അവള്‍ പാലുമായി വരുമ്പോള്‍ അയാള്‍ ചിന്താമഗ്നനായി ജനാലയ്ക്കരികില്‍ ഇരുട്ടിന്റെ പാളികളില്‍ മുഖമമര്‍ത്തി നില്‍ക്കുകയായിരുന്നു. ഒരു നവ വധുവിന്റെ എല്ലാ ഭാവഹാവാദികളോടും കൂടി മന്ദം മന്ദം നടന്നു വന്ന് അവള്‍ അയാളുടെ പിറകില്‍ വന്നു നിന്നു. വാതില്‍ തുറന്നടഞ്ഞതും, അവളുടെ പാദചലനങ്ങള്‍ തനിക്കു പിന്നില്‍ വന്നവസാനിച്ചതും അയാളറിഞ്ഞിരുന്നു.
വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെപ്പോലെ നാടകീയമായി മുഖമുയര്‍ത്തി, ശബ്ദം കരുതലോടെ നിയന്ത്രിച്ച് അവളെ നോക്കി അയാള്‍ തനിക്കാവുന്നത്ര ദൃഢതയോടെ പറഞ്ഞു -
“നമ്മുടെ രാത്രി തുടങ്ങും മുമ്പേ എനിക്കു ചിലതു പറയാനുണ്ട്. നിനക്കത് കേള്‍ക്കാനുള്ള ധൈര്യം കാണുമെന്ന് ഞാനൂഹിക്കുന്നു. നമ്മളിനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക് എല്ലാം കേട്ടതിനു ശേഷം നിനക്കൊരു തീരുമാനമെടുക്കാം”
“എനിക്കു സമ്മതം. വിരോധമില്ലെങ്കില്‍ നമുക്കീ കസേരകളിലോട്ടിരിക്കാം” - അവള്‍ പറഞ്ഞു.
അവര്‍ അഭിമുഖമായിട്ടിരുന്ന കസേരകളിലിരുന്നു. അയാള്‍ തുടങ്ങി -
“എനിക്കൊരു പ്രേമബന്ധമുണ്ട്. “
“ഞാനൂഹിച്ചു” - അയാള്‍ പറഞ്ഞു നിര്‍ത്തും മുമ്പേ അവളങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ പതുക്കെയൊന്നു പതറാതിരുന്നില്ല.
“ഞങ്ങള്‍ തമ്മിലിപ്പോഴും നല്ല അടുപ്പത്തില്‍ ത്തന്നെയാണ്. ഒരു പക്ഷെ നമ്മുടെ ഈ ബന്ധം അവസാനിച്ചാല്‍ ഞങ്ങള്‍ തമ്മില്‍ വിവാഹിതരായെന്നു വരാം.”
പ്രതീക്ഷിച്ച പ്രശ്നങ്ങളൊന്നുമില്ല. അവള്‍ കൌതുകത്തോടെ കേട്ടിരിക്കുന്നുണ്ട്.
“നിന്റച്ഛന്‍ വച്ചു നീട്ടിയ സ്ത്രീധനത്തിന്റെ ആകര്‍ഷണവലയത്തില്‍ കുടുങ്ങിയാണ് ഞാനീ കല്ല്യാണത്തിനു സമ്മതിച്ചത്“
“ഞാനതും ഊഹിച്ചതു തന്നെ” - അവള്‍ ഭാവഭേദമെന്യേ പറഞ്ഞു.
“വിവാഹത്തിനു ശേഷവും ഞാനവളുമായുള്ള ബന്ധം തുടര്‍ന്നെന്നിരിക്കും. നിനക്കതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം.” - പറഞ്ഞു തീര്‍ത്തപ്പോഴേക്കും അയാള്‍ വിയര്‍ത്തിരുന്നു. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികള്‍ തുടയ്ക്കാന്‍ അയാള്‍ മുതിരാതിരുന്നത് മനപ്പൂര്‍വ്വമായിരുന്നു.
“എനിക്കെതിര്‍പ്പൊന്നുമില്ല”
അവള്‍ക്കു യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അയാളുടെ പ്രതീക്ഷകള്‍ക്കു വിപരീതമായിരുന്നു അത്. പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലം ശുഭമായി പര്യവസാനിച്ചതില്‍ അയാള്‍ക്കു സന്തോഷം തോന്നി. അയാള്‍ ദീര്‍ഘമായൊന്നു നെടുവീര്‍പ്പിട്ടു.
“നിനക്കെന്തെങ്കിലും പറയണമെന്നുണ്ടോ?” അയാള്‍ അവളോടു ചോദിച്ചു.
“എനിക്കു പറയാനുണ്ടായിരുന്നതെല്ലാം തന്നെയാണ് നിങ്ങളിപ്പോള്‍ പറഞ്ഞത്. എങ്ങിനെയാണതവതരിപ്പിക്കുക എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍. ഇനി എന്റെ കാര്യത്തില്‍ നിങ്ങള്‍ക്കെതിര്‍പ്പുണ്ടോ എന്നു മാത്രം അറിഞ്ഞാല്‍ മതി.“ അവളയാളെ സാകൂതം നോക്കി.
