2007, ഡിസംബർ 23, ഞായറാഴ്‌ച

ദൈവങ്ങള്‍


എന്റെ ദൈവമാണ് ശരിയെന്ന് ഞാനും

നിന്റേതെന്ന് നീയും

ആ മൌഡ്യത്തിന്റെ വാത്മീകങ്ങളിലേക്ക് ഉള്‍വലിഞ്ഞ്

പരസ്പരം പോര്‍ വിളിച്ച് നമ്മള്‍ വേര്‍ പിരിഞ്ഞു

ഓര്‍മ്മകള്‍ തികട്ടി വരുമ്പോഴെല്ലാം

നമ്മളത് പ്രാര്‍ത്ഥനകള്‍ കൊണ്ടു മറച്ചു.

പിന്നെ നമ്മള്‍ കണ്ടുമുട്ടിയത്

ഏതോ യുദ്ധക്കളത്തിലായിരുന്നു.

എന്റെ ദൈവത്തിന്റെ വാള്‍ കൊണ്ട് ഞാന്‍ നിന്നെയും

നിന്റെ ദൈവത്തിന്റെ വാള്‍ കൊണ്ട് നീ എന്നെയും

വെട്ടി വീഴ്ത്തി

നമ്മുടെ മൃതദേഹങ്ങളെ പൊതിഞ്ഞത്

ഏതു നിറമുള്ള തുണികളിലാണെന്ന്

ഞാനോ നീയോ അറിഞ്ഞില്ല

ശവമെടുപ്പിന് വായിച്ചത്

രാമായണമോ, ബൈബിളോ, ഖുറാനോ അതോ

സഖാക്കളുടെ നാവില്‍ വന്ന ലാല്‍ സലാമോ ?

ബലിക്കളത്തില്‍ വീണ നമ്മുടെ ചോര
ഒരു ചോദ്യ ചിന്ഹമായൊരുമിച്ചെണീറ്റതും

എവിടെ നാം തേടിയ ദൈവമെന്നാര്‍ത്തതും

ആരും അറിഞ്ഞീല.

2007, ഡിസംബർ 14, വെള്ളിയാഴ്‌ച

ഇടനാഴിയിലെ പൂച്ച


മൂന്നു പേരാണ് കഥാപാത്രങ്ങള്‍. ഒന്നൊരു കഥാകൃത്ത്. പിന്നെ അവള്‍, അയാള്‍.
അവളില്‍ നിന്നാകട്ടെ തുടക്കം. എന്താ വിരോധമുണ്ടോ?
അവള്‍:

തീരെ പ്രതീക്ഷിക്കാത്തതായിരുന്നു സംഭവിച്ചത്. അതും പട്ടാപ്പകല്‍, തുറന്നിട്ട മുറിയില്‍. അടുത്താരുമില്ലാതിരുന്നത് ഈശ്വരകടാക്ഷം തന്നെ. അവനിത്രയൊക്കെ ധൈര്യം എവിടുന്ന് കിട്ടിയെന്നതാണറിയാന്‍ കഴിയാതിരുന്നത്. ഇന്നലെ വരെ അവനെപ്പറ്റി അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ലായിരുന്നുവെന്നത് നേര്. പക്ഷെ ഇനിയങ്ങിനെ വയ്യ.

അയ്യേ, എന്തായിത്. എന്തിനാണിങ്ങനെ മനസ്സിനൊരു വിറയല്‍. പതിവില്ലാത്തൊരു ചാഞ്ചാട്ടം. തെറ്റു ചെയ്ത ഒരാളെപ്പറ്റി വീണ്ടും വീ‍ണ്ടും ഓര്‍ക്കാനേ പാടില്ല. കഴിഞ്ഞതു കഴിഞ്ഞു. ഇനിയതിനെപ്പറ്റി കൂടുതല്‍ ഓര്‍ക്കാതിരിക്കുന്നതാവും ബുദ്ധിയെന്നു മനസ്സു തന്നെയാണു പറയുന്നത്. അവന്‍ പോയി തുലയട്ടെ.

രു നിമിഷം ഞാനൊന്നു കണ്ണടച്ചു കിടക്കട്ടെ. ജയിച്ചിരിക്കുന്നു. ഇല്ല,അവനില്ല മനസ്സില്‍. മനസ്സു വളരെ പരിശുദ്ധം. ക്ലീന്‍. മാര്‍ബിള്‍‍ വിരിച്ച നിലം പോലെ വെളുത്ത്, മിനുത്ത് ...
പക്ഷെ ഇതെന്താണ്? മാര്‍ബിള്‍‍ വിരിച്ച നിലത്തു കൂടെ നടന്നടുത്തു കൊണ്ടിരിക്കുന്ന കാലുകള്‍ ആരുടേതാണ്? അതെ, അതവന്റേതു തന്നെ. ഉച്ച മയക്കത്തിലേക്കു വഴുതിവീഴവെയാണ് ഒച്ചയുണ്ടാക്കാതെ പതുങ്ങി വരുന്ന കാലുകള്‍ കണ്ണില്‍പ്പെട്ടത്. പാതി തുറന്ന കണ്ണുകളിലൂടെ നോക്കുമ്പോള്‍ അവന്റെ വിശക്കുന്ന കണ്ണുകള്‍ കണ്ടു. പിന്നെ നീണ്ടു വരുന്ന കൈകളും. അവന്റെ ഉടലിനെപ്പറ്റി ഓര്‍മ്മയേ ഇല്ല. ഒരു പക്ഷെ അതു തന്റെ ഉടലുമായി ലയിച്ചതിനാലാവാം.

ഛെ, വീണ്ടും അവന്‍. ഇതെന്തൊരു മനസ്സ്? അവന്റെ ഉടല്‍ തന്റെ ഉടലില്‍ തൊട്ടതു പോലുമില്ല. പക്ഷെ ശക്തമായ അതിന്റെ മാസ്മരികയിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടതുപോലെ
തോന്നിയിരുന്നതായോര്‍മ്മയുണ്ട്.ശ്വാസം ക്രമാതീതമായി ഉയര്‍ന്നതും, ശരീരം അനിയന്ത്രിതമായി പ്രകമ്പനം കൊണ്ടതും വെറും സ്വപനമായിരുന്നുവെന്നു തോന്നുന്നില്ല. എല്ലാം ഒറ്റ നിമിഷം കൊണ്ട് തകിടം മറിച്ചത് ഇടനാഴിയിലൂടെ ചാടിയ ആ നശിച്ച പൂച്ചയായിരുന്നു.

ഒന്നും ഓര്‍ക്കാതെ കിടക്കാം. തിങ്ക് പോസിറ്റീവ്. പക്ഷെ എന്താണ് പോസിറ്റീവ്? അവന്‍ ചെയ്തതോ, അതോ ചെയ്യാതെ പോയതോ? വേണ്ട. ഇതിനൊരന്ത്യം കാണണം. ഇതു തികഞ്ഞ സ്റ്റുപ്പിഡിറ്റി തന്നെ. ആലസ്യത്തിന്റെ പുതപ്പു വലിച്ചെറിഞ്ഞ് അവള്‍ കുടഞ്ഞെഴുന്നേറ്റു. ഒരു ചായ കുടിച്ചു കളയാം. അടുക്കളയിലേക്കു പോകും മുമ്പേ കണ്ണാടിയില്‍ ഒരിക്കല്‍ക്കൂടി വലത്തെ കവിളിന്റെ മധ്യത്തിലേക്കു സൂക്ഷിച്ചു നോക്കി. പിന്നെ വിരലുകള്‍ കൊണ്ടവിടെ പതുക്കെ തലോടി.

അയാള്‍ :

അവളകത്തുണ്ടായിരിക്കുമെന്ന് സത്യത്തില്‍ നിരൂപിച്ചതായിരുന്നില്ല. പിന്നെ എന്തെടുക്കുവാനാണവിടെ പോയതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല എന്ന് പറയേണ്ടി വരും. അവള്‍ ഉറക്കത്തിലായിരുന്നുവോ അതോ ഏതെങ്കിലും ദിവാസ്വപ്നങ്ങളിലോ ? സംഭവിച്ചതെല്ലാം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. അവളുടെ ആ കിടപ്പ് തികച്ചും മോഹിപ്പിക്കുന്നതായിരുന്നുവെന്ന് പറയാതെ വയ്യ. അതു കൊണ്ടായിരുന്നിരിക്കണമല്ലോ കാലുകള്‍ കട്ടിലിന്നടുത്തേക്കു നീങ്ങിയതും വന്നതെന്തിനായിരുന്നുവെന്നത് തീരെ മറന്നു പോയതും. അല്ലെങ്കില്‍ എന്തിനുവന്നുവെന്നതിന് പ്രസക്തിയെവിടെ? സദാ ചിരിക്കുന്ന വളകളും, ചിലമ്പുന്ന പാദസരങ്ങളും, മോഹിപ്പിക്കുന്ന സുഗന്ധവുമായി അവള്‍ എന്നും തന്നിലേക്കു തേര്‍വാഴ്ച്ചകള്‍ നടത്തിയിരിന്നുവെന്നത് തനിക്കു മാത്രം അറിയാവുന്ന ഒരു രഹസ്യമല്ലേ? പിന്നെ കവികള്‍ വര്‍ണ്ണിച്ചു തോല്‍‌വി പറഞ്ഞ‍ ആ കവിളിലൊരു മുത്തം കൊടുക്കണമെന്നു തോന്നിയതില്‍ എന്തെങ്കിലും അപാകതയുണ്ടങ്കില്‍ ദയവായി പറഞ്ഞു തരിക.

പക്ഷെ തുടര്‍ന്നു വന്ന സംഭവങ്ങളാണെല്ലാ താളവും തെറ്റിച്ചത്. കവിളിലേക്കു താഴ്ന്ന ശിരസ്സിനെ അവളുടെ കൈകള്‍ വരിഞ്ഞു പിടിച്ചതായിരുന്നു. മുഖം അവളുടെ മുഖത്തിലമരേണ്ട നിമിഷം, ഇടനാഴിയിലൂടെ ഒരു പൂച്ച ചാടിയതും, എന്തോ കണ്ടു പേടിച്ചിട്ടെന്നപോലെ അവളുണര്‍ന്ന് ഒച്ച വച്ചതും, വേഗം അവളുടെ പിടി വിടുവിച്ച് പരിഭ്രമത്തോടെ പുറത്തേക്കോടിയതും ... . ഛെ, അവളെന്താണാവോ ഇനി വിചാരിക്കുക?

കഥാകൃത്ത്

ഇതെന്റെ അനുഭവ കഥയാണ്. കഥയെഴുതാന്‍ ഇതു പോലെ ഒരു പാട് അനുഭവങ്ങള്‍ വേണമല്ലോ. ഒരു സംശയം ഇനിയും ബാക്കി നില്‍ക്കുന്നു. പൂച്ച പോയിട്ട് ഒരു പൂച്ച രോമം പോലും ആ വീട്ടിലില്ല. എല്ലാ പഴുതുകളും അടച്ച വീടായതിനാല്‍ പുറത്തു നിന്നൊരു പൂച്ച വന്നുവെന്നു കരുതാനും വയ്യ. പിന്നെ ഇടനാഴിയിലൂടെ ചാടിയ ആ പൂച്ച എവിടെ നിന്നാണാവോ വന്നത്?


2007, ഡിസംബർ 1, ശനിയാഴ്‌ച

സിംഹം


സിംഹമേ
മുരണ്ടത് നീയായിരുന്നുവൊ?
അതോ കറ്റോ
അതോ എന്റെ ചൂടു പങ്കിടുന്ന
ഇണയുടെ കൂര്‍ക്കം വലികളോ?
കൊഴിഞ്ഞു തീരാറായ ബലിഷ്ഠ നിമിഷങ്ങളുടെ
ഊര്‍ദ്ധന്‍ വലികളോ?
അതെന്തായിരുന്നാലും
രാവിന്റെ സിരകളില്‍
അസംതൃപ്തയായൊരു നദി പോലെ
ഞാന്‍ അലസമായൊഴുകുന്നുണ്ട്
എനിക്കെവിടെയെങ്കിലും ഒന്നള്ളിപ്പിടിക്കണം
ഒന്നലറിക്കരയണം
തിളച്ച കടലിന്റെ നീരാവികള്‍ സ്വരുക്കൂട്ടി
ഒരു മേഘമായുയര്‍ന്ന്
ചതുപ്പു മനസ്സുകളില്‍ തിമിര്‍ത്തു പെയ്യണം
അവയില്‍ അടിഞ്ഞു കൂടിയ
ഇരുളുകളൊക്കെയും കഴുകിക്കളയണം
അലക്ഷ്യമായലയുന്ന വായുവിന്റെ
കരുത്ത് മുഴുവന്‍ ആവാഹിച്ച്
ഒരു പ്രചണ്ടവാതമായുയര്‍ന്ന്
ചെറു തൈക്കളെ വളരാനനുവദിക്കാതെ
ധാര്‍ഷ്ട്യത്തോടേ വളര്‍ന്നു നില്‍ക്കുന്ന
വടവൃക്ഷങ്ങളില്‍
ഉന്മാദത്തോടെ ചുറ്റിപ്പടരണം
കടപുഴകി
വേരറ്റ്
നീരറ്റ്
ഉണങ്ങി
അവ ഭൂമിയിലലിയുമ്പോഴേക്കും
പുതു വിത്തുകള്‍ മുള പൊട്ടി
വളര്‍ന്നു വലുതായി തണല്‍ വിരിച്ച്
ഇളം കാറ്റുകള്‍ പൂക്കുന്ന ശാഖികളില്‍
സുഗന്ധം നീട്ടി നില്‍ക്കുന്നുണ്ടാകും.

മൃഗേന്ദ്രാ..
എന്നെ ഉറക്കാതെ,
മറ്റൊന്നും ചിന്തിക്കാന്‍ പോലുമനുവദിക്കാതെ,
വെടിയൊച്ചകളുടേയും ആര്‍ത്ത നാദങ്ങളുടേയും
ഈ രാത്രികള്‍ തോറും
നീയെന്തിനാണെനിക്കു കാവലിരിക്കുന്നത്?
ഞാന്‍ പോലുമറിയാതെ എന്റെ പാദങ്ങള്‍
ഒരു ദുരന്തത്തിലേക്ക്
ഉടന്തടി ചാടുമെന്നോര്‍ത്ത്
ഭയന്നാണോ?

കാല്‍ തൊട്ടു ശിരസ്സു വരെ ആസകലം മൂടീ
“ട” പോലെ വളഞ്ഞ്
കൈകളെ കാലുകള്‍ക്കിടയിലെ
ഇളം ചൂടിന്റെ സുരക്ഷിതത്വത്തിലേല്‍പ്പിച്ച്
ഭയമില്ലാതെ,
എന്റെ പൂര്‍വ്വികരെപ്പോലെ
എനിക്കൊന്നുറങ്ങണമെന്നുണ്ട്
അതു നിവൃത്തിയാക്കാന്‍
നീയെന്നാണൊന്നുറങ്ങുക?

2007, നവംബർ 17, ശനിയാഴ്‌ച

കാവല്‍ക്കാര്‍

എനിക്കും നിനക്കുമിടയില്‍
അദൃശ്യമായൊരതിര്‍ത്തിയുണ്ടെന്ന്
ഭൂമിശാസ്ത്രത്തില്‍ നമ്മള്‍ പഠിച്ചതാണ്
നിന്റെ വശത്ത് നിന്നെയും
എന്റെ വശത്ത് എന്നെയും
നമുക്കൊരിക്കലും കാണാന്‍ കഴിയാത്ത
അതിര്‍ത്തികള്‍ ‍കാക്കാന്‍
തോക്കുകള്‍ ചൂണ്ടി നിറുത്തിച്ചത്
ജീവിതമാകാം.
തോക്കുകള്‍ താഴെ വക്കുമ്പോള്‍
പരസ്പരം പുണര്‍ന്നതും
വിയര്‍പ്പുകളും നിശ്വാസങ്ങളും പങ്കു വച്ചതും
നമുക്കും മാത്രം മനസ്സിലാകുന്ന
കാര്യങ്ങളായിരുന്നു.
അതിര്‍ത്തികളൊന്നും തിരക്കാതെ
പകലുകളും രാത്രികളും
നമുക്കിടയിലൂടെ
പല വട്ടം കടന്നു പോയി


പറഞ്ഞു‍ ഞാന്‍
അമ്മയുടെ വാതത്തെപ്പറ്റിയും
അഞ്ജു മോളുടെ പഠിപ്പിനെപ്പറ്റിയും
നീ

വാപ്പയുടെ ശ്വാസം മുട്ടലിനെപ്പറ്റിയും
അനിയത്തിയുടെ പ്രണയത്തെപ്പറ്റിയും
ആമിനയുടെ ഉദരത്തില്‍
പറ്റിപ്പിടിച്ചു വളരുന്ന തളിരിനെക്കുറിച്ചും

നമ്മള്‍ പോലുമറിയാതെ
എന്റെ നിഴല്‍ നിന്റേയും
നിന്റെ നിഴല്‍ എന്റേയും
പാദങ്ങളെ
പലപ്പോഴും സ്നേഹത്തോടെ തഴുകി.

ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും
ചൂടു മൂത്തൊരുച്ചയില്‍
നമ്മുടെ തോക്കുകളുയര്‍ത്തിയ വെടിയില്‍
തല തകര്‍ന്ന് മരിച്ചു വീണ പകലിനൊപ്പം
ചോര വാര്‍ത്ത് നമ്മളും തളര്‍ന്നു വീണു
ഒരിക്കലും ഉണരാതെ.

2007, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ജാരന്‍


പതിവു പോലൊരു രാത്രിയിൽ ബസ്സ്‌ സ്റ്റോപ്പിലെ ഹലോജെൻ ലാമ്പിനടുത്ത്‌ ബസ്സു കാത്തു നിൽക്കുമ്പോളായിരുന്നു അവളെ പരിചയപ്പെട്ടത്‌.അവൾ ബസ്സിറങ്ങി വരുമ്പോൾ അയാൾ തനിക്കിഷ്ടപ്പെട്ട പുസ്തകത്തിന്റെ താളുകൾക്കുള്ളിലായിരുന്നു. അവളുടെ മനം മയക്കുന്ന ചിരിയും, ഉള്ളു തുറന്നുള്ള സംസാര രീതിയും അയാൾക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അവളെത്തേടിത്തന്നെയായിരുന്നു ഇത്ര നാളും ഒരു കാര്യവുമില്ലാതെ ഈ ബസ്സ്‌ സ്റ്റോപ്പിൽ വരാറുണ്ടായിരുന്നതെന്നും, ഓരോ ദിവസവും ഓരോ സ്ഥലത്തേക്കുള്ള ബസ്സിൽ കയറി യാത്ര ചെയ്യാറുണ്ടായിരുന്നതുമെന്നും അയാൾക്കു തോന്നി.

"എന്താണാവോ വായിക്കുന്നത്‌" എന്ന ചോദ്യവുമായി അവൾ ആദ്യമായി മുന്നിൽ വന്നപ്പോൾ അയാൾ സത്യത്തിൽ അമ്പരന്നു പോയിരുന്നു. ബസ്സിൽ നിന്നാണോ, അതോ പുസ്തകത്തിൽ നിന്നു തന്നെയാണോ അവൾ വന്നതെന്ന് തെല്ലു ശങ്കിച്ചു. അവളുടെ കഴുത്തിലെ താലിയും, സീമന്തത്തിലെ സിന്ദൂരവും അയാൾക്കു ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.

"എനിക്കിഷ്ടപ്പെട്ട നോവലാണ്‌ പാണ്ഡവപുരമെന്നു പേര്‌."

അവൾ മധുരമായി ഒന്നു പുഞ്ചിരിച്ചു. എവിടെനിന്നാണാവോ അവളുടെ കണ്ണുകൾക്കിത്ര ശക്തി. ആ കണ്ണുകളുടെ മാസ്മരികതയിലൂടെ എത്രയോ വട്ടം ഇതിനു മുമ്പു താൻ സഞ്ചരിച്ചിരുന്നുവെന്നയാൾക്കു തോന്നി.

"ഞാനുമൊരു ജാരനാണ്‌" - അയാൾ അവൾ കേൾക്കാൻ വേണ്ടി പറഞ്ഞു. അവളുടെ പുരികക്കൊടികൾ വളഞ്ഞു. വല്ലാത്തൊരു താൽപ്പര്യത്തോടെ അവളയാളെ നോക്കിയത്‌ അയാൾക്കാവേശം പകർന്നു.

"ഈ നോവൽ വായിച്ചിട്ടുണ്ടൊ?" അയാൾ ശക്തി സംഭരിച്ച്‌ അവളോടു ചോദിച്ചു.

"ഇല്ല"

"പിന്നെ ജാരന്മാരെപ്പറ്റി കേട്ടു കാണില്ല അല്ലേ?"

"ഉവ്വ്‌"

"ഉവ്വോ?" - അവളുടെ അർത്ഥശങ്കക്കിടമില്ലാതുള്ള ഉത്തരം കേട്ട്‌ അയാളൊന്നു വിരണ്ടു.

"ഉവ്വെന്നു തന്നെയാണു പറഞ്ഞത്‌" അവളുടെ ശബ്ദം പണ്ടത്തേക്കാൾ ദൃഡമായിരുന്നു.

"പുസ്തകത്തിലെ പാണ്ഡവപുരം ഒരു സങ്കൽപ്പമായിരുന്നു ... ജാരന്മാരും." അയാൾ എന്തോ നഷ്ടപ്പെട്ടവനെപ്പോലെ നിന്നു.

"ഞാൻ യാഥാർത്ഥ്യത്തിലെ ജാരന്മാരെക്കുറിച്ചാണു പറഞ്ഞത്‌, ഞാനിഷ്ടപ്പെടുന്ന, ഞാൻ മോഹിക്കുന്ന ജാരന്മാർ" - അവൾ അയാളുടെ മുഖത്തു ദൃഷ്ടിയുറപ്പിച്ചു തന്നെ പറഞ്ഞു.

"വല്ല അനുഭവവും ...?" അയാൾ വിക്കി വിക്കിയാണു ചോദിച്ചത്‌.

"ഉണ്ടല്ലോ, ധാരാളം" - ദൈവമേ അവൾക്കൊരു കൂസലുമില്ലല്ലോ.

"ഒരു ഭർത്താവു കൂടെയുണ്ടായിരുന്നിട്ടും, നിങ്ങളിൽ നിന്നും ഞാനിതു പ്രതീക്ഷിച്ചില്ല"

അയാൾ അവളെ നോക്കാതെയാണതു പറഞ്ഞത്‌. അവൾ പൊടുന്നനെ പൊട്ടിച്ചിരിച്ചു. ചിരിക്കുമ്പോൾ ഒരു പൂങ്കുല പോലെ അവൾ പൊട്ടിവിരിയുന്നതയാൾ മോഹത്തോടെ നോക്കി നിന്നു.

"നിങ്ങൾക്കെന്റെ ജാരനാവണമെന്നുണ്ടോ?" - അവളുടെ കണ്ണുകൾ തന്നെ ചൂഴ്ന്നെടുക്കുന്നെന്നയാൾക്കു തോന്നി. അയാളൊന്നു പുളഞ്ഞു, പിന്നെ ഇടം കണ്ണിട്ടവളെ നോക്കി. അവളുടെ ആകർഷണവലയത്തിൽ ഒരീയലു പോലെ താനകപ്പെടുകയാണെന്നയാൾക്കു തോന്നി.

"നിങ്ങൾക്കതാവില്ലെന്ന് ഇത്ര നേരം കൊണ്ടെനിക്കു മനസ്സിലായി. എന്റെ ജാരനെ ഞാൻ എവിടെ നിന്നെങ്കിലും കണ്ടു പിടിച്ചോളാം. ഗുഡ്‌ ബൈ."

അയാൾക്കു മുന്നിലൂടെ അന്തരീക്ഷത്തിലാകെ മോഹവലയങ്ങൾ വിതറി, ഒരു സർക്കസ്സുകാരിയുടെ തന്മയത്വത്തോടെ തലയുയർത്തി അവൾ പുളച്ചു നീങ്ങുന്നതൊരു സ്വപ്നം പോലെ അയാൾ കണ്ടു. അയാൾ ഹലോജെൻ ലാമ്പിന്നടുത്തേക്കൊന്നു കൂടി ചേർന്നു നിന്നു. പിന്നെ തുകൽ സഞ്ചിയിൽ നിന്നു വീണ്ടും നോവലെടുത്തു വായിക്കാൻ തുടങ്ങി.


(സേതുവിന്റെ 'പാണ്ഡവപുരം' എന്ന നോവലിനോടുള്ള കടപ്പാട്‌ നന്ദിപൂർവ്വം സ്മരിക്കുന്നു)

2007, ഒക്‌ടോബർ 16, ചൊവ്വാഴ്ച

ട്വിങ്കിള്‍ ട്വിങ്കിള്‍ ....


ടീവി സ്ക്രീനിൽ തെളിഞ്ഞു വരുന്ന പെൺകുട്ടിയുടെ ചലനങ്ങളിലേക്ക്‌ അവേശത്തോടെ നോക്കി നോക്കിയിരിക്കുമ്പോൾ മനസ്സിനുള്ളിൽ എന്തൊക്കെയോ അഭിലാഷങ്ങൾ നുരഞ്ഞുയരുന്നത്‌ അവൾ പോലുമറിഞ്ഞില്ല. ടോക്ക്‌ ഷോകളുടെ അവതാരകയായി, സീരിയലുകളിലെ നായികയായി, സിനിമകളിലെ താരമായി, വർണ്ണ വസ്ത്രങ്ങളിൽ പൊതിഞ്ഞ്‌ പ്രേമഗാനങ്ങൾ പാടി, വിദേശ ലൊക്കേഷനുകളിൽ പാറി നടക്കുന്ന പെൺകൊടിയായി അവളുടെ സ്വപ്നങ്ങൾ ഉയരത്തിൽ നിന്നുയരത്തിലേക്കു പറന്നു.

കോളേജിലെ മറ്റു പെൺകുട്ടികളും തന്റേതു പോലെത്തന്നെയുള്ള സ്വപ്നങ്ങൾ കാണുന്നവരാണെന്ന അറിവ്‌ അവളുടെ ഉറക്കം കെടുത്താറുണ്ടായിരുന്നു എന്നത്‌ നേര്‌. അവരേക്കാൾ കൂടുതൽ കൂടുതൽ ഗ്ലാമറസ്സായി വസ്‌ത്രം ധരിക്കാനും, ക്ലോസ്സപ്പുകളിലെന്ന പോലെ വശ്യമധുരമായി ചിരിക്കാനും, അത്മാവിലേക്കു തുളഞ്ഞിറങ്ങുന്ന മാതിരി നോട്ടത്തെ മൂർച്ചപ്പെടുത്താനും അവൾ പ്രത്യേകം ശ്രദ്ധിച്ചു. ശരീര വടിവുകൾ എടുത്തു കാട്ടുന്ന അലങ്കാര വസ്‌ത്രങ്ങളണിയുന്നതിനും, ഒരു പ്രത്യേക താളത്തിൽ ശരീരഭാഗങ്ങൾ ചലിപ്പിച്ച്‌ നടക്കാൻ പഠിക്കുന്നതിനും അനുദിനം കാണാൻ കിട്ടുന്ന സൌന്‌ദര്യ മത്സരങ്ങൾ അവളുടെ മാർഗ്ഗദർശികളായി.

അങ്ങനെയിരിക്കെ അതു സംഭവിച്ചു. കോളേജിനും, ഹോസ്റ്റലിനും ചുറ്റുമായി നിത്യവും വലം വയ്ക്കാറുള്ള വില കൂടിയ കാറുകളിലൊന്നിൽ നിന്ന് അവളുടെ സ്വപ്നത്തിലെ ചെറുപ്പക്കാരന്റെ ചുറുചുറുക്കും പുരുഷത്വവുമുള്ളൊരാൾ 'സ്ലോ മോഷനിൽ' അവളുടെ യാഥാർത്ഥ്യങ്ങളിലേക്കിറങ്ങി വന്നു. വെള്ളിത്തിരയിലെ സുരേഷ്‌ ഗോപിയുടേതുപോലെ, ആകാശം നിറയെ വിരിഞ്ഞു നിന്ന അയാളുടെ മാറിൽ ഒരു നക്ഷത്രം പോലെ അവൾ ഒട്ടി നിന്നു. അയാളവൾക്കു ചുരിദാറുകളും, ഡിസൈനർ വസ്‌ത്രങ്ങളും, ഐസ്‌ ക്രീമുകളും, ചുണ്ടു നിറയെ സ്നേഹവും വാരിക്കോരി കൊടുത്തു. അയാൾക്കു സുഹൃത്തുക്കളായി ഒട്ടനവധി സിനിമാക്കാരും, മന്ത്രിമാരും, പോലീസ്സുകാരും, വക്കീലന്മാരും ഉണ്ടായിരുന്നു. അയാളേതു നേരവും തന്റെ മൊബൈൽ ഫോണിനോടടക്കം പറയുന്നതും, പ്രണയിക്കുന്നതും അവൾ അഭിമാനത്തോടെ കണ്ടു. അയാളുടെ കാറുകളും, ബൈക്കുകളും അവളുടെ ചൂടിന്റെ പുളകങ്ങൾ ഏറ്റു വാങ്ങി. അവളുടെ സ്വപ്നക്കുതിരകൾ ആകാശങ്ങളേയും, നക്ഷത്രങ്ങളേയും കീഴടക്കി പാഞ്ഞു കൊണ്ടിരുന്നു. വാരികകൾ അവളുടെ മുഖചിത്രങ്ങളും, സെൻട്രൽ സ്‌പ്രെഡുകളുമിറക്കി പണം കൊയ്തു.

ഒരു ദിവസം അയാളവളേയും കൂട്ടി അവളുടെ അഭിലാഷമനുസരിച്ചു പണിതുയർത്തിയ ബംഗ്ലാവിലേക്ക്‌ വലതുകാൽ വച്ചു കയറി. വലിയ ബംഗ്ലാവിന്റെ പ്രൌഡിയിലേക്ക്‌, വിശാലതയിലേക്ക്‌, ആലസ്യത്തിലേക്ക്‌ അവളലിയാൻ തുടങ്ങുമ്പോഴേക്കും അവൾക്കൊരായിരം മുത്തങ്ങൾ സമ്മാനിച്ച്‌, നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്ന മൊബൈലിനോടടക്കം പറഞ്ഞ്‌, വാതിലടച്ച്‌, പുറത്തു നിന്നും പൂട്ടി, താക്കോലുമായി അയാൾ കടന്നു കളഞ്ഞത്‌ അവൾ അറിഞ്ഞില്ല. അയാൾ ഏതിരുളിൽ പോയൊളിച്ചെന്ന് അവൾ പിന്നീടൊരിക്കലും അറിഞ്ഞില്ല. എന്നിട്ടും താക്കോലുകളുമായി വാതിൽ തുറന്നകത്തു വരികയൂം, പോവുകയും ചെയ്തു കൊണ്ടിരുന്ന അനേകമനേകം മുഖങ്ങളിലൂടെ, അവരുടെ ശ്വാസോച്ഛ്വാസങ്ങളിലൂടെ, മേനികളുടെ വിയർപ്പുകളിലൂടെ, അയാളുടെ സാമീപ്യത്തിന്റെ വെറുപ്പ്‌ അവൾ അനുഭവിച്ചു കൊണ്ടിരുന്നു.

('താരകം' എന്ന പേരിൽ ഗൾഫ്‌ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചത്‌)

2007, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ആത്മഹത്യ


ആദ്യ രാത്രിയിൽ ബെഡ്‌ റൂമിന്റെ അരണ്ട വെളിച്ചത്തിൽ അയാൾക്കഭിമുഖമായിരുന്ന്‌ അവൾ ചോദിച്ചു -
"മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന്‌ കേട്ടിട്ടുണ്ട്‌"
അയാളവളെ മെല്ലെ നോക്കി. കണ്ണുകൾ അയാളിൽ നിന്നുമെടുക്കാതെ അവൾ വീണ്ടും ചോദിച്ചു - "എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്‌?"
"വെറുതെ"
"വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ ?" - അയാളൊന്നും മിണ്ടിയില്ല.
"പ്രേമ നൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നൊ ?"
"പ്രേമം. ആരു പ്രേമിക്കാൻ ... ആർക്കും എന്നെ വേണ്ടായിരുന്നു.
അയാളറിയാതെ തന്നെയാണയാളിൽ നിന്നും വാക്കുകൾ പുറത്തു ചാടിയതെന്ന്‌ അവൾക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകൾ ജനാലക്കു പുറത്ത്‌ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു.
"ആത്മഹത്യ ചെയ്താലെന്തെന്ന്‌ ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവർക്കല്ലേ അതിനൊക്കെ കഴിയൂ. ഞാനൊരു ഭീരുവായിരുന്നു. അതിനാൽ ശ്രമിച്ചില്ല" - അറിയാതെയുയർന്ന ഒരു നെടുവീർപ്പിനെ വേഗം മറച്ചു പിടിച്ച്‌ അവൾ നിഷ്കളങ്കയെപ്പോലെ ചിരിച്ചു.
അതയാൾക്കൊരു പുതിയ അറിവായിരുന്നു. അയാളവളെ ചുഴിഞ്ഞു നോക്കി. അവളുടെ കണ്ണുകളുടെ ആഴങ്ങളിലെവിടെയെങ്കിലും ആത്മഹത്യയോടുള്ള ഭ്രാന്തമായൊരഭിനിവേശം പതിയിരിപ്പുണ്ടോ.
"ഇനിയിപ്പോൾ ധൈര്യമുള്ള ഒരാൾ കൂടെയുണ്ടല്ലോ, തരം കിട്ടിയാൽ ഒന്നു പരീക്ഷിച്ചു നോക്കാം അല്ലേ?" - അതു പറഞ്ഞ്‌ അവൾ വീണ്ടും ചിരിച്ചു. ആ ചിരിയിൽ എന്തൊക്കെയോ നിഗൂഢതകൾ പതിയിരിക്കുന്നുവോ എന്നയാൾ സംശയിച്ചു. ഒരുൾക്കിടിലത്തോടെ അയാളവളെ വരിഞ്ഞു മുറുക്കി.
"ഇനിയൊരിക്കലും ഞാൻ ആത്മഹത്യ ചെയാൻ ശ്രമിക്കില്ല. എനിക്കിപ്പോൾ നീ കൂട്ടിനുണ്ടല്ലോ" - അയാളവളുടെ ചെവിയിൽ മന്ത്രിച്ചു.
അവളൊന്നും മിണ്ടിയില്ല, ഒന്നും കേട്ടുമില്ല. അവളുടെ കണ്ണുകൾ ജനാലക്കപ്പുറത്തെ ഇരുട്ടിന്റെ മാസ്മരികതയിലെവിടെയോ ആയിരുന്നു.

2007, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

വെയിൽ


സമയം നാലു മണിയായിട്ടില്ലെങ്കിലും സൂര്യനെപ്പൊഴോ ഉദിച്ചു കഴിഞ്ഞിരുന്നു. ലേബർ ക്യാമ്പുകളിൽ അനക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പരന്നു കിടക്കുന്ന മരുഭൂമിക്കും അവിടവിടെയായി കൂണുപോലെ മുളച്ചു നിൽക്കുന്ന ലേബർ ക്യാമ്പുകൾക്കും മീതെ അകാശം ഒരു വലിയ കഴുകനെപ്പോലെ അടയിരുന്നു.


നിരനിരയായി കിടക്കുന്ന മഞ്ഞ ടാങ്കർലോറികൾക്കിടയിലേക്കു നടക്കുമ്പോഴാണ്‌ മോബയിൽ ഫോൺ ശബ്ദിച്ചത്‌. ഡിസ്‌പ്ലേയിൽ നമ്പറിനുപകരം ഇന്റർനാഷണൽ കോളിന്റെ ചിന്‌ഹങ്ങൾ തെളിഞ്ഞപ്പോൾ മനസ്സൊന്നു പുകഞ്ഞു. ഹലോ പറയുമ്പോൾ ശബ്ദം ചിലമ്പുന്നതയാൾ അറിഞ്ഞു.ദൂരങ്ങൾ താണ്ടി വന്നെത്തിയ ശബ്ദം ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു തീർത്തു. "നീ വരുന്നുണ്ടോ" എന്ന ചോദ്യത്തിന്‌ "ഇല്ല" എന്ന വ്യക്തമായ ഉത്തരവും കൊടുത്തു. അങ്ങേത്തലക്കൽ ഫോൺ ഡിസ്‌ക്കണക്‌റ്റാകുന്ന ശബ്ദവും അതിനോടനുബന്ധിച്ചു വന്ന ശൂന്യതയും കുറച്ചുനേരം അയാളിൽ നിറഞ്ഞു നിന്നു.


നാടു വിടുമ്പോൾ യാത്ര പറയാൻ നിന്ന നിരവധി കണ്ണുകൾക്കിടയിൽ നിന്നും തന്നോടൊപ്പം എന്നും കൂടെയുണ്ടായിരുന്ന ആ കണ്ണുകളിലെ സ്നേഹത്തിന്റെ കുളിർമ്മ അയാളുടെ ഞരമ്പുകളെ തളർത്തി. "പോയാലെന്നാ തിരിച്ചു വരാൻ പറ്റുക" ആ ചോദ്യത്തിനുത്തരം പറഞ്ഞില്ലായിരുന്നു. ഇന്നും അതുത്തരമില്ലാത്ത ചോദ്യമായിത്തന്നെ അവശേഷിക്കുന്നു.


ജോലിക്കു പോകണമോ വേണ്ടയോ എന്ന് ഒരു നിമിഷം ഓർത്തു. മുറിയിൽ പോയിക്കിടന്നൊന്നു പൊട്ടിക്കരയാനാണിപ്പോൾ മനസ്സു കൊതിക്കുന്നത്‌. ജോലിക്കു പോകാൻ തിരക്കു കൂട്ടുന്ന സഹജീവികളുടെ ബഹളത്തിനെക്കുറിച്ചോർത്തപ്പോൾ അതു വേണ്ടെന്നു തോന്നി. അയാൾ വെറും മണലിൽ ലോറിയുടെ ടയറിൽ ചാരിയിരുന്നു. ആകാശം കുറെക്കൂടി താഴ്ന്നുവെന്നു തോന്നി. മനസ്സിലേക്കു തിക്കിത്തിരക്കി വരുന്ന മുഖങ്ങളിൽ നിന്നും ഓർമ്മകളെ പിഴുതെറിയാൻ ശ്രമിച്ചു.


ആശുപത്രിക്കിടക്കയിലെ നീണ്ട നാളത്തെ അല്ലലിനു ശേഷം, അനക്കം നിന്നു വിറങ്ങലിച്ച വൃദ്ധ ശരീരം. അവസാനത്തെ അനക്കവും നിലക്കുന്നതിനു മുമ്പ്‌, തന്നെയൊന്നു കാണണമെന്നാ മനസ്സു പിടഞ്ഞിരിക്കാം. മകന്റെ സമ്പാദ്യത്തിൽ നിന്നും കെട്ടിപ്പടുത്ത വീട്ടിൽക്കിടന്നു മരിക്കണമെന്ന ആശ എന്നോ അദ്ദേഹത്തിനു നഷ്ടമായിരുന്നിരിക്കണം. കണ്ണുകൾ നിറയുന്നുണ്ടൊ? മുന്നിലെ കാഴ്ച്ചകൾക്കു ഫോക്കസ്‌ നഷ്ടപ്പെടുന്നത്‌ വെയിൽ കനക്കുന്നതു കൊണ്ടാകാം.


അയാളൊരു സിഗരറ്റിനു തീ കൊളുത്തി. സിഗരറ്റിന്റെ അറ്റത്തു കൂടി കത്തിപ്പടരുന്ന ചിത. എരിയുന്ന കനലുകൾ. വെയിൽപ്പാളികളെ മുറിച്ചു കടന്നു വന്ന കാറ്റിനു കുഴമ്പിന്റേയും, മരുന്നിന്റേയും പരിചിതമായൊരു ഗന്ധം. സ്നേഹത്തോടെ, മൃദുലമായൊരാശ്ലേഷത്തോടെ ഒന്നു തലോടി ആ സുഗന്ധം തിരിച്ചു പോയി. ഒന്നും ചെയ്യാനില്ലാത്തവനെപ്പോലെ അയാൾ ശൂന്യതയിലേക്കു തുറിച്ചു നോക്കിയിരുന്നു. മരുഭൂമിയുടെ ചിതയിൽ വെയിൽ കത്തിപ്പടർന്നു.
(ഗൾഫ്‌ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്‌)

2007, സെപ്റ്റംബർ 1, ശനിയാഴ്‌ച

ഒരു സ്വകാര്യ ദു:ഖം

തിരുവോണം. കുളിച്ചു വന്ന്‌ വിളക്കു കൊളുത്തുമ്പോൾ കണ്ണു നിറഞ്ഞു. അച്ഛനില്ലാത്ത ആദ്യത്തെ ഓണം. മനസ്സിൽ ഘനീഭവിച്ചു നിന്നു സങ്കടം. തൊഴു കൈകളോടെ, നിറകണ്ണുകളോടെ, ജ്വലിച്ചുനിൽക്കുന്ന ദീപനാളങ്ങളോടു പറഞ്ഞു -

"ആത്മാവുണ്ടെങ്കിൽ, അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി നൽകേണമേ"

പ്രാർത്ഥനകൾക്കു ചെന്നെത്താനാവുന്ന ഏതോ ഒരു ലോകത്തായിരിക്കാം അച്ഛൻ. ഭൂമിയിലുള്ള ഒരാത്മാവിനു ഭൂമിയിലില്ലാത്ത മറ്റൊരാത്മാവിനെ തൊട്ടു തലോടുവാൻ, സാന്ത്വനിപ്പിക്കുവാൻ സാധിക്കുമോ? കണ്ണുകളടച്ച്‌ പ്രാർത്ഥനാനിരതനായി നിൽക്കുമ്പോൾ, നിസ്സഹായതകളുടെ ഭാരം മനസ്സിനെ ഞെരുക്കി. തനിച്ചു വന്ന്‌ തനിച്ചെവിടേക്കോ മറഞ്ഞു പോകുന്ന ജീവനെന്ന പ്രഹേളികക്കെന്നെങ്കിലും ഒരുത്തരമുണ്ടാവുമോ?

അച്ഛനെക്കുറിച്ചോർക്കുമ്പൊഴെല്ലാം ചാലക്കുടി റെയിൽവേ സ്റ്റേഷനും, പഴയൊരു കാലവും പുനർജ്ജനിക്കുന്നു. എല്ലാവരോടും, വിട പറഞ്ഞ്‌ ബോംബെയിലേക്കുള്ള തീവണ്ടി നീങ്ങാൻ തുടങ്ങുമ്പോൾ, ജനാലക്കു സമീപമായി, ആർദ്രമായ ആ മിഴികളും, എന്തൊക്കെയോ പറയാൻ വിതുമ്പുന്ന ചുണ്ടുകളും, എല്ലാ ആശീർവാദങ്ങളും നേർന്നുകൊണ്ട്‌ ഉയർത്തി വീശിയ ആ വലതു കൈയും ...

സാവധാനത്തിൽ പുറകോട്ടു നീങ്ങി, പൊടുന്നനേ കൂടിയ വേഗത്തിന്റെ ചടുലതയിൽ ആ കാഴ്ച്ച നഷ്ടപ്പെട്ടു. കുറച്ചു നേരത്തേക്കു കൈവിട്ടു പോയ ശബ്ദങ്ങളും, ചലനങ്ങളും വണ്ടിയുടെ താളത്തിലേക്ക്‌ പതുക്കെപ്പതുക്കെ തിരിച്ചു വന്നു. എന്തെല്ലാം വികാരങ്ങളായിരുന്നു അന്നാ മിഴികളിൽ ഇരമ്പിനിന്നിരുന്നതെന്ന്‌ വായിച്ചെടുക്കുക അസാദ്ധ്യം. പക്ഷെ പറിച്ചെടുത്തു വച്ചതു പോലെ അച്ഛന്റെ ഓർമ്മകൾക്കൊപ്പം ആ ഒരു സീൻ മാത്രം എപ്പോഴും വന്നു കൊണ്ടിരുന്നു. അന്നു തുടക്കം കുറിച്ച പ്രവാസത്തിനിടക്ക്‌ ഓരോരോ തീവണ്ടി സ്റ്റേഷനുകൾ പോലെ ഓണവും, വിഷുവും, മറ്റുത്സവങ്ങളും പല കുറി കടന്നു പോയി.

ഓഫീസിലേക്കു പോകുവാൻ തയ്യാറെടുക്കുമ്പോഴും, പഴയ ഓർമ്മകളുടെ ഇരമ്പം അവസാനിച്ചിരുന്നില്ല. പലവട്ടം കണ്ണുകൾ നിറഞ്ഞു. കയ്യിലിരുന്ന റ്റിഷ്യു പേപ്പർ നോക്കി ഭാര്യ ചോദിച്ചു -

"എന്താ, എന്തു പറ്റി?"

"ഒന്നുമില്ല, കണ്ണടയിലെന്തോ പൊടി പറ്റിയിരിക്കുന്നു"

നേരു പറഞ്ഞാല്‍ ഒരു പക്ഷെ നിയന്ത്രണത്തിന്റെ ചരടുകള്‍ പൊട്ടിയെന്നു വരാം. ഒന്നും സംഭവിച്ചിട്ടിലാത്തതു പോലെ പതിവു ചര്യകളിലേക്ക്‌ വാസസ്ഥലത്തിന്റെ സ്റ്റെപ്പുകളിറങ്ങി.

അടുത്തില്ലെങ്കിലും മറുനാട്ടിലെ ആഘോഷങ്ങൾക്കിടക്ക്‌ അച്ഛന്റെ സ്വരം എന്നും കരുത്തു പകരാറുണ്ടായിരുന്നു. ഇന്നിപ്പോൾ ആ സ്വരമില്ല. അതിന്റെ അനുരണനങ്ങൾ മാത്രം കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

2007, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

മഹാബലി


ചതിയാലന്നാ ‘ദൈവം’
ചവിട്ടിത്താഴ്‌ത്തിയെന്നാകിലും
പാതാളമല്ലോ സ്വര്‍ഗ്ഗം
ദൈവത്തിന്‍
സ്വന്തം നാടിനേക്കാളും

2007, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

മണല്‍



മരുഭൂമിയിലൂടെ അച്ഛന്റെ കൈവിരൽത്തുമ്പു പിടിച്ചു നടക്കവെ കുട്ടി ചോദിച്ചു -


"ഇനിയെത്ര ദൂരം നടക്കണം അച്ഛാ"

"അധികമില്ല മകനേ, നമുക്കു മുന്നിലെ ഈ മണൽക്കൂര കയറിക്കടന്നാൽ മതി. അതിനുമപ്പുറം ഒളിഞ്ഞിരിക്കുന്ന അകാശച്ചെരുവിലേക്കിറങ്ങിയാൽ മതി"

മുഴുവനാക്കും മുമ്പേ അയാളുടെ വാക്കുകളെ, ഓർക്കാപ്പുറത്തെവിടെനിന്നോ ചീറിപ്പഞ്ഞു വന്ന കാറ്റ്‌ പറത്തിക്കൊണ്ടു പോയി. ദൂരെയേതോ മണൽക്കൂനകളിൽ മലരു പോലെ വെന്തു വീഴുന്ന വാക്കുകളെ അയാൾ മനസ്സിൽ കണ്ടു.

"ദാഹിക്കുന്നു അച്ഛാ, എനിക്കു വെള്ളം വേണം"
"തുകൽ സഞ്ചിയിലെ അവസാനത്തെ തുള്ളി വെള്ളവും നീ കുടിച്ചില്ലേ മകനേ. നമ്മുടെ ഒട്ടകത്തിന്റെ അവസാന തുള്ളി ചോരയും നീ കുടിച്ചില്ലേ മകനേ"

"എന്നിട്ടുമെനിക്കു ദാഹം തീരാത്തതെന്താണച്ഛാ"

"ദാഹം ഒരിക്കലും തീരില്ല മകനേ. അതിനു ശമനമേ വരൂ. അഗ്നി പോലെ അതു ചുരുങ്ങുകയും പിന്നെ ആളിക്കത്തുകയും ചെയ്യും"

"എന്റെ തൊണ്ടയിൽ നിറയെ തീയെരിയുന്നച്ഛാ"

"സാരമില്ല, കുറച്ചു കൂടി നടന്നാൽ മതി, ദാ മുന്നിൽക്കാണുന്ന മരുപ്പച്ചയുടെ വക്കിലെത്തിയാൽ മതി"

അവർ നടന്നു. സൂര്യന്റെ അഗ്നിക്കുടക്കു കീഴെ പഴുത്ത മണൽത്തരികളിലൂടെ നടക്കുമ്പോൾ തങ്ങൾ അനേകശതം അസ്ഥിത്തരികളിലൂടെയാണു നടക്കുന്നതെന്നവർക്കു തോന്നി.

"എനിക്കു തല കറങ്ങുന്നച്ഛാ, ഇനി നടക്കാൻ വയ്യ"
"തളരരുത്‌ മകനേ, തളർന്നാൽ എല്ലാം തീർന്നു. നീ അമ്മയെ ഓർത്തോളൂ, അമ്മയുടെ പുഞ്ചിരിയും, സ്പർശനങ്ങളും ഓർത്തോളൂ"
"ഓർമ്മകൾ വരുന്നില്ലച്ഛാ - അമ്മയുടെ സ്പർശം മാത്രം എന്റെ വിരലുകളിൽ കുളിരു പകരുന്നതു പോലെ. കുഴഞ്ഞു വീണപ്പോൾ നമ്മളമ്മയെ മരുഭൂമിയിൽ ഉപേക്ഷിക്കരുതായിരുന്നച്ഛാ - എനിക്കു സങ്കടം വരുന്നു"
"തിരിഞ്ഞു നോക്കാനോ സങ്കടപ്പെടാനോ പാടില്ല മകനേ, അമ്മ നമ്മളോടൊപ്പം തന്നെയുണ്ട്‌"

അവനൊന്നും മിണ്ടിയില്ല. അച്ഛനോടൊപ്പം നടക്കുമ്പോൾ സങ്കടം തൊണ്ടയിലകപ്പെട്ട മുൾപ്പന്തു പോലെ അവന്റെ മനസ്സിലുടക്കിക്കിടന്നു. കാറ്റിൽ അമ്മയുടെ വസ്ത്രങ്ങളുലയുന്ന ശബ്ദമവൻ കേട്ടു.

നടന്നു നടന്ന് അവരൊരു ഈന്തപ്പനയുടെ കീഴിലെത്തി. അതിന്റെ തണലുകളില്ലാത്ത ചുവട്ടിൽ അവരിരുന്നു. അവരുടെ പാദങ്ങൾ വിണ്ടു കീറിയിരുന്നു. കണ്ണുകൾ പുറത്തോട്ടു തള്ളി വന്നിരുന്നു. ചുണ്ടുകൾ വരണ്ടു പൊട്ടിയിരുന്നു. അച്ഛന്റെ മടിയിൽ തളർന്നു കിടന്നവൻ മേലോട്ടു നോക്കി. "ഈ പനയിൽ നിറയെ ഈന്തപ്പഴങ്ങളുണ്ടല്ലോ അച്ഛാ, അവയെന്നാ പഴുക്കുക"
അവയിലേക്കു നോക്കാതെ അച്ഛൻ പറഞ്ഞു -
"വെയിലിനിനിയും ചൂടു കൂടുമ്പൊൾ, കാറ്റിനിനിയും ശക്തി കൂടുമ്പോൾ"
അവൻ ഇടർച്ചയോടെ അച്ഛനോട്‌ വീണ്ടും ചോദിച്ചു -"ഈ ചൂടെന്നാ തീരൂക, ഈ കാറ്റ്‌ എന്നാ ഒതുങ്ങുക"

"എല്ലാ ഈന്തപ്പഴങ്ങളും പഴുത്തു തീരുമ്പോൾ" - അച്ഛൻ പറഞ്ഞു.

അവൻ പിന്നെ ഒന്നും ചോദിച്ചില്ല. വെയിലിനു ചൂടു കൂടുകയും, കാറ്റിന്‌ ഇടിമിന്നലുകളുടെ വേഗതവരികയും ചെയ്തപ്പോൾ ഈന്തപ്പഴങ്ങൾ പഴുത്തു. മോഹിപ്പിക്കുന്ന സ്വർണ്ണഗോളങ്ങൾ പോലെ അവ ഇളം കാറ്റിലുലഞ്ഞു. പിന്നെ ഒന്നൊന്നായി ഞെട്ടിൽ നിന്നടർന്ന് താഴേക്കു വീണു. അവ തിന്നാൻ അച്ഛനും മകനുമുണ്ടായിരുന്നില്ല. ഈന്തപ്പനയുടെ കീഴെ രണ്ടു കൊച്ചു മണൽക്കൂമ്പാരങ്ങൾ കുറച്ചു നാൾ കിടന്നു. പിന്നെ കാറ്റ്‌ അവയേയും അടിച്ചു പറത്തി.



(മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്)

2007, ജൂലൈ 11, ബുധനാഴ്‌ച

ഒരു വിലാപം







രാവേറെക്കഴിഞ്ഞിട്ടുണ്ടായിരിക്കണം
കോഴികൾ പലവട്ടം കൂവിക്കഴിഞ്ഞിരിക്കുന്നു
ആദ്യത്തെ കോഴി കൂകും മുമ്പേ
എന്നെ മൂന്നു വട്ടം
തള്ളിപ്പറയേണ്ടവനെവിടെ?
മരക്കുരിശ്ശും, മുൾമുടിയുംകടം വാങ്ങി
എത്ര നേരമായി കാത്തിരിക്കുന്നു?
പീഡനത്തിന്റെയും കുരിശ്ശുമരണത്തിന്റേയും
തൽസമയ സംപ്രേക്ഷണാവകാശംവാങ്ങിയവർ
ക്യാമറകൾ ചൂണ്ടി ഭീഷണിയോടെ മുന്നിലുണ്ട്‌
അവരിൽ നിന്നും ഒരു പാലായനം അസാദ്ധ്യം
ടീ വി സ്ക്രീനിനു മുമ്പിൽ
പ്രേക്ഷകർ ഉറങ്ങാതെ തിന്നും കുടിച്ചും കാത്തിരിക്കുന്നു
ക്ഷമ കെടുമ്പോൾ 'ഓനിഡാ' യുടെ പരസ്യം പോലെ
ഏതു നേരവും അവർ ടീ വി സെറ്റുകൾ ഉടച്ചു തകർത്തേക്കാം
പിന്നെയവർ എന്നെത്തേടിയെത്തും
ഇത്രയും പേർക്കൂറ്റിയെടുക്കാനുള്ള രക്തവും മാംസവും
എന്റെ ശരീരത്തിലില്ലല്ലോ പിതാവേ
എന്നെ ഒറ്റിക്കൊടുക്കേണ്ടവനെ ഇനിയും കാണുന്നില്ലല്ലോ
യൂദാസേ, വഞ്ചകാ നീയാരുടെ 'സെറ്റിൽ'പ്പോയൊളിച്ചു
നേരവും വെളുത്തു കഴിഞ്ഞല്ലോ ....
ദൈവമേ, നീയും എന്നെ കൈ വിട്ടതെന്തേ?
ദയവായി, ഈ കഥാപാത്രത്തെ എന്നിൽ നിന്നുമകറ്റേണമേ..






(ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)

2007, ജൂൺ 26, ചൊവ്വാഴ്ച

സുനാമി

നിന്ടെ വരവാരുമറിഞ്ഞില്ല, പക്ഷെ
നിന്ടെ പോക്കെല്ലാരുമറിഞ്ഞു
നിനച്ചിരിക്കാത്ത നേരത്ത്
നിനക്കൊപ്പം കളിച്ചു നിന്നവരെ
നീ കവര്‍ന്നെടുത്തു മറഞ്ഞു
അഗാധതയുടെ അത്യാര്‍ത്തിയിലേക്ക്
നിന്ടെ സഹസ്ര ഹസ്തങ്ങള്‍
അവരുടെ ചോരയെ ഊറ്റിയൊഴിച്ചു

ജഡങ്ങളേന്തിയ തിരകളിലൂടെ ഇരമ്പി വന്ന പുലരി
കടലെടുത്ത മിഴികളിലൂടെ ചോര്‍ന്നു പോയ സന്ധ്യ
ഇവയ്ക്കിടയില്‍ പഴുത്ത തക്കാളി പോലെ
എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന
കുതിര്‍ന്നു വീര്‍ത്ത ജഡങ്ങള്‍
തിര പാഞ്ഞെത്തിയിടത്തെല്ലാം
മരണത്തിന്ടെ ചാകര

വീര്‍പ്പു മുട്ടുന്ന കാറ്റില്‍
മൃതിയുടെ മാത്രം ഗന്ധം
കശക്കിയെറിയപ്പെട്ട പൂവുകള്‍ക്കു ചുറ്റും
അസഫലമായ പരാഗങ്ങളുടെ ശിഥില ശോകം
വ്യഥകള്‍ക്കു വലം വയ്ക്കാനൊരു ശില പോലും ബാക്കി വയ്ക്കാതെ
എല്ലാം നീ കവര്‍ന്നെടുത്തതും
നിസ്സഹായരായി ദിഗന്ധങ്ങള്‍ മിഴിയടച്ചു പിണ്ഡം വച്ചതും
തല ചായ്ക്കാനുള്ള കുടിലുകളും ഗര്‍വ്വിന്ടെ കൊട്ടാരങ്ങളും
നിന്ടെ ചില്ലുവാള്‍ത്തലകളില്‍ തട്ടിയുടഞ്ഞതും
ഇനി വെറും കഥ മാത്രം ...

എന്നിട്ടും തിരിച്ചു പോകവെ
ശവങ്ങളോടൊപ്പം നീയെറിഞ്ഞിട്ടു പോയ പേരു ചൊല്ലി
നിന്ടെ താണ്ഡവത്തിന്ടെ നോവിലേക്കു പിറന്നു വീണ
പിഞ്ചോമനയെ മാറോടു ചേര്‍ത്ത്
സ്നേഹവായ്പ്പോടെ ഞങ്ങള്‍ വിളിച്ചു - “ സു നാ മീ ....”


(ഗള്‍ഫ് മാധ്യമം പ്രസിദ്ധീകരിച്ചത് )























2007, ജൂൺ 25, തിങ്കളാഴ്‌ച

കടലും കരയും










ക‌ടലിനു തല ചായ്ക്കാന്‍
സ്വന്തം മടി കൊടുത്ത്
തീരം ഉറങ്ങാന്‍ കിടന്നു
പിറ്റേന്നു തുകിലുണര്‍ത്താന്‍
പുലരി വന്നപ്പോള്‍
തീരം ഉണ്ടായിരുന്നില്ല
ഒന്നുമറിയാത്തതുപോലെ
ഇളകിച്ചിരിച്ചുകൊണ്ടേയിരുന്നു
കടല്‍




2007, ജൂൺ 22, വെള്ളിയാഴ്‌ച

ഇത് ഞാന്‍ ...

ഇവിടെ ഈ ചില്ലയുടെ ഇത്തിരിത്തുമ്പിലായ്
ഒരു കൊച്ചു കൂടൊന്നു സ്വന്തമായ് തീര്‍ക്കുവാന്‍
ഒരു ശ്രമം ...
ഈ വഴി പോകവേ,
ഒരു മിഴിക്കോണിലൂടെങ്കിലും ഒരു മാത്ര
എന്‍ മണ്‍കുടിലൊന്നു കണ്‍ പാര്‍ത്തു പോവുക
സമയമുണ്ടെന്നാകില്‍
ഇവിടെ നിന്‍ വ്യഥകളിറക്കിവച്ചിത്തിരി
സൊറകള്‍ പറഞ്ഞും, സ്വകാര്യം പറഞ്ഞും
സൌഹൃദത്തിന്റെ തിരിനൂലു നൂറ്റെന്റെ
ചെറു മണ്‍ ചിരാതിലൊരു
ദീപം കൊളുത്തുക ..