2008 സെപ്റ്റംബർ 14, ഞായറാഴ്‌ച

അവസ്ഥ

ആലിംഗനങ്ങളിലൂടെ ഉന്മാദങ്ങളും
ചുംബനങ്ങളിലൂടെ രോഗങ്ങളും
നമ്മള്‍ പങ്കു വച്ചു

കുറേക്കഴിഞ്ഞപ്പോള്‍
‍ഉന്മാദങ്ങള്‍ ശമിച്ചു
രോഗങ്ങള്‍ വളര്‍ന്നു വളര്‍ന്ന്
എല്ലുകളേയും മാംസത്തേയും
തിന്നു തീര്‍ത്തു
ഒടുവിലവ നമ്മുടെ ആത്മാക്കളെ
നമ്മുടെ ശരീരങ്ങളില്‍ നിന്നും
ചവിട്ടിപ്പുറത്താക്കി.

2008 സെപ്റ്റംബർ 9, ചൊവ്വാഴ്ച

പ്രണയത്തിന്റെ കടല്‍

ഇരമ്പുന്ന ഒരു കടല്‍
എല്ലാ ഭിത്തികളും‍ തകര്‍ത്ത്
ഒരു വേലിയേറ്റം പോലെ
ആദ്യം കയറി വന്നത്
ആരുടെ ശരീരത്തിലേക്കായിരുന്നു?

അതു പതുക്കെ വളര്‍ന്നു വളര്‍ന്ന്
പ്രളയമായ് മാറിയപ്പോഴേക്കും
നമ്മള്‍ പരസ്പരം കുതിര്‍ന്നലിഞ്ഞ്
ജലമായിത്തീര്‍ന്നിരുന്നു.

തിരമാലകളായി, നുരകളും പതകളുമായി
പരസ്പരം അലിഞ്ഞുചേര്‍ന്നും
ഇഴുകിമാറിയും നമ്മള്‍....
ശ്വാസോച്ഛ്വാസങ്ങള്‍ യോജിച്ച്
കൊടുങ്കാറ്റുകളായി
കടലിനുമീതെ പറന്നു നടന്നു

ഹൃദയ മിടിപ്പുകള്‍ യോജിച്ച്
ഇടിമുഴക്കങ്ങളായിത്തീര്‍ന്നു
രക്ത ധമനികളിലൂടെ
പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു
അടിക്കടലിലെ ഒഴുക്കുകള്‍

പ്രളയം ശമിച്ചു
വേലിയിറക്കത്തിന്റെ തളര്‍ന്ന മാത്രകള്‍ താണ്ടി
കിടന്ന പായ ചുരുട്ടിവയ്ക്കേണ്ട ജോലി
നിന്നെയേല്പിച്ച്
വേഗമൊരു ചായയാകട്ടെ എന്നു പറഞ്ഞ്
ഒന്നു തിരിഞ്ഞു പോലും നോക്കാതെ
മൂത്രമൊഴിക്കാനായി
ഞാന്‍ ബാത്ത്റൂമിലേക്കു കടന്നു.

2008 സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

ആഘോഷങ്ങള്‍

ഒരു സ്ത്രീ പീഢനത്തിന്റെ
ഉത്ഘാടനത്തിനിടയിലൂടെ
ഊര്‍ന്നിറങ്ങിയ ചോരയില്‍
നനഞ്ഞു പോയ എന്റെ ലിംഗത്തിന്റെ
ചിത്രമെടുത്ത് ഞാന്‍ നെറ്റിലിട്ടത്
“ചുവക്കുന്ന പുരുഷത്വ“ മെന്ന അടിക്കുറിപ്പോടെ
“ലാല്‍ സലാം“ എന്നു കയ്യടിച്ചതും
ഒപ്പം ചേര്‍ത്ത അവളുടെ
ജനനേന്ദ്രിയത്തിന്റെ ഫോട്ടോയ്ക്കു താഴെ
‘ദാഹിക്കുന്ന പാനപാത്ര' മെന്നെഴുതിയപ്പോള്‍
‍ആവേശഭരിതരായ് ആര്‍ത്തു വിളിച്ചതും കൂട്ടുകാര്‍

എല്ലാം കഴിഞ്ഞ്, ഉത്ഘാടനത്തിനു മുമ്പെടുത്ത
അനേകം നഗ്നചിത്രങ്ങള്‍ക്കൊപ്പം
അതിനെ അപ്‌ലോഡ് ചെയ്തപ്പോള്‍
‍ഇത്തിരി മുമ്പേ തകര്‍ന്നുപോയ ആ ശരീരഭാഗമോ
അതിന്റെ നിര്‍ഭാഗ്യവതിയായ ഉടമയോ
ഈ ഭൂമുഖത്തിനി അവശേഷിക്കുന്നില്ല
എന്നറിയാതെയാവും ഈ പടങ്ങള്‍ നോക്കി
ആളുകള്‍‍ ‘വാണമടിക്കുക’
എന്നു പറഞ്ഞായിരുന്നു
ഞങ്ങള്‍ നിര്‍ത്താനാവാതെ ചിരിച്ചത്

രക്തത്തില്‍ നനഞ്ഞ കിടക്കവിരികള്‍ക്കും
മല്‍പ്പിടുത്തത്തിനിടയില്‍
പറിച്ചെറിയപ്പെട്ട വസ്ത്രങ്ങള്‍ക്കുമൊപ്പം
ഉപയോഗശൂന്യമായ ഒരുത്തിയുടെ ശരീരവും കൂടി
അഗ്നിതര്‍പ്പണം ചെയ്താണ്
ലാപ് ടോപ്പും, ബ്ലൂ ടൂത്ത് മൊബൈലുകളും,
ഡിജിറ്റല്‍ ക്യാമറകളുമായി
ഞങ്ങള്‍ വാരാന്ത്യമാഘോഷിച്ചു മടങ്ങിയത്

2008 ഓഗസ്റ്റ് 31, ഞായറാഴ്‌ച

2008 ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഉറക്കവും ഞാനും പിന്നെ അമ്മയും

“ഇവനെന്നും ഉറക്കം മാത്രമെയുള്ളോ“ എന്ന്
വിലപിച്ചത് നൊന്തു പെറ്റ അമ്മയായിരുന്നു
നിദ്രയുടെ കൊടുമുടികളിൽ നിന്നും
സമുദ്രത്തിന്റെ ആഴങ്ങളിലേക്ക്‌ മുക്കിത്താഴ്ത്തിയത്‌
പിതാവു തലയിലേക്കു കമഴ്‌ത്തിയ ജലകുംഭവും
എന്നിട്ടും ഉണരാതായപ്പോള്‍
‍സുല്ലിട്ടു മാറി താതന്‍, അമ്മ മാത്രം കേണു.


