2007, നവംബർ 17, ശനിയാഴ്‌ച

കാവല്‍ക്കാര്‍

എനിക്കും നിനക്കുമിടയില്‍
അദൃശ്യമായൊരതിര്‍ത്തിയുണ്ടെന്ന്
ഭൂമിശാസ്ത്രത്തില്‍ നമ്മള്‍ പഠിച്ചതാണ്
നിന്റെ വശത്ത് നിന്നെയും
എന്റെ വശത്ത് എന്നെയും
നമുക്കൊരിക്കലും കാണാന്‍ കഴിയാത്ത
അതിര്‍ത്തികള്‍ ‍കാക്കാന്‍
തോക്കുകള്‍ ചൂണ്ടി നിറുത്തിച്ചത്
ജീവിതമാകാം.
തോക്കുകള്‍ താഴെ വക്കുമ്പോള്‍
പരസ്പരം പുണര്‍ന്നതും
വിയര്‍പ്പുകളും നിശ്വാസങ്ങളും പങ്കു വച്ചതും
നമുക്കും മാത്രം മനസ്സിലാകുന്ന
കാര്യങ്ങളായിരുന്നു.
അതിര്‍ത്തികളൊന്നും തിരക്കാതെ
പകലുകളും രാത്രികളും
നമുക്കിടയിലൂടെ
പല വട്ടം കടന്നു പോയി


പറഞ്ഞു‍ ഞാന്‍
അമ്മയുടെ വാതത്തെപ്പറ്റിയും
അഞ്ജു മോളുടെ പഠിപ്പിനെപ്പറ്റിയും
നീ

വാപ്പയുടെ ശ്വാസം മുട്ടലിനെപ്പറ്റിയും
അനിയത്തിയുടെ പ്രണയത്തെപ്പറ്റിയും
ആമിനയുടെ ഉദരത്തില്‍
പറ്റിപ്പിടിച്ചു വളരുന്ന തളിരിനെക്കുറിച്ചും

നമ്മള്‍ പോലുമറിയാതെ
എന്റെ നിഴല്‍ നിന്റേയും
നിന്റെ നിഴല്‍ എന്റേയും
പാദങ്ങളെ
പലപ്പോഴും സ്നേഹത്തോടെ തഴുകി.

ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും
ചൂടു മൂത്തൊരുച്ചയില്‍
നമ്മുടെ തോക്കുകളുയര്‍ത്തിയ വെടിയില്‍
തല തകര്‍ന്ന് മരിച്ചു വീണ പകലിനൊപ്പം
ചോര വാര്‍ത്ത് നമ്മളും തളര്‍ന്നു വീണു
ഒരിക്കലും ഉണരാതെ.

17 അഭിപ്രായങ്ങൾ:

ഏ.ആര്‍. നജീം പറഞ്ഞു...

ഒരുപാട് പ്രയാസങ്ങളും വിഷമങ്ങളും ഉള്ളിലൊതുക്കി നാമുറങ്ങുമ്പോള്‍, ഉറങ്ങാതെ ജാഗ്രതയോടിരുന്ന് നമ്മളെ കാക്കുന്ന; നമ്മുടെ നാടിനെ കാക്കുന്ന നമ്മുടെ പട്ടാളക്കാരെ ഓര്‍‌മ്മിപ്പിക്കുന്ന പോസ്റ്റ്...

നന്ദി

വാല്‍മീകി പറഞ്ഞു...

നല്ല കാഴ്ചപ്പാട്. വളരെ നന്നായി.

വല്യമ്മായി പറഞ്ഞു...

നല്ല ചിന്ത,നല്ല വരികള്‍

ബാജി ഓടംവേലി പറഞ്ഞു...

നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| പറഞ്ഞു...

വരികള്‍ കൊള്ളാം..:)

എന്റെ ഉപാസന പറഞ്ഞു...

കവിത കൊള്ളാം
വാരര് ഉം ഇതു പോലെ ഒന്ന് എഴുതിയിരുന്നു...
സെയിം വിഷയ്ത്തോടെ.

കീപ് ഇറ്റ് അപ്
:)
ഉപാസന

ഓ. ടോ: ലേ ഔട്ട് പ്ലെയില്‍ മതി

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

നന്നായി, ഇഷ്ടമായി.

ഓ.ടോ: ള്‍, ല്‍, ര്‍, ന്‍ എന്നിവക്കു പകരം സ്ക്വയര്‍ മാത്രം കാണുന്നു.

പ്രയാസി പറഞ്ഞു...

അതെ പാവം പട്ടാളക്കാരെക്കുറിച്ചുള്ള നല്ലൊരു കവിത.. നന്നായി മാഷെ..

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) പറഞ്ഞു...

