2013, മേയ് 18, ശനിയാഴ്‌ച

പ്രാര്‍ത്ഥനകള്‍




നേരം ഇരുട്ടി
സ്കൂളില്‍ നിന്നും കുട്ടികളെയും 
കൂട്ടി വരാറുള്ള അവരുടെ
അച്ഛന്റെ  സ്കൂട്ടര്‍
ഇനിയും 
മടങ്ങിയെത്തിയില്ലല്ലോ എന്ന് 
വഴിയിലേക്ക് മിഴി വീശി
ഒരു തിരിനാളം

കൊച്ചു സ്കൂട്ടറിനെ
തുറിച്ചു നോക്കിക്കൊണ്ടാണ്
ട്രിപ്പറുകളും, ട്രക്കുകളും
ബസ്സുകളുമെല്ലാം
നെട്ടോട്ടം പായുന്നത്
നേര്‍ക്കു നേര്‍ ചീറിപ്പാഞ്ഞു വന്ന്
മാറിപ്പോകുമ്പോഴെല്ലാം
“നിനക്കു ഞാന്‍ വച്ചിട്ടുണ്ട്”
എന്ന ഭാവമാണവറ്റകള്‍ക്ക്

പാവം സ്കൂട്ടര്‍,
എല്ലാ ചൂഴ്ന്നു നോട്ടങ്ങളേയും
ആക്രോശങ്ങളേയും
ഉരസലുകളേയും
സഹിച്ച്
അടക്കിപ്പിടിച്ച
ശ്വാസം പോലെയാണ്
നിരത്തിലൂടെയുള്ള
അതിന്റെ ബ്ലേഡു യാത്ര 

തന്നില്‍ ജീവനര്‍പ്പിച്ചിരിക്കുന്ന
ഒരച്ഛനേയും
രണ്ടു കൊച്ചു മക്കളേയും
അവരുടെ ചെറിയ ഭാവി 
നിറച്ചു വച്ചിരിക്കുന്ന
വലിയ പുസ്തക സഞ്ചികളേയും
സൂക്ഷ്മതയോടെ കൊണ്ടുവന്ന്
പ്രാര്‍ത്ഥനകളുമായി
വീട്ടിലിരിക്കുന്ന തിരിനാളത്തിന്റെ 
കൈകളില്‍ 
തിരിച്ചേല്‍പ്പിക്കേണ്ടതുണ്ടതിന്

അച്ഛന്റെ പുറകില്‍
അള്ളിപ്പിടിച്ചിരിക്കുന്ന 
കുട്ടികള്‍ക്കൊരു പക്ഷേ
അവരെന്നും കളിക്കുന്ന 
കമ്പ്യൂട്ടര്‍ ഗയിമുകള്‍ പോലെ  
ഇതൊക്കെ ഒരു
ഹരമായിരിക്കാം
ഇത്തരം ഒരു പാട്
റേയ്‌സുകളും ചേയ്‌സുകളുമാണല്ലോ
ജീവിതം മുഴുവന്‍ 
അവരെ കാത്തിരിക്കുന്നത്

ഓരോ കൂട്ടിയിടിയില്‍ നിന്നും
‘അയ്യോ’ യെന്നു തെന്നി മാറി
കഷ്ടിച്ചു
രക്ഷപ്പെട്ടു രക്ഷപ്പെട്ട്
സ്കൂട്ടറിന്റെ നെഞ്ചിടിപ്പ്
മുറ്റത്തു വന്നു നില്ക്കുന്നതു വരെ
കാറ്റില്‍ പെട്ടതു പോലെ
ആടിയുലഞ്ഞു കൊണ്ടിരിക്കും
തിരിനാളം.

പോലീസിന്റെ കണ്ണു വെട്ടിച്ച്
ഉള്‍വഴിയിലേക്കു പാഞ്ഞൊരു ട്രിപ്പര്‍
പാവം സ്കൂട്ടറിനെ 
ഇടിച്ചു വീഴ്ത്തിയെന്ന
വാര്‍ത്ത
വരാനിരിക്കുന്നൊരു ദിവസം
തിരിനാളത്തിനോട് 
പറയാനിടയാക്കരുതേ
എന്നാണ്
ഇതിനെല്ലാം ദൃക്‌‌സാക്ഷിയായ
മൊബൈല്‍ ഫോണെപ്പോഴും
തൊണ്ടയിടറി
പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്.














(‘മ ഴ വി ല്ല്  -ഇ-മാഗസിന്‍ മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് പേജ് 40-41)  


11 അഭിപ്രായങ്ങൾ:

Philip Verghese 'Ariel' പറഞ്ഞു...

കവിത ഇഷ്ടമായി'
എത്രയോ ജീവിതങ്ങൾ
ഇത്തരം ട്രിപ്പറകൾ ക്കടിയിൽ
ഞരിഞ്ഞമരുന്നു,
നന്നായി അവതരിപ്പിച്ചു

Philip Ariel പറഞ്ഞു...

Hey, There is no followers button Please provide one
thanks

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും

ajith പറഞ്ഞു...

മഴവില്ലില്‍ വായിച്ചിരുന്നു
ഈ ലക്കം മഴവില്ലില്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ടത് ഈ രചനയായിരുന്നു.
കവിതയെന്നാല്‍ ദുരൂഹമായ ബിംബങ്ങള്‍ അടുക്കിവച്ചാലേ പൂര്‍ണ്ണമാവുകയുള്ളു എന്ന് കരുതുന്നവര്‍ക്കിടയില്‍ മോഹന്‍ വേര്‍പെട്ടുനില്‍ക്കുന്നു. ചുരുങ്ങിയ വാക്കുകളില്‍ മനസ്സില്‍ ചിന്തകളും കാഴ്ച്ചകളും നിറയ്ക്കാന്‍ സാധിച്ച ഒരു കവിത. അഭിനന്ദനങ്ങള്‍

Pradeep Kumar പറഞ്ഞു...

ലാളിത്യം കൊണ്ട് ശ്രദ്ധേയമായ കവിത.....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത് - വളരെ നന്ദി താങ്കളുടെ നിരീക്ഷണങ്ങള്‍ പങ്കു വച്ചതിന്. വളരെ സന്തോഷം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

പ്രദീപ് കുമാര്‍ - വായനയ്ക്കും അഭിപ്രായത്തിനും നന്ദി

സൗഗന്ധികം പറഞ്ഞു...

തന്നില്‍ ജീവനര്‍പ്പിച്ചിരിക്കുന്ന
ഒരച്ഛനേയും
രണ്ടു കൊച്ചു മക്കളേയും
അവരുടെ ചെറിയ ഭാവി
നിറച്ചു വച്ചിരിക്കുന്ന
വലിയ പുസ്തക സഞ്ചികളേയും
സൂക്ഷ്മതയോടെ കൊണ്ടുവന്ന്
പ്രാര്‍ത്ഥനകളുമായി
വീട്ടിലിരിക്കുന്ന തിരിനാളത്തിന്റെ
കൈകളില്‍
തിരിച്ചേല്‍പ്പിക്കേണ്ടതുണ്ടതിന്

നിറയുന്നു, സ്നേഹം കൊരുക്കുന്ന കുറേ മനസ്സുകളിതിൽ. മതി ഇത്രയേ ഞാൻ വായിക്കുന്നുള്ളൂ.

ശുഭാശംസകൾ....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സൌഗന്ധികം - വളരെ വളരെ നന്ദി ഈ കുറിപ്പിന്.

ശ്രീ പറഞ്ഞു...

നന്നായി, മാഷേ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ശ്രീ - വളരെ നന്ദി