2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

മഴപ്പെണ്‍കൊടിഅലക്കു കഴിഞ്ഞ്
ബക്കറ്റില്‍ നിന്നും
നനഞ്ഞ വസ്ത്രങ്ങള്‍
ഒന്നൊന്നായ് പിഴിഞ്ഞെടുത്ത്
അഴയില്‍ ഉണക്കാനിട്ട്
തുറന്നു കിടന്നിരുന്ന
അടുക്കള വാതില്‍
ഉള്ളില്‍ നിന്നടച്ച്
അവള്‍ അകത്തേയ്ക്കു
കയറിപ്പോയി

അടുക്കളച്ചിമ്മിനിയിലൂടെ
കറുത്ത മേഘങ്ങളായി
അവള്‍ പൊങ്ങിപ്പൊങ്ങിപ്പോകുന്നത്
ആരെങ്കിലും കണ്ടു കാണുമോ

തുള്ളിക്കൊരു കുടം പെയ്യുന്ന
പെരു മഴയായി
താഴോട്ടൊഴുകി വന്ന്
ഉണക്കാനിട്ട വസ്ത്രങ്ങളെ
അവള്‍ വീണ്ടും നനച്ചു

ഇഴകള്‍ കുതിര്‍ന്നലിഞ്ഞ്
വസ്ത്രങ്ങളും
അഴയും അവളോടൊപ്പം
ഒലിച്ചു തീര്‍ന്നപ്പോള്‍
വീണ്ടും വെയില്‍ വന്നു

അപ്പോഴും
പുറകില്‍ നിന്നവളടച്ച
അടുക്കള വാതില്‍
അടഞ്ഞു തന്നെ കിടന്നു

 - മാധ്യമം ചെപ്പില്‍ പ്രസിദ്ധീകരിച്ചത്