2008, ഡിസംബർ 26, വെള്ളിയാഴ്‌ച

നമ്മള്‍ മറന്നുവോ കടലമ്മ കവര്‍ന്നെടുത്തവരെ

2004 ഡിസംബര്‍ 26
പ്രകൃതി ദുരന്തങ്ങള്‍ക്കു നേരെ എത്ര നിസ്സഹായനാണ് മനുഷ്യന്‍ എന്ന് നമ്മളെ നടുക്കിയ സുനാമി കഴിഞ്ഞിട്ട് നാലു വര്‍ഷം തികഞ്ഞു. എന്നിട്ടും സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നുമെത്താതെ ഇഴയുകയാണ്. ഫണ്ടുകള്‍ അടിച്ചുമാറ്റിയവര്‍ കൊഴുത്തു. ദുരിതങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് കടലോളം കണ്ണീര്‍ ബാക്കി.

ബ്ലോഗു തുടങ്ങിയപ്പോള്‍ പോസ്റ്റിയ സുനാമിയെപ്പറ്റിയുള്ള ഒരു കവിത ഒരു ഓര്‍മ്മക്കുറിപ്പായി വീണ്ടും പോസ്റ്റുന്നു. വായിച്ചിട്ടുള്ളവര്‍ സദയം ക്ഷമിക്കുമല്ലോ.
സസ്നേഹം
മോഹന്‍


സുനാമി

നിന്റെ വരവാരുമറിഞ്ഞില്ല, പക്ഷെ
നിന്റെ പോക്കെല്ലാരുമറിഞ്ഞു
നിനച്ചിരിക്കാത്ത നേരത്ത്
നിനക്കൊപ്പം കളിച്ചു നിന്നവരെ
നീ കവര്‍ന്നെടുത്തു മറഞ്ഞു
അഗാധതയുടെ അത്യാര്‍ത്തിയിലേക്ക്
നിന്റെ സഹസ്ര ഹസ്തങ്ങള്‍
അവരുടെ ചോരയെ ഊറ്റിയൊഴിച്ചു


ജഡങ്ങളേന്തിയ തിരകളിലൂടെ ഇരമ്പി വന്ന പുലരി
കടലെടുത്ത മിഴികളിലൂടെ ചോര്‍ന്നു പോയ സന്ധ്യ
ഇവയ്ക്കിടയില്‍ പഴുത്ത തക്കാളി പോലെ
എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന
കുതിര്‍ന്നു വീര്‍ത്ത ജഡങ്ങള്‍
തിര പാഞ്ഞെത്തിയിടത്തെല്ലാം
മരണത്തിന്റെ ചാകര


വീര്‍പ്പു മുട്ടുന്ന കാറ്റില്‍
മൃതിയുടെ മാത്രം ഗന്ധം
കശക്കിയെറിയപ്പെട്ട പൂവുകള്‍ക്കു ചുറ്റും
അസഫലമായ പരാഗങ്ങളുടെ ശിഥില ശോകം
വ്യഥകള്‍ക്കു വലം വയ്ക്കാനൊരു ശില പോലും ബാക്കി വയ്ക്കാതെ
എല്ലാം നീ കവര്‍ന്നെടുത്തതും
നിസ്സഹായരായി ദിഗന്ധങ്ങള്‍ മിഴിയടച്ചു പിണ്ഡം വച്ചതും
തല ചായ്ക്കാനുള്ള കുടിലുകളും ഗര്‍വ്വിന്റെ കൊട്ടാരങ്ങളും
നിന്റെ ചില്ലുവാള്‍ത്തലകളില്‍ തട്ടിയുടഞ്ഞതും
ഇനി വെറും കഥ മാത്രം ...


