2015 മാർച്ച് 21, ശനിയാഴ്‌ച
കഥ - തര്‍ജ്ജനി പുതിയ ലക്കത്തില്‍
ഏറെ മോഹങ്ങളോടെ പണി കഴിപ്പിച്ച ഈ വീടിനുള്ളില്‍ ഒരു കല്ലറയുടെ ഏകാന്തതയാണ് എന്ന സത്യം ആകാശം പോലെ എപ്പോഴും ഞങ്ങള്‍ക്കു മുകളിലുണ്ട്. ഇക്കാര്യം മറക്കുവാന്‍ ഞങ്ങള്‍ മച്ചിലിരിക്കുന്ന പല്ലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ടെങ്കിലും മച്ചിനു മീതെ ചിറകു വിരുത്തി നില്‍ക്കുന്ന ആകാശത്തിന്റെ സാന്നിധ്യത്തില്‍ നിന്നും രക്ഷയില്ല എന്ന ബോധം എല്ലാ ചിന്തകള്‍ക്കും മീതെ പടര്‍ന്നു കിടക്കുന്നു. വീടിന്റെ, പറമ്പിന്റെ, ചുറ്റുമതിലിന്റെ രൂപത്തില്‍ ചുറ്റിപ്പിടിക്കുന്ന ഏകാന്തത. സംസാരങ്ങളില്ലാത്തപ്പോള്‍ ചുമരുകള്‍ ശരീരത്തിനുള്ളിലേക്ക് കയറിപ്പോകുന്നതു പോലെ. ഗോവണികള്‍ സ്പ്രിംഗു രൂപത്തില്‍ മനസ്സിനുള്ളിലേക്ക് ചുരുണ്ടു കയറുന്നു. ബള്‍ബുകള്‍ കണ്ണുകളിലൂടെ ഉള്ളിലേക്കിറങ്ങി വിരല്‍ത്തുമ്പുകളില്‍ വന്നു കത്തുന്നു. വിരല്‍ ചൂണ്ടുന്നിടത്തൊക്കെ അപരിചിതമായ വെളിച്ചത്തിന്റെ വിരസതകള്‍ പടരുന്നു. ......
ഇവിടെ ക്ലിക്കുക
http://chintha.com/node/155879
ലേബലുകള്‍:
കഥ,
തര്‍ജ്ജനി,
പുതിയ കഥ,
mohan puthenchira,
NEW STORY,
short story
2015 ഫെബ്രുവരി 25, ബുധനാഴ്‌ച
എലിമിനേഷന്‍
എലിമിനേഷന്‍ ഷോ കഴിഞ്ഞു
കത്തിയേറായിരുന്നു അവസാനത്തെ ഇനം
കളിക്കളം വിട്ട് ചോരയൊലിപ്പിച്ച്
സ്വയമിറങ്ങിപ്പോയി മുറിവേറ്റയാള്‍
പുറത്തു പോകാതെ തിരിച്ചു വരണം
കളരിയില്‍ ഒരിരിപ്പിടം
കരുതി വയ്ക്കാനുള്ള മഹാമനസ്കത
ഞങ്ങള്‍ കാണിക്കുന്നുണ്ട്
കത്തിയേറിന്റെ ബാല പാഠങ്ങള്‍
ഇളമുറകളെ പരിശീലിപ്പിക്കുവാനുണ്ട്
മുരളാതെ മുറുമുറുക്കാതെ
വരുന്നതാണഭികാമ്യം
അകത്തേയ്ക്കോ പുറത്തേയ്ക്കോ എന്നു
പുറന്തള്ളപ്പെട്ടവനു തീരുമാനിക്കാം
ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ
ഉദാത്തമായ വിധിന്യായം
ലേബലുകള്‍:
അച്യുതാനന്ദന്,
കവിത,
കവിതകള്‍,
പാര്‍ട്ടി,
പുറത്താക്കല്‍
2015 ഫെബ്രുവരി 3, ചൊവ്വാഴ്ച
പെരുമാള്‍ മുരുകന്‍

പേനയടച്ച്, വായയടച്ച്
വാതായനങ്ങളും, വാതിലുകളുമടച്ച്
എഴുതിയതൊക്കെ ചിതയിലെറിഞ്ഞ്
മൌനത്തിലേയ്ക്കു മരിച്ചു വീണു
പച്ച മനുഷ്യന്‍
പെരുമാള്‍ മുരുകന്‍
കടലാസ്സു കരിയുന്ന മണം
കഥാപാത്രങ്ങള്‍
വെന്തെരിയുന്ന മണം
പുറത്ത്
ചരിത്രത്തെ വെറുക്കുന്ന
നിങ്ങളുടെ രസനകളില്‍
കൊതി നിറയ്ക്കുന്നുണ്ടാകാം
എത്ര വേഗം ഒരു തൂലികയെ
ഞെരിച്ചു കൊല്ലാമെന്ന്
നിങ്ങളുടെ ഗര്‍വ്വിന്‍ വാളുകള്‍
കോമരം തുള്ളുന്നുണ്ടാകാം
വെറുപ്പിന്റെ
വേതാള താണ്ഡവം
ഒരു നാവിനെക്കൂടി
ചുട്ടു തിന്നുവെന്ന്
ആനന്ദിക്കുന്നുണ്ടാവാം
കൊടിയ മൌനത്തിലും
അഗ്നേയ മഴയിലും
മുന്നൂര്‍ക്കുടം പൊട്ടി
പുറത്തു വന്ന കഥകള്‍
മുഷ്ഠി ചുരുട്ടി
കരഞ്ഞു വിളിക്കുന്നുണ്ടാകാം
എഴുത്തുകാരന്റെ മനസ്സു നിറയെ.
