2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

പോയകന്നിട്ടും പോകാതെ

“പോകട്ടെ“ എന്നു വിതുമ്പി നിന്റെ മിഴികള്‍
“പോയ് വരൂ“ എന്ന് പൊട്ടുന്ന എന്റെ നെഞ്ചകം
പോയകന്നിട്ടും പോകാതെ മായാതെ നീ
മിഴിയാകെ നിറയെ, മനമാകെ നിറയെ

നീ പോയ വഴിയേ നീണ്ടു നീണ്ടു പോകുന്നു,
അദൃശ്യമായൊരു പാതയായ് എന്റെ കാലുകള്‍
അറിയുന്നു ഞാന്‍, ‍അതിന്റെ ഒരറ്റത്ത്
നിന്റെ പാദങ്ങള്‍‍ തൊടുന്നത്
നിന്റെ കാലിലൊരു മുള്ള്
ക്രൂരമായി അമര്‍ത്തി ചുംബിക്കുന്നത്
ഭീതിയോടെ, വെറുപ്പോടെ
നീയതിനെ അടര്‍ത്തിയെറിയാന്‍
വിഫലശ്രമങ്ങള്‍ നടത്തുന്നത്
പാതയിലേക്കു നിന്റെ ചോരത്തുള്ളികള്‍
ഇറ്റിറ്റിറങ്ങുന്നത്

തൊട്ടു തൊട്ടില്ലെന്ന മട്ടില്‍
നിന്നടുത്തുകൂടെ വെളിവില്ലാതെ
വാഹനങ്ങള്‍ പുലഭ്യം പറഞ്ഞ്
പാഞ്ഞുപോകുന്നത്
അവയുടെ കൈകള്‍ നിന്റെ ഉടുപ്പുകളെ
വലിച്ചഴിക്കാന്‍ ശ്രമിക്കുന്നത്
കാഴ്ചയിലേക്കു വിഷമുള്ള പുകയൂതി വിടുന്നത്

എതിരേയും പുറകേയും വശങ്ങളിലൂടെയും
പത്തി വിടര്‍ത്തുന്ന പരശ്ശതം കണ്ണുകള്‍
‍നിന്റെ ശരീരത്തെ ആര്‍ത്തിയോടെ ദംശിക്കുന്നത്
കാന്തിക ദാഹങ്ങളോടെ നിന്റെ ആത്മാവിനെ
വലിച്ചു കുടിക്കുവാന്‍ ശ്രമിക്കുന്നത്

ചെറുത്തു നില്‍ക്കാനാവാതെ
പാവമൊരശ്രുവായ്
നീ മണ്ണിലേക്കു പൊഴിയുമ്പോള്‍
‍നനയുന്നു ഞാനും ഈ വഴിയും.

നിനക്കു പുതപ്പായി നില്‍ക്കാന്‍
‍ഒരാകാശമായെങ്കിലെന്ന്
ആശിച്ചു പോകുന്നു, വെറുതേ

പൂഴ്ന്നു പോയ കാലുകളുമായി
വഴിയുടെ അറ്റത്ത് ഞാനിപ്പോഴും ഒരു മരം
മറ്റേ അറ്റത്ത് നീയും
പോയിക്കഴിഞ്ഞിട്ടും പോകാതെ
മിഴിയാകെ നിറയെ
മനമാകെ നിറയെ

5 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

പൂഴ്ന്നു പോയ കാലുകളുമായി
വഴിയുടെ അറ്റത്ത് ഞാനിപ്പോഴും ഒരു മരം
മറ്റേ അറ്റത്ത് നീയും
പോയിക്കഴിഞ്ഞിട്ടും പോകാതെ
മിഴിയാകെ നിറയെ
മനമാകെ നിറയെ

sajith90 പറഞ്ഞു...

വളെരെ നന്നാവുന്നുണ്ട്‌.ഇനിയും പ്രതീക്ഷിക്കുന്നു.പിന്നെ താങ്ങളുടെ പ്രൊഫെയില്‍. ഉരലു ചെന്നു മദളത്തിനോട്‌ പറയുന്നതു പോലെയാണു. കാരണം ഞാനും ഒരു പ്രവാസിയണു.
Regards
365greetings.com
Please visit our new year cards Section for 2009 Cards

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

കവിത നന്നായി. എന്നാലും ഒന്നൂടൊന്ന് കുറുക്കി മിക്സ് ആകേണ്ടിയിരിക്കുന്നു എന്ന് തോന്നി.
ഇത്തിരി ധൃതി കൂടിപ്പോയോ പോസ്റ്റാന്‍?

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സജീവ് കടവനാട് പറഞ്ഞു...

കവിത ഇഷ്ടായി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഇരിങ്ങല്‍ - വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. ധൃതി കൂടി എന്ന കാര്യം സത്യം തന്നെ. എഴുതുക ഉടന്‍ പോസ്റ്റുക എന്ന സ്വാതന്ത്ര്യം ഉപയോഗിച്ചതിനാല്‍ കാച്ചി കുറുക്കുക എന്ന ധര്‍മ്മം നടന്നില്ല.

കിനാവേ - വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.