
സമയം നാലു മണിയായിട്ടില്ലെങ്കിലും സൂര്യനെപ്പൊഴോ ഉദിച്ചു കഴിഞ്ഞിരുന്നു. ലേബർ ക്യാമ്പുകളിൽ അനക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പരന്നു കിടക്കുന്ന മരുഭൂമിക്കും അവിടവിടെയായി കൂണുപോലെ മുളച്ചു നിൽക്കുന്ന ലേബർ ക്യാമ്പുകൾക്കും മീതെ അകാശം ഒരു വലിയ കഴുകനെപ്പോലെ അടയിരുന്നു.
നിരനിരയായി കിടക്കുന്ന മഞ്ഞ ടാങ്കർലോറികൾക്കിടയിലേക്കു നടക്കുമ്പോഴാണ് മോബയിൽ ഫോൺ ശബ്ദിച്ചത്. ഡിസ്‌പ്ലേയിൽ നമ്പറിനുപകരം ഇന്റർനാഷണൽ കോളിന്റെ ചിന്‌ഹങ്ങൾ തെളിഞ്ഞപ്പോൾ മനസ്സൊന്നു പുകഞ്ഞു. ഹലോ പറയുമ്പോൾ ശബ്ദം ചിലമ്പുന്നതയാൾ അറിഞ്ഞു.ദൂരങ്ങൾ താണ്ടി വന്നെത്തിയ ശബ്ദം ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു തീർത്തു. "നീ വരുന്നുണ്ടോ" എന്ന ചോദ്യത്തിന് "ഇല്ല" എന്ന വ്യക്തമായ ഉത്തരവും കൊടുത്തു. അങ്ങേത്തലക്കൽ ഫോൺ ഡിസ്‌ക്കണക്‌റ്റാകുന്ന ശബ്ദവും അതിനോടനുബന്ധിച്ചു വന്ന ശൂന്യതയും കുറച്ചുനേരം അയാളിൽ നിറഞ്ഞു നിന്നു.
നാടു വിടുമ്പോൾ യാത്ര പറയാൻ നിന്ന നിരവധി കണ്ണുകൾക്കിടയിൽ നിന്നും തന്നോടൊപ്പം എന്നും കൂടെയുണ്ടായിരുന്ന ആ കണ്ണുകളിലെ സ്നേഹത്തിന്റെ കുളിർമ്മ അയാളുടെ ഞരമ്പുകളെ തളർത്തി. "പോയാലെന്നാ തിരിച്ചു വരാൻ പറ്റുക" ആ ചോദ്യത്തിനുത്തരം പറഞ്ഞില്ലായിരുന്നു. ഇന്നും അതുത്തരമില്ലാത്ത ചോദ്യമായിത്തന്നെ അവശേഷിക്കുന്നു.
ജോലിക്കു പോകണമോ വേണ്ടയോ എന്ന് ഒരു നിമിഷം ഓർത്തു. മുറിയിൽ പോയിക്കിടന്നൊന്നു പൊട്ടിക്കരയാനാണിപ്പോൾ മനസ്സു കൊതിക്കുന്നത്. ജോലിക്കു പോകാൻ തിരക്കു കൂട്ടുന്ന സഹജീവികളുടെ ബഹളത്തിനെക്കുറിച്ചോർത്തപ്പോൾ അതു വേണ്ടെന്നു തോന്നി. അയാൾ വെറും മണലിൽ ലോറിയുടെ ടയറിൽ ചാരിയിരുന്നു. ആകാശം കുറെക്കൂടി താഴ്ന്നുവെന്നു തോന്നി. മനസ്സിലേക്കു തിക്കിത്തിരക്കി വരുന്ന മുഖങ്ങളിൽ നിന്നും ഓർമ്മകളെ പിഴുതെറിയാൻ ശ്രമിച്ചു.