പോര്‍ച്ചട്ടയണിഞ്ഞ്
ഒരു നാളവരെല്ലാം
പുറത്തു വരിക തന്നെ ചെയ്യും
അടച്ചു വച്ച പേനയ്ക്കുള്ളില്‍
തടവിലായിപ്പോയ മഷി
തിളച്ചു കൊണ്ടേയിരിക്കുന്നുണ്ടാകും
ലാവ പോലെ അതൊരു നാള്‍
നിങ്ങളുടെ മന്ദബുദ്ധിയിലേയ്ക്കു
തെറിച്ചു വീഴും
കേസരി നിറമുള്ള
നിങ്ങളുടെ മെയ്യുകളെ
അതു കറുപ്പിക്കും - പിന്നെ
ഭസ്മമാക്കും
അതായിരിക്കും ഒരു നാള്‍
അവനും ദേഹത്തു പൂശുന്നത്
അവന്‍ ആണ്ടവന്‍
പെരുമാള്‍ മുരുകന്‍
------------
(31/1/20-ന് 4 പി.എം. ന്യൂസിലെ എഴുത്തുപുരയില്‍ പ്രസിദ്ധീകരിച്ചത് )
------------
ലേബലുകള്‍:
എഴുത്ത്,
കവിത,
പെരുമാള്‍ മുരുകന്‍,
വിവാദം,
Indian Writer,
One Part Woman,
Perumal Murugan,
poem
2015 ജനുവരി 17, ശനിയാഴ്‌ച
വിമോചനം
ഏദന്‍ തോട്ടത്തില്‍ നിന്നും ദൈവം മനുഷ്യനെ നാടു കടത്തിയതിനെപ്പറ്റിയും അതിനു കാരണക്കാരനായ സര്‍പ്പത്തെപ്പറ്റിയുമൊക്കെ അയാള്‍ വാചാലനായപ്പോള്‍ അവള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. പെണ്ണു തന്നെയാണ് എല്ലാത്തിനും കാരണക്കാരിയെന്ന് വിശ്വാസങ്ങളുടെ കൂട്ടു പിടിച്ച് അയാള്‍ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നതെന്ന തോന്നല്‍ അവള്‍ക്കുണ്ടായി.
“നല്ല കാര്യമായിപ്പോയി. അതു കൊണ്ട് എന്താ നഷ്ടം വന്നത്? മറിച്ചായിരുന്നെങ്കില്‍ ദാ ഇതു പോലെ മനോഹരമായൊരു മുഴ ഉണ്ടാകുമായിരുന്നുവോ“ - അയാളുടെ കഴുത്തിലെ മുഴയെ പതുക്കെ തലോടിക്കൊണ്ട് സ്നേഹത്തോടെ അവള്‍ ചോദിച്ചു.
“ നഷ്ടപ്പെട്ടത് പറുദീസയായിരുന്നു. പുരുഷന് ഈ മുഴ എന്നും ഒരഭംഗി തന്നെ“ - അയാള്‍ വികാരാധീനനായി പറഞ്ഞു. അയാളുടെ വാക്കില്‍ ശരിക്കും ഒരു നഷ്ടബോധമുണ്ടോ എന്നവള്‍ക്ക് സംശയം തോന്നാതിരുന്നില്ല. “സ്വര്‍ഗ്ഗവും നരകവും ഇവിടെത്തന്നെ” എന്നു രാപ്പകള്‍ പറഞ്ഞു നടന്നിരുന്ന ആളായിരുന്നു അയാളെന്ന് അവള്‍ വിശ്വസിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.