കൈകളിൽ മുഖം പൂഴ്‌ത്തിയുറങ്ങുമ്പോൾ
വെടിയുണ്ടകൾ പോലെ ക്ലാസ്സില്‍ വന്നുണർത്തിയത്‌
ഗുരുക്കളുടെ ചോക്കു കഷണങ്ങൾ
ഉറക്കം മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിച്ചപ്പോള്‍
‍ചോക്കുകള്‍ കൊണ്ടുള്ള ഏറവര്‍ നിര്‍ത്തിയത്
എന്തിനു വെറുതേ മിനക്കെടണം
കാശു കൊടുത്തു വാങ്ങിയ ജോലിക്ക്
ശമ്പളം കൃത്യമായി കിട്ടുന്നുണ്ടല്ലോ
എന്ന ചിന്തയാലാവാം


ആദ്യരാത്രിയില്‍ നീരസത്തോടെ നവവധു ചോദിച്ചത്
"കട്ടിലിനോടു മാത്രമേ സ്നേഹമുള്ളു അല്ലേ?" എന്നായിരുന്നു
ബന്ധനമഴിച്ച് മണവാട്ടി പോയപ്പോള്‍
‍നൊന്തു കരഞ്ഞു പെറ്റമ്മ.
കമ്പോളങ്ങള്‍ ഭവനങ്ങളിലേക്കു വളരുമ്പോള്‍
‍ജൈവപരമായ ആവശ്യങ്ങള്‍ക്കായി
ഒരാളിനെ മാത്രം ആശ്രയിക്കേണ്ട
ഗതികേടെന്തിന് എന്ന് അമ്മയുണ്ടോ അറിയുന്നു

മന്ത്രങ്ങള്‍ മുടങ്ങാതെ ഉരുവിട്ടു തളര്‍ന്നിട്ടും
മരുന്നുകള്‍ മുടങ്ങാതെ തിന്നു മടുത്തിട്ടും
ഇമയടയ്ക്കുവാന്‍ കൊതിക്കുന്നവരുള്ളപ്പോള്‍
ഉറക്കത്തെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടതില്ല
എന്നു ഞാന്‍ പറഞ്ഞത്
നയപരമായ ഒരു സമീപനമായിരുന്നു


ഏതായാലും ഈ ഉറക്കത്തില്‍ കൂട്ടുകാരായി
തലമുറകള്‍ മുഴുവനുമുണ്ടെന്ന അറിവ്
എന്നെപ്പോലെ നിങ്ങളേയും
അലോസരപ്പെടുത്തില്ലായിരിക്കും
(അമ്മയെ നമുക്കു മാറ്റി നിര്‍ത്താം)
ഇനി എന്നെങ്കിലും
ആരെങ്കിലും വന്ന് ഉണര്‍ത്താന്‍ ശ്രമിക്കുമോ
എന്നതു മാത്രമാണ് ആകെയുള്ള പേടി

2008 ജൂലൈ 27, ഞായറാഴ്‌ച

ജല താണ്ഡവം - അഥവാ മുംബായ് നഗരത്തിലെ ഒരു മഴക്കാലം

26 ജൂലൈ 2005.

അന്നായിരുന്നു കുട്ടികളേയും കൊണ്ട് ബോംബെ ദര്‍ശനം എന്ന മഹത് കര്‍മ്മം നടത്തുവാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ബോംബെയിലാണ് ജനിച്ചതെങ്കിലും കുട്ടികള്‍ ഇതു വരെ ബോംബെ കണ്ടിട്ടില്ല. അടുത്തൊരു സുഹൃത്ത് അത്യാവശ്യമായി നാട്ടില്‍ പോയതിനാല്‍ അവന്റെ കാറുണ്ട്. തലേ ദിവസം പറഞ്ഞു വച്ചതനുസരിച്ച് കാലത്തു തന്നെ ജാധവ് എന്ന ഡ്രൈവറുമായി കാറും വന്നു. ബീച്ചുകളില്‍ പോകാം, വെള്ളത്തിലിറങ്ങാം, കുളിക്കാം ... ഒരു വലിയ ഷോള്‍ഡര്‍ ബാഗിള്‍ എല്ലാവര്‍ക്കുമുള്ള വസ്ത്രങ്ങളും, ജട്ടികളും, തോര്‍ത്തുകളുമായി വലിയൊരു സന്നാഹത്തോടെ ഞാനും ഭാര്യയും രണ്ടു കുട്ടികളും (മകന്‍ - 9 വയസ്സ്, മകള്‍ - 3 വയസ്സ്) ട്യൂഷന്‍ ക്ലാസ്സിലായിരുന്ന ചേച്ചിയുടെ മകനേയും (15 വയസ്സ്) കൂടെ കൂട്ടി രാവിലേ തന്നെ ഞങ്ങളുടെ സവാരി പുറപ്പെട്ടു. മാനം പകുതി വെളുത്തിട്ടും പകുതി കറുത്തിട്ടും. മഹാരാഷ്‌ട്രയുടെ പല ഭാഗങ്ങളിലും തലേന്നു പെയ്ത പേമാരിയുടെയും, ആറു നിറഞ്ഞു കവിഞ്ഞതിന്റേയും വാര്‍ത്തകള്‍ രാവിലത്തെ പത്രത്തില്‍ വായിച്ച ഞാന്‍ “മഴ വരാം, ഒരു കുടയെടുത്താലോ “എന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരമായി ‘ബീച്ചിലോട്ടു പോകുമ്പോള്‍ ആരെങ്കിലും കുടയെടുക്കുമോ‘ എന്ന മറുചോദ്യം നിന്നു വാ പൊത്തിച്ചിരിച്ചു.



