2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

ശ്വാനപർവ്വം


ഭക്ഷണം

ശീതീകരിച്ച കാറിലിരുന്ന്
ശുനക പ്രേമം കുരയ്ക്കുവോർ
നിരത്തിലൂടൊന്നു
നടന്നെന്നാൽ
കുറച്ചു നായ്ക്കൾക്കെങ്കിലും
കടിച്ചെടുക്കാമായിരുന്നു
രുചിയുള്ള പച്ചയിറച്ചി.


ഭാഗ്യം

ഒരു പട്ടികടിയേൽക്കാൻ പോലും
ഭാഗ്യമുണ്ടാകാതിരുന്ന
ബാല്യമെന്ന്
ഇന്നത്തെ
ചില കുട്ടികളെങ്കിലും
ഭാവിയിൽ
ഓർക്കാനിടയുണ്ട്


തെരുവ്

കേരളത്തിനു
പുറത്തെവിടെയോ നിന്നും
വഴി തെറ്റി
വന്നതായിരിക്കണം
പേടിയില്ലാതെ നടക്കാൻ
പട്ടിയില്ലാത്ത ഈ തെരുവ്


നായ്പ്രേമം

തെരുവു നായ്ക്കളെ
വന്ധ്യംകരിയ്ക്കാം
കൊന്നുമൂടി
ജയിലിലും പോകാം
പക്ഷേ
തെരുവിലിറങ്ങാത്ത
പേ പിടിച്ച
തെരുവു നായ് പ്രേമത്തെ
ആരു വന്ധ്യംകരിയ്ക്കും?

1 അഭിപ്രായം:

വീകെ പറഞ്ഞു...

അത് നായപ്രേമമൊന്നുമല്ല. പേവിഷക്കമ്പനി കൊടുക്കുന്ന കിമ്പളത്തിന്റെ ഹൂങ്കാ ...!