2009, ജനുവരി 26, തിങ്കളാഴ്‌ച

ബയോ ഡാറ്റയും ബ്ലോഗും

ഒരു ബയോ ഡാറ്റ എഴുതാനാണ്
കമ്പ്യൂട്ടര്‍ തുറന്നത്
പക്ഷേ ചെന്നെത്തിയത്
ബ്ലോഗുകളുടെ പൊന്തക്കാട്ടില്‍
കണ്ടു പിടിച്ചത് ഭാര്യയാണ്
“ആഹാ .. എന്തു നല്ല ശീലം
പറഞ്ഞിട്ടെന്തിനാ
ഈ നരകത്തില്‍ നിന്നൊന്നു
രക്ഷപ്പെടണമെന്ന് നിങ്ങള്‍ക്കുണ്ടോ മനുഷ്യാ”
അവള്‍ പറയുന്നത് ശരിയാണ്
എന്നും ബയോ ഡാറ്റ എഴുതാനാണ്
കമ്പ്യൂട്ടര്‍ തുറക്കുന്നത്
എന്നിട്ട് ഒരിക്കല്‍പ്പോലും എഴുതാതെ പോകുന്നതും
ബയോ ഡാറ്റ മാത്രം
അവള്‍ക്കു മടുത്തു എന്നു പറയുമ്പോള്‍
അതില്‍ നേരിന്റെ വിതുമ്പലുകളുണ്ട്
അവളാണ് എന്നും എന്റെ ആത്മക്ഷതങ്ങളില്‍
മുത്തി മുത്തി വേദനകള്‍ മായിച്ചു കളയുന്നത്
കണ്ണീരു തുടച്ച്,
കണ്‍കോണുകളിലെ പീളയെടുത്തു കളഞ്ഞ്
കാഴ്ചയെ വീണ്ടെടുത്തു തരുന്നത്
ജോലിസ്ഥലത്തു വച്ച്
ശുനകവാലുപോലെ ചുരുണ്ടു പോയ
സ്വാഭിമാനത്തെ ഇസ്തിരിയിട്ടു നിവര്‍ത്തുന്നത്
സാമ്പത്തിക മാന്ദ്യം
ഒരു റോഡ് റോളര്‍ പോലെ
മുതുകിലൂടെ കയറിയിറങ്ങിപ്പോകുന്നു
ബയോ ഡാറ്റകളില്‍ നിന്നും
കഴിവുകളുടെ വര്‍ണ്ണനകള്‍ ചതഞ്ഞു പോകുന്നു
കൂലി വേണ്ട ഒരു ജോലി തരുമോ
ഒക്കുമെങ്കില്‍ ഇത്തിരി വെള്ളം ...
കലഹിച്ച്, കണ്ണുകലമ്പി
ഒരുമ്പെട്ടവളെപ്പോലെ
അവളകന്നു പോകുമ്പോള്‍
‘എന്റെ ജീവിതമേ’ എന്നോര്‍ത്ത് ഞാന്‍
വാതിലടച്ച് വീണ്ടും കമ്പ്യൂട്ടറിനു മുന്നില്‍
ബയോ ഡാറ്റയെഴുതണമെന്ന്
ശപഥം ചെയ്ത്
ബ്ലോഗുകളുടെ പൊന്തക്കാട്ടിലേക്ക് ..

10 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

സുഹൃത്തുക്കളേ,

ബയോ ഡാറ്റയും ബ്ലോഗും - പെട്ടെന്നുണ്ടായ ഒരു മനോവിഷമത്തില്‍ നിന്നും ഉടലെടുത്തതാണ്. ആത്മാവിന്റെ വീര്യം ചോര്‍ത്തിക്കളയുന്ന തിക്താനുഭവങ്ങള്‍ പ്രവാസികള്‍ക്ക് പുത്തരിയല്ലല്ലോ.


ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും നിങ്ങളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു.

സസ്നേഹം
മോഹന്‍

Typist | എഴുത്തുകാരി പറഞ്ഞു...

എന്തായാലും എത്തുന്നത്‌ ബ്ലോഗിലേക്കാണല്ലോ, സമാധാനമുണ്ട്‌.ബയോ ഡാറ്റ ഇല്ലെങ്കില്‍ പോട്ടെ.

അനില്‍@ബ്ലോഗ് പറഞ്ഞു...

അപ്പോള്‍ മനോവിഷമം നല്ലതിനു തന്നെ. ഇനിയും ഓരോന്നു പോരട്ടെ :)

കുഞ്ഞന്‍ പറഞ്ഞു...

മോഹനേട്ടാ..

അതങ്ങനേ വരൂ..എന്നാലും അവള്‍( ചേച്ചി ) ഒരു പ്രേരകമായി ഇല്ലായിരുന്നെങ്കില്‍ കമന്റില്ലാത്ത പോസ്റ്റുപോലെയായിത്തീര്‍ന്നേനെ..