വര്‍ളി സീഫേയ്സും, നെഹ്രു സയന്‍സ് സെന്ററും കഴിഞ്ഞപ്പോഴേക്കും ഉച്ച കഴിഞ്ഞു. പിന്നെ നെഹ്രു
പ്ലാനെറ്റേറിയത്തിലേക്ക്. ഡിസ്കവറി ഓഫ് ഇന്ത്യ ബില്‍ഡിഗ് തലയെടുപ്പോടെ ആകാശത്തെ താങ്ങി നിര്‍ത്തി. പ്ലാനെറ്റേറിയത്തില്‍ ആകാശത്തെയും കോണ്‍സ്റ്റല്ലേഷനുകളെയും പരിചയപ്പെടുത്തുന്ന പ്രോഗ്രം കണ്ട് ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല. പുറത്തു വരുമ്പോഴേക്കും വളരെ ശക്തിയായി മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. ഡിസ്കവറി ഓഫ് ഇന്ത്യ ബില്‍ഡിംഗിന്റെ നെറുകയിലേക്ക് ഇരുണ്ട മഴമേഘങ്ങള്‍ ഇറങ്ങി വന്നിരുന്നു. ജേഡ് ഗാര്‍ഡന്‍ റെസ്റ്റോറന്റിനു മുകളിലൂടെ മേലോട്ടു കയറിപ്പോകുന്ന സ്റ്റെപ്പുകളിലൂടെ മഴവെള്ളം ഇരച്ചൊഴുകിയിറങ്ങുന്നത് കാണാന്‍ രസമുണ്ടായിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ സ്കൂള്‍ കുട്ടികള്‍ നിരനിരയായി നിര്‍ത്തിയിട്ടിരുന്ന ബസ്സുകളിലേക്കോടിക്കയറുന്നുണ്ടായിരുന്നു. മഴ ഒന്നൊതുങ്ങുന്നതു വരെ നിന്നാലോ ? ‘ഓ ഇതിപ്പൊ തീരും. നമ്മള്‍ക്കിറങ്ങാം’ - ജാധവിന്റെ വാക്കുകള്‍ ഞങ്ങളില്‍ ധൈര്യം പകര്‍ന്നു. ഇതു പോലെ എത്ര മഴകള്‍ കണ്ടിരിക്കുന്നു. ബോംബെ നഗരത്തിലങ്ങിനെയാണ്. പെട്ടെന്ന് മഴ കനക്കും. റോഡുകളും റെയില്‍‌പ്പാതകളും നിമിഷം കൊണ്ട് വെള്ളത്തിനടിയിലാകും. കുറച്ചു കഴിയുമ്പോഴേക്കും വെള്ളമിറങ്ങും, പിന്നെയെല്ലാം പഴയ പടി.


ബസ്സുകളുടെ പുറകിലൂടെ പുറത്തേക്കു കാർ നീങ്ങുമ്പോൾ പുഴപോലെയൊഴുകുന്ന റോഡ്. കടലിനോടടുത്ത പ്രദേശം. വേലിയേറ്റത്തിന്റെ സമയം. റോഡും കടലും കുളിരകറ്റാൻ എത്തിവലിഞ്ഞ് ഒന്നു പുണർന്നെന്നു വച്ച് എന്താണു കുഴപ്പം? സ്ഥലങ്ങൾ ഇനിയും കാണാനുണ്ടെങ്കിലും ഈ അവസ്ഥയിൽ വീട്ടിലോട്ടു തിരിക്കാൻ തന്നെ തീരുമാനിച്ചു. കുഴപ്പം ശരിക്കും പിടി കിട്ടിയത് വർളി നാക്കയോടടുക്കാറായപ്പോഴാണ്. റോഡുകളെല്ലാം പുഴയായിക്കൊണ്ടിരിക്കുകയാണ്. പല റോഡുകളിലൂടെയും പുളഞ്ഞു വരുന്ന ഒഴുക്കുകൾ ട്രാഫിക് ജംഗ്‌ഷനുകളിൽ ഒത്തുകൂടി വട്ടത്തിൽ കറങ്ങി കൈകൊട്ടിക്കളികൾ തുടങ്ങിയിട്ടുണ്ട്. റോഡുകളിലൂടെ ജലം കുതിച്ചോടുകയും വാഹനങ്ങൾ അനങ്ങാൻ വയ്യാതെ കെട്ടിക്കിടക്കുകയുമാണ്. ഞങ്ങൾ കുറച്ചു തിരക്കു കുറഞ്ഞെന്നു തോന്നിയ സീഫെയ്‌സ് റോഡിലേക്കു കയറി.


ഇരച്ചു പെയ്യുന്ന മഴ. ശക്തിയായി വീശുന്ന കാറ്റിലൂടെ ചരിഞ്ഞു വീഴുന്ന സ്ഫടികക്കയറുകൾ. കൂട്ടുകാരന്റെ ഭാര്യയുടെ ഫോൺ വന്നു. “എന്തൊരു മഴയാ? നിങ്ങളിതെവിടെയാണ്?” “ഞങ്ങൾ വറളിസീഫേയ്‌സിലെത്തിയിട്ടേ ഉള്ളു.” “എന്നാൽ എന്റെ മോളെക്കൂടി കൂട്ടിക്കൊ. അവൾ വറളിയിലുണ്ട്?”. പുറത്ത് മഴ തിമർക്കുകയാണ്. റോഡിലേക്ക് ഭീദിതമാം വണ്ണം വെള്ളമൊഴുകി വരുന്നു. “വർളിയിലെവിടെയാ?” “മഴ കനത്തപ്പോൾ കോളേജ് നേരത്തെ വിട്ടു.
അവൾ അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി”. “എങ്കിൽ അവൾ അവിടെ കൂടുന്നതായിരിക്കും സുരക്ഷിതം. അവൾക്കു ഞങ്ങൾക്കടുത്തേക്കെത്താ‍നോ ഞങ്ങൾക്കവളുടെയടുത്തെക്കെത്താനോ കഴിയുമെന്നു തോന്നുന്നില്ല.” ഞാൻ പറഞ്ഞു. “എന്നാൽ ശരി. അവിടെത്തന്നെ കൂടാൻ ഞാൻ അവളോടു പറയാം”. സുഹൃത്തിന്റെ ഭാര്യ ഫോൺ വച്ചു.


