2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഗാന്ധിജിയെ വരയ്ക്കുമ്പോള്‍


ആദ്യം ഒരു ‘റ’
അതിനുള്ളില്‍ രണ്ട് പൂജ്യങ്ങള്‍
കീഴോട്ടും വശങ്ങളിലേക്കും
ഈരണ്ടു വരകള്‍
അര ഭാഗത്ത് 
വിലങ്ങനെ ഒരു ചെറിയ വര
താഴെ ഒരു ‘ഡബ്ലീയു’
ഇരു വശങ്ങളില്‍ നിന്നും
താഴോട്ടീരണ്ടു വരകള്‍
ഒരു വടി
ഇത്ര മാത്രം സരളമായതിനാലാവാം
ലോകത്തിനു മുകളിലൂടെ
നമുക്കു ഗാന്ധിജിയെ 
വരയ്ക്കാനാവുന്നത്.  

2012 ജൂലൈ 13, വെള്ളിയാഴ്‌ച

പ്രണയോഷ്ണം

പുതിയ കവിത 

തര്‍ജ്ജനി പുതിയ ലക്കത്തില്‍. 

ലിങ്ക് താഴെ : 

http://chintha.com/node/133064

2012 ജൂൺ 29, വെള്ളിയാഴ്‌ച

ഓഞ്ചിയം കവിതകള്‍














ഒന്ന്: ടി.പി.
പണ്ടൊക്കെ ടീ.പ്പീന്നു പറയുമ്പോള്‍
തല്ലിപ്പൊളിയെന്നും
ടൈം പാസ്സെന്നും
ഇന്നിപ്പൊ ടീ.പ്പീന്നു പറഞ്ഞാല്‍
കൊച്ചു കുട്ടികള്‍ക്കു കൂടി അറിയാം
അമ്പത്തൊന്നായരിഞ്ഞിട്ട
രണ്ടക്ഷരങ്ങളുടെ സങ്കടം











രണ്ട്: ചിരിക്കാത്തവര്‍
നേതാക്കള്‍ ചിരിക്കുമ്പോള്‍

അനുയായികള്‍ ചിരിക്കുന്നു
പിണിയാളുകള്‍ ചിരിക്കുന്നു
പിടിവാളുകള്‍ ചിരിക്കുന്നു


കുടിലതകള്‍ ചിരിക്കുന്നു
കുടിപ്പകകള്‍ ചിരിക്കുന്നു
കുശുമ്പുകള്‍ ചിരിക്കുന്നു, ചോണ-
നെറുമ്പുകള്‍ ചിരിക്കുന്നു


കൊടികള്‍ ചിരിക്കുന്നു
വടികള്‍ ചിരിക്കുന്നു
വഴി നീളെയറുകൊലകള്‍
അലറിച്ചിരിക്കുന്നു


നേതാക്കള്‍ ചിരിക്കുമ്പോള്‍
ചിരിക്കാത്ത മുഖമെല്ലാം
ചിതറിപ്പോം കവലകളില്‍
ചോരയും തുണ്ടുമായ്


2012 ജൂൺ 3, ഞായറാഴ്‌ച

മൊയ്തീന്‍












പുതിയ കവിത ‘മൊയ്തീന്‍’ ഡൂള്‍ ന്യൂസില്‍ -

2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഇനിയെത്ര കാലം










പാലത്തിന്റെ മോളില് നിന്ന്
പാലത്തിന്റെ കീഴോട്ടു നോക്കുമ്പോ
എന്തോരം സങ്കടങ്ങളാ
ഒഴുകിപ്പോണേ?

പറിച്ചെറിഞ്ഞ ഭ്രൂണങ്ങള്‍
പിച്ചിച്ചീന്തിയ കുഞ്ഞുടുപ്പുകള്‍
ആത്മഹത്യ ചെയ്ത ദാവണികള്‍
വെന്തു കരിഞ്ഞ സാരികള്‍
ഛേദിച്ചെടുത്ത ശിരസ്സുകള്‍
നിറം മങ്ങി പിഞ്ഞിപ്പോയ
വയസ്സന്‍ വസ്ത്രങ്ങള്‍


തുരന്നെടുത്ത മിഴി പോലെ
രക്തം വാര്‍ന്ന് തണുത്ത സൂര്യന്‍
പിന്നെ എല്ലാറ്റിനേയും
നെഞ്ചില്‍ച്ചേര്‍ത്ത്
തൊലിയില്‍ വ്രണങ്ങളുള്ള
ഒരാകാശവും

ഇവയ്ക്കെല്ലാം മുങ്ങിപ്പൊങ്ങി
ഒഴുകിപ്പോകാന്‍
ഇത്രയധികം കണ്ണീരുമായി
ഈ പാവം പുഴ
ഇനിയെത്ര കാലം?

(ബഹറിന്‍ കേരളീയ സമാജത്തിന്റെ ‘ജാലകം’  സെപ്റ്റംബര്‍ ലക്കത്തില്‍‍ പ്രസിദ്ധീകരിച്ചത്. ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജാലകം ഇവിടെ വായിക്കാം - page 30)

http://bahrainkeraleeyasamajam.com/e-jaalakam/Sept2011/index.html

2011 ഒക്‌ടോബർ 10, തിങ്കളാഴ്‌ച

ഉത്തരം









ഉണ്ടോ?
ഉണ്ടെന്ന് വിശ്വാസം
തീര്‍ച്ചയുണ്ടോ?
ഇല്ല

ഇല്ലെ?
ഇല്ലെന്ന് വിശ്വാസം
തീര്‍ച്ചയുണ്ടോ?
ഇല്ല

ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം
ഉണ്ടെന്നതിനും
ഇല്ലെന്നതിനും
ഇടയിലെവിടെയോ

2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

പുതിയ കവിത - പ്രതിഷ്ഠ - തര്‍ജ്ജനിയില്‍


ക്ഷേത്രങ്ങളും, ദൈവങ്ങളും, കോടതിയുമെല്ലാം വീണ്ടും വിവാദമാകുമ്പോള്‍, പുതിയ കവിത - 
“പ്രതിഷ്ഠ” 
തര്‍ജ്ജനിയില്‍. ലിങ്ക് താഴെ -


http://www.chintha.com/node/112944