2007, ഡിസംബർ 14, വെള്ളിയാഴ്‌ച

ഇടനാഴിയിലെ പൂച്ച


മൂന്നു പേരാണ് കഥാപാത്രങ്ങള്‍. ഒന്നൊരു കഥാകൃത്ത്. പിന്നെ അവള്‍, അയാള്‍.
അവളില്‍ നിന്നാകട്ടെ തുടക്കം. എന്താ വിരോധമുണ്ടോ?
അവള്‍:

തീരെ പ്രതീക്ഷിക്കാത്തതായിരുന്നു സംഭവിച്ചത്. അതും പട്ടാപ്പകല്‍, തുറന്നിട്ട മുറിയില്‍. അടുത്താരുമില്ലാതിരുന്നത് ഈശ്വരകടാക്ഷം തന്നെ. അവനിത്രയൊക്കെ ധൈര്യം എവിടുന്ന് കിട്ടിയെന്നതാണറിയാന്‍ കഴിയാതിരുന്നത്. ഇന്നലെ വരെ അവനെപ്പറ്റി അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ലായിരുന്നുവെന്നത് നേര്. പക്ഷെ ഇനിയങ്ങിനെ വയ്യ.

അയ്യേ, എന്തായിത്. എന്തിനാണിങ്ങനെ മനസ്സിനൊരു വിറയല്‍. പതിവില്ലാത്തൊരു ചാഞ്ചാട്ടം. തെറ്റു ചെയ്ത ഒരാളെപ്പറ്റി വീണ്ടും വീ‍ണ്ടും ഓര്‍ക്കാനേ പാടില്ല. കഴിഞ്ഞതു കഴിഞ്ഞു. ഇനിയതിനെപ്പറ്റി കൂടുതല്‍ ഓര്‍ക്കാതിരിക്കുന്നതാവും ബുദ്ധിയെന്നു മനസ്സു തന്നെയാണു പറയുന്നത്. അവന്‍ പോയി തുലയട്ടെ.

രു നിമിഷം ഞാനൊന്നു കണ്ണടച്ചു കിടക്കട്ടെ. ജയിച്ചിരിക്കുന്നു. ഇല്ല,അവനില്ല മനസ്സില്‍. മനസ്സു വളരെ പരിശുദ്ധം. ക്ലീന്‍. മാര്‍ബിള്‍‍ വിരിച്ച നിലം പോലെ വെളുത്ത്, മിനുത്ത് ...
പക്ഷെ ഇതെന്താണ്? മാര്‍ബിള്‍‍ വിരിച്ച നിലത്തു കൂടെ നടന്നടുത്തു കൊണ്ടിരിക്കുന്ന കാലുകള്‍ ആരുടേതാണ്? അതെ, അതവന്റേതു തന്നെ. ഉച്ച മയക്കത്തിലേക്കു വഴുതിവീഴവെയാണ് ഒച്ചയുണ്ടാക്കാതെ പതുങ്ങി വരുന്ന കാലുകള്‍ കണ്ണില്‍പ്പെട്ടത്. പാതി തുറന്ന കണ്ണുകളിലൂടെ നോക്കുമ്പോള്‍ അവന്റെ വിശക്കുന്ന കണ്ണുകള്‍ കണ്ടു. പിന്നെ നീണ്ടു വരുന്ന കൈകളും. അവന്റെ ഉടലിനെപ്പറ്റി ഓര്‍മ്മയേ ഇല്ല. ഒരു പക്ഷെ അതു തന്റെ ഉടലുമായി ലയിച്ചതിനാലാവാം.

ഛെ, വീണ്ടും അവന്‍. ഇതെന്തൊരു മനസ്സ്? അവന്റെ ഉടല്‍ തന്റെ ഉടലില്‍ തൊട്ടതു പോലുമില്ല. പക്ഷെ ശക്തമായ അതിന്റെ മാസ്മരികയിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടതുപോലെ
തോന്നിയിരുന്നതായോര്‍മ്മയുണ്ട്.ശ്വാസം ക്രമാതീതമായി ഉയര്‍ന്നതും, ശരീരം അനിയന്ത്രിതമായി പ്രകമ്പനം കൊണ്ടതും വെറും സ്വപനമായിരുന്നുവെന്നു തോന്നുന്നില്ല. എല്ലാം ഒറ്റ നിമിഷം കൊണ്ട് തകിടം മറിച്ചത് ഇടനാഴിയിലൂടെ ചാടിയ ആ നശിച്ച പൂച്ചയായിരുന്നു.