ജീവിതത്തില്‍ രണ്ടുപേരില്‍ ആരെങ്കിലും ഒരാള്‍ തളര്‍ന്നാല്‍ കുഴപ്പമില്ല എന്നാല്‍ രണ്ടുപേരും തളര്‍ന്നാല്‍, ഇപ്പോള്‍ ഞാനും പേടിച്ചിരിക്കുകയാണ് എന്നാണ് ബയോഡാറ്റക്കുവേണ്ടി കമ്പ്യൂട്ടര്‍ തുറക്കാന്‍ അവസരം ഉണ്ടാകുമൊയെന്ന്.

ആത്മധൈര്യം കൈമോശം വരാതെ സൂക്ഷിക്കുക മോഹനേട്ടാ അതിന് ചേച്ചി താങ്ങായി എപ്പോഴുമുണ്ടാകട്ടെ..

അനില്‍ വേങ്കോട്‌ പറഞ്ഞു...

നന്നായി.. ഒഴുക്കുള്ള എഴുത്ത്. ഭാവുകങ്ങൾ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

സുഹൃത്തുക്കളെ, വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍.

എഴുത്തുകാരീ, ബ്ലോഗ് പലപ്പോഴും ഒരു സാന്ത്വനം കൂടി ആകുന്നു അല്ലേ. മനസ്സു ലാഘവമാകുന്നു ബ്ലോഗിലെത്തുമ്പോള്‍.

അനില്‍ - തീര്‍ച്ചയായും മനോവിഷമങ്ങള്‍ വലിയ പ്രചോദനങ്ങളാകാറുണ്ടല്ലോ.

കുഞ്ഞാ - കമന്റില്ലാത്ത പോസ്റ്റു പോലെ എന്ന ഉപമ വളരെ ഇഷ്ടപ്പെട്ടു. കമന്റിലും ഹൂമര്‍. നടക്കാന്‍ പോകുന്ന ചിരിയരങ്ങില്‍
ഏറെ പ്രതീക്ഷിക്കാം അല്ലേ. എല്ലാ നല്ല നര്‍മ്മത്തിനു പിന്നിലും പ്രക്ഷുബ്ധമായ ഒരു ജീവിതമുണ്ട് എന്ന് ചാപ്ലിന്റെ ജീവിതം നമുക്ക് കാട്ടിത്തന്നിട്ടുണ്ടല്ലൊ.

അനില്‍ വെങ്കോട് - വായനയ്ക്കും കമന്റിനും വളരെ നന്ദി.

സസ്നേഹം
മോഹന്‍

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

സാമ്പത്തീക കെട്ടിടങ്ങൾ ഇടിച്ചു നിരത്തി എൻ റെയും നിങ്ങളുടേയും ദേഹത്തൂടെ ബാങ്കുകളും സ്ഥാപനങ്ങളും അന്നം തരുന്ന മുതലാളിയും കയറി ഇറങ്ങുമ്പോൾ ശുനകവാലു പോലെ ചുരുണ്ടു പോയ വാൽ ഇസ്തിരിയിട്ട് നേരെയാക്കാൻ തുണയായ് അവൾ ഉണ്ടല്ലോ. എന്നാലും ഈ ബ്ലോഗിൻ റെ ഒരു കാര്യം. രക്ഷപ്പെടണമെന്ന് ഒരു ചിന്തയുമില്ലാതെ ഇങ്ങനെ ഇരുന്നാലോ മോഹനേട്ടാ... എഴുതിക്കോളൂ അടുത്ത ഒരു ബയോഡാറ്റ ബ്ലോഗിൽ തന്നേ..

സ്നേഹപൂർവ്വം
ഇരിങ്ങൽ

Bindhu Unny പറഞ്ഞു...

ഇങ്ങനെ ഒരു കൂട്ടുകാരിയുള്ളത് മഹാഭാഗ്യമല്ലേ. അവളെ സമാധാനിപ്പിക്കാനായി ഒരു ബയോഡേറ്റ എങ്ങെയെങ്കിലും എഴുതൂട്ടോ. :-)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

ഇരിങ്ങലേ - സാമ്പത്തിക മാന്ദ്യം വളരെയേറെപ്പേരെ ധര്‍മ്മ സങ്കടത്തിലാക്കുമെന്നു തന്നെയാണു തോന്നുന്നത്.

ബ്ലോഗില്‍ ഒരു ബയോ ഡാറ്റ എന്ന ആശയം കൊള്ളാമല്ലോ. ഇങ്ങിനെയും ഒരു സാധ്യത ബ്ലോഗിനുണ്ടല്ലേ. വായനയ്ക്കും കമന്റിനു നന്ദി.

ബിന്ദു - വളരെ നന്ദി. ബിന്ദു പറഞ്ഞതു പോലെ ഇങ്ങനെയൊരു കൂട്ടുകാരിയുള്ളതാണ് ഏറ്റവും വലിയ ആശ്വാസം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ബയോ ഡാറ്റകളില്‍ നിന്നും
കഴിവുകളുടെ വര്‍ണ്ണനകള്‍ ചതഞ്ഞു പോകുന്നു
കൂലി വേണ്ട ഒരു ജോലി തരുമോ
ഒക്കുമെങ്കില്‍ ഇത്തിരി വെള്ളം ..

ഇഷ്ടപ്പെട്ടു.