ആശുപത്രിക്കിടക്കയിലെ നീണ്ട നാളത്തെ അല്ലലിനു ശേഷം, അനക്കം നിന്നു വിറങ്ങലിച്ച വൃദ്ധ ശരീരം. അവസാനത്തെ അനക്കവും നിലക്കുന്നതിനു മുമ്പ്, തന്നെയൊന്നു കാണണമെന്നാ മനസ്സു പിടഞ്ഞിരിക്കാം. മകന്റെ സമ്പാദ്യത്തിൽ നിന്നും കെട്ടിപ്പടുത്ത വീട്ടിൽക്കിടന്നു മരിക്കണമെന്ന ആശ എന്നോ അദ്ദേഹത്തിനു നഷ്ടമായിരുന്നിരിക്കണം. കണ്ണുകൾ നിറയുന്നുണ്ടൊ? മുന്നിലെ കാഴ്ച്ചകൾക്കു ഫോക്കസ് നഷ്ടപ്പെടുന്നത് വെയിൽ കനക്കുന്നതു കൊണ്ടാകാം.
അയാളൊരു സിഗരറ്റിനു തീ കൊളുത്തി. സിഗരറ്റിന്റെ അറ്റത്തു കൂടി കത്തിപ്പടരുന്ന ചിത. എരിയുന്ന കനലുകൾ. വെയിൽപ്പാളികളെ മുറിച്ചു കടന്നു വന്ന കാറ്റിനു കുഴമ്പിന്റേയും, മരുന്നിന്റേയും പരിചിതമായൊരു ഗന്ധം. സ്നേഹത്തോടെ, മൃദുലമായൊരാശ്ലേഷത്തോടെ ഒന്നു തലോടി ആ സുഗന്ധം തിരിച്ചു പോയി. ഒന്നും ചെയ്യാനില്ലാത്തവനെപ്പോലെ അയാൾ ശൂന്യതയിലേക്കു തുറിച്ചു നോക്കിയിരുന്നു. മരുഭൂമിയുടെ ചിതയിൽ വെയിൽ കത്തിപ്പടർന്നു.
(ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്)
10 അഭിപ്രായങ്ങൾ:
പ്രവാസികളുടെ നീറ്റലിന്റെ ഒരേട്....നമ്മളിലോരരുത്താണെന്ന തോന്നലുണ്ടാക്കുന്നു!
അഭിനന്ദനങ്ങള്‍, അസ്സലായിട്ടുണ്ട്
പ്രവാസത്തിന്റെ വേദന
മാഷേ...നന്നായിരിക്കണൂട്ടോ...
ആശംസകള്‍
നന്നായിട്ടുണ്ട് മാഷേ
:)
ഇത് എന്റെ അനുഭവമല്ലേ മോഹനേട്ടാ...
പ്രവാസികളുടെ ഒരു മുഖം ഇത്ര മനോഹരമായി വരച്ച നിങ്ങള്‍ ഒരു ചിത്രകാരനാണ്.
അഭിനന്ദനങ്ങള്‍
മോഹനേട്ടാ, കഥ നന്നായി.
“മുന്നിലെ കാഴ്ച്ചകള്‍ക്കു ഫോക്കസ് നഷ്ടപ്പെടുന്നത്” - ഈ വരി ഇഷ്ടപ്പെട്ടില്ല. കഥയില്‍ അതു ഫിറ്റാവുന്നില്ല. ശ്രദ്ധിക്കുമല്ലോ.
കമന്റിട്ട എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. സിമി പറഞ്ഞ ഫോക്കസ്സിന്റെ കാര്യം ശ്രദ്ധിക്കാം.
ആദ്യമായി ഒന്നുകണ്ണോടിച്ചപ്പോൾ തന്നെ ഹൃദ്യമായി. വിശദമായി വായിച്ചതിനുശേഷം അപിപ്രായം എഴുതാം നാട്ടുകാരാ.
പ്രാവാസിയുടെ വേദനകള്‍ പിന്നെയും .
നന്നായി.
ആ കാലഘട്ടം അനന്തമാകില്ലെന്നാശിക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