2007, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

മണല്‍മരുഭൂമിയിലൂടെ അച്ഛന്റെ കൈവിരൽത്തുമ്പു പിടിച്ചു നടക്കവെ കുട്ടി ചോദിച്ചു -


"ഇനിയെത്ര ദൂരം നടക്കണം അച്ഛാ"

"അധികമില്ല മകനേ, നമുക്കു മുന്നിലെ ഈ മണൽക്കൂര കയറിക്കടന്നാൽ മതി. അതിനുമപ്പുറം ഒളിഞ്ഞിരിക്കുന്ന അകാശച്ചെരുവിലേക്കിറങ്ങിയാൽ മതി"

മുഴുവനാക്കും മുമ്പേ അയാളുടെ വാക്കുകളെ, ഓർക്കാപ്പുറത്തെവിടെനിന്നോ ചീറിപ്പഞ്ഞു വന്ന കാറ്റ്‌ പറത്തിക്കൊണ്ടു പോയി. ദൂരെയേതോ മണൽക്കൂനകളിൽ മലരു പോലെ വെന്തു വീഴുന്ന വാക്കുകളെ അയാൾ മനസ്സിൽ കണ്ടു.

"ദാഹിക്കുന്നു അച്ഛാ, എനിക്കു വെള്ളം വേണം"
"തുകൽ സഞ്ചിയിലെ അവസാനത്തെ തുള്ളി വെള്ളവും നീ കുടിച്ചില്ലേ മകനേ. നമ്മുടെ ഒട്ടകത്തിന്റെ അവസാന തുള്ളി ചോരയും നീ കുടിച്ചില്ലേ മകനേ"

"എന്നിട്ടുമെനിക്കു ദാഹം തീരാത്തതെന്താണച്ഛാ"

"ദാഹം ഒരിക്കലും തീരില്ല മകനേ. അതിനു ശമനമേ വരൂ. അഗ്നി പോലെ അതു ചുരുങ്ങുകയും പിന്നെ ആളിക്കത്തുകയും ചെയ്യും"

"എന്റെ തൊണ്ടയിൽ നിറയെ തീയെരിയുന്നച്ഛാ"

"സാരമില്ല, കുറച്ചു കൂടി നടന്നാൽ മതി, ദാ മുന്നിൽക്കാണുന്ന മരുപ്പച്ചയുടെ വക്കിലെത്തിയാൽ മതി"

അവർ നടന്നു. സൂര്യന്റെ അഗ്നിക്കുടക്കു കീഴെ പഴുത്ത മണൽത്തരികളിലൂടെ നടക്കുമ്പോൾ തങ്ങൾ അനേകശതം അസ്ഥിത്തരികളിലൂടെയാണു നടക്കുന്നതെന്നവർക്കു തോന്നി.

"എനിക്കു തല കറങ്ങുന്നച്ഛാ, ഇനി നടക്കാൻ വയ്യ"
"തളരരുത്‌ മകനേ, തളർന്നാൽ എല്ലാം തീർന്നു. നീ അമ്മയെ ഓർത്തോളൂ, അമ്മയുടെ പുഞ്ചിരിയും, സ്പർശനങ്ങളും ഓർത്തോളൂ"
"ഓർമ്മകൾ വരുന്നില്ലച്ഛാ - അമ്മയുടെ സ്പർശം മാത്രം എന്റെ വിരലുകളിൽ കുളിരു പകരുന്നതു പോലെ. കുഴഞ്ഞു വീണപ്പോൾ നമ്മളമ്മയെ മരുഭൂമിയിൽ ഉപേക്ഷിക്കരുതായിരുന്നച്ഛാ - എനിക്കു സങ്കടം വരുന്നു"
"തിരിഞ്ഞു നോക്കാനോ സങ്കടപ്പെടാനോ പാടില്ല മകനേ, അമ്മ നമ്മളോടൊപ്പം തന്നെയുണ്ട്‌"

അവനൊന്നും മിണ്ടിയില്ല. അച്ഛനോടൊപ്പം നടക്കുമ്പോൾ സങ്കടം തൊണ്ടയിലകപ്പെട്ട മുൾപ്പന്തു പോലെ അവന്റെ മനസ്സിലുടക്കിക്കിടന്നു. കാറ്റിൽ അമ്മയുടെ വസ്ത്രങ്ങളുലയുന്ന ശബ്ദമവൻ കേട്ടു.

