മുൻ വശത്ത് പാറാവുകാരുണ്ട്
ഒളിച്ചു വച്ച ക്യാമറകളുണ്ട്
കൃഷണമണി സ്കാനിങ്ങും വിരലടയാളം ഒത്തുനോക്കലുമുണ്ട്
ഒരുറുമ്പുപോയിട്ട് ഒരണുവായിപ്പോലും
നുഴഞ്ഞു കടക്കുകയെന്നത് അചിന്തിതം.
പുറകുവശത്താകട്ടെ ഇതൊന്നുമില്ല
വാതിലുകളെല്ലാം മലർക്കെ തുറന്ന്
ചിലപ്പോഴെല്ലാം ഒരു ടോർച്ചടിയുടെ വെളിച്ചം
വന്നുപോകാറുണ്ടെങ്കിലും
ഏതു നേരവും കുറ്റാക്കുറ്റിരുട്ട്
ഈ വഴി മാത്രമാണ് എന്റെ സഞ്ചാരങ്ങളൊക്കെയും
ഒരിക്കലും ആർക്കും കണ്ടു പിടിക്കാനാവില്ല
അങ്ങിനെയാണ് ഞാൻ നിങ്ങളിലേക്കു കടന്നത്
ഉള്ളിലെത്തിപ്പെട്ടാൽ പിന്നെ രൂപം മാറാനും
മുന്നിലേക്കു നീങ്ങാനും
എനിക്ക് അസാമാന്യമായ വിരുതുണ്ട്
അങ്ങിനെയാണ് ഞാൻ അവനായി മാറിയത്
അവനാവശ്യമില്ലാതിരുന്ന ദേവാലയങ്ങൾ പണിയിപ്പിച്ച്
കലശങ്ങള്‍ ചെയ്യിച്ച്
നിങ്ങളെക്കൊണ്ടെന്നെ കുടിയിരുത്തിപ്പിച്ചത്
മാലയണിയിപ്പിച്ചത്
പുരോഹിതന്മാരെ സൃഷ്ടിച്ച് പൂജിപ്പിച്ചത്
എന്റെ ഇഷ്ടങ്ങളെല്ലാം അവന്റേതാണെന്ന്
നിങ്ങളെക്കൊണ്ട് വിശ്വസിപ്പിച്ചത്
സംശയങ്ങളിലൂടെ നിങ്ങളെന്നെ
തിരിച്ചറിഞ്ഞെങ്കിലോ എന്നു ഭയന്ന്
സംശയങ്ങൾക്കതീതരായി വിശ്വാസികളാകാൻ പഠിപ്പിച്ചത്
എന്നിട്ടും നിങ്ങളില്‍ വിശ്വാസം പോരാഞ്ഞ്
ബലിയായി മക്കളുടെ ശിരസ്സു ചോദിച്ചപ്പോഴും
നിങ്ങളെന്നെ തിരിച്ചറിഞ്ഞില്ല
നിങ്ങളിൽ ആശകളും ദുരാഗ്രഹങ്ങളും നിറച്ചപ്പോഴും
അവ നിറവേറ്റാൻ കാണിക്കയിടീച്ചപ്പോഴും
തുലാഭാരങ്ങളിൽ സ്വർണ്ണം നിറപ്പിച്ചപ്പോഴും
കാത്തിരിക്കുന്ന സ്വർഗ്ഗ നരകങ്ങളുടെ കഥകളിൽ
നിങ്ങളെ തളച്ചിട്ടപ്പോഴും
വാളുകൾ തന്ന് പരസ്പരം പോരാടിപ്പിച്ചപ്പോഴും
നിങ്ങളെന്നെ തിരിച്ചറിയുകയോ
അവനെ കണ്ടെത്തുകയോ ചെയ്തില്ല
ഇവിടെ ഞാനെത്ര സുരക്ഷിതൻ
മുൻ വശത്ത് പാറാവുകാരുണ്ട്
ഒളിച്ചു വച്ച ക്യാമറകളുണ്ട്
കൃഷണമണി സ്കാനിങ്ങും വിരലടയാളം ഒത്തുനോക്കലുമുണ്ട്
ഞാനാണെന്നു കരുതി അവനെ നിങ്ങള്‍
നിങ്ങളിലേക്ക് കടത്തിവിടില്ല
പിൻ വശത്തെ ഇരുട്ടുള്ളിടത്തോളം
തുറന്നു കിടക്കുന്ന വാതിലിലൂടെ
അവനാകട്ടെ വരാനാവുകയുമില്ല
ഒരിക്കലും.