“കഷ്ടം. ഈ കമ്പ്യൂട്ടര്‍ യുഗത്തിലും നിങ്ങളിതൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ?” അതു പറയുമ്പോള്‍ അവള്‍ക്കും എന്തോ ഒരു വിശ്വാസക്കുറവ് തന്റെ വാദഗതിയോടു തന്നെ തോന്നി. ശരിക്കും പറഞ്ഞാല്‍ ഒരു പാടു കാര്യങ്ങള്‍ ഇപ്പോള്‍ പുനര്‍ വ്യാഖ്യാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. അതിലൊക്കെയാണ് അയാള്‍ക്കിപ്പോള്‍ കമ്പം കയറിയിരിക്കുന്നത്. എന്നാലതിനെപ്പറ്റി കൂടുതല്‍ പറയേണ്ടെന്ന് അവള്‍ തീരുമാനിച്ചു. തര്‍ക്കിക്കുവാന്‍ തുടങ്ങിയാല്‍ ഒരിടത്തും എത്തുകയില്ല. ഒടുവില്‍ അതൊരു വഴക്കിലേക്കായിരിക്കും രണ്ടു പേരെയും കൊണ്ടെത്തിക്കുക. അതിന്ന് ഏതായാലും വേണ്ട.
“കമ്പ്യൂട്ടര്‍ യുഗം വന്നതിനാലാണ് വിശ്വാസങ്ങള്‍ക്ക് കൂടുതല്‍ യുക്തി ഭദ്രത കൈവന്നത്. ഇന്നു പല കാര്യങ്ങളും നമുക്ക് തെളിവോടു കൂടി സമര്‍ത്ഥിക്കുവാന്‍ കഴിയും. ഉദാഹരണത്തിന് ഹിഗ്ഗിന്‍സ് ബോസോണ്‍ എന്നു പറഞ്ഞത് ശരിയല്ലേ? ദൈവ കണം ഉണ്ടെന്നല്ലേ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്?“ അയാളുടെ ശബ്ദത്തില്‍ എന്തോ ഒരു വാശി ഒളിഞ്ഞിരിപ്പുണ്ടെന്നു തോന്നി.
“ദൈവമേ” എന്നൊരു വാക്ക് അവളുടെ ചുണ്ടുകളില്‍ വന്നെത്തിയെങ്കിലും “തര്‍ക്കിക്കേണ്ട” എന്ന ഒരു താക്കീത് അവളുടെ ഉള്ളില്‍ നിന്നും വന്നതിനെ അമര്‍ത്തി. ഒന്നും പറയുവാനാവാതെ അവള്‍ വീര്‍പ്പു മുട്ടി.
“സ്വാമിജിയുടെ കോഴ്സിനു ചേര്‍ന്നതിനു ശേഷം അല്ലെങ്കിലും നിന്നില്‍ വളരെ മാറ്റം വന്നിട്ടുണ്ട്” - അവള്‍ അയാളുടെ കവിളില്‍ നുള്ളിക്കൊണ്ടു പറഞ്ഞു.
“തീര്‍ച്ചയായും. നിനക്കത് മനസ്സിലാകുന്നുണ്ടല്ലേ?” എന്നയാള്‍.
“മനസ്സിലാകുന്നുണ്ട്” എന്നത് അവള്‍ മനസ്സില്‍ പറഞ്ഞു. അയാള്‍ പറഞ്ഞത് ശരിയാണ്. അവിശ്വാസിയും പുരോഗമന ആശയക്കാരനുമായിരുന്ന അയാള്‍ പതുക്കെപ്പതുക്കെ പുറകോട്ടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന കാര്യം അവള്‍ മനസ്സിലാക്കി വരികയാണ്. അയാളുടെ വായനാ ശീലം തന്നെ മാറിയിരിക്കുന്നു. സ്വാമിജി രചിച്ച ഒരു പാട് പുസ്തകങ്ങള്‍ അയാള്‍ ഈയിടെയായി വായിച്ചു കൂട്ടുന്നുണ്ട്. വീക്കെന്റുകളില്‍ നടക്കുന്ന സത് സംഗുകളില്‍ അയാള്‍ അവളേയും കൂട്ടി പോകാന്‍ തുടങ്ങിയിരിക്കുന്നു. സത് സംഗില്‍ ഭജനകള്‍ ഉച്ചത്തിലാകുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം അയാളും സ്വയം മറന്നാടുന്നത് അവള്‍ തെല്ലു പരിഭ്രമത്തോടെയാണ് നോക്കിക്കണ്ടത്.
എന്നാല്‍ എല്ലാ ഭക്തന്മാരും അയാളെപ്പോലെയല്ലെന്ന് അവള്‍ക്ക് മനസ്സിലായത് അടുത്ത് നിന്നാടിക്കൊണ്ടിരുന്ന ആള്‍ അവളുടെ ദേഹത്തേയ്ക്ക് ഇടയ്ക്കിടെ ചാരാന്‍ തുടങ്ങുകയും, കാലുകള്‍ കൊണ്ട് അബദ്ധത്തില്‍ സംഭവിച്ചതെന്ന പോലെ അവളെ രണ്ട മൂന്നുു വട്ടം ചവിട്ടുകയും ചെയ്തപ്പോളാണ്. അവളുടെ നോട്ടം രൂക്ഷമാകുന്നെന്നു കണ്ടപ്പോള്‍ അയാള്‍ പാട്ട് ഉറക്കെയാക്കി. ഒപ്പം ചുറ്റും കൂടി നിന്നവരുടെ ശബ്ദങ്ങളും ഉറക്കെയായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടന ജാഥയ്ക്കു നടുവില്‍ എത്തിപ്പെട്ട രാഷ്ട്രീയമില്ലാത്ത ഒരാളെപ്പോലെ ഒറ്റപ്പെട്ടതായി അവള്‍ക്കു തോന്നി. വിജയിയുടേതായ ഒരു നോട്ടം അവള്‍ക്കു സമ്മാനിച്ചിട്ട് ഒന്നും സംഭവിക്കാത്തതു പോലെ അയാള്‍ ഭജനക്കൂട്ടത്തിനുള്ളിലേയ്ക്ക് വലിഞ്ഞു.
