നിന്ടെ വരവാരുമറിഞ്ഞില്ല, പക്ഷെ
നിന്ടെ പോക്കെല്ലാരുമറിഞ്ഞു
നിനച്ചിരിക്കാത്ത നേരത്ത്
നിനക്കൊപ്പം കളിച്ചു നിന്നവരെ
നീ കവര്‍ന്നെടുത്തു മറഞ്ഞു
അഗാധതയുടെ അത്യാര്‍ത്തിയിലേക്ക്
നിന്ടെ സഹസ്ര ഹസ്തങ്ങള്‍
അവരുടെ ചോരയെ ഊറ്റിയൊഴിച്ചു
ജഡങ്ങളേന്തിയ തിരകളിലൂടെ ഇരമ്പി വന്ന പുലരി
കടലെടുത്ത മിഴികളിലൂടെ ചോര്‍ന്നു പോയ സന്ധ്യ
ഇവയ്ക്കിടയില്‍ പഴുത്ത തക്കാളി പോലെ
എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന
കുതിര്‍ന്നു വീര്‍ത്ത ജഡങ്ങള്‍
തിര പാഞ്ഞെത്തിയിടത്തെല്ലാം
മരണത്തിന്ടെ ചാകര
വീര്‍പ്പു മുട്ടുന്ന കാറ്റില്‍
മൃതിയുടെ മാത്രം ഗന്ധം
കശക്കിയെറിയപ്പെട്ട പൂവുകള്‍ക്കു ചുറ്റും
അസഫലമായ പരാഗങ്ങളുടെ ശിഥില ശോകം
വ്യഥകള്‍ക്കു വലം വയ്ക്കാനൊരു ശില പോലും ബാക്കി വയ്ക്കാതെ
എല്ലാം നീ കവര്‍ന്നെടുത്തതും
നിസ്സഹായരായി ദിഗന്ധങ്ങള്‍ മിഴിയടച്ചു പിണ്ഡം വച്ചതും
തല ചായ്ക്കാനുള്ള കുടിലുകളും ഗര്‍വ്വിന്ടെ കൊട്ടാരങ്ങളും
നിന്ടെ ചില്ലുവാള്‍ത്തലകളില്‍ തട്ടിയുടഞ്ഞതും
ഇനി വെറും കഥ മാത്രം ...
എന്നിട്ടും തിരിച്ചു പോകവെ
ശവങ്ങളോടൊപ്പം നീയെറിഞ്ഞിട്ടു പോയ പേരു ചൊല്ലി
നിന്ടെ താണ്ഡവത്തിന്ടെ നോവിലേക്കു പിറന്നു വീണ
പിഞ്ചോമനയെ മാറോടു ചേര്‍ത്ത്
സ്നേഹവായ്പ്പോടെ ഞങ്ങള്‍ വിളിച്ചു - “ സു നാ മീ ....”
(ഗള്‍ഫ് മാധ്യമം പ്രസിദ്ധീകരിച്ചത് )
2 അഭിപ്രായങ്ങൾ:
ചിത്രങ്ങള്‍ വേണ്ടായിരുന്നു.
they are too disturbing.
കൈപ്പള്ളിയുടെ നിര്‍ദ്ദേശത്തിനു നന്ദി. വളരെ disturbing എന്നു തോന്നിയ ചിത്രം മാറ്റിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