13 അഭിപ്രായങ്ങൾ:
“ദൈവങ്ങള്‍“ക്കു ശേഷം ‘പിശാച്’ എഴുതുവാന്‍ കുറച്ച് സമയമെടുത്തു. പിശാച് എളുപ്പം വഴങ്ങുന്ന ആളല്ലല്ലോ. നിങ്ങളുടെ പ്രതികരണങ്ങള്‍ക്കായി -
സ്നേഹത്തോടെ
മോഹന്‍
Oh... its great
thanks mohan
പിശാച് കൊള്ളാം. എന്നാലും ആളെ
പേടിപ്പിക്കാനായിട്ട്...
ദൈവങ്ങള്‍ക്കു ശേഷം പിശാച്....
അവര്‍ രണ്ടും
ഒന്നായിക്കൊണ്ടിരിക്കുന്നത് അറിയുക...
കവിത നന്നായിരിക്കുന്നു....
കാപ്പിലാനു നന്ദി, ആദ്യത്തെ കമന്റിന്.
പ്രിയാ, പേടിപ്പിക്കുക എന്നതാണല്ലോ പിശാചിന്റെ രീതി. പേടിയുള്ള ആളെ വരുതിക്കു വരുത്താന്‍ എളുപ്പമാണല്ലൊ.
ബാജി, കമന്റിനു നന്ദി.ആരാണ് ദൈവം ആരാണ് പിശാച് എന്ന് ആരും തിരിച്ചറിയുന്നില്ലല്ലോ.
മോഹന്‍ ഭായ്...
ഇരുളിലെ കവാടം മറ്റാര്‍ക്കും കാണാന്‍ ആവുന്നില്ല
നീയും ഞാനും സുരക്ഷിതര്‍
ഇരുളിന്റെ വാതില്‍ ഇരുളാല്‍ മറക്കപ്പെടുന്നു
എത്ര മനോഹരമീ പിശാച്...........അതിമനോഹരം
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ നന്ദി. ഇരുളാണ് പ്രശ്നം. ഇരുളകറ്റാന്‍ കെല്‍പ്പുള്ള വെളിച്ചം വരേണ്ടതുണ്ട്.
നന്നായിട്ടുണ്ട് മാഷേ.
ദൈവമുണ്ടെങ്കില്‍ പിശാചുമുണ്ട് എന്നാണല്ലോ. രണ്ടു പേരെയും വേര്‍തിരിച്ചറിയേണ്ടതുണ്ട് എന്നു മാത്രം.
:)
great words,പിശാച് കൊള്ളാം.
ശ്രീ - കമന്റിനു നന്ദി. ദൈവമാണോ അതോ പിശാചു തന്നെയാണോ ഇന്നു നമ്മള്‍ കാണുന്ന ദൈവത്തിന്റെ മുഖം മൂടിയണിഞ്ഞ് നമ്മെ വിഡ്ഡികളാക്കുന്നത്? സത്യത്തില്‍ നമ്മള്‍ക്കിതു തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? ഇനി ഒരിക്കലെങ്കിലും തിരിച്ചറിയാനാവുമോ?
സ്വപ്ന - പോസ്റ്റു വായിച്ചതിനും കമന്റിനും നന്ദി.
നന്മയുള്ള മനസ്സില്‍ ദൈവം കുടികൊള്ളൂന്നൂ,,
അവിടെ ദൈവം ജീവിക്കുന്നൂ..
തിന്മയുടെ ഉറവിടത്തില്‍ പിശാചും.!!
ഹലോ മോഹന്‍:
ഓര്‍മ്മയുണ്ടോ ഈ മുഖം? ഓര്‍ക്കാന്‍ വഴിയില്ല. പിശാച് നന്നായിട്ടുണ്ട്. അതും ദൈവത്തിന്റെ സ്രിഷ്ടി തന്നെയല്ലേ.
സ്നേഹപൂര്‍വ്വം
ഒരു പഴയ സുഹ്രുത്ത്
മൊയ്തീന്‍, ന്യൂയോര്‍ക്ക്
യു.എസ്.എ.
മൊയ്തീന്‍ - ഓര്‍ക്കാന്‍ വഴിയില്ല എന്നു പറഞ്ഞതില്‍ത്തന്നെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരമുണ്ടല്ലോ. കമന്റ് ലിങ്കിലൂടെ തങ്കളുടെ ബ്ലോഗിലേക്കെത്താനും കഴിഞ്ഞില്ല. ഏതായാലും ഇതു വഴി വന്നതിനും, കമന്റിനും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