ഞങ്ങളുടെ കാ‍ർ മഴയിലൂടെ ഇഴഞ്ഞു. മോട്ടോർ സൈക്കിളുകൾ മാത്രം വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ചു വെട്ടിച്ച് നീങ്ങിക്കൊണ്ടിരുന്നു. സ്‌കൂട്ടറുകൾ പലതും ആൾക്കാർ ഫുട്പാത്തിലൂടെ തള്ളുന്നു. പ്രഭാദേവിയിലെത്തിയപ്പോൾ, ബെർമുഡയും, ടീഷർട്ടുമിട്ട് വെള്ളത്തിൽ ഫുഡ്‌ബോൾ കളിക്കുന്ന തെരുവു സംഘങ്ങളെക്കണ്ടു. അതിനിടയിലൂടെ മോട്ടോർ ബൈക്കിലൊരു യുവാവും യുവതിയും നനഞ്ഞൊട്ടി മഴയിൽ കുളിച്ചങ്ങനെ രസിച്ചു നീങ്ങുന്നു. മഴ നനച്ച ചുരിദാറിനുള്ളിലൂടെ അനാവൃതമാകുന്ന അംഗസൌഭഗം. ഈ ലോകത്തേയല്ല എന്ന മട്ടിൽ യുവാവിന്റെ കഴുത്തിൽ
മുഖം ചേർത്ത്, അവനെ രണ്ടു കൈകൾ കൊണ്ടും വരിഞ്ഞു പിടിച്ച് യുവതിയിരുന്നു. അവരെക്കണ്ട് പന്തുകളിക്കാൾ കളി നിർത്തി വിസിലടിക്കാനും, കമന്റടിക്കാനും തുടങ്ങി. ഒരു നിമിഷം കൊണ്ട് അവരൊരു ‘റ’ വട്ടത്തിൽ മോട്ടോർ സൈക്കിളിനു നേരെ നീങ്ങി. ചുറ്റുമുള്ള വാഹനങ്ങളിൽ നിന്നും നിരവധി കണ്ണുകൾ അവരിലേക്കു നീണ്ടു. അവർക്കു നടുവിലൂടെ തെല്ലും കൂസലില്ലാതെ, ഒരു ഹീറോയെപ്പോലെ യുവാവ് വൈദഗ്ദ്ധ്യത്തോടെ ബൈക്കോടിച്ചു പോയി. ഒരു ജോൺ അബ്രഹാം (ഹിന്ദി നടൻ) സിനിമ കണ്ട പ്രതീതി. കുറച്ചു നേരത്തേക്ക് സ്ഥലകാലങ്ങള്‍ മറന്ന കാഴ്ചക്കാര്‍ മഴയിലേക്കു തിരിച്ചു വന്നു. യുവാക്കൾ പന്തുകളിയിലേക്കു മടങ്ങി. പലപ്പോഴും പന്ത് കാൽനടക്കാരാ‍യ സ്ത്രീകൾക്കടുത്തേക്ക് ഉന്നം തെറ്റിയിട്ടെന്ന പോലെ പായിച്ച് യുവാക്കൾ രസിച്ചു.


ഞങ്ങളുടെ കാർ മുക്കിയും മുരണ്ടും നീങ്ങി. തിരക്കു കുറഞ്ഞതെന്നു തോന്നിയ ഒരു റോഡിലേക്കു കയറിയത് കൂടുതൽ അപകടം വിളിച്ചു വരുത്തി. വെള്ളക്കെട്ടു നിറഞ്ഞ ഒരു ജംഗ്‌ഷൻ മുറിച്ചു കടക്കവേ ഞങ്ങളുടെ കാറിന്നടിയിൽ നിന്നും പുകയുയരുന്നതു കണ്ട് ആളുകൽ ബഹളം വച്ചു. ജാധവ് എഞ്ചിൻ ഓഫ് ചെയ്തു. ഡോർ തുറക്കാൻ വയ്യ. കാറിനകത്തേക്കു വെള്ളം കയറും. വണ്ടി സ്റ്റാർട്ടാക്കാൻ നോക്കിയെങ്കിലും അതനങ്ങാൻ കൂട്ടാക്കിയില്ല. അതിനിടയിൽ അടിയിൽ നിന്നും വെള്ളം കയറി, കാലിലൂടെ സീറ്റിന്റെ ലെവലിലെത്തി. കുട്ടികൾ കരയാൻ തുടങ്ങി. ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ജംഗ്‌ഷനിൽ ആളുകൾക്കു കുഴികളിൽ വീഴാതിരിക്കാൻ വഴി കാണിച്ചു കൊണ്ടു
നിന്നിരുന്ന ചെറുപ്പക്കാർ ഓടിയെത്തി. മൂന്നു നാൽ പേർ ചേർന്ന് വണ്ടി തള്ളി വെള്ളം കുറഞ്ഞിടത്തേക്കു എത്തിച്ചു തന്നു. പ്രത്യുപകാരമായി ഞാൻ നീട്ടിയ നോട്ട് വാങ്ങി അവർ പോക്കറ്റിലിട്ടു. ക്ഷീണം തീർക്കാൻ ഒരു ബിയറടിക്കാനുപകരിക്കും. ഭാഗ്യം പോലെ അടുത്ത ശ്രമത്തിൽ വണ്ടി സ്റ്റാ‍ർട്ട് ആവുകയും ചെയ്തു. പക്ഷെ ആ സന്തോഷം ഏറെ നേരം നീണ്ടു നിന്നില്ല. കുറച്ചോടിയ ശേഷം വണ്ടി റോഡിനു നടുവിൽ നിന്നു. പുറകിൽ നിന്നും വാഹനങ്ങളുടെ തുരുതുരായുള്ള ഹോൺ അടികൾ. ഞാനും ജാധവും ഇറങ്ങി വണ്ടി തള്ളി സൈഡിലോട്ടിട്ടു. വല്ല മെക്കാ‍നിക്കിനേയും കിട്ടുമോ എന്നന്ന്വേഷിച്ച് കുറേ കറങ്ങിയെങ്കിലും ഈ മഴയത്താരു വരാന്‍?


