വിറക് , മണ്ണെണ്ണ,
പാചക വാതകം
ഈശ്വരാ
ഒന്നുമില്ലല്ലോ
അടുപ്പില്‍
തീക്കൂട്ടാന്‍
ബാക്കിയുണ്ടായിരുന്ന
ഒരു പിടി അരി
സങ്കടങ്ങള്‍ പോലെ
വേവാതെ
കുതിര്‍ന്ന്
കലത്തില്‍
അതിവേഗ പാതകള്‍
മുറിച്ചു കടക്കാനാവാതെ
അപ്പുറം നില്‍ക്കയാണ്
സ്കൂളില്‍ പോയ മക്കള്‍
സിലിണ്ടര്‍ വാങ്ങുവാന്‍
ഹൈവേ താണ്ടിയ
അവരുടെയച്ഛന്‍
വെളുത്ത കോടിയില്‍
വിറകു കൊള്ളിയായ്
തിരിച്ചു വന്നത്
മനസ്സിലിപ്പോഴും
എരിഞ്ഞു തീര്‍ന്നില്ല
അരി കുതിര്‍ന്നിട്ടും
വിറകു വന്നില്ലെന്ന്
കെറുവിക്കുന്നുണ്ടടുപ്പത്ത്
വയറു ചീര്‍ത്ത
മണ്‍ കലം
അടുക്കളക്കോണിലിപ്പോഴും
വീര്‍പ്പടക്കിയിരിപ്പുണ്ട്
ഇന്ധനം വാങ്ങിയ
പഴയ പാട്ടകള്‍
ഒന്നിച്ചവയെല്ലാം
തൂത്താല്‍ കിട്ടണം
പച്ച കത്തിക്കുവാന്‍
ഇത്തിരി മണ്ണെണ്ണ
വിശന്നു വലഞ്ഞ്
മക്കളെത്തുമ്പോഴേക്കും
അരി വേവിക്കാനുള്ള
വിറകുണ്ടെന്‍ ശരീരത്തില്‍
4PM NEWS-ല്‍ 22 May 2013-ല്‍ പ്രസിദ്ധീകരിച്ചത്
http://www.4pmnews.com/index.aspx?issue=02-may-2013&page=27





