2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

പെരുമാള്‍ മുരുകന്‍


പേനയടച്ച്, വായയടച്ച്
വാതായനങ്ങളും, വാതിലുകളുമടച്ച്
എഴുതിയതൊക്കെ ചിതയിലെറിഞ്ഞ്
മൌനത്തിലേയ്ക്കു മരിച്ചു വീണു
പച്ച മനുഷ്യന്‍
പെരുമാള്‍ മുരുകന്‍

കടലാസ്സു കരിയുന്ന മണം
കഥാപാത്രങ്ങള്‍
വെന്തെരിയുന്ന മണം
പുറത്ത്
ചരിത്രത്തെ വെറുക്കുന്ന
നിങ്ങളുടെ രസനകളില്‍
കൊതി നിറയ്ക്കുന്നുണ്ടാകാം

എത്ര വേഗം ഒരു തൂലികയെ
ഞെരിച്ചു കൊല്ലാമെന്ന്
നിങ്ങളുടെ ഗര്‍വ്വിന്‍ വാളുകള്‍
കോമരം തുള്ളുന്നുണ്ടാകാം

വെറുപ്പിന്റെ
വേതാള താണ്ഡവം
ഒരു നാവിനെക്കൂടി
ചുട്ടു തിന്നുവെന്ന്
ആനന്ദിക്കുന്നുണ്ടാവാം

കൊടിയ മൌനത്തിലും
അഗ്നേയ മഴയിലും
മുന്നൂര്‍ക്കുടം പൊട്ടി
പുറത്തു വന്ന കഥകള്‍
മുഷ്ഠി ചുരുട്ടി
കരഞ്ഞു വിളിക്കുന്നുണ്ടാകാം
എഴുത്തുകാരന്റെ മനസ്സു നിറയെ.

പോര്‍ച്ചട്ടയണിഞ്ഞ്
ഒരു നാളവരെല്ലാം
പുറത്തു വരിക തന്നെ ചെയ്യും

അടച്ചു വച്ച പേനയ്ക്കുള്ളില്‍
തടവിലായിപ്പോയ മഷി
തിളച്ചു കൊണ്ടേയിരിക്കുന്നുണ്ടാകും
ലാവ പോലെ അതൊരു നാള്‍
നിങ്ങളുടെ മന്ദബുദ്ധിയിലേയ്ക്കു
തെറിച്ചു വീഴും
കേസരി നിറമുള്ള
നിങ്ങളുടെ മെയ്യുകളെ
അതു കറുപ്പിക്കും - പിന്നെ
ഭസ്മമാക്കും
അതായിരിക്കും ഒരു നാള്‍
അവനും ദേഹത്തു പൂശുന്നത്
അവന്‍ ആണ്ടവന്‍
പെരുമാള്‍ മുരുകന്‍
------------

(31/1/20-ന്   4 പി.എം. ന്യൂസിലെ എഴുത്തുപുരയില്‍ പ്രസിദ്ധീകരിച്ചത് )

------------
3 അഭിപ്രായങ്ങൾ:

അനില്‍ പറഞ്ഞു...

എല്ലാ ഭാവുകങ്ങളും മോഹന്‍ജിക്ക് ....

പട്ടേപ്പാടം റാംജി പറഞ്ഞു...

അടച്ചു വച്ച പേനയ്ക്കുള്ളില്‍
തടവിലായിപ്പോയ മഷി
തിളച്ചു കൊണ്ടേയിരിക്കുന്നുണ്ടാകും
ലാവ പോലെ അതൊരു നാള്‍
നിങ്ങളുടെ മന്ദബുദ്ധിയിലേയ്ക്കു
തെറിച്ചു വീഴും

സ്വഭാവം മാറുന്ന ഭസ്മം.
ഉഷാറായി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

റാംജി,
വാ‍യനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി.

അനില്‍,
നല്ല വാക്കുകള്‍ക്ക് നന്ദി