2008, ഫെബ്രുവരി 11, തിങ്കളാഴ്‌ച

ടെലഫോണ്‍ ബൂത്ത്


നിനക്കു പിടിച്ചെടുക്കാം
എന്റെ സ്വകാര്യ സംഭാഷണങ്ങളെ
ഹൃദയമിടിപ്പിനെ
വേദനയെ
അപൂര്‍വ്വമായി മാത്രം വരുന്ന ചിരിയെ

മാസം തോറും
ഒരു ദിനാറിന്റെ പ്രീപെയ്‌ഡ് കാര്‍ഡിലൂടെ
ഞാന്‍ സ്വന്തമാക്കുന്ന
ശബ്ദ പ്രപഞ്ചങ്ങളിലേക്കുള്ള
പാലം മുറിയുമ്പോള്‍
‍പറയാന്‍ ബാക്കിയായതെല്ലാം
ഞാന്‍‍ നിന്നോടു പറയുന്നു

മൌത്ത് പീസിലേക്കു വീണ കണ്ണീര്‍
‍ഒഴുകിയിറങ്ങിയത് നിന്നിലേക്ക്
മുഖമമര്‍ത്തി വിതുമ്പാന്‍ ‍
നിന്റെ തോളല്ലാതെ
എനിക്കു മറ്റെന്താണിവിടെയുള്ളത് ?

എന്റെ മൂക്കു പിഴിഞ്ഞ കൈകള്‍
‍പലപ്പോഴും നീയാണു
തുവര്‍ത്തിത്തന്നിട്ടുള്ളത്
പിഞ്ഞിയ വസ്ത്രങ്ങള്‍ക്കിടയിലുടെ
ശൈത്യം അംഗങ്ങളെ കശക്കുമ്പോഴും
വെയില്‍ച്ചൂളകളില്‍
ശരീരമുരുകിയൊലിക്കുമ്പോഴും
നിന്നടുത്തേക്കാണല്ലോ ഞാന്‍ വരാറുള്ളത്

കാര്‍ഡില്ലാത്ത
ഇരുപത്തൊമ്പതു ദിനങ്ങളിലും
റസീവര്‍ കൈയിലെടുത്ത്
അങ്ങേരോടും പിള്ളാരോടും
പറയാന്‍ പറ്റാത്തതെല്ലാം
നിന്റെ ഡയല്‍ടോണിനോടു പറയുമ്പോള്‍
രാത്രികള്‍ തോറും പിച്ചിച്ചീന്തപ്പെടുന്നതും
തൊണ്ട നനയാതെ തലകറങ്ങി വീഴുന്നതും
സമാനതകളില്ലാത്ത അദ്ധ്വാനമായി
ശകാരമായി
തൊഴിയായി
ഉച്ഛിഷ്ടമായി
രോഗങ്ങളായി
എന്റെ അസ്തിത്വം മാറുന്നതും നീ മാത്രം
അതെ നീ മാത്രം അറിയുന്നു

അമ്പതു ദിനാര്‍ മാസവരുമാനമുള്ള
ഒരു തേങ്ങലായി
ഞാന്‍ നിലനില്‍ക്കുന്നതിന്റെ രഹസ്യം
നിനക്കല്ലാതെ മറ്റാര്‍ക്കാണ്
ഈ ഭൂമിയില്‍ മനസ്സിലാവുക?

20 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

വളരെ നന്നായിരിയ്ക്കുന്നു മാഷേ... ഒരു പ്രവാസി വീട്ടമ്മയുടെ മാനസികാവസ്ഥ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.
:)

ശ്രീനാഥ്‌ | അഹം പറഞ്ഞു...

ആശയം കൊള്ളാം..

Pongummoodan പറഞ്ഞു...

nice

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നല്ല കവിത.

വല്യമ്മായി പറഞ്ഞു...

ഒരു വീട്ടു വേലക്കാരിയുടെ ദൈന്യത നന്നായി അവതരിപ്പിച്ച വരികള്‍.
"പിള്ളാരോടും പറയാന്‍ കൊള്ളാത്തതെല്ലാംനിന്റെ " പറ്റാത്തതെല്ലാം എന്നല്ലേ കുടുതല്‍ നല്ലത്?

നിലാവര്‍ നിസ പറഞ്ഞു...