നടന്നു നടന്ന് അവരൊരു ഈന്തപ്പനയുടെ കീഴിലെത്തി. അതിന്റെ തണലുകളില്ലാത്ത ചുവട്ടിൽ അവരിരുന്നു. അവരുടെ പാദങ്ങൾ വിണ്ടു കീറിയിരുന്നു. കണ്ണുകൾ പുറത്തോട്ടു തള്ളി വന്നിരുന്നു. ചുണ്ടുകൾ വരണ്ടു പൊട്ടിയിരുന്നു. അച്ഛന്റെ മടിയിൽ തളർന്നു കിടന്നവൻ മേലോട്ടു നോക്കി. "ഈ പനയിൽ നിറയെ ഈന്തപ്പഴങ്ങളുണ്ടല്ലോ അച്ഛാ, അവയെന്നാ പഴുക്കുക"
അവയിലേക്കു നോക്കാതെ അച്ഛൻ പറഞ്ഞു -
"വെയിലിനിനിയും ചൂടു കൂടുമ്പൊൾ, കാറ്റിനിനിയും ശക്തി കൂടുമ്പോൾ"
അവൻ ഇടർച്ചയോടെ അച്ഛനോട്‌ വീണ്ടും ചോദിച്ചു -"ഈ ചൂടെന്നാ തീരൂക, ഈ കാറ്റ്‌ എന്നാ ഒതുങ്ങുക"

"എല്ലാ ഈന്തപ്പഴങ്ങളും പഴുത്തു തീരുമ്പോൾ" - അച്ഛൻ പറഞ്ഞു.

അവൻ പിന്നെ ഒന്നും ചോദിച്ചില്ല. വെയിലിനു ചൂടു കൂടുകയും, കാറ്റിന്‌ ഇടിമിന്നലുകളുടെ വേഗതവരികയും ചെയ്തപ്പോൾ ഈന്തപ്പഴങ്ങൾ പഴുത്തു. മോഹിപ്പിക്കുന്ന സ്വർണ്ണഗോളങ്ങൾ പോലെ അവ ഇളം കാറ്റിലുലഞ്ഞു. പിന്നെ ഒന്നൊന്നായി ഞെട്ടിൽ നിന്നടർന്ന് താഴേക്കു വീണു. അവ തിന്നാൻ അച്ഛനും മകനുമുണ്ടായിരുന്നില്ല. ഈന്തപ്പനയുടെ കീഴെ രണ്ടു കൊച്ചു മണൽക്കൂമ്പാരങ്ങൾ കുറച്ചു നാൾ കിടന്നു. പിന്നെ കാറ്റ്‌ അവയേയും അടിച്ചു പറത്തി.(മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്)

7 അഭിപ്രായങ്ങൾ:

എം.കെ.നംബിയാര്‍ പറഞ്ഞു...

മോഹന്‍ ജീ,
ബ്ലോഗ് ഇന്നാണ് വായിച്ചത്.നന്നായിരിക്കുന്നു.
ആശംസകള്‍,
എംകെനംബിയാര്‍

ബാജി ഓടംവേലി പറഞ്ഞു...

നന്നായിരിക്കുന്നു

ഏ.ആര്‍. നജീം പറഞ്ഞു...

കുറഞ്ഞ വാക്കൂകളില്‍ മനോഹരമായി വരച്ചിട്ടിരിക്കുന്നു ..നന്ദി...

കുഞ്ഞന്‍ പറഞ്ഞു...

വളെരെ നന്നായിരിക്കുന്നു...

ഇതു വായിച്ചപ്പോള്‍ കഥയിലെ കുട്ടിയുടെ അവസ്ഥ തന്നയായിരുന്നില്ലേ എന്റെയും അവസ്ഥയെന്നു തോന്നിപോകുന്നു. പക്ഷെ ഒരു വ്യത്യാസംമാത്രം എല്ലാം തരണം ചെയ്ത്‌ എനിക്കായീന്തപ്പഴം കഴിക്കന്‍ പറ്റി.

SHAN പറഞ്ഞു...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

വിഷ്ണു പ്രസാദ് പറഞ്ഞു...

നന്നായി എഴൂതി.അഭിനന്ദങ്ങള്‍...

MOHAN PUTHENCHIRA പറഞ്ഞു...

എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി. എല്ലാ വായനക്കാര്‍ക്കും നന്ദി. ഓണാശംസകള്‍