ഒന്നും ഓര്‍ക്കാതെ കിടക്കാം. തിങ്ക് പോസിറ്റീവ്. പക്ഷെ എന്താണ് പോസിറ്റീവ്? അവന്‍ ചെയ്തതോ, അതോ ചെയ്യാതെ പോയതോ? വേണ്ട. ഇതിനൊരന്ത്യം കാണണം. ഇതു തികഞ്ഞ സ്റ്റുപ്പിഡിറ്റി തന്നെ. ആലസ്യത്തിന്റെ പുതപ്പു വലിച്ചെറിഞ്ഞ് അവള്‍ കുടഞ്ഞെഴുന്നേറ്റു. ഒരു ചായ കുടിച്ചു കളയാം. അടുക്കളയിലേക്കു പോകും മുമ്പേ കണ്ണാടിയില്‍ ഒരിക്കല്‍ക്കൂടി വലത്തെ കവിളിന്റെ മധ്യത്തിലേക്കു സൂക്ഷിച്ചു നോക്കി. പിന്നെ വിരലുകള്‍ കൊണ്ടവിടെ പതുക്കെ തലോടി.

അയാള്‍ :

അവളകത്തുണ്ടായിരിക്കുമെന്ന് സത്യത്തില്‍ നിരൂപിച്ചതായിരുന്നില്ല. പിന്നെ എന്തെടുക്കുവാനാണവിടെ പോയതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല എന്ന് പറയേണ്ടി വരും. അവള്‍ ഉറക്കത്തിലായിരുന്നുവോ അതോ ഏതെങ്കിലും ദിവാസ്വപ്നങ്ങളിലോ ? സംഭവിച്ചതെല്ലാം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. അവളുടെ ആ കിടപ്പ് തികച്ചും മോഹിപ്പിക്കുന്നതായിരുന്നുവെന്ന് പറയാതെ വയ്യ. അതു കൊണ്ടായിരുന്നിരിക്കണമല്ലോ കാലുകള്‍ കട്ടിലിന്നടുത്തേക്കു നീങ്ങിയതും വന്നതെന്തിനായിരുന്നുവെന്നത് തീരെ മറന്നു പോയതും. അല്ലെങ്കില്‍ എന്തിനുവന്നുവെന്നതിന് പ്രസക്തിയെവിടെ? സദാ ചിരിക്കുന്ന വളകളും, ചിലമ്പുന്ന പാദസരങ്ങളും, മോഹിപ്പിക്കുന്ന സുഗന്ധവുമായി അവള്‍ എന്നും തന്നിലേക്കു തേര്‍വാഴ്ച്ചകള്‍ നടത്തിയിരിന്നുവെന്നത് തനിക്കു മാത്രം അറിയാവുന്ന ഒരു രഹസ്യമല്ലേ? പിന്നെ കവികള്‍ വര്‍ണ്ണിച്ചു തോല്‍‌വി പറഞ്ഞ‍ ആ കവിളിലൊരു മുത്തം കൊടുക്കണമെന്നു തോന്നിയതില്‍ എന്തെങ്കിലും അപാകതയുണ്ടങ്കില്‍ ദയവായി പറഞ്ഞു തരിക.