വീട്ടിലെത്തിയ ശേഷം ഇങ്ങനെയൊരു സംഭവമുണ്ടായ കാര്യം പറഞ്ഞപ്പോള്‍ അയാള്‍ അത് നിനക്ക് തോന്നിയതായിരിക്കും എന്ന് വളരെ ലാഘവത്തോടെയാണു പറഞ്ഞത്. “സ്ത്രീവിമോചനം എന്നൊക്കെ പറഞ്ഞ് ക്യാമ്പസ്സിനു പുറത്ത് അലഞ്ഞു നടന്നതിന്റെ ഹാങ്ങ് ഓവറായിരിക്കും നിനക്ക്. സ്ത്രീ പുരുഷന്റെ സ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അതു വിമോചനമാവില്ല”.
അവള്‍ ഒന്നും പറഞ്ഞു പോവാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിട്ടു പിടിച്ചു കൊണ്ടിരുന്നു. അവളുടെ മനസ്സില്‍ അയാളെന്ന വിഗ്രഹത്തിന്റെ പതനം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ഒരിക്കല്‍ തന്റെ സിരകളെ ത്രസിപ്പിക്കുമായിരുന്ന അയാളുടെ വാക്കുകള്‍ ഇപ്പോള്‍ തന്നില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല എന്നവള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു.
“സ്വാമിജി പറഞ്ഞതാണു ശരി. സ്ത്രീ എപ്പോഴും സ്ത്രീ തന്നെയായിരിക്കണം. കൃഷ്ണന്റെ നിഴലായിരുന്ന രാധയെപ്പോലെ“.
“ശീലാവതിയെന്നു പറയാതിരുന്നതു നന്നായി” - എത്ര കടിഞ്ഞാണിട്ടിട്ടും അവളുടെ ശബ്ദം പുറത്തു വന്നു.
“മതി, ഇനി പറയേണ്ട. സ്വാമിജിയ്ക്കുള്ളതു പോലെയുള്ളത്രയും ഫോളോവേഴ്സ് ഇവിടെ വേറെ ആര്‍ക്കാണുള്ളത്. എല്ലാവരും വലിയ നിലകളിലുള്ളവര്‍. ഞാനതു മനസ്സിലാക്കുവാന്‍ കുറച്ചു സമയമെറ്റുത്തു. നമ്മള്‍ രണ്ടു പേരും ഒരുമിച്ചു ജീവിക്കുന്നുവെന്നല്ലേയുള്ളു ഒരു കല്യാണത്തിന്റെ ബന്ധനമൊന്നുമില്ലല്ലോ. വേണമെങ്കില്‍ നിനക്കു പോകാം“. അയാളുടെ വാക്കുകളിലെ ക്രൂരത അവളെ തളര്‍ത്തിയില്ല. ഇത്തരമൊരു വാചകം ഏതു നിമിഷവും പുറത്തു വരാന്‍ സാധ്യതയുണ്ട് എന്ന കാര്യം അവള്‍ നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നതാണ്.
“ഇനഫ്“ എന്നു പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല. പുതപ്പും തലയണയുമെടുത്ത് “ഗുഡ് നൈറ്റ്” എന്നു മാത്രം പറഞ്ഞ് അവള്‍ തന്റെ മുറിയിലേയ്ക്കു കയറി കട്ടിലിലേയ്ക്കു വീണു.
അയാള്‍ പുറകേ വരുന്നുണ്ടായിരുന്നില്ല. രണ്ടു മിനിറ്റ് കണ്ണടച്ചു കിടന്ന ശേഷം എന്തോ ഓര്‍ത്ത് അവള്‍ പൊടുന്നനെ ചാടിയെഴുന്നേറ്റു. വാതില്‍ ഉള്ളില്‍ നിന്നും ഭദ്രമായി പൂട്ടി.
