ
മുരണ്ടത് നീയായിരുന്നുവൊ?
അതോ കറ്റോ
അതോ എന്റെ ചൂടു പങ്കിടുന്ന
ഇണയുടെ കൂര്‍ക്കം വലികളോ?
കൊഴിഞ്ഞു തീരാറായ ബലിഷ്ഠ നിമിഷങ്ങളുടെ
ഊര്‍ദ്ധന്‍ വലികളോ?
അതെന്തായിരുന്നാലും
രാവിന്റെ സിരകളില്‍
അസംതൃപ്തയായൊരു നദി പോലെ
ഞാന്‍ അലസമായൊഴുകുന്നുണ്ട്
എനിക്കെവിടെയെങ്കിലും ഒന്നള്ളിപ്പിടിക്കണം
ഒന്നലറിക്കരയണം
തിളച്ച കടലിന്റെ നീരാവികള്‍ സ്വരുക്കൂട്ടി
ഒരു മേഘമായുയര്‍ന്ന്
ചതുപ്പു മനസ്സുകളില്‍ തിമിര്‍ത്തു പെയ്യണം
അവയില്‍ അടിഞ്ഞു കൂടിയ
ഇരുളുകളൊക്കെയും കഴുകിക്കളയണം
അലക്ഷ്യമായലയുന്ന വായുവിന്റെ
കരുത്ത് മുഴുവന്‍ ആവാഹിച്ച്
ഒരു പ്രചണ്ടവാതമായുയര്‍ന്ന്
ചെറു തൈക്കളെ വളരാനനുവദിക്കാതെ
ധാര്‍ഷ്ട്യത്തോടേ വളര്‍ന്നു നില്‍ക്കുന്ന
വടവൃക്ഷങ്ങളില്‍
ഉന്മാദത്തോടെ ചുറ്റിപ്പടരണം
കടപുഴകി
വേരറ്റ്
നീരറ്റ്
ഉണങ്ങി
അവ ഭൂമിയിലലിയുമ്പോഴേക്കും
പുതു വിത്തുകള്‍ മുള പൊട്ടി
വളര്‍ന്നു വലുതായി തണല്‍ വിരിച്ച്
ഇളം കാറ്റുകള്‍ പൂക്കുന്ന ശാഖികളില്‍
സുഗന്ധം നീട്ടി നില്‍ക്കുന്നുണ്ടാകും.

മൃഗേന്ദ്രാ..
എന്നെ ഉറക്കാതെ,
മറ്റൊന്നും ചിന്തിക്കാന്‍ പോലുമനുവദിക്കാതെ,
വെടിയൊച്ചകളുടേയും ആര്‍ത്ത നാദങ്ങളുടേയും
ഈ രാത്രികള്‍ തോറും
നീയെന്തിനാണെനിക്കു കാവലിരിക്കുന്നത്?
ഞാന്‍ പോലുമറിയാതെ എന്റെ പാദങ്ങള്‍
ഒരു ദുരന്തത്തിലേക്ക്
ഉടന്തടി ചാടുമെന്നോര്‍ത്ത്
ഭയന്നാണോ?

കാല്‍ തൊട്ടു ശിരസ്സു വരെ ആസകലം മൂടീ
“ട” പോലെ വളഞ്ഞ്
കൈകളെ കാലുകള്‍ക്കിടയിലെ
ഇളം ചൂടിന്റെ സുരക്ഷിതത്വത്തിലേല്‍പ്പിച്ച്
ഭയമില്ലാതെ,
എന്റെ പൂര്‍വ്വികരെപ്പോലെ
എനിക്കൊന്നുറങ്ങണമെന്നുണ്ട്
അതു നിവൃത്തിയാക്കാന്‍
നീയെന്നാണൊന്നുറങ്ങുക?

5 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

കാലം നിനക്കായ് കാവല്‍ നില്‍‌ക്കും
മൂടിപ്പുതച്ചുറങ്ങുക...
ആലസ്യം വിട്ട് ഉണരുക...
സ്‌നേഹ നദിയായ് പെയ്‌തിറങ്ങുക......
അദൃശ്യ ശക്‌തികള്‍ കൂട്ടിനുണ്ടാകും.

Murali K Menon പറഞ്ഞു...

സാധാരണയായി നല്ലതിനെക്കുറിച്ച് മലയാളിയോട് അഭിപ്രാ‍യം ചോദിച്ചാല്‍ പറയുന്ന ഒരു കമന്റില്ലേ അതിവിടെ ഇടാം.

“കൊഴപ്പം‌ല്യ”

പിന്നെ ദീര്‍ഘം പോയത് ശരിയാക്കണം ട്ടാ

അതോ കറ്റോ - കാറ്റോ

Mahesh Cheruthana/മഹി പറഞ്ഞു...

ഇഷ്ടമായി!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കമന്റുകളെഴുതിയ ബാജിക്കും, മുരളിക്കും, മഹേഷിനും ഒപ്പം ഈ കവിത വായിച്ച എല്ലാവര്‍ക്കും നന്ദി. ദൈര്‍ഘ്യം കൂടി എന്നു മുരളി പറഞ്ഞത് ശരിയാണെന്നു തോന്നുന്നു.

കാട്ടുപൂച്ച പറഞ്ഞു...

തിളച്ച കടലിന്റെ നീരാവികള്‍ സ്വരുക്കൂട്ടി
ഒരു മേഘമായുയര്‍ന്ന്
ചതുപ്പു മനസ്സുകളില്‍ തിമിര്‍ത്തു പെയ്യണം
അവയില്‍ അടിഞ്ഞു കൂടിയ
ഇരുളുകളൊക്കെയും കഴുകിക്കളയണം
ശാന്തതയും ഗംഭീരതയും ഒന്നിച്ചാൽ ഉണ്ടാകാവുന്ന ഒരു തരളിത ഭാവം ഈ വരികളിൽ നിഴലിക്കുന്നു . ഘനശ്യാമങ്ങളുടെ തേർവാഴ്ച വിവിധങ്ങളായി പരിണമിക്കുന്നതുപോലെ.