2009, ഡിസംബർ 31, വ്യാഴാഴ്‌ച
പാഠം ഒന്ന് - പശു
പശു ഒരു വളര്‍ത്തു മൃഗമാണെന്ന്
ഞാന്‍ മനസ്സിലാക്കിയിരുന്നു
സ്കൂളില്‍ ചേരും മുമ്പെ തന്നെ
പശുക്കള്‍ക്കും അമ്മയ്ക്കും എനിക്കുമിടയില്‍
ഉണ്ടായിരുന്നിരിക്കണം
മുജ്ജന്മത്തിലേതെന്ന വിധം
ആത്മ ബന്ധത്തിന്റെ ഒരു കാണാച്ചരട്
അമ്മ കൊടുത്ത ഇളം പുല്ലുകളാണ്
പശുക്കളില്‍ സ്വപ്നങ്ങള്‍ മുളപ്പിച്ചത്
“ഗോക്കള്‍ക്കു കിനാവുകള്‍ നിഷിദ്ധം
കൃഷ്ണ കൃഷ്ണ എന്നു ധ്യാനിച്ച് പശുക്കള്‍
പശുക്കളായി ത്തന്നെ വാഴണം“
തത്വശാസ്ത്രങ്ങള്‍ വിസ്തരിച്ച്
സമര്‍ത്ഥിക്കാന്‍ അച്ഛന്‍
വാവടുത്തപ്പോള്‍ കൊതിച്ചു പോയി
വിത്തു കാളകളുടെ കരുത്ത്
കുത്തിവയ്പ്പുകാരന്റെ സിറിഞ്ചില്‍
അതുമൊടുക്കീ അച്ഛന്‍
“നീ കറന്നാല്‍ പാതിയേ കിട്ടൂ“
അമ്മയില്‍ നിന്നും തന്ത്രപരമായിത്തന്നെ
കറവ പിടിച്ചെടുത്തതും അച്ഛന്‍
തൊഴിക്കാതിരിക്കാന്‍
പിന്‍കാലുകളില്‍ കയറു മുറുക്കിയതും
കിടാവിനായൊരു തുള്ളി ബാക്കി വയ്ക്കാതെ
പാല്‍ മുഴുവനൂറ്റിയതുമച്ഛന്‍
പുര നിറഞ്ഞപ്പോള്‍ പൈക്കളെ ഒന്നൊന്നായ്
വില പേശി വിറ്റതും അച്ഛന്‍
വെയിലിന്റെ കുട ചൂടി
കയറിന്റെ പുറകിലെ വേയ്ക്കുന്ന വിലാപമായ്
പടിയിറങ്ങിപ്പോയ് പശുക്കള്‍
പോകുമ്പോള്‍ പശുക്കള്‍
തങ്ങളുടെ അത്മാവെടുത്ത്
അമ്മയ്ക്കു കൊടുത്തത്
ആരുമറിഞ്ഞില്ല
പുര നിറഞ്ഞപ്പോള്‍ അറിഞ്ഞു
ഞാനും വെറുമൊരു പശു
എന്നെ കൈ മാറിയപ്പോള്‍
കയര്‍ സ്വര്‍ണ്ണം കൊണ്ടായിരുന്നെന്ന
വ്യത്യാസം മാത്രം
പടിയിറങ്ങുമ്പോള്‍ എന്റെ ആത്മാവിനെയും
അമ്മയെയാണേല്‍പ്പിച്ചത്
ഇനിയിപ്പോള്‍ എന്റേതു മാത്രമായ
ഒരാത്മാവിന്റെ ആവശ്യമില്ലല്ലോ
ഇപ്പോള്‍ വീട്ടില്‍ പശുക്കളില്ല
അവയുടെ ആത്മാക്കള്‍ മാത്രം
എല്ലാ ആത്മാക്കളെയും നെഞ്ചേറ്റി
തൊഴുത്തിന്റെ കോണില്‍
വൈക്കോല്‍ത്തുരുമ്പുകള്‍ തിന്നയവിറക്കി
വെറുതേയിരിപ്പാണമ്മ
(ചിത്രം: രജീഷ് കണ്ണൂര്‍)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 അഭിപ്രായങ്ങൾ:
പ്രിയ സുഹൃത്ത്തെ,
2009 അവസാനിക്കും മുമ്പെ ഒരു പോസ്റ്റു കൂടി.
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും താങ്കളുടെ പ്രതികരണം
അറിയാന്‍ താല്‍പ്പര്യമുണ്ട്.
നവ വത്സരാശംസകളോടെ
സസ്നേഹം
മോഹന്‍
പുതുവത്സരാശംസകള്‍
എനിക്ക് പശുവിന്റെ വിലപോലുമ്മില്ല!
കറവപ്പശുക്കള്‍ക്ക് സ്വപ്നങ്ങള്‍ പാടില്ല
മറ്റോരുതരം കറവപശു പെണ്മക്കള്‍
മനസ്സില്‍ നീറ്റലുണര്‍ത്തുന്ന വരികള്‍
ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടെ
ഇഷ്ടപ്പെട്ടു.
പുതുവര്‍ഷം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ.
പാഠം ഒന്ന് പശു [എന്ന വളർത്തു മൃഗം] ഇഷ്ടപ്പെട്ടു :)
പാഠം ഇഷ്ടപ്പെട്ടു കേട്ടോ,പുതുവത്സരാശംസകൾ
പാഠം ഒന്ന് പശു...
‘പുര നിറഞ്ഞപ്പോള്‍ അറിഞ്ഞു
ഞാനും വെറുമൊരു പശു
എന്നെ കൈ മാറിയപ്പോള്‍
കയര്‍ സ്വര്‍ണ്ണം കൊണ്ടായിരുന്നെന്ന
വ്യത്യാസം മാത്രം’
പാവം പശുക്കൾ..!!
നന്നായിരിക്കുന്നു മോഹനേട്ടാ..
നന്ദന - നന്ദി.
കാക്കര - പശുവിന്റെ വില പോലുമില്ല എന്ന് തോന്നാന്‍ എന്താ കാരണം? മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന് മാര്‍ക്സ് പറഞ്ഞിട്ടില്ലേ?
മാണിക്യം - ലോകം എത്ര പുരോഗമിച്ചിട്ടും (?) ഇപ്പോഴും ചില അവസ്ഥകള്‍ മാറ്റമില്ലാതെ തുടരുന്നു.
ടൈപിസ്റ്റ്,
ലക്ഷ്മി,
സപ്ന,
വീകെ -
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
2010 യില്‍ എല്ലാവരും ബ്ലോഗു രംഗത്ത് വളരെ സജീവമാകട്ടെ എന്നാശംസിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