2008 ജനുവരി 26, ശനിയാഴ്‌ച

പിശാച്


മുൻ വശത്ത്‌ പാറാവുകാരുണ്ട്‌
ഒളിച്ചു വച്ച ക്യാമറകളുണ്ട്‌
കൃഷണമണി സ്കാനിങ്ങും വിരലടയാളം ഒത്തുനോക്കലുമുണ്ട്‌
ഒരുറുമ്പുപോയിട്ട്‌ ഒരണുവായിപ്പോലും
നുഴഞ്ഞു കടക്കുകയെന്നത്‌ അചിന്തിതം.

പുറകുവശത്താകട്ടെ ഇതൊന്നുമില്ല
വാതിലുകളെല്ലാം മലർക്കെ തുറന്ന്
ചിലപ്പോഴെല്ലാം ഒരു ടോർച്ചടിയുടെ വെളിച്ചം
വന്നുപോകാറുണ്ടെങ്കിലും
ഏതു നേരവും കുറ്റാക്കുറ്റിരുട്ട്
ഈ വഴി മാത്രമാണ്‌ എന്റെ സഞ്ചാരങ്ങളൊക്കെയും
ഒരിക്കലും ആർക്കും കണ്ടു പിടിക്കാനാവില്ല
അങ്ങിനെയാണ്‌ ഞാൻ നിങ്ങളിലേക്കു കടന്നത്‌

ഉള്ളിലെത്തിപ്പെട്ടാൽ പിന്നെ രൂപം മാറാനും
മുന്നിലേക്കു നീങ്ങാനും
എനിക്ക് ‌അസാമാന്യമായ വിരുതുണ്ട്‌
അങ്ങിനെയാണ്‌ ഞാൻ അവനായി മാറിയത്‌
അവനാവശ്യമില്ലാതിരുന്ന ദേവാലയങ്ങൾ പണിയിപ്പിച്ച്‌
കലശങ്ങള്‍ ചെയ്യിച്ച്
നിങ്ങളെക്കൊണ്ടെന്നെ കുടിയിരുത്തിപ്പിച്ചത്‌
മാലയണിയിപ്പിച്ചത്‌
പുരോഹിതന്മാരെ സൃഷ്ടിച്ച്‌ പൂജിപ്പിച്ചത്‌
എന്റെ ഇഷ്ടങ്ങളെല്ലാം അവന്റേതാണെന്ന്
നിങ്ങളെക്കൊണ്ട് വിശ്വസിപ്പിച്ചത്‌

സംശയങ്ങളിലൂടെ നിങ്ങളെന്നെ
തിരിച്ചറിഞ്ഞെങ്കിലോ എന്നു ഭയന്ന്
സംശയങ്ങൾക്കതീതരായി വിശ്വാസികളാകാൻ പഠിപ്പിച്ചത്‌
എന്നിട്ടും നിങ്ങളില്‍ വിശ്വാസം പോരാഞ്ഞ്
ബലിയായി മക്കളുടെ ശിരസ്സു ചോദിച്ചപ്പോഴും
നിങ്ങളെന്നെ തിരിച്ചറിഞ്ഞില്ല

നിങ്ങളിൽ ആശകളും ദുരാഗ്രഹങ്ങളും നിറച്ചപ്പോഴും
അവ നിറവേറ്റാൻ കാണിക്കയിടീച്ചപ്പോഴും
തുലാഭാരങ്ങളിൽ സ്വർണ്ണം നിറപ്പിച്ചപ്പോഴും
കാത്തിരിക്കുന്ന സ്വർഗ്ഗ നരകങ്ങളുടെ കഥകളിൽ
നിങ്ങളെ തളച്ചിട്ടപ്പോഴും
വാളുകൾ തന്ന് പരസ്പരം പോരാടിപ്പിച്ചപ്പോഴും
നിങ്ങളെന്നെ തിരിച്ചറിയുകയോ
അവനെ കണ്ടെത്തുകയോ ചെയ്തില്ല

ഇവിടെ ഞാനെത്ര സുരക്ഷിതൻ
മുൻ വശത്ത്‌ പാറാവുകാരുണ്ട്‌
ഒളിച്ചു വച്ച ക്യാമറകളുണ്ട്‌
കൃഷണമണി സ്കാനിങ്ങും വിരലടയാളം ഒത്തുനോക്കലുമുണ്ട്‌
ഞാനാണെന്നു കരുതി അവനെ നിങ്ങള്‍
നിങ്ങളിലേക്ക്‌ കടത്തിവിടില്ല
പിൻ വശത്തെ ഇരുട്ടുള്ളിടത്തോളം
തുറന്നു കിടക്കുന്ന വാതിലിലൂടെ
അവനാകട്ടെ വരാനാവുകയുമില്ല
ഒരിക്കലും.