പോസ്റ്റ് ചെയ്തത്
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAM
ല്‍
7:45 PM
അഭിപ്രായങ്ങളൊന്നുമില്ല:
2014 ഏപ്രിൽ 12, ശനിയാഴ്‌ച
പൊതി മടല്‍
തൊഴാനായി ഊഴവും കാത്തു നില്‍ക്കുന്നവരുടെ നിര കാളിയനെപ്പോലെ നീണ്ടു വളഞ്ഞു കിടക്കുന്നുണ്ടായിരുന്നു. വരിയില്‍ നില്‍ക്കുന്നവരെയെല്ലാം വിഴുങ്ങി അനുനിമിഷം അതു പുളയുകയും നീളം വയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. അമ്പലത്തില്‍ നിന്നും നാരായണീയത്തിന്റേയും, ചുറ്റുവട്ടത്തുള്ള കാസറ്റ് കടകളില്‍ നിന്നും പുതിയതായിറങ്ങിയ ഭക്തിഗാനങ്ങളുടേയും സമ്മിശ്ര സ്വര പടലങ്ങള്‍ വരിയില്‍ നില്‍ക്കുന്നവരുടെ മനസ്സിലേക്ക് മത്സരിച്ച് വ്യാപിച്ചുകൊണ്ടിരുന്നു.
“എന്നു വന്നാലും ഇവിടെ തിരക്കോടു തിരക്കു തന്നെ. എത്ര നേരം നില്‍ക്കണമാവോ?“ മരുമകളുടേതാണ് ആത്മഗതം. ഉണ്ണിക്കുട്ടന്‍ മകന്റെ തോളില്‍ കിടന്നുറങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മകനേയും കൊണ്ട് ഭര്‍ത്താവിന്റെ കൂടെ ഇവിടെ വന്നിരുന്ന കാര്യം അവര്‍ ഓര്‍ത്തു പോയി. അന്നിത്ര തിരക്കൊന്നുമുണ്ടായിരുന്നില്ല. അവനും അന്നിതേ പോലെ തന്നെ ഉറക്കത്തിലായിരുന്നു. ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അവന്‍ കരഞ്ഞു. അന്നവന്‍ തന്റെ തോളിലായിരുന്നെന്ന കാര്യം അവര്‍ സ്നേഹത്തോടെ ഓര്‍ത്തു. അവന്റെ കൊച്ചു ശരീരത്തിന്റെ ചൂട് ഇപ്പോഴും ദേഹത്ത് തങ്ങി നില്‍ക്കുന്നതു പോലെ.
വളരെ നേരത്തെ കാത്തിരുപ്പിനു ശേഷമായിരുന്നു നടയിലെത്താനായത്. അടി തെറ്റി വീണു പോകുമെന്നും, തിരക്കില്‍പ്പെട്ട് ശ്വാസം മുട്ടുമെന്നുമൊക്കെ ഇടയ്ക്കിടെ തോന്നിയിരുന്നു. ബലവാന്മാര്‍ പലരും തിക്കിത്തിരക്കി മുന്നോട്ടു പോയി. മണിയടികള്‍ക്കും, മന്ത്രങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും മീതേ “വേഗം വേഗം” എന്ന് ഒച്ചയിട്ട് നടയില്‍ നിന്നും ഭക്തരെ തള്ളിമാറ്റുന്ന ക്ഷേത്രജോലിക്കാരുടെ ശബ്ദമായിരുന്നു ഏറ്റവും ഉറക്കെ മുഴങ്ങിക്കൊണ്ടിരുന്നത്. ഉച്ചഭാഷിണിയിലൂടെ “കള്ളന്മാരെ സൂക്ഷിക്കുക” എന്ന നിരന്തരമായ അറിയിപ്പുകള്‍ വന്നു കൊണ്ടിരുന്നപ്പോള്‍ അവര്‍ കയ്യിലുണ്ടായിരുന്ന തൂവാലപ്പൊതി നെഞ്ചോടു ചേര്‍ത്തു പിടിച്ചു.
തിരക്കിനിടയിലൂടെ ഭഗവാന്റെ സ്വര്‍ണ്ണവിഗ്രഹം ഒരു മിന്നല്‍ പോലെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. “അമ്മൂമ്മേ ഒന്നു വേഗം... നടയടയ്ക്കാറായി” ജോലിക്കാരുടെ തീരെ മയമില്ലാത്ത സ്വരം അവരെ സങ്കടപ്പെടുത്തി.
തൊഴുതു കഴിഞ്ഞവരുടെ നിര വഴിപാടിനു ശീട്ടെടുക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ അവര്‍ പറഞ്ഞു - “മോനെ അമ്മയ്കൊരു നേര്‍ച്ചയുണ്ട്. നിന്നെ പ്രസവിക്കുന്ന സമയത്ത് മനസ്സില്‍ നിരൂപിച്ചതാ. അച്ഛനുള്ള കാലത്ത് അത് നടത്താനായില്ല. ഈ കാലമത്രയും ഇവിടെ വരണമെന്നാഗ്രഹിച്ചതും ഇതിനു വേണ്ടീട്ടു തന്നെയാ”. മകന്റെ മുഖമാകെ കോടി ഒരു ചോദ്യചിന്ഹമാകുന്നത് അവര്‍ ശ്രദ്ധിച്ചില്ല. കയ്യില്‍ സൂക്ഷിച്ചു പിടിച്ചിരുന്ന തൂവാലപ്പൊതിയില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം മടക്കിവച്ചിരുന്ന നോട്ടുകളെടുത്ത് ഭക്തിപുരസ്സരം മകനു കൊടുത്ത് അവര്‍ പറഞ്ഞു. - “നിനക്കു ദീര്‍ഘായുസ്സിനായി കദളിപ്പഴം കൊണ്ടൊരു തുലാഭാരം നേര്‍ന്നിട്ടുണ്ടമ്മ, അതു കഴിഞ്ഞ് കാശു തികയുകയാണെങ്കില്‍ പൊതി മടല്‍ കൊണ്ട് ഒന്നെനിക്കും“.
മകന്റെ മുഖം വിവര്‍ണ്ണമാകുന്നത് അവര്‍ ശ്രദ്ധിച്ചില്ല. മകനും മരുമകളും ചേര്‍ന്നു നിന്ന് എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു. “എന്തിനാ അമ്മേ പൊതി മടല്‍ തുലാഭാരം?” മകന്റെ വിക്കിവിക്കിയുള്ള ചോദ്യം. “അതിനൊരു കാര്യം അമ്മേടെ മനസ്സിലുണ്ട്. പൊതിമടലിനു കാശു കുറവാ. എനിക്കതേ സാധിക്കൂ. ഭഗവാനിഷ്ടപ്പെട്ടെങ്കില്‍ നടത്തിത്തരട്ടെ” അമ്മയുടെ നിഷ്കളങ്കമായ ഉത്തരത്തിനു മുന്നില്‍ മകന്‍ ഒരു നിമിഷം അന്ധാളിച്ചു നിന്നു.
തുലാഭാരം നടത്തുന്നിടത്തുമുണ്ടായിരുന്നു വന്‍ തിരക്ക്. പഴം കൊണ്ടുള്ള തുലാഭാരം വേഗം കഴിഞ്ഞു. അവരുടെ കണ്ണുകള്‍ നിറഞ്ഞു. മനസ്സു ലാഘവമാര്‍ന്നു. എന്റെ മക്കളെയും, കൊച്ചുമക്കളേയും, ബന്ധുക്കളേയുമെല്ലാം കാത്തു കൊള്ളണമേ ഭഗവാനേ - അവര്‍ പ്രാര്‍ത്ഥിച്ചു.
“പൊതിമടലിനു കുറച്ചു സമയമെടുക്കും. ഇവിടെ മാറി നിന്നോളൂ” ജോലിക്കാരിലൊരാള്‍ പറഞ്ഞു. മരുമകള്‍ മകന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. “അമ്മേ ഞങ്ങളിപ്പം വരാം“ അവരുടെ ചുമലില്‍ തൊട്ട് മകന്‍ പറഞ്ഞു. “ഉണ്ണിക്കുട്ടനു മൂത്രമൊഴിക്കണമെന്നു തോന്നുന്നു. അമ്മയ്കെന്തായാലും കുറച്ചു സമയമെടുക്കുമല്ലോ”. ശരിയെന്ന അര്‍ത്ഥത്തില്‍ അവര്‍ തലയാട്ടിയപ്പോള്‍ മകനും കുടുംബവും പുറത്തേയ്ക്കു കടന്നു.
ത്രാസിന്റെ തട്ടില്‍ പൊതിമടലിന്റെ ഭാരം നിറയുമ്പോള്‍ അവര്‍ കണ്ണുകളടച്ച്, നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു - “ഭഗവാനേ, ആര്‍ക്കും ഒരു ബുദ്ധിമുട്ടാകാതെ, രോഗങ്ങളും ദുരിതങ്ങളും തന്നു നരകിപ്പിക്കാതെ, എന്നെ മൂപ്പരുടെ അടുത്തേക്ക് എത്രയും വേഗം കൂട്ടിക്കൊണ്ടു പോകണേ”. ത്രാസിന്റെ തട്ടുയര്‍ന്നപ്പോള്‍ ഒരു നിമിഷം ആകാശത്തിലെവിടെയോ ആണ് താന്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി. ഭാരമെല്ലാം ഇല്ലാതായിരിക്കുന്നു.