ഒരു പുതിയ കാവ്യാനുഭവം.. ചില വാക്കുകളെ മാറ്റിവച്ചാല്‍ .. നന്നായിട്ടുണ്ട്.. കവിതയും ആശയവും..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ശ്രീ, ശ്രീനാ‍ഥ്,പൊങ്ങുമ്മൂടന്‍, പ്രിയ - കമന്റുകള്‍ക്കു നന്ദി.

വല്യമ്മായി - സത്യം പറഞ്ഞാല്‍ ‘പറ്റാത്ത’ എന്നു തന്നെയായിരുന്നു ആദ്യം എഴുതിയത്. ബ്ലോഗിലേക്കു കോപ്പി ചെയ്യുമ്പോള്‍ വരുത്തിയ മാറ്റമാണ്. പറ്റാത്ത എന്നു തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നുന്നു. ഇന്നു തന്നെ മാറ്റുന്നതായിരിക്കും. കമന്റിനും, നിര്‍ദ്ദേശത്തിനും വളരെ വളരെ നന്ദി.

നിലാവര്‍ - കവിത വായിച്ചതിനും കമന്റിനും നന്ദി. ചേര്‍ച്ചയില്ലാത്തതെന്നു തോന്നിയ വാക്കുകളേതൊക്കെയാണെന്നു കൂടി എഴുതിയാല്‍ നന്നായിരുന്നു.

Murali K Menon പറഞ്ഞു...

എനിക്കിഷ്ടമായി

siva // ശിവ പറഞ്ഞു...

കവിത ഇഷ്ടമായി...അഭിനന്ദനങ്ങള്‍...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മുരളി, ശിവകുമാര്‍ - നന്ദി കവിത വായിച്ചതിനും, കമന്റിനും.

വേണു venu പറഞ്ഞു...

ഇഷ്ടപ്പെട്ടു.:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വേണു - ഇതു വഴി വന്നതിനും, കവിത വായിച്ച് കമന്റ് എഴുതിയതിനും നന്ദി.

ഏ.ആര്‍. നജീം പറഞ്ഞു...

ഈ കവിത ഹൃദ്യമായി. കാരണം ഇന്ന് ഞാന്‍ കണ്ട ഹൃദയത്തില്‍ തട്ടിയ ഒരു രംഗം ഓര്‍ത്തു പോയീ.. ഒരു ക്ലീനിങ്ങ് കമ്പനിയിലെ മലയാളി ചെറുപ്പകാരന്‍ ഫോണ്‍ ചെവിയോട് ചെര്‍ത്ത് പിടിച്ച് കരഞ്ഞുകൊണ്ടെ നില്‍ക്കുന്നു.... ഇതെന്താ ഒന്നും സംസാരിക്കാതെ കരയുന്നത് എന്നത് കൊണ്ട് തന്നെ ഞങ്ങള്‍ അവന് ശ്രദ്ധിക്കുകയായിരുന്നു.. അവസാനം ചോദിച്ചപ്പോഴാണ് പറയുന്നത് അവന്റെ അച്ഛന്‍ ആശുപത്രിയില്‍ സീരിയസ് ആയിക്കിടക്കുകയാണ് ഡോക്ടര്‍ 24 മണിക്കൂര്‍ സമയം കൊടുത്തിരിക്കുന്നു എന്ന് ആ ചെറുപ്പക്കാരന്‍ നാട്ടില്‍ നിന്നും വന്നിട്ട് അധികമായില്ലെന്നും അതിന്റെ കടം പോലും വീട്ടിയിട്ടില്ലെന്നും .. എന്നാല്‍ അച്ഛനെ അവസാനമായി ഒന്ന് കാണണമെന്ന് അവനു അതിയായ ആഗ്രഹവും......

വിഷയത്തില്‍ നിന്നും മാറിപ്പോയതില്‍ ക്ഷമ.. ഈ സന്ദര്‍ഭം വീണ്ടും ഓര്‍ക്കാന്‍ ഈ കവിത ഇടയാക്കി എന്ന് പറയാനാണ് ഇത്രയും എഴുതിയത്...

ഏറുമാടം മാസിക പറഞ്ഞു...

പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.




കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
മൊബൈല്‍:9349424503

ഏറുമാടം മാസിക പറഞ്ഞു...

പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.




കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
മൊബൈല്‍:9349424503

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വളരെ വളരെ നജീം, അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കു വച്ചതിന്. വളരെ നാള്‍ മുമ്പത്തെ സമാനമായൊരനുഭവമായിരുന്നു കവിതയുടെ പ്രചോദനം. ടെലഫോണ്‍ ബൂത്തില്‍ ചാരി നിന്ന് ഫോണിലുടെ വേറൊരു ലോകത്തേക്കു സഞ്ചരിക്കുന്നവര്‍ ഗള്‍ഫിലെ നിത്യ കാഴ്ചകളിലൊന്നായിരുന്നു. അവരില്‍ നല്ലൊരു വിഭാഗം താണ വരുമാനക്കാരാ‍യ ഇന്ത്യക്കാര്‍ തന്നെ.അവരുടെ സങ്കടങ്ങള്‍ക്കും സന്തോഷത്തിനും സാക്ഷിയാ‍യി ടെലഫോണ്‍ ബൂത്തും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വളരെ വളരെ നന്ദി നജീം എന്നാണുദ്ദേശിച്ചത്. നന്ദി വിട്ടുപോയി.

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

സമകാലിക സംഭവങ്ങളുടെ ഒരു പരിഛേദമായി ഈ കവിതയെ കാണാം.
കവിത നേരിട്ട് വായനക്കാരനോട് സംവദിക്കുന്നു. വേദന ബാക്കി വയ്ക്കുന്നു. ഇത് ചരിത്രത്തിന്‍റെ ബാക്കി പത്രം മാത്രമാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ഇന്ത്യാ ഗവണ്മെന്‍ റ് ഈയിടെ സ്വീകരിച്ച നടപടി ഈ സമയത്ത് ഓര്‍ക്കേണ്ടതാണ്. ബഹറൈനില്‍ ഹൌസ് മേയ്ഡ് വിസയില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം 100 ദിനാര്‍ എങ്കിലും ശമ്പളം നല്‍കണം. അങ്ങിനെ കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ ഇന്ത്യക്കാരെ ഇനിമുതല്‍ കൊണ്ടു വരാന്‍ സാധിക്കുകയും ഉള്ളൂ.
ബഹറൈന്‍ അംബാസിഡര്‍ ബാലകൃഷ്ണ ഷെട്ടിയുടെ പ്രവര്‍ത്തനങ്ങളേയും ഈ അവസരത്തില്‍ ശ്ലാഘിക്കേണ്ടതാണ്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നന്ദി ഇരിങ്ങല്‍,കവിത വായിച്ചതിനും കമന്റെഴുതിയതിനും.

അംബാസ്സഡര്‍ ബാലകൃഷണ ഷെട്ടി ഒരു വലിയ മനുഷ്യസ്നേഹിയും തന്റെ കര്‍ത്തവ്യം നിറവേറ്റാനറിയുന്ന നട്ടെല്ലുള്ള ഉദ്യോഗസ്ഥനുമാണ്. എന്നിരുന്നാലും അടയ്ക്കുന്ന ഓരോ പഴുതിനും ബദല്‍ പഴുതുകള്‍ തുറക്കാനും, 100 ദിനാര്‍ ഗ്യാരണ്ടി നല്‍കുന്ന കരാറിനെ വെറും ഫോര്‍മാലിറ്റിക്കു വേണ്ടിയുള്ള കടലാസ്സാക്കി മാറ്റാനും പല വലിയ കമ്പനികളുടെയും തലപ്പത്ത് എല്ലാവിധ സൌഭാഗ്യങ്ങളും പറ്റി ഞെളിഞ്ഞിരിക്കുന്ന ഇന്ത്യാക്കാര്‍ തന്നെയായ ഉദ്യോഗസ്ഥന്മാര്‍ക്ക് അനായാസം കഴിയുന്നുണ്ട്. അവരില്‍പ്പലരും അംബാസ്സഡറുടെ തോളില്‍ കൈയിട്ടു നടക്കുന്ന പകല്‍മാന്യന്മാരുമായിരിക്കും. കമ്പനികള്‍ പറഞ്ഞ തുക കൊടുക്കുന്നുണ്ടെന്നുറപ്പു വരുത്താന്‍ എംബസ്സികള്‍ക്കു കഴിയുമോ? അറിഞ്ഞുകൊണ്ടു തന്നെ ചതിക്കു വിധേയരാകാന്‍ ഗതികേടു കൊണ്ട് തയ്യാറുള്ളവരാണ് ജോലി തേടി വരുന്നവരും. അതിനാല്‍ ഫോണ്‍ ബൂത്തുകളിലും,മൊബയിലുകളിലും അവരുടെ കണ്ണുനീര്‍ ഇനിയും വീണുകൊണ്ടേയിരിക്കും.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

നന്നായിരിക്കുന്നു