മഴ നിലക്കുന്ന മട്ടില്ല. ഫോൺ ചെയ്യാൻ ശ്രമിച്ചിട്ട് ആരെയും കിട്ടുന്നില്ല. പബ്ലിക് ഫോണുകളെല്ലാം മഴയില്‍ കുതിര്‍ന്ന് ബോധമറ്റ് മരവിച്ചു കിടന്നു. ഞങ്ങൾക്ക് ആകെ ആധിയാ‍യി. മഴയിലൂടെ കുട്ടികളെയും കൊണ്ട് എങ്ങിനെ നടക്കും? ഇവിടെ നില്‍ക്കുന്നതും സുരക്ഷിതമല്ല. ഏതു നിമിഷവും കറന്റു പോയെന്നു വരാം. വണ്ടി ഒരു തയ്യല്‍ക്കടയ്ക്കു മുന്നിലെ ഉയര്‍ന്ന സ്ഥലത്തേക്കു നീക്കിയിട്ടു. ‘ഇവിടെ കിടന്നോട്ടേ. നാളെ വന്നെടുത്താൽ മതി’. കടക്കാരൻ പറഞ്ഞു. അപ്പോഴാ‍ണയാൾ കാറിനുള്ളില്‍ നിന്നും കുട്ടികള്‍ മഴയിലോട്ടിറങ്ങുന്നതു കണ്ടത്. ‘കുടയില്ലേ?’ - തയ്യൽക്കടക്കാരൻ ചോദിച്ചു. ‘ഇറങ്ങുമ്പോ‍ൾ മഴയില്ലായിരുന്നു. എടുത്തില്ല’. ഞാൻ പറഞ്ഞു. ‘എന്നാൽ
വണ്ടിയിലോട്ടിരുന്നോളു, ഞാനിപ്പോൾ വരാം.’ രണ്ടു മിനിറ്റിനുള്ളിൽ മഴയിലൂടെ ഊളിയിട്ടു പോയി എങ്ങു നിന്നോ രണ്ടു കുടകളുമായി അയാൾ വന്നു. ‘വണ്ടി എടുക്കാൻ വരുമ്പോൾ തന്നാൽ മതി’. ‘സന്തോഷം’ - അയാൾ നല്‍കിയ കുടകളുടെ കനിവു ചൂടി ഞങ്ങൾ നടന്നു.


“ഇനി ബസ്സുപിടിച്ച് ബാന്ദ്രായിലോട്ടു പോകാം“ - ജാധവ് പറഞ്ഞത് ഞങ്ങൾക്കു സ്വീകാര്യമായിരുന്നു.
ബാന്ദ്രായിലാണ് വണ്ടിയുടമയായ സുഹൃത്തിന്റെ വീട്. ഞങ്ങളുടെ വീടായ ഘാട്ട്കോപ്പറിലെത്തുന്ന കാര്യം നടക്കുമെന്നു തോന്നുന്നില്ല. ഇടയ്ക്കു വന്ന ബസ്സിൽ ചാടിക്കയറി ജാധവ് പറഞ്ഞു. ‘ഇത് ബാന്ദ്രാ ഈസ്റ്റിലേക്കുള്ളതാ. കയറിക്കോളു’. കുട മടക്കി ബസ്സിനുള്ളിലേക്ക്. ബസ്സിഴഞ്ഞു. മഴ ഇട മുറിയാതെ പെയ്തു കൊണ്ടിരുന്നു. ഈസ്റ്റിലേക്കു കടക്കാനുള്ള ഓവർ ബ്രിഡ്‌ജിനു മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച നെഞ്ചുരുക്കുന്നതായിരുന്നു. ഒന്നനങ്ങാൽ പോലും കഴിയാതെ റോഡു നിറയെ തലങ്ങും വിലങ്ങും വാഹനങ്ങൾ. ഹോണടികൾ. ശകാരങ്ങൾ. മഴ. കാറ്റ്. ‘ഇക്കണക്കിനു പോയാൽ പാതി രാത്രി കഴിഞ്ഞാലും നമ്മളെത്തില്ല. ഞാൻ ഇറങ്ങി നടക്കട്ടെ’. അനുവാദത്തിനു കാത്തു നിൽക്കാതെ ജാധവ് ഇറങ്ങി. ഇനി എന്താണു ചെയ്യുക. ബാന്ദ്രാ ഈസ്റ്റിൽ സുഹൃത്തിന്റെ വീടിനടുത്തും
വെള്ളമായിരിക്കാനാണു സാധ്യത. ഒരു സബ്‌വേ പോലുള്ള വഴിയിലൂടെയാണ് പോകേണ്ടത്. അതിപ്പോൾ മുങ്ങിക്കാണും. വെളിച്ചവും കുറവ്. മറ്റു വഴികൾ അറിയാവുന്നയാൾ ജാധവ് മാത്രമാണ്. അയാൾ കൂടി പോയാൽ ആകെ വലഞ്ഞതു തന്നെ. ‘നിൽക്കു ഞങ്ങൾ കൂടി നടക്കാം’ - എല്ലാവരും കൂടി ബസ്സിൽ നിന്നും ഇറങ്ങി ജാധവിന്റെ പുറകേ നടന്നു.


ബ്രിഡ്‌ജിറങ്ങി ചെന്നപ്പോൾ റോഡുകൾ കാണാനില്ല. ആകെ വെള്ളം മാത്രം. കുഴികളിൽ നിന്നും, ഓടകളിൽ നിന്നും ഒഴിഞ്ഞുമാറി വരിവരിയായി ആൺപെൺ വ്യത്യാസമില്ലാതെ ആളുകൾ നനഞ്ഞു നീങ്ങുന്നു. ഒരു കാൽ തെറ്റി വച്ചാൽ എല്ലാം കഴിഞ്ഞെന്നു വരാം. ചെറിയ കുട്ടിയെ ഞാൻ എടുത്തിട്ടുണ്ട്. ഭാര്യയുടെ കൈയിലാണെങ്കിൽ രാവിലെ കൈയിലെടുത്ത വലിയ ബാഗും (പിക്ക്നിക്കിനിറങ്ങിയതായിരുന്നുവല്ലോ) കുടയും വേറെന്തൊക്കെയോ സാധനങ്ങളും. നടക്കും തോറും വെള്ളം മുകളിലോട്ടു കയറി വരുന്നു. പിറകിലും ആൾക്കാരുടെ നിരയുണ്ട്. തിരിച്ചു പോക്ക് വിഷമകരമാകും. മുന്നോട്ടു നടക്കുക തന്നെ. വെള്ളത്തിന്റെ ആഴം കൂടുന്നത് ഞങ്ങളെ അങ്കലാ‍പ്പിലാക്കി. കാരണം വെള്ളം മകന്റെ കഴുത്തു വരെ എത്താറായി.