പക്ഷെ തുടര്‍ന്നു വന്ന സംഭവങ്ങളാണെല്ലാ താളവും തെറ്റിച്ചത്. കവിളിലേക്കു താഴ്ന്ന ശിരസ്സിനെ അവളുടെ കൈകള്‍ വരിഞ്ഞു പിടിച്ചതായിരുന്നു. മുഖം അവളുടെ മുഖത്തിലമരേണ്ട നിമിഷം, ഇടനാഴിയിലൂടെ ഒരു പൂച്ച ചാടിയതും, എന്തോ കണ്ടു പേടിച്ചിട്ടെന്നപോലെ അവളുണര്‍ന്ന് ഒച്ച വച്ചതും, വേഗം അവളുടെ പിടി വിടുവിച്ച് പരിഭ്രമത്തോടെ പുറത്തേക്കോടിയതും ... . ഛെ, അവളെന്താണാവോ ഇനി വിചാരിക്കുക?

കഥാകൃത്ത്

ഇതെന്റെ അനുഭവ കഥയാണ്. കഥയെഴുതാന്‍ ഇതു പോലെ ഒരു പാട് അനുഭവങ്ങള്‍ വേണമല്ലോ. ഒരു സംശയം ഇനിയും ബാക്കി നില്‍ക്കുന്നു. പൂച്ച പോയിട്ട് ഒരു പൂച്ച രോമം പോലും ആ വീട്ടിലില്ല. എല്ലാ പഴുതുകളും അടച്ച വീടായതിനാല്‍ പുറത്തു നിന്നൊരു പൂച്ച വന്നുവെന്നു കരുതാനും വയ്യ. പിന്നെ ഇടനാഴിയിലൂടെ ചാടിയ ആ പൂച്ച എവിടെ നിന്നാണാവോ വന്നത്?


9 അഭിപ്രായങ്ങൾ:

നാടോടി പറഞ്ഞു...

സാറെ,
കലക്കീട്ടൂണ്ട്.....
മനസ്സുകളിലാണ് പൂച്ച വളരുന്നത്
ചില സമയങ്ങളില്‍ അത് പെട്ടെന്ന് ചാടി വീഴും
നന്നായിട്ടുണ്ട്...
നാടോടി,ബഹറിന്‍

ശ്രീ പറഞ്ഞു...

നന്നായി. നാടോടിയുടെ കമന്റും.
:)

simy nazareth പറഞ്ഞു...

തകര്‍പ്പന്‍ കഥ. നാടോടിയുടെ കമന്റുകൂടെ ആയപ്പോള്‍ പൂര്‍ണ്ണമായി.

ഇതാ എനിക്കു പൂച്ചയെ ഇഷ്ടമില്ലാത്തത്.

സജീവ് കടവനാട് പറഞ്ഞു...

cat is a symbol of...?

ഏ.ആര്‍. നജീം പറഞ്ഞു...

തികച്ചും പുതുമയുള്ള രീതിയില്‍ കഥ അവതരിപ്പിച്ചിരിക്കുന്നു...
അഭിനന്ദനങ്ങള്‍....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നാടോടി പറഞ്ഞതു ശരി. മനസ്സില്‍ തന്നെ പൂച്ചയും, സിംഹവും എല്ലാം.

സിമിക്ക് പൂച്ചയെ ഇഷടമില്ലാത്തതെന്തുകൊണ്ടാണെന്ന് മനസ്സിലായി. തുറന്നു പറഞ്ഞുവല്ലൊ.

കിനാവ് പകുതിയില്‍ നിറു‍ത്തിയതെന്തേ?

ശ്രീയുടേയും, നജീമിന്റേയും നിരീക്ഷണങ്ങള്‍ക്കു നന്ദി.

Dr. Prasanth Krishna പറഞ്ഞു...

നല്ലകഥ...കൊ‌ള്ളാം..പൂച്ചയെപറ്റി ആയി ഇനി പട്ടിയെ പറ്റിയും ആകാം ഒന്ന്....അവതരണം നന്നായിട്ടുണ്ട്.....കൂടുതല്‍ പോസ്റ്റുചെയ്യൂ...

http://Prasanth R Krishna/watch?v=P_XtQvKV6lc

നിരക്ഷരൻ പറഞ്ഞു...

അങ്ങിനെ '' പൂച്ച് '' പുറത്തായല്ലേ?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

പ്രശാന്ത്, നിരക്ഷരന്‍ - കമന്റുകള്‍ക്കു നന്ദി.