സംഗതികളുടെ പൂര്‍ണ്ണരൂപം ഇപ്പോഴാണയാള്‍ക്കു പിടി കിട്ടിയത്. കുറച്ചു നേരത്തെ ചിന്തയ്ക്കു ശേഷം അയാള്‍ ദൃഡമായിപ്പറഞ്ഞു -
“എനിക്കു വിരോധമില്ല”
അവള്‍ ചിരിച്ചു. ഒപ്പം അയാളും. പിന്നെ അവര്‍ രണ്ടു പേരും ഒരുമിച്ച് ആദ്യരാത്രിയിലേക്കു കടന്നപ്പോള്‍ ഒരു കൊതുക് മൂളിച്ചയോടെ അവരെ വട്ടമിട്ട് പറന്നത് അസൂയകൊണ്ടാകാം.
8 അഭിപ്രായങ്ങൾ:
ഹ ഹ. കലക്കി മാഷേ...
ഇതായിരിയ്ക്കും ദാമ്പത്യത്തിന്റെ വിട്ടുവീഴ്ചകളെന്നൊക്കെ പറയുന്നത് അല്ലേ?
;)
അപ്പോള്‍ സംഗതി കോമ്പ്രമൈസായി...!
ശ്രീ പറഞ്ഞതുപോലെ ഇങ്ങനെയായിരിക്കും വിട്ടുവീഴ്ച, അല്ലെ..?
അപ്പോ ഒന്നും പറയാതിരിക്കുകയാണു പുദ്ധി :)
ശ്രീ - ശരിയാണ്. ദാമ്പത്യമെന്നതു തന്നെ ഒരു വീഴ്ചയാണല്ലൊ. വീണുകഴിഞ്ഞാല്‍ പിന്നെ വിട്ടുവീഴ്ചകളെപ്പറ്റി വേവലാതിപ്പെടേണ്ട. അവ താനെ വന്നു കൊള്ളും. കല്യാണം കഴിഞ്ഞിട്ടില്ല അല്ലേ. ഭാഗ്യവാന്‍.
കുഞ്ഞാ - കൊമ്പ്രൊമൈസ് എന്ന വാക്കാവും കല്യാണം കഴിഞ്ഞവര്‍ കൂടുതല്‍ ഉപയോഗിക്കുക. പിന്നെ രണ്ടു പേര്‍ക്കിടയില്‍ ആര്‍ എത്രത്തോളം കൊമ്പ്രമൈസാവുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങള്‍.
ഒ.ടൊ. കുഞ്ഞാ അവധിയൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയൊ? നമ്പൂരിച്ചന്റെ അനുഗ്രഹമൊക്കെ വാങ്ങിയൊ? ഒരു പാടു കാര്യങ്ങളൊക്കെയായിട്ടായിരിക്കുമല്ലോ വരവ്. ബ്ലോഗ്ഗൊക്കെയൊന്ന് തട്ടിക്കുടഞ്ഞ് ഉഷാറാക്ക്. പൊടി പിടിച്ചു തുടങ്ങി.
ജിഹേഷ് - പറയാതിരിക്കുന്നതും ചിലപ്പോള്‍ ഒരു പാടു പറയുന്നതിനു തുല്ല്യം.
വായനക്കു നന്ദി.
ബ്ലോഗ് ഒരിടത്തേക്കു കൂടി നീട്ടിയിട്ടുണ്ട് . അഗ്രഗേറ്റര്‍മാര്‍ എടുത്തു കാണുന്നില്ല. സമയമനുസരിച്ച് ഒന്നവിടെക്കൂടി കയറിയേച്ചു പോവുക. യൂ. ആര്‍. എല്ല് -
http://thooneeram.blogspot.com/2008/03/blog-post.html
(എങ്ങിനെയാണാവോ ലിങ്കു കൊടുക്കുന്നത്)
സ്നേഹത്തോടെ
മോഹന്‍
kitilan post mashe...kalakki
ഇതായിരിയ്ക്കും ദാമ്പത്യത്തിന്റെ വിട്ടുവീഴ്ചകളെന്നൊക്കെ പറയുന്നത് അല്ലേ?
..
നല്ല കഥയും അടിപൊളി കമ്മന്റും
:)
സസ്നേഹം
ചിതല്‍
കൊള്ളാം... ഹഹ... ജീവിതം കട്ടപ്പൊക അല്ലെ...?
Eccentic, ചിതല്‍ - കമന്റുകള്‍ക്കു നന്ദി.
പുടയൂര്‍ - ദാമ്പത്യം എന്നത് രണ്ടു പേര്‍ തമ്മിലുള്ള ഒരു ഉടമ്പടി അല്ലെ. കട്ടപ്പുകയാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. വായനക്കും കമന്റിനും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