ഇനി എന്താണു ചെയ്യുക? എനിക്കാധിയായി. വഴികാട്ടിയായ ജാധവ് എന്റെ മനോവിഷമം തിരിച്ചറിഞ്ഞതു പോലെ തിരിഞ്ഞു നിന്നു, മകനെ എടുത്ത് തോളിൽ കയറ്റി. എനിക്കു ശ്വാസം കുറച്ചു നേരെ വീണു. അയാളോടൊപ്പം ബസ്സില്‍ നിന്നും ഇറങ്ങാ‍ന്‍ തോന്നിപ്പിച്ച നിമിഷത്തെ സ്തുതിച്ചു. ഞങ്ങൾ അനുയായികളെപ്പോലെ മറ്റുള്ളവര്‍ക്കു പിറകിലൂടെ നടന്നു. മുന്നോട്ടു നീങ്ങും തോറും ധൈര്യം ചോര്‍ത്തുന്ന കാഴ്ചകളാണ് നാലുപാടും‍. വെള്ളം മുകളില്‍ വരെ കയറിയ കാറുകള്‍ വഴിയില്‍ ഉപേക്ഷിച്ച് ആളുകള്‍ പോയിരിക്കുന്നു. അല്ലെങ്കില്‍ വെള്ളം കുറവുള്ളിടത്തേക്ക് മാറി
നിന്നിരിക്കുന്നു.




ഹൈവേയിലെ ഓവര്‍ ബ്രിഡ്‌ജിനു മുകളില്‍ നിറയെ വാഹനങ്ങളും ആള്‍ക്കാരുമുണ്ട്. മഴ പെയ്തു കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്കു പോകേണ്ടത് താഴെക്കൂടിയാണ്. ഡ്രൈവറെ പിന്തുടര്‍ന്ന് ഞങ്ങള്‍ വെള്ളത്തിലൂടെ നടന്നു. കാലുകള്‍ക്കിടയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് ശരിക്കും അറിയാം. ചെറിയ കുട്ടിക്ക് വെള്ളം കണ്ടപ്പോള്‍ കളിയാണ് തോന്നിയത്. അവള്‍ എന്റെ കൈയിലിരുന്ന് വെള്ളത്തില്‍ കാലിട്ടടിച്ച് കളിച്ചു. ഞാനവളെ വഴക്കു പറഞ്ഞു. പേടി കൊണ്ട് ആര്‍ക്കും മിണ്ടാന്‍ കഴിയുന്നില്ല. എല്ലാ ശ്രദ്ധയും കാലുകളിലര്‍പ്പിച്ച് കുഴികളിലൊന്നും വീഴല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചായിരുന്നു യാത്ര. ഞങ്ങള്‍ മെയിന്‍ റോഡില്‍ നിന്നും സൈഡ് വഴികളിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ഇരു വശവും കോമ്പൌണ്ടുകളില്‍ വെള്ളം കയറിയ ബില്‍ഡിംഗുകളും അതിലെല്ലാം ഭീതിയോടെ പുറത്തേക്കു നോക്കി നില്‍ക്കുന്ന നിരവധി ആള്‍ക്കാരെയും കണ്ടു. പൊടുന്നനെ ഒരൊച്ച. എന്തോ
സംഭവിച്ചു. ഒന്നും കാണുന്നില്ല. ‘കറന്റു പോയതാണ്. പേടിക്കേണ്ട, നടന്നോളു’ - ജാധവിന്റെ വാക്കുകള്‍ ഞങ്ങള്‍ ദൈവ വചനങ്ങള്‍ പോലെ അനുസ്സരിച്ചു.


വെള്ളത്തിനടിയിലൂടെ എന്തൊക്കെയോ ഒലിച്ചു വരുന്നത് കാലുകളില്‍ തടയുന്നുണ്ട്. മുന്നില്‍ ജാധവ് ‍, അതിനു പിറകില്‍ എന്റെ ഭാര്യ പിന്നെ ഞാന്‍. ഭാര്യയുടെ തല മാത്രമേ വെള്ളത്തിനു മുകളിലുള്ളു. തോളില്‍ കിടക്കുന്ന സഞ്ചി വെള്ളത്തിലൂടെ കൂടെ ഇഴയുന്നുണ്ട്. എതിരേ വന്ന ഒരു പറ്റം തെരുവു ചെറുക്കന്മാര്‍ ‘പാമ്പ്, പാമ്പ്’ എന്നു പറഞ്ഞ് പേടിപ്പിക്കുവാന്‍ ശ്രമിച്ചു. അവര്‍ പറഞ്ഞത് ഞങ്ങള്‍ക്കു പ്രശ്നമായിരുന്നില്ല. പക്ഷെ പരന്നൊഴുകുന്ന വെള്ളത്തിലുടെ അവര്‍ മദിച്ചു നീങ്ങിയപ്പോള്‍ ഇളകിയ വെള്ളത്തെയായിരുന്നു ഞങ്ങള്‍ പേടിച്ചത്. ഇനി വെള്ളം പൊങ്ങാതിരിക്കണേ എന്നായിരുന്നു എല്ലാവരുടേയും പ്രാര്‍ത്ഥന.


ഇരുവശവും നില്‍ക്കുന്ന ബില്‍ഡിംഗുകള്‍ കറുത്തു ഭീമാകാരമായ നിഴലുകളെപ്പോലെ കാണപ്പെട്ടു. അവയില്‍ ദയനീയമായി എരിയുന്ന മെഴുകുതിരികളും, അങ്ങോട്ടുമിങ്ങോട്ടും നിങ്ങുന്ന മനുഷ്യരും, അവരുടെ ഒച്ചകളും ഞങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു. ‘എവിടെയെങ്കിലും കയറി നിന്നാലോ?’ എന്റ സ്വരം പതറിയിരുന്നു. ‘എവിടെ കയറും, പരിചയമില്ലാത്തിടത്ത്, ഈ ഇരുട്ടില്‍?’ നമുക്കു വേഗം നടന്ന് വീടെത്താന്‍ നോക്കാം’ ഭാര്യയുടെ ശബ്ദത്തിന് എന്തോ നിശ്ചയദാര്‍ഡ്യമൂണ്ട്. ‘കുറച്ചു കൂടി നടന്നാല്‍ മതി’ വഴികാട്ടി പറഞ്ഞു. എന്നും പോകാറുള്ള വഴികളില്‍ നിന്നും മാറി വെള്ളം കുറവുള്ളിടം നോക്കി പോകുന്നതിനാലാണ് ദൂരം കൂടുതല്‍ തോന്നുന്നത്. വേറെ ഒന്നും ചിന്തിക്കാനോ പറയാനോ ഇടമില്ല.



