2007, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ആത്മഹത്യ


ആദ്യ രാത്രിയിൽ ബെഡ്‌ റൂമിന്റെ അരണ്ട വെളിച്ചത്തിൽ അയാൾക്കഭിമുഖമായിരുന്ന്‌ അവൾ ചോദിച്ചു -
"മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന്‌ കേട്ടിട്ടുണ്ട്‌"
അയാളവളെ മെല്ലെ നോക്കി. കണ്ണുകൾ അയാളിൽ നിന്നുമെടുക്കാതെ അവൾ വീണ്ടും ചോദിച്ചു - "എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്‌?"
"വെറുതെ"
"വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ ?" - അയാളൊന്നും മിണ്ടിയില്ല.
"പ്രേമ നൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നൊ ?"
"പ്രേമം. ആരു പ്രേമിക്കാൻ ... ആർക്കും എന്നെ വേണ്ടായിരുന്നു.
അയാളറിയാതെ തന്നെയാണയാളിൽ നിന്നും വാക്കുകൾ പുറത്തു ചാടിയതെന്ന്‌ അവൾക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകൾ ജനാലക്കു പുറത്ത്‌ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു.
"ആത്മഹത്യ ചെയ്താലെന്തെന്ന്‌ ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവർക്കല്ലേ അതിനൊക്കെ കഴിയൂ. ഞാനൊരു ഭീരുവായിരുന്നു. അതിനാൽ ശ്രമിച്ചില്ല" - അറിയാതെയുയർന്ന ഒരു നെടുവീർപ്പിനെ വേഗം മറച്ചു പിടിച്ച്‌ അവൾ നിഷ്കളങ്കയെപ്പോലെ ചിരിച്ചു.
അതയാൾക്കൊരു പുതിയ അറിവായിരുന്നു. അയാളവളെ ചുഴിഞ്ഞു നോക്കി. അവളുടെ കണ്ണുകളുടെ ആഴങ്ങളിലെവിടെയെങ്കിലും ആത്മഹത്യയോടുള്ള ഭ്രാന്തമായൊരഭിനിവേശം പതിയിരിപ്പുണ്ടോ.
"ഇനിയിപ്പോൾ ധൈര്യമുള്ള ഒരാൾ കൂടെയുണ്ടല്ലോ, തരം കിട്ടിയാൽ ഒന്നു പരീക്ഷിച്ചു നോക്കാം അല്ലേ?" - അതു പറഞ്ഞ്‌ അവൾ വീണ്ടും ചിരിച്ചു. ആ ചിരിയിൽ എന്തൊക്കെയോ നിഗൂഢതകൾ പതിയിരിക്കുന്നുവോ എന്നയാൾ സംശയിച്ചു. ഒരുൾക്കിടിലത്തോടെ അയാളവളെ വരിഞ്ഞു മുറുക്കി.
"ഇനിയൊരിക്കലും ഞാൻ ആത്മഹത്യ ചെയാൻ ശ്രമിക്കില്ല. എനിക്കിപ്പോൾ നീ കൂട്ടിനുണ്ടല്ലോ" - അയാളവളുടെ ചെവിയിൽ മന്ത്രിച്ചു.
അവളൊന്നും മിണ്ടിയില്ല, ഒന്നും കേട്ടുമില്ല. അവളുടെ കണ്ണുകൾ ജനാലക്കപ്പുറത്തെ ഇരുട്ടിന്റെ മാസ്മരികതയിലെവിടെയോ ആയിരുന്നു.

11 അഭിപ്രായങ്ങൾ:

കുഞ്ഞന്‍ പറഞ്ഞു...

ഇനിയെന്തിനാണവന്‍ ആത്മഹത്യക്കു ശ്രമിക്കുന്നത്, അവന്റെ മരണം കഴിഞ്ഞു, അവന്‍ സുമംഗലനായി...!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കുഞ്ഞന്റെ കമന്റ് വായിച്ചു ഞാന്‍ ചിരിച്ചു പോയി. ഒരര്‍ത്ഥത്തില്‍ മംഗല്യവും ഒരാത്മഹത്യ തന്നെ. കളത്രം ഇതു വായിക്കില്ലെന്നു കരുതുന്നു.

ആഷ | Asha പറഞ്ഞു...

കഥ ഇഷ്ടപ്പെട്ടു.

ഓ.ടോ- കുഞ്ഞാ അത്രയ്ക്കു വേണോ ;)

ശ്രീ പറഞ്ഞു...

കൊള്ളാം....

കുഞ്ഞന്‍‌ ച്ചേട്ടാ...
അനുഭവത്തില്‍‌ നിന്നാണോ?
;)

Murali K Menon പറഞ്ഞു...

ഇനി മോക്ഷം കിട്ടാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതി അല്ലേ മോഹന്‍? ആര്‍ ആരില്‍ നിന്ന് കാലം (കാലന്‍?)തീരുമാനിച്ചോട്ടെ

സജീവ് കടവനാട് പറഞ്ഞു...

കഥ നന്നായി.

സഹയാത്രികന്‍ പറഞ്ഞു...

മാഷേ നന്നായിരിക്കുന്നു... ഒരു കൂട്ട ആത്മഹത്യയ്ക്കുള്ള സ്കോപ്പുണ്ടോ...?
:)

ഓ : ടോ : ഹി...ഹി...ഹി... കുഞ്ഞേട്ടാ കറകറക്റ്റ്....
:)

മുസാഫിര്‍ പറഞ്ഞു...

കല്യാണം കഴിച്ചാല്‍ മാ‍നസിക രോഗം മാറുമെന്ന് ചില സിനിമയില്‍ കണ്ടിടുണ്ട്.
കഥ ഇഷ്ടമായി മോഹന്‍ .

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സരസ്സമായ പ്രതികരണങ്ങള്‍ക്കു കാരണമായ കമന്റിട്ടതിന് കുഞ്ഞന്‍സിനു നന്ദി. മുരളി പറഞ്ഞതും അര്‍ത്ഥവത്താണ്. കാലം കയറുമായി എവിടെയൊക്കെയോ ഉണ്ടു്. കമന്റുകളിട്ട ആഷ, ശ്രീ,കിനാവ്, സഹയാത്രികന്‍, മുസാഫിര്‍ - എല്ലാവര്‍ക്കും നന്ദി.

Kuzhur Wilson പറഞ്ഞു...

അയല്‍ക്കാരാ ?

കല്ല്യാണം, മരണം

നസ്രാണികള്‍ക്ക് ഈ രണ്ടിടത്തും പൂക്കള്‍ ഉണ്ട്

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നന്ദി അയല്‍ക്കാരാ,
കല്യാണത്തിനും, മരണത്തിനും സുഗന്ധം പകരാനെത്തുന്ന പൂക്കള്‍. ഞെട്ടില്‍ നിന്നും മുറിച്ചു കഴിഞ്ഞാല്‍ പൂക്കളും ജഡം തന്നെ.