നജീം, വല്‍മീകി, വല്ല്യമ്മായി, ബാജി, ജിഹേഷ്, ഉപാസന, മുരളി, പ്രയാസി - എല്ലാവര്‍ക്കും നന്ദി.
ഉപാസന പറഞ്ഞ കവിത എവിടെയാണ് വായിക്കാന്‍ കിട്ടുക എന്നറിയിച്ചാല്‍ നന്നായിരുന്നു.
ഫോണ്ട് പ്രശ്നത്തില്‍ നിന്ന് ഇനിയും കര കയറിയിട്ടില്ല എന്ന് മുരളിയുടെ പോസ്റ്റില്‍ നിന്നും മനസ്സിലായി. കേരള font ഉപയോഗിച്ച് വരമൊഴിയില്‍ എഴുതി യൂണിക്കോഡിലേക്ക് EXPORT ചെയ്യുകയാണ് ചെയ്യുന്നത്. ഇതല്ലാതെ വേറെ വല്ല വഴികളുമുണ്ടെങ്കില്‍ പരീക്ഷിക്കാമായിരുന്നു.

Sul | സുല്‍ പറഞ്ഞു...

മോഹന്‍
ആദ്യമായാണ് ഇവിടെ.
കവിത വളരെ നന്നായിരിക്കുന്നു.
ഇനി ബാക്കിയെല്ലാം വായിക്കണം.
-സുല്‍

skuruvath പറഞ്ഞു...

ആശയം നന്നായിരിക്കുന്നു

സപ്ന അനു ബി. ജോര്‍ജ്ജ് പറഞ്ഞു...

പട്ടാളക്കാരെക്കുറിച്ചുള്ള കവിതയെങ്കിലും ആശയാവിഷ്ക്കരണം നന്നായിരിക്കുന്നു.മനസ്സില്‍ തട്ടി.

സപ്ന അനു ബി. ജോര്‍ജ്ജ് പറഞ്ഞു...

പട്ടാളക്കാരെക്കുറിച്ചുള്ള കവിതയെങ്കിലും ആശയാവിഷ്ക്കരണം നന്നായിരിക്കുന്നു.മനസ്സില്‍ തട്ടി.

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

കവിത വളരെ നന്നായി
പ്രത്യേകിച്ച് ആദ്യഭാഗം .
പക്ഷെ അത്രയും മുറുക്കം കവിതയില്‍ അവസാനഭാഗത്ത് നഷ്ടപ്പെട്ടു പോയി.

എന്നിരുന്നാലും കവിതയിലെ നീറ്റല്‍ വല്ലാതെ പടരുന്നു.
ജീവിതം അങ്ങിനെയാണല്ലോ..
തോക്കുകള്‍ കഥപറയുന്നു അല്ലേ... ജീവിതത്തില്‍ തോക്കുകളില്‍ ഉണ്ടകള്‍ നഷ്ടപ്പെടുമ്പോള്‍ വിഹ്വലത ശരിക്കും അവതരിപ്പിക്കുന്നു.
തോക്ക് ഇവിടെ ജീവിതത്തിലെ ബിംബമാകുന്നു. ജീവിതത്തിലെ സുഖങ്ങളുടെ ആസ്വാദതയുടെ ബിംബമാകുമ്പോള്‍ കാവല്‍ നില്‍ക്കുന്നത് നമ്മുടെ തന്നെ മന:സ്സാക്ഷി തന്നെ.
മന:സാക്ഷി നഷ്ടപ്പെട്ടോരു സമൂഹം നമുക്ക് മുമ്പില്‍ ഉയര്‍ന്നു വരുന്നു.
അതു കൊണ്ടാണ് ചൂടു മൂത്തൊരുച്ചയില്‍ തല തകര്‍ന്നു പോകുന്നത്.
നമ്മള്‍ ചോര വാര്‍ന്നിരുക്കുന്നത് ഒരുപക്ഷെ പരസ്പരം തിരിച്ചറിയാനാവാതെ അംഗഭംഗം വന്ന തലകളെ തേടുകയായിരിക്കണം.
വിശ്വാസത്തിന്‍ റേ ഈരെടുപ്പ് ഒരു വല്യ ചോദ്യ ചിഹനമായി നമുക്ക് മുന്നില്‍ !!!

മനസ്സുരുക്കുന്ന കവിതയ്ക്കും കവിക്കും അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അമൃതാ വാര്യര്‍ പറഞ്ഞു...

കവിത നന്നായിട്ടോ...
ഫോണ്ടിന്റെ കാര്യത്തില്‍ അല്‍പം കൂടി ശ്രദ്ധിക്കണം...
... ആശംസകള്‍..

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) പറഞ്ഞു...

സുല്‍, skuruvath,സ്വപ്ന - കമന്റുകള്‍ക്കു നന്ദി. പട്ടാളക്കാരെക്കുറിച്ച് അമൃതയെഴുതിയ “സൈനികന്‍” എന്ന കവിതയും നന്നായിട്ടൂണ്ട്. ഇരിങ്ങലിന്റെ നിരീക്ഷണത്തിനു പ്രത്യേകം നന്ദി. കവിതയുടെ ശക്തിക്കൊപ്പം ദൌര്‍ബ്ബല്ല്യങ്ങളും പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. കവിതയുടെ വളര്‍ച്ചക്കു അത് അത്യാവശ്യമാണെന്ന പക്ഷക്കാരനാണ് ഞാന്‍.

ഞാന്‍ സന്തോഷ്. പറഞ്ഞു...

സന്തോഷം.. സ്നേഹത്തോടെ