ഒരു വിധം തപ്പിപ്പിടഞ്ഞ് സുഹൃത്തിന്റെ വീടിനടുത്തെത്തിയപ്പോള്‍ അവിടെയും വെള്ളം തന്നെ. കോമ്പൌണ്ടില്‍ വെള്ളം നിറഞ്ഞു കിടക്കുന്നു. വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്ന കാറുകളുടെ മുകള്‍ഭാഗവും, മോട്ടോര്‍ സൈക്കിളുകളുടെ കണ്ണാടികളും മാത്രം കാണാം. ഒന്നാം നില വരെ വെള്ളം കയറിയിട്ടുണ്ട്. കെട്ടിടത്തിലേക്കു കയറുന്നിടത്ത് പലകയും മറ്റുമിട്ട് ഒരു വിധം ഉള്ളിലേക്കു കയറാന്‍ പറ്റുന്ന വിധത്തിലാക്കിയിട്ടുണ്ട്. താമസക്കാര്‍ പലരും താഴെ തന്നെ സഹായത്തിനായുണ്ടായിരുന്നു. സുഹൃത്തിന്റെ മകനും മറ്റു ചെറുപ്പക്കാരും സഹായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.


“ഈശ്വരാ എത്തിയല്ലോ. ഇനി സമാധാനമായി. വേഗം പോയി കുളിച്ചൊ. കുളിമുറിയില്‍ വെള്ളമുണ്ട്.” സുഹൃത്തിന്റെ ഭാര്യ പറഞ്ഞു. ഉടുത്തിരുന്ന നനഞ്ഞ തുണികള്‍ ഡെറ്റോളിട്ടു കഴുകി, ഡെറ്റോളും സോപ്പുമിട്ട് കുളിച്ചു പുറത്തു വന്നിട്ടും ശരീരത്തിലാകെ മനം പിരട്ടുന്ന ഒരറപ്പ് ബാക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന സുഹൃത്തും എത്തി. പക്ഷെ പുള്ളിക്കാരന്റെ ഭാര്യ ഓഫീസില്‍ മറ്റു ജോലിക്കാരോടൊപ്പം തങ്ങി.


രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. മുറിയാതെ പെയ്യുന്ന മഴയുടെ താളവും, വെള്ളത്തിലൂടെ നീന്തി ബില്‍ഡിംഗിലേക്ക് രാത്രിയുടെ ഓരോരോ യാമങ്ങളില്‍ വന്നെത്തിക്കൊണ്ടിരുന്ന അന്തേവാസികളുടെ സംസാരവും ബഹളങ്ങളും രാത്രി മുഴുവന്‍ നിറഞ്ഞു നിന്നു. താഴത്തെ നിലയില്‍ നിന്ന് വയസ്സായ സ്ത്രീയേയും മകളേയും സുഹൃത്തിന്റെ ഭാര്യ കൂട്ടിക്കൊണ്ടു വന്നു ഭക്ഷണവും കിടക്കാനിടയും കൊടുത്തു. എത്രയോ നേരമായി അവര്‍ വെള്ളത്തില്‍ തന്നെ നില്‍ക്കുകയായിരുന്നത്രെ. അവരുടെ ഗൃഹനാഥന്‍ ഇനിയും എത്തിയിട്ടില്ല. മുറിയിലാകെ വെള്ളമാണ്. അവര്‍ക്ക് ബില്‍ഡിംഗിലെ മറ്റാരുമായും ചങ്ങാത്തമില്ല. ആരു വന്നു വിളിച്ചിട്ടും അവരൊട്ടു പോയതുമില്ല. ഇങ്ങനെയുമുണ്ടോ ആള്‍ക്കാര്‍ എന്നോര്‍ത്തു. പെറുക്കിയെടുക്കാന്‍ പറ്റിയ സാധനങ്ങളൊക്കെ സ്റ്റെയര്‍കേസില്‍ വാരിക്കൂട്ടിയിട്ടുണ്ട്.
സ്റ്റെയര്‍കേസില്‍ നിറയെ ആള്‍ക്കാരാണ്. കൂട്ടത്തില്‍ പുറത്തു നിന്നു വന്നവരും ഉണ്ട്. ഇരുട്ടായിരുന്നതിനാള്‍ അധികമാരെയും തിരിച്ചറിയാന്‍ കഴിയുന്നില്ല. ആരൊക്കെയൊ വലിക്കുന്ന സിഗരറ്റിന്റെയും, ബീഡിയുടെയും വെളിച്ചം മാത്രം മിന്നുന്നുണ്ട്.



കുട്ടികള്‍ കൂടെയുണ്ടായിരുന്നതിനാല്‍ അടുത്ത രാത്രി കൂടി ഞങ്ങള്‍ അവിടെ തങ്ങി. പിറ്റേ ദിവസം രാവിലെ നിരത്തുകളില്‍ നിന്നും വെള്ളമിറങ്ങിക്കഴിഞ്ഞിരുന്നു. വാഹനങ്ങള്‍ കുറേശ്ശെയായി ഓടാന്‍ തുടങ്ങിയിരുന്നത് ആശ്വാസമായി. വാഹനങ്ങളില്‍ പലതും വരിവരിയായും, അവിടവിടെയായും റോഡിലാകമാനമുണ്ട്. പലതിലും വെള്ളം കയറിയതിനാല്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഞങ്ങളിറങ്ങുമ്പോള്‍ താമസിച്ചിരുന്ന ബില്‍ഡിംഗിന്റെ കുടിവെള്ളസംഭരണികള്‍ ശൂന്യമായിത്തീര്‍ന്നിരുന്നു. താഴെ സ്റ്റോറേജ് ടാങ്കുകളില്‍
വെള്ളമുണ്ടെങ്കിലും ഉപയോഗിക്കാനാവാത്ത വിധം അവയെല്ലാം അശുദ്ധമായിത്തീര്‍ന്നിരുന്നു. ടാങ്കുകള്‍ ശുദ്ധീകരിക്കുക എന്നതാണ് ഇനിയുള്ള ശ്രമകരമായ ജോലി.