തുലാഭാരം കഴിഞ്ഞു പുറത്തു വന്നപ്പോഴും തിരക്കു കുറഞ്ഞിരുന്നില്ല. മകനേയും മരുമകളേയും അടുത്തെങ്ങും കണ്ടില്ല. ഉണ്ണിക്കുട്ടനു വല്ലതും വാങ്ങിക്കൊടുക്കുവാന്‍ പോയതായിരിക്കും. ശരീരത്തിനു വല്ലാത്ത തളര്‍ച്ച തോന്നി. രാവിലെ തൊട്ട് ഒന്നും കഴിക്കാത്തതല്ലേ? കണ്ണിനൊരു മങ്ങല്‍ പോലെ. എന്തെങ്കിലും കുടിക്കണമായിരുന്നു. ഒന്നു മൂത്രമൊഴിക്കണമായിരുന്നു. ഏതായാലും മകന്‍ വരട്ടെ. അവര്‍ അടുത്തു കണ്ട തൂണിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തിലിരുന്നു. ഇവിടെയായിരിക്കും സൌകര്യം. മകന്‍ അന്വേഷിച്ചു വരുമ്പോള്‍ കണ്ടില്ലെങ്കില്‍ അവനു വേവലാതിയാകും.
ഇരുന്ന ഇരിപ്പില്‍ തളര്‍ന്നുറങ്ങിപ്പോയത് അവര്‍ അറിഞ്ഞില്ല. അമ്പലത്തിലെ കാവല്‍ക്കാരനെന്നു തോന്നിപ്പിക്കുന്ന ഒരാളുടെ ശബ്ദമാണ് ഉണര്‍ത്തിയത്. “അമ്മൂമ്മേ, കൊറേ നേരമായല്ലോ ഇവിടെ ഇരിക്കുന്നേ? കൂടെ ആരുമില്ലേ?”
അവര്‍ ഞെട്ടിയെഴുന്നേറ്റു. “ഉണ്ടല്ലോ. മോനും മരുമോളും ഉണ്ണിക്കുട്ടനുമുണ്ട്”
“എന്നിട്ടെവിടെ?” - കാവല്‍ക്കാരന്റെ ചോദ്യം. അവരുടെ തളര്‍ന്ന കണ്ണുകള്‍ നാലുപാടും തിരഞ്ഞു.
“ഇവിടെത്തന്നെ കാണും. കുട്ടിയെ മൂത്രമൊഴിപ്പിക്കുവാന്‍ കൊണ്ടു പോയതാ” - അവര്‍ വാക്കുകള്‍ക്കായി തപ്പി. അപ്പോഴേയ്ക്കും കുറച്ചു പേര്‍ അവരുടെ ചുറ്റും കൂടിക്കഴിഞ്ഞിരുന്നു.
“മണിക്കൂറുകളായി നിങ്ങളിവിടെയിരിക്കുന്നു. മൂത്രമൊഴിപ്പിക്കുവാന്‍ പോയ ആള്‍ക്കാര്‍ മുങ്ങിക്കാണും” - കൂട്ടത്തിലൊരാള്‍ ഇതെല്ലാം സാധാരണ സംഭവിക്കാറുള്ള ഒരു കാര്യമാണെന്ന പോലെ നിസ്സാരമായി പറഞ്ഞു.
“നിങ്ങളിനി പുറത്തേക്ക് പോകണം. ഇന്നിതു പത്താമത്തെ കേസാ” - കാവല്‍ക്കാരന്റെ സ്വരം കനക്കുവാന്‍ തുടങ്ങി.
അതു കേള്‍ക്കാതെ അവരുടെ മിഴികളപ്പോഴും ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നും ഏതു നിമിഷവും വന്നേക്കാവുന്ന മകന്റെ മുഖം തിരഞ്ഞു കൊണ്ടിരുന്നു.

4PM NEWS-ന്റെ ‘സസ്നേഹം ആഴ്ചപ്പതിപ്പില്‍ 10-04-2014-നു പ്രസിദ്ധീകരിച്ചത്. www.4pmnews.com
ലേബലുകള്‍:
കഥ,
നട തള്ളല്‍,
പുതിയ കഥ,
പൊതി മടല്‍,
pothi madal,
story,
temple
2014 ജനുവരി 7, ചൊവ്വാഴ്ച
ഒരു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍
ഒരു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍
ഒരച്ഛന്‍ അച്ഛനല്ലാതാവുന്നുവോ?
ജനാലയിലൂടെ നീണ്ടു വന്ന
വെളിച്ചത്തിന്റെ വിരല്‍,
ആരുമറിയാതെ
വാതില്‍ തുറന്നെത്തിയ കാറ്റ്,
മുകളില്‍ നിന്നും
ഉമ്മറത്തേയ്ക്കു പാളി നോക്കുന്ന
ആകാശത്തിന്റെ മിഴികള്‍,
എല്ലാം ഒരച്ഛനെ
അച്ഛനല്ലാതാക്കുന്നുവോ?
ഡോക്റ്റര്‍
അദ്ധ്യാപകന്‍
അയല്‍ക്കാരന്‍
അകന്ന ബന്ധുക്കള്‍
എല്ലാവരും
എന്തിനാണവളെയിത്ര പുന്നാരിക്കുന്നത്?
