2007, ജൂലൈ 11, ബുധനാഴ്‌ച

ഒരു വിലാപം







രാവേറെക്കഴിഞ്ഞിട്ടുണ്ടായിരിക്കണം
കോഴികൾ പലവട്ടം കൂവിക്കഴിഞ്ഞിരിക്കുന്നു
ആദ്യത്തെ കോഴി കൂകും മുമ്പേ
എന്നെ മൂന്നു വട്ടം
തള്ളിപ്പറയേണ്ടവനെവിടെ?
മരക്കുരിശ്ശും, മുൾമുടിയുംകടം വാങ്ങി
എത്ര നേരമായി കാത്തിരിക്കുന്നു?
പീഡനത്തിന്റെയും കുരിശ്ശുമരണത്തിന്റേയും
തൽസമയ സംപ്രേക്ഷണാവകാശംവാങ്ങിയവർ
ക്യാമറകൾ ചൂണ്ടി ഭീഷണിയോടെ മുന്നിലുണ്ട്‌
അവരിൽ നിന്നും ഒരു പാലായനം അസാദ്ധ്യം
ടീ വി സ്ക്രീനിനു മുമ്പിൽ
പ്രേക്ഷകർ ഉറങ്ങാതെ തിന്നും കുടിച്ചും കാത്തിരിക്കുന്നു
ക്ഷമ കെടുമ്പോൾ 'ഓനിഡാ' യുടെ പരസ്യം പോലെ
ഏതു നേരവും അവർ ടീ വി സെറ്റുകൾ ഉടച്ചു തകർത്തേക്കാം
പിന്നെയവർ എന്നെത്തേടിയെത്തും
ഇത്രയും പേർക്കൂറ്റിയെടുക്കാനുള്ള രക്തവും മാംസവും
എന്റെ ശരീരത്തിലില്ലല്ലോ പിതാവേ
എന്നെ ഒറ്റിക്കൊടുക്കേണ്ടവനെ ഇനിയും കാണുന്നില്ലല്ലോ
യൂദാസേ, വഞ്ചകാ നീയാരുടെ 'സെറ്റിൽ'പ്പോയൊളിച്ചു
നേരവും വെളുത്തു കഴിഞ്ഞല്ലോ ....
ദൈവമേ, നീയും എന്നെ കൈ വിട്ടതെന്തേ?
ദയവായി, ഈ കഥാപാത്രത്തെ എന്നിൽ നിന്നുമകറ്റേണമേ..






(ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)

2 അഭിപ്രായങ്ങൾ:

സാല്‍ജോҐsaljo പറഞ്ഞു...

:)

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ബൂലോകത്ത് പരസ്പരം അറിയാത്ത പലരും ബഹറിനില്‍ ഉണ്ടെന്നുള്ളത് സന്തോഷം നല്‍കുന്നു.
നമുക്കൊന്നു പരസ്പരം കണ്ടുകൂടേ?

അറിയാവുന്നവര്‍ ഞങ്ങള്‍ ഒരു ബഹറിന്‍ പ്രാരംഭ മീറ്റ് നടത്തിയിരുന്നു. ആളുകളുടെ എണ്ണം കൂടുമ്പോള്‍ വെറുതെ പരിചയപ്പെടാന്‍ നമുക്ക് ഒത്തുകൂടാം എന്ന് കരുതുന്നു.
ഇ-മെയില്‍ അയക്കുമല്ലൊ
komath.iringal@gmail.com
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