എന്നിട്ടും തിരിച്ചു പോകവെ
ശവങ്ങളോടൊപ്പം നീയെറിഞ്ഞിട്ടു പോയ പേരു ചൊല്ലി
നിന്റെ താണ്ഡവത്തിന്റെ നോവിലേക്കു പിറന്നു വീണ
പിഞ്ചോമനയെ മാറോടു ചേര്‍ത്ത്
സ്നേഹവായ്പ്പോടെ ഞങ്ങള്‍ വിളിച്ചു - “ സു നാ മീ ....”(ഗള്‍ഫ് മാധ്യമം പ്രസിദ്ധീകരിച്ചത് )

9 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

ഇനി ഒരിക്കലും അങ്ങിനെ ഒരു താണ്ഡവം ഉണ്ടാവാതിരിക്കട്ടെ.

നിരക്ഷരന്‍ പറഞ്ഞു...

മറന്നിട്ടില്ല മാഷേ...
മറക്കാന്‍ പറ്റുകയുമില്ല.
ഓരോ കൃസ്തുമസ്സ് കഴിഞ്ഞുള്ള ദിനങ്ങളിലെങ്കിലും ഓര്‍ക്കുന്നുണ്ട്.
ഇന്ന് ഒരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.

ശിവ പറഞ്ഞു...

ഇപ്പോള്‍ ഇത് വായിക്കുമ്പോള്‍ ആ ദുരന്തം ഒരിക്കല്‍ കൂടി ഓര്‍മ്മ വരുന്നു....

വിനുവേട്ടന്‍|vinuvettan പറഞ്ഞു...

അങ്ങനെ മറക്കുവാന്‍ കഴിയുന്ന ഒന്നല്ലല്ലോ ഇത്‌. എന്നിട്ടും മനുഷ്യര്‍ എന്തിനോ വേണ്ടി ... എല്ലാം എല്ലാം വെട്ടിപ്പിടിയ്ക്കുവാനായി അര്‍ത്ഥമില്ലാതെ അര്‍ത്ഥത്തിനായി പായുന്നു. ഒരു നൊടിയിടയില്‍ എല്ലാം മാഞ്ഞുപോകുമെന്ന സത്യം മാനവവംശത്തെ നാശത്തിലേക്ക്‌ തള്ളിവിടുന്ന യുദ്ധവെറിയന്മാരും മതാഭ്രാന്തന്മാരും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍...

http://thrissurviseshangal.blogspot.com/

ബാജി ഓടംവേലി പറഞ്ഞു...

ദുരിതങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക്
കടലോളം കണ്ണീര്‍ ബാക്കി......
ഇപ്പോള്‍ ഇത് വായിക്കുമ്പോള്‍
ആ ദുരന്തം ഒരിക്കല്‍ കൂടി ഓര്‍മ്മ വരുന്നു....

Moideen Puthenchira പറഞ്ഞു...

മറക്കാന്‍ ആഗ്രഹിക്കുന്തോറും ഓര്‍മ്മകളില്‍ നൊമ്പരമുണര്‍ത്താന്‍ ഓടിയെത്തുന്ന സംഭവം...

RAJAN VENKITANGU പറഞ്ഞു...

ഒരിക്കലും മറക്കാത്ത ഒരു ദുംഖമായി ഇന്നും നമ്മുടെ മനസ്സില്‍ നിലക്കൊള്ളുന്നു ആ ദിവസം. ഒപ്പം ദുരന്തം വിറ്റ് കീശ വീര്‍പ്പിച്ചവരോടുള്ള പകയും. ഇനി ഒരിക്കലും അങ്ങിനെ ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

എഴുത്തുകാരി, നിരക്ഷരന്‍, ശിവ, വിനുവേട്ടന്‍, ബാജി, മൊയ്തീന്‍, രാജന്‍ - വായനയ്ക്കും, അഭിപ്രായങ്ങള്‍ക്കും നന്ദി.
ഇനി ഒരിക്കലും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കട്ടെയെന്നും, ദുരിതമനുഭവിച്ചവര്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ ലഭിക്കുന്നതിലുള്ള തടസ്സങ്ങള്‍ എത്രയും വേഗം മാറിക്കിട്ടട്ടെയെന്നും നമുക്കാശിക്കാം.

Sapna Anu B.George പറഞ്ഞു...

നല്ല വായന....കുറെ നാളുകള്‍ക്കു ശേഷം ഉള്ള സന്ദര്‍ശനം