സമ്മാനങ്ങളും, ആടയാഭരണങ്ങളും
എന്തിനാണവളെ തേടി വരുന്നത്?
നിരത്തിലൂടെ പോയൊരു സൈക്കിള്‍
പടിക്കല്‍ നിന്നു ബെല്ലടിച്ചുവോ?
പാഞ്ഞു വന്നൊരു മോട്ടോര്‍ ബൈക്ക്
വീടടുത്തപ്പോള്‍ വേഗം കുറച്ചുവോ?
തെക്കു വടക്കോടുന്ന ലൈന്‍ബസ്സുകള്‍
തെക്കിനിയിലേയ്ക്കു മിഴികളെറിഞ്ഞുവോ?
പതുങ്ങി വന്നൊരോട്ടോ
മതിലിനോടെന്തോ അടക്കം പറഞ്ഞുവോ?
കറുത്ത ചില്ലിട്ടൊരു കാര്‍ മെല്ലെ വന്ന്
പിന്‍ വാതില്‍ തുറന്നു കാത്തു നിന്നുവോ?
പഴുതുകളില്ലാത്ത മുറിയിലടച്ചിട്ടും
സൈബര്‍ക്കരങ്ങളവളെ തേടിപ്പിടിച്ചുവോ
രാവേറവേ,
മോബയില്‍ ഫോണിന്റെ വാതിലുകള്‍ തുറന്ന്
അവളെവിടേക്കൊക്കെയോ
ഇറങ്ങിപ്പോവുകയും
പുലരാറാവുമ്പോള്‍ ഉറക്കച്ചടവോടെ
തിരിച്ചു കയറുകയും ചെയ്തുവോ?
എല്ലാ ബന്ധനങ്ങളും ഭേതിച്ച്
അവളുടെ ഉയിരും ഉടലും
പുറത്തേക്കൊഴുകുമ്പോള്‍
ഒരു തോക്ക്
രണ്ടു വെടിയുണ്ടകള്‍
ഒന്ന് വീടിനു പുറത്ത്
അവളെ പീഡിപ്പിച്ചവന്റെ
നെറ്റി പിളര്‍ന്ന്
മറ്റേത് വീടിനകത്ത്
അവള്‍ തലചായ്ച്ചു വളര്‍ന്ന
അച്ഛന്റെ വിരിമാറു പിളര്‍ന്ന്
ഒരു പെണ്‍ കുഞ്ഞു ജനിക്കുമ്പോള്‍
ഒരച്ഛന്‍ അച്ഛനല്ലാതാവുന്നുവോ?
(4PM ന്യൂസില്‍ - ജനുവരി 2-ന് പ്രസിദ്ധീകരിച്ചത്)
http://www.4pmnews.com/ index.aspx?issue=02-jan-201 4&page=33

http://www.4pmnews.com/
ലേബലുകള്‍:
അച്ഛന്,
കവിത,
പുതിയ പോസ്റ്റ്,
പെണ്‍കുട്ടി,
FATHER,
girl,
new poem,
poem
2013 നവംബർ 10, ഞായറാഴ്‌ച
ചെറുകവിതകള്‍
കവിത:
കരളില്‍ നിന്നും
വിരലിലൂടൊരു
വരിയായൊഴുകി
പുഴയായൊടുവില്‍
സാഗരമായതു കവിത
ജീവിതം:
"ജനിച്ചു, ജീവിച്ചു, മരിച്ചു"
ഒരു വരിയിലൊരു
ജീവിതം
കടല്‍:
പെണ്ണായതിനാലാവാം,
ഇളകിച്ചിരിക്കുമ്പോഴും
കടലിലിത്ര കണ്ണുനീര്‍
നീളം:
തലവരയുടെ
നീളമളക്കാന്‍
ടേപ്പുണ്ടാരുടെ
കയ്യില്‍?
കള്ളം:
‘കള്ള’ മെന്ന
രണ്ടക്ഷരത്തിന്നുള്ളില്‍
എത്രയെല്ലാ-
മൊളിപ്പിച്ചു വച്ചു നാം?
വേനല്‍:
വരണ്ട തണ്ണീര്‍ത്തടങ്ങളെയോര്‍ത്ത്
കണ്ണീര്‍ പൊഴിക്കാതെ,
കണ്ണീര്‍ത്തടങ്ങളും വരളുന്ന
കാലം വരും
ചാനല്‍:
പാടേ തുറക്കുന്നു
ചാനല്‍പ്പെട്ടികള്‍,
പീഡനത്തിന്റെ
പീതവാതായനം
പകല്‍:
പെരുവഴിയിലലസമായ്
വീണു കിടക്കുന്നു,
പകലിന്‍
ചേലാഞ്ചലം.
---
ഗള്‍ഫ് മാധ്യമം (ബഹറിന്‍ എഡിഷന്‍) സര്‍ഗ്ഗവേദിയില്‍
പ്രസിദ്ധീകരിച്ചത് (10/11/2013)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)