ആദ്യം കിട്ടിയ ഓട്ടോറിക്ഷയില്‍ പുലര്‍കാലക്കുളിരേറ്റ് വെള്ളപ്പൊക്കം താണ്ഡവമാടിയ നഗരക്കാഴ്ച്ചകള്‍ കണ്ട് വീട്ടിലേക്ക് മടങ്ങവേ ഞങ്ങളെ ഒന്നും സംഭവിക്കാതെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച ജാധവിനോടുള്ള നന്ദി മനസ്സില്‍ നിറഞ്ഞു നിന്നു. വീട്ടില്‍ വന്ന് മറ്റുള്ളവരുടെ സാഹസികവും ദയനീയവുമായ കഥകള്‍ കേട്ടുകഴിഞ്ഞപ്പോഴാണ് ഞങ്ങളെത്ര ഭാഗ്യവാന്മാര്‍ എന്നു മനസ്സിലായത്. ഏതായാലും നല്ലൊരു മഴ കാണണമെന്ന വളരെക്കാലമായുണ്ടായിരുന്ന മോഹം അങ്ങിനെ ഗംഭീരമായിത്തന്നെ സാധിച്ചു.

2008 ജൂലൈ 17, വ്യാഴാഴ്‌ച

കാളകള്‍

വണ്ടിക്കാളകള്‍ വണ്ടിക്കാളകളായിത്തന്നെ
ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കേണ്ടവരാകുന്നു
തെളിച്ച ‘വഴിയിലൂടെ‘ ചരിക്കുക മാത്രമാണവയുടെ
ചരിത്രപരമായ കര്‍മ്മവും ധര്‍മ്മവും

ഇണചേരല്‍ പോലും
യജമാനരറിയാതെ ഇല്ലായിവറ്റയ്ക്ക്
കാലില്‍ക്കുളമ്പുകളിടിയിച്ച്, വരിയുടപ്പിച്ച്
നുകത്തേല്‍ക്കുരുക്കി മെരുക്കിയെടുക്കാം.

അവയ്ക്കു "പുരോ-ഗമനം" എന്നത്
ഇരുവശവും നോക്കാതെ
വണ്ടിക്കാരന്റേതൊഴിച്ച് ഒരു ശബ്ദവും ശ്രവിക്കാതെ
ദൈവമേ ദൈവമേ എന്നു എന്നു കരയുന്ന
ചക്രങ്ങളെ മാത്രം ധ്യാനിച്ച്
ജനനം തൊട്ട് മരണം വരെ നേരെചൊവ്വേയുള്ള
ഒരൊറ്റപ്പോക്കാണ്

അതിനിടക്ക് ചിലപ്പോള്‍ യജമാനന്മാര്‍ക്കു വേണ്ടി
ജെല്ലിക്കെട്ടുകള്‍ തല്ലിക്കൂട്ടുമ്പോള്‍
‍രക്തം ചിന്തി പുഴയായെന്നോ കടലായെന്നോ വരാം
കാലോ കൈയോ വാലോ വൃഷണമോ
അറ്റു പോയെന്നു വരാം
ചിലപ്പോള്‍ ചത്തു മലര്‍ന്നെന്നും വരാം
അതു കാളകളുടെ വിധിയാണെന്നും
ഞങ്ങളതു സഹിച്ചോളാമെന്നും പ്രഖ്യാപിക്കും
കാളകള്‍ക്കു വേണ്ടി എന്നും കരഞ്ഞു പ്രാര്‍ത്ഥിക്കാറുള്ള
യജമാനപ്പുണ്ണ്യാളന്മാര്‍

വഴിവക്കിലൊരു നല്ല പുല്‍നാമ്പുകണ്ടിട്ടോ
വഴി നിറഞ്ഞു നില്‍ക്കുമൊരു പശുവിനെക്കണ്ടിട്ടോ
ഉള്ളില്‍ ഒരിത്തിരി ചഞ്ചലിപ്പുണ്ടായാല്‍
‍കഴുവേറി മക്കളുടെ പുറംതൊലിയുരിക്കുവാന്‍
വീഴും ചടപടാ ചാട്ടവാറടികള്‍

കിഴക്കോട്ടു നോക്കിയാം യജമാനന്‍ ചൊല്ലും
നേരെ കിഴക്കോട്ടു പോകെടാ കാളേ
പടിഞ്ഞാട്ടു നോക്കിയാം യജമാനന്‍ ചൊല്ലും
നേരെ പടിഞ്ഞാട്ടു പോകെടാ കാളേ
വടക്കോട്ടു നോക്കുമെജമാനന്‍ ചൊല്ലും
നേരെ വടക്കോട്ടു പോകെടാ കാളേ
തെക്കിന്നധിപനാമെജമാ‍നന്‍ ചൊല്ലും
നേരെ നീ തെക്കോട്ടു പോകെടാ കാളേ

കിഴക്കോ‍ട്ടു കിഴക്കോട്ടു കിഴക്കോട്ടു പോയാല്‍
‍പടിഞ്ഞാറെത്തുമെന്നും,
പടിഞ്ഞാറിറങ്ങിക്കിഴക്കുകേറാമെന്നും
വടക്കുന്നു തെക്കോട്ടും തെക്കുന്ന് വടക്കോട്ടും
വഴിയൊന്നേയെന്നും
കാളകളറിയരുത്.
എല്ലാദിക്കിലേക്കുമൊരേസമയമിറങ്ങിയാല്‍
‍ഒരു ബിന്ദുവിലൊടുവില്‍ നാം ഒന്നിക്കുമെന്നും
കാളകളറിയരുത്
അറിഞ്ഞാല്‍ പിന്നെ
ദിക്കുകളുടെ നിലനില്പ് ഇല്ലാതാവില്ലേ
ഭൂമി ഉരുണ്ടതാണെന്നു വരില്ലേ
ഇഷ്ടമുള്ള വഴികള്‍ തിരഞ്ഞെടുത്ത്
ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുത്ത്
ഇഷ്ടം പോലെ കിടാങ്ങളെയുണ്ടാക്കി
താന്തോന്നികളാവില്ലേ

കയറൂരി വിട്ടാല്‍, ഇളം പുല്ലുകിളിര്‍ക്കുന്ന
മേടുകളില്‍ മേയുന്ന സ്വാതന്ത്ര്യമറിഞ്ഞാല്‍
‍എന്താവും ചരിത്രം ?
യജമാനന്മാര്‍ക്കു കയറിന്‍ തുമ്പത്തു കാളകളുണ്ടാകുമോ
കാളകളില്ലാന്നു വന്നാല്‍ യജമാനന്മാരുണ്ടാകുമോ?
പിന്നെ വണ്ടിച്ചക്രങ്ങള്‍
‍ദൈവമേ ദൈവമേ എന്ന്
ആര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും?