
ടീവി സ്ക്രീനിൽ തെളിഞ്ഞു വരുന്ന പെൺകുട്ടിയുടെ ചലനങ്ങളിലേക്ക് അവേശത്തോടെ നോക്കി നോക്കിയിരിക്കുമ്പോൾ മനസ്സിനുള്ളിൽ എന്തൊക്കെയോ അഭിലാഷങ്ങൾ നുരഞ്ഞുയരുന്നത് അവൾ പോലുമറിഞ്ഞില്ല. ടോക്ക് ഷോകളുടെ അവതാരകയായി, സീരിയലുകളിലെ നായികയായി, സിനിമകളിലെ താരമായി, വർണ്ണ വസ്ത്രങ്ങളിൽ പൊതിഞ്ഞ് പ്രേമഗാനങ്ങൾ പാടി, വിദേശ ലൊക്കേഷനുകളിൽ പാറി നടക്കുന്ന പെൺകൊടിയായി അവളുടെ സ്വപ്നങ്ങൾ ഉയരത്തിൽ നിന്നുയരത്തിലേക്കു പറന്നു.
കോളേജിലെ മറ്റു പെൺകുട്ടികളും തന്റേതു പോലെത്തന്നെയുള്ള സ്വപ്നങ്ങൾ കാണുന്നവരാണെന്ന അറിവ് അവളുടെ ഉറക്കം കെടുത്താറുണ്ടായിരുന്നു എന്നത് നേര്. അവരേക്കാൾ കൂടുതൽ കൂടുതൽ ഗ്ലാമറസ്സായി വസ്ത്രം ധരിക്കാനും, ക്ലോസ്സപ്പുകളിലെന്ന പോലെ വശ്യമധുരമായി ചിരിക്കാനും, അത്മാവിലേക്കു തുളഞ്ഞിറങ്ങുന്ന മാതിരി നോട്ടത്തെ മൂർച്ചപ്പെടുത്താനും അവൾ പ്രത്യേകം ശ്രദ്ധിച്ചു. ശരീര വടിവുകൾ എടുത്തു കാട്ടുന്ന അലങ്കാര വസ്ത്രങ്ങളണിയുന്നതിനും, ഒരു പ്രത്യേക താളത്തിൽ ശരീരഭാഗങ്ങൾ ചലിപ്പിച്ച് നടക്കാൻ പഠിക്കുന്നതിനും അനുദിനം കാണാൻ കിട്ടുന്ന സൌന്ദര്യ മത്സരങ്ങൾ അവളുടെ മാർഗ്ഗദർശികളായി.
അങ്ങനെയിരിക്കെ അതു സംഭവിച്ചു. കോളേജിനും, ഹോസ്റ്റലിനും ചുറ്റുമായി നിത്യവും വലം വയ്ക്കാറുള്ള വില കൂടിയ കാറുകളിലൊന്നിൽ നിന്ന് അവളുടെ സ്വപ്നത്തിലെ ചെറുപ്പക്കാരന്റെ ചുറുചുറുക്കും പുരുഷത്വവുമുള്ളൊരാൾ 'സ്ലോ മോഷനിൽ' അവളുടെ യാഥാർത്ഥ്യങ്ങളിലേക്കിറങ്ങി വന്നു. വെള്ളിത്തിരയിലെ സുരേഷ് ഗോപിയുടേതുപോലെ, ആകാശം നിറയെ വിരിഞ്ഞു നിന്ന അയാളുടെ മാറിൽ ഒരു നക്ഷത്രം പോലെ അവൾ ഒട്ടി നിന്നു. അയാളവൾക്കു ചുരിദാറുകളും, ഡിസൈനർ വസ്ത്രങ്ങളും, ഐസ് ക്രീമുകളും, ചുണ്ടു നിറയെ സ്നേഹവും വാരിക്കോരി കൊടുത്തു. അയാൾക്കു സുഹൃത്തുക്കളായി ഒട്ടനവധി സിനിമാക്കാരും, മന്ത്രിമാരും, പോലീസ്സുകാരും, വക്കീലന്മാരും ഉണ്ടായിരുന്നു. അയാളേതു നേരവും തന്റെ മൊബൈൽ ഫോണിനോടടക്കം പറയുന്നതും, പ്രണയിക്കുന്നതും അവൾ അഭിമാനത്തോടെ കണ്ടു. അയാളുടെ കാറുകളും, ബൈക്കുകളും അവളുടെ ചൂടിന്റെ പുളകങ്ങൾ ഏറ്റു വാങ്ങി. അവളുടെ സ്വപ്നക്കുതിരകൾ ആകാശങ്ങളേയും, നക്ഷത്രങ്ങളേയും കീഴടക്കി പാഞ്ഞു കൊണ്ടിരുന്നു. വാരികകൾ അവളുടെ മുഖചിത്രങ്ങളും, സെൻട്രൽ സ്പ്രെഡുകളുമിറക്കി പണം കൊയ്തു.
ഒരു ദിവസം അയാളവളേയും കൂട്ടി അവളുടെ അഭിലാഷമനുസരിച്ചു പണിതുയർത്തിയ ബംഗ്ലാവിലേക്ക് വലതുകാൽ വച്ചു കയറി. വലിയ ബംഗ്ലാവിന്റെ പ്രൌഡിയിലേക്ക്, വിശാലതയിലേക്ക്, ആലസ്യത്തിലേക്ക് അവളലിയാൻ തുടങ്ങുമ്പോഴേക്കും അവൾക്കൊരായിരം മുത്തങ്ങൾ സമ്മാനിച്ച്, നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്ന മൊബൈലിനോടടക്കം പറഞ്ഞ്, വാതിലടച്ച്, പുറത്തു നിന്നും പൂട്ടി, താക്കോലുമായി അയാൾ കടന്നു കളഞ്ഞത് അവൾ അറിഞ്ഞില്ല. അയാൾ ഏതിരുളിൽ പോയൊളിച്ചെന്ന് അവൾ പിന്നീടൊരിക്കലും അറിഞ്ഞില്ല. എന്നിട്ടും താക്കോലുകളുമായി വാതിൽ തുറന്നകത്തു വരികയൂം, പോവുകയും ചെയ്തു കൊണ്ടിരുന്ന അനേകമനേകം മുഖങ്ങളിലൂടെ, അവരുടെ ശ്വാസോച്ഛ്വാസങ്ങളിലൂടെ, മേനികളുടെ വിയർപ്പുകളിലൂടെ, അയാളുടെ സാമീപ്യത്തിന്റെ വെറുപ്പ് അവൾ അനുഭവിച്ചു കൊണ്ടിരുന്നു.
('താരകം' എന്ന പേരിൽ ഗൾഫ് മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചത്)
5 അഭിപ്രായങ്ങൾ:
നന്നായിരിക്കുന്നു..പക്ഷേ പ്രമേയം പഴയതാണോ?
നന്നായിരിക്കുന്നു.
:)
എഴുത്തിന്റെ രീതി ഇഷ്ടമായി.
ദൃശ്യമാധ്യമങ്ങളുടെ വര്ണ്ണവലയങ്ങളില് തല കറങ്ങി വീണു പോകുന്നവരാണധികവും.തുടക്കത്തില്‍ സിനിമ, ഇപ്പോള്‍ ടീ വി. വലയങ്ങളുടെ വ്യാപ്തിയും ശക്തിയും വളരും തോറും, ഇരകളാകുന്നവരുടെ എണ്ണവും പെരുകുന്നു. ഒളിച്ചോടുന്ന, കാണാതാവുന്ന, അപഹരിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണവും ആപല്‍ക്കരമാം വണ്ണം വര്‍ദ്ധിക്കുന്നു. ക്യാമ്പസ്സുകള്‍ക്കും, ഹോസ്റ്റലുകള്‍ക്കും ചുറ്റുമായി കെണികളൊരുക്കി കാത്തിരിക്കുന്ന വേട്ടക്കാരുടെ പിടിയില്‍ പെടാതെ ജീവിക്കുക ദുഷ്ക്കരം തന്നെയായിരിക്കുന്നു. ഐസ് ക്രീം പാര്‍ലര്‍, വിതുര, സൂര്യനെല്ലി ..... ലിസ്റ്റ് നീണ്ടു പോവുകയാണ്. വിദ്യാഭ്യാസപരമായും, സംഘടനാപരമായും എത്ര മുന്നേറ്റങ്ങളുണ്ടായിട്ടും, ചുറ്റിക്കറങ്ങി ഒടുവില്‍ ലോകത്തെ ഏറ്റവും പഴയ തൊഴിലിലേക്കു തന്നെ സ്ത്രീകള്‍ എറിയപ്പെടുന്നതെന്തു കൊണ്ടാണ് ? ജിഹേഷ് പറഞ്ഞതു പോലെ പ്രമേയം വളരെ പഴയതു തന്നെ. പക്ഷെ അതിന്റെ പ്രസക്തി പണ്ടത്തക്കാളേറെ ഇന്നുണ്ടെന്നു തോന്നുന്നില്ലേ, പ്രത്യേകിച്ചും ലോകം വളരെ വേഗത്തില്‍ മുന്നോട്ടു പായുന്ന ഈ കാലത്തില്‍.
ഇത്തരം സങ്കല്പങ്ങളില് ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിതുരയും, കിളിരൂരൂം, സൂര്യനെല്ലിയുമൊക്കെ സമ്മാനിക്കാന്‍ നമ്മുടെ നാട് ഒരുങ്ങി നില്ക്കുന്നു. പക്ഷെ എന്തൊക്കെ പറഞ്ഞീട്ടും എല്ലാം ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. അതുകൊണ്ടു തന്നെ കഥക്ക് പ്രസക